Test drive: New Hyundai Elantra
November 21, 2019
ഇന്ത്യൻ നിർമ്മിത ബജാജ് ആർ ഇ ഓട്ടോറിക്ഷ എങ്ങനെയാണ് ഇറാക്കി വിപ്ലവത്തിന്റെ പതാകവാഹകനായി മാറുന്നത്?
November 25, 2019

വൈദ്യുത വാഹനങ്ങളുടെ വില പതിന്മടങ്ങു കുറയും! വരാനിരിക്കുന്നത് ലിതിയം അയോൺ ബാറ്ററി വിപ്ലവം!

ലിതിയം അയോൺ ബാറ്ററികളുടെ കണ്ടുപിടുത്തത്തിനാണ് 2019ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം. ഇലക്ട്രിക് കാറുകളുടെ ചാലകശക്തിയായ ഈ ബാറ്ററിയിൽ സിലിക്കൺ നാനോ പാർട്ടിക്കിളുകൾ ഉപയോഗിക്കുന്നതോടെ ബാറ്ററിയുടെ വില ഇപ്പോഴുള്ളതിനേക്കാൾ പതിന്മടങ്ങു കുറയും. വൈദ്യുത വാഹനങ്ങൾ താങ്ങാനാകുന്ന നിരക്കിൽ ലഭ്യമാകുന്ന കാലമാണ് വരുന്നതെന്നു സാരം.

എഴുത്ത്: ജെ ബിന്ദുരാജ്

രസതന്ത്രത്തിനുള്ള 2019ലെ നോബേൽ സമ്മാനം പങ്കിട്ടത് മൂന്നു പേരാണ്. അമേരിക്കയിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ജോൺ ബി ഗുഡ്ഇനഫ്, ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ എം സ്റ്റാൻലി വിറ്റിങ്ഹാം, ജപ്പാനിലെ മീജോ യൂണിവേഴ്‌സിറ്റിയിലെ അകീരാ യോഷിനോ എന്നിവരാണവർ. ഇവരിൽ ഗുഡ്ഇനഫിന് പ്രായം 97 വയസ്സ്. നോബേൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തി. മൂന്നുപേർക്കും വെള്ളിനരകൾ നിറഞ്ഞ ശിരസ്സാണുള്ളത്. ലോകത്തെ മുഴുവൻ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒരു കണ്ടെത്തലിനാണ് ഈ ശാസ്ത്രജ്ഞന്മാർ നോബേൽ സമ്മാനത്തിന് അർഹരായത്. ലിതിയം അയോൺ ബാറ്ററി രൂപകൽപന ചെയ്തതാണ് ലോകത്തിനുള്ള ഇവരുടെ സംഭാവന.

Giga Factory of Tesla in US

ഇന്ന് ക്യാമറകൾ മുതൽ മൊബൈൽ ഫോണുകൾ വരെയും ഇലക്ടിക് കാറുകളും ട്രക്കുകളും വരെയും എന്തും പ്രവർത്തനക്ഷമമായിരിക്കുന്നത് ഈ ലിതിയം അയോൺ ബാറ്ററികൾ മൂലമാണെന്നതാണ് ഈ നേട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. റീചാർജബിൾ ചെയ്യാനാകുന്ന, ദീർഘസമയം ചാർജ് നിൽക്കുന്ന ലിതിയം അയോൺ ബാറ്ററികളില്ലാത്ത ഒരു ലോകത്തെപ്പറ്റി നമുക്ക് ഇന്ന് ചിന്തിക്കാനേ ആവില്ല. 2025 ആകുമ്പോഴേയ്ക്ക് തങ്ങളുടെ മൊത്തം വാഹനങ്ങളുടെ 20 ശതമാനവും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാക്കി മാറ്റുമെന്ന് ചൈനയും ബ്രിട്ടനും ഫ്രാൻസും പ്രഖ്യാപിച്ചു കഴിഞ്ഞു. 2040ഓടെ ഹരിതവാതകങ്ങൾ പുറത്തുവിടുന്ന കാറുകളുടെ വിൽപനയും അവർ നിർത്തും. അതോടെ ലിതിയം അയോൺ ബാറ്ററികൾ ലോകത്തിന്റെ ചാലകശക്തിയുടെ നട്ടെല്ലായി മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Hyundai Kona Electric

1970കളിൽ സ്റ്റാൻലി വിറ്റിങ്ഹാം ആണ് ലിതിയം അയോൺ ബാറ്ററിയെക്കുറിച്ചുള്ള സങ്കൽപം ആദ്യമായി മുന്നോട്ടു വച്ചത്. ടൈറ്റാനിയം സൾഫൈഡും ലിതിയവും ഇലക്ട്രോഡുകളാക്കിയാണ് വിറ്റിങ്ഹാം ഈ ബാറ്ററി നിർമ്മിച്ചതെങ്കിലും റീചാർജബിൾ ചെയ്യാനാകുന്ന തായിരുന്നില്ല. ടൈറ്റാനിയം ഡൈഓക്‌സൈഡിന് വലിയ വിലയാണെന്നതും ഇത് വായുവുമായി രാസപ്രക്രിയയിൽ ഏർപ്പെടുമ്പോൾ ദുർഗന്ധഭരിതവും ഹാനികര
വുമായ ഹൈഡ്രജൻ സൾഫൈഡ് വാതകം പുറപ്പെടുവിക്കുന്നതും പ്രശ്‌നങ്ങളായിരുന്നു. അതുമൂലം അന്ന് വിറ്റിങ്ഹാം തൊഴിലെടുത്തിരുന്ന എക്‌സോൺ കമ്പനി അദ്ദേഹം വികസിപ്പിച്ചെടുത്ത ലിതിയം ടൈറ്റാനിയം ഡൈസൾഫൈഡ് ബാറ്ററിയുടെ നിർമ്മാണം നിർത്തിവയ്ക്കുകയായിരുന്നു. ഇതിനു പുറമേ, മെറ്റാലിക് ലിതിയം ഇലക്ട്രോഡുകൾ ഉപയോഗിക്കുന്നതിന് ചില സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ലിതിയം മെറ്റൽ വെള്ളവുമായി രാസപ്രക്രിയയിൽ ഏർപ്പെടുന്നപക്ഷം തീപിടിക്കാൻ സാധ്യതയുള്ള ഹൈഡ്രജൻ വാതകം പുറത്തുവരുമെന്നതായിരുന്നു അത്. അതുകൊണ്ടു തന്നെ മെറ്റാലിക് ലിതിയത്തിനു പകരം ലിതിയം അയോണുകൾ സ്വീകരിക്കാനും പുറത്തേക്ക് വിടാനും ശേഷിയുള്ള ലിതിയം കോമ്പൗണ്ടുകൾ മാത്രം ബാറ്ററിയിൽ ഉപയോഗിക്കാൻ പിന്നീടുള്ള ഗവേഷണങ്ങളിലൂടെ കണ്ടെത്തി. 1979ൽ ഗുഡ്ഇനഫ് ഇത്തരം ബാറ്ററികളുടെ ശേഷി വർധിപ്പിച്ചുവെങ്കിൽ ജപ്പാനീസ് ശാസ്ത്രജ്ഞനായ അകീര യോഷിനോ ലിതിയം കോബോൾട്ട് ഓക്‌സൈഡ് കാതോഡായും പോളിഅസെറ്റിലിൻ ആനോഡ് ആയും ബാറ്ററി വികസിപ്പിച്ചെടുത്തു. ആനോഡിൽ ലിതിയം ഇല്ലെങ്കിലും ചാർജിങ് സമയത്ത് ലിതിയം കോബോൾട്ട് ഓക്‌സൈഡിൽ നിന്നും ലിതിയം അയോണുകൾ ആനോഡിലേക്ക് സഞ്ചരിക്കുന്ന ബാറ്ററിയായിരുന്നു അത്. എന്നാൽ പോളിഅസെറ്റലിന് സാന്ദ്രത കുറവായതിനാൽ യോഷിനോ പിന്നീട് കാർബണിക സാമഗ്രിയിലേക്ക് മാറുകയും 1985ൽ ലിതിയം അയോൺ ബാറ്ററിയുടെ പ്രോടൈപ്പ് നിർമ്മിച്ച് പേറ്റന്റ് നേടുകയും ചെയ്തു. ഇപ്പോൾ നാം ഉപയോഗിക്കുന്ന രീതിയിലുള്ള ലിതിയം അയോൺ ബാറ്ററിയുടെ പിറവി അങ്ങനെയായിരുന്നു.

Hyundai Kona Electric – Interior

1991ൽ സോണി ഇലക്ട്രോണിക്‌സാണ് ആദ്യമായി ഈ ബാറ്ററി വാണിജ്യപരമായി ഉൽപാദിപ്പിച്ച് തങ്ങളുടെ ഉൽപന്നങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയത്. പിന്നീട് ബാറ്ററിയിൽ യോഷിനോ രാസവസ്തുക്കൾക്കിടയ്ക്ക് ഒരു അലുമിനിയം ഫോയിൽ കറന്റ് കളക്ടർ ഉപയോഗിക്കുകയും സുരക്ഷിതത്വത്തിനായി ഒരു പോസിറ്റീവ് ടെംപറേച്ചർ കൊയഫിഷ്യന്റ് ഉപകരണം ഫിറ്റ് ചെയ്യുകയും ചെയ്തു. രാസപ്രക്രിയയിൽ ഉണ്ടാകുന്ന അമിതതാപത്തെ തണുപ്പിക്കുന്നതിനായിട്ടായിരുന്നു അത്. ലിതിയം അയോൺ ബാറ്ററിയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏറ്റവും ചെലവേറിയ വസ്തു കൊബോൾട്ട് ആണ്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് കൊബോൾട്ട് ഏറ്റവുമധികം ഇന്ന് ഖനനം ചെയ്‌തെടുക്കുന്നത്. ലെഡും കാഡ്മിയവും ഉപയോഗിക്കുന്ന സാധാരണ ബാറ്ററികളിൽ നിന്നും താരതമ്യേന വിഷാംശം കുറഞ്ഞതാണ് ലിതിയം അയോൺ ബാറ്ററികളെന്നത് അവയുടെ പ്രാധാന്യം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലിതിയവും അതിവേഗ രാസപ്രക്രിയ നടക്കുന്ന മൂലകമായതിനാൽ ലിതിയത്തിന്റെ ആറ്റോമിക് ബോണ്ടുകൾക്കിടയിൽ ധാരാളം ഊർജം ശേഖരിച്ചുവയ്ക്കാനാ കുമെന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. അധികമായി ചാർജ് ചെയ്താലും ബാറ്ററി പൊട്ടിത്തെറിക്കാതിരിക്കുന്നതിനായി ലിതിയം അയോൺ ബാറ്ററികളിൽ സുരക്ഷാ സംവിധാനങ്ങളുള്ളതിനാൽ അതേപ്പറ്റി ആശങ്ക ആവശ്യവുമില്ല. നിക്കൽ കാഡ്മിയം ബാറ്ററികളെ അപേക്ഷിച്ച് ലിതിയം അയോൺ ബാറ്ററിയുടെ ഊർജ സാന്ദ്രത ഇരട്ടിയാണെന്നത് അവയുടെ മികവ് വെളിപ്പെടുത്തുന്നുമുണ്ട്.

Tesla Model S’ Lithium -Ion battery pack on rolling chasis

വയർലെസ്സ്, ഫോസിൽ ഇന്ധനരഹിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ ലിതിയം അയോൺ ബാറ്ററികൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഇലക്ട്രിക് കാറുകൾ മുതൽ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും വരെയും ഇന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നിരുന്നാലും ഈ രംഗത്ത് ഗവേഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ആൽബർട്ടയിൽ നടന്ന പഠനങ്ങളിൽ ലിതിയം അയോൺ ബാറ്ററിയേക്കാൾ പത്തുമടങ്ങ് ചാർജിങ് ശേഷിയുള്ള മറ്റൊരു ബാറ്ററി അവർ രൂപകൽപന ചെയ്തു കഴിഞ്ഞിരിക്കുന്നു. ലിതിയം അയോൺ ബാറ്ററികളിലെ ഗ്രാഫൈറ്റിനു പകരം വില കുറഞ്ഞ സിലിക്കൺ നാനോ പാർട്ടിക്കിളുകൾ ഉപയോഗിച്ചുകൊണ്ടാണ് അവരത് സാധ്യമാക്കിയിരിക്കുന്നത്.

ഇലക്ട്രിക് കാറുകളുടെ കാര്യത്തിൽ ലിതിയം അയോൺ ബാറ്ററികളുടെ ശേഷി വർധിപ്പിക്കുക വഴി വൈദ്യുത വാഹനങ്ങളുടെ യുഗത്തിലേക്ക് ലോകത്തെ നയിക്കുന്നതിൽ ഇലോൺ മസ്‌ക്കിന്റെ ടെസ്‌ല കോർപ്പറേഷന് ചെറുതല്ലാത്ത പങ്കാണ് ഇന്നുള്ളത്. നിലവിൽ ടെസ് ല കാറുകളിൽ ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററികൾ 12 ലക്ഷം കിലോമീറ്ററുകൾ വരെ ഒരു പരാതിയ്ക്കും ഇട നൽകാതെ ചലിക്കാൻ ശേഷിയുള്ളതാണെങ്കിൽ 25 ലക്ഷം കിലോമീറ്ററുകൾ യാതൊരു തകരാറുമില്ലാതെ ഒരു ഇലക്ട്രിക് ട്രക്ക് സഞ്ചരിപ്പിക്കാവുന്ന മട്ടിലുള്ള ബാറ്ററിയാണ് അവർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് കാനഡയിലെ ഡെൽഹോസി യൂണിവേഴ്‌സിറ്റിയുമായി ടെസ്‌ല കരാറിൽ ഏർപ്പെട്ടു
കഴിഞ്ഞിരിക്കുന്നു.

ഏതാണ്ട് ഒരു ദശാബ്ദക്കാലത്തിലധികമായി ടെസ്‌ല കോർപ്പറേഷൻ ലോകത്തെ ഏറ്റവും ഫലവത്തായ വൈദ്യുതി വാഹനങ്ങൾ രൂപകൽപന ചെയ്യുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ മറ്റ് വൈദ്യുത വാഹനങ്ങളേക്കാൾ അധികദൂരം ഒറ്റ ചാർജിങ്ങിൽ സഞ്ചരിക്കുന്നവയാണ് ഇന്ന് ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങൾ. 100 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള ടെസ്‌ലയുടെ മോഡൽ എസും മോഡൽ എക്‌സും ഒറ്റ ചാർജിങ്ങിന് 600 കിലോമീറ്ററും 525 കിലോമീറ്ററും സഞ്ചരിക്കാൻ കെൽപുള്ളവയാണ്. മറ്റ് വൈദ്യുത വാഹന നിർമ്മാതാക്കളിൽ നിന്നും ടെസ്‌ലയെ വേറിട്ടു നിർത്തുന്നത് സിലിണ്ടറിന്റെ രൂപത്തിലുള്ള ബാറ്ററികളാണ് അവർ ഉപയോഗിക്കുന്നതെന്നതും ബാറ്ററികളിൽ അവർ ലിക്യുഡ് കൂൾ തെർമൽ മാനേജ്‌മെന്റ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്നതുമാണ്. എന്നാൽ മറ്റ് വൈദ്യുത വാഹന നിർമ്മാതാക്കൾ പൊതുവേ ചെലവു കുറഞ്ഞ എയർ കൂളിങ് രീതിയാണ് ഇപ്പോഴും ബാറ്ററികളിൽ അവലംബിച്ചു വരുന്നത്. മോഡൽ എസും മോഡൽ എക്‌സും വി 3 സൂപ്പർ ചാർജറുകളിൽ 200 കിലോവാട്ടും വി 2 സൂപ്പർ ചാർജറിൽ 145 കിലോവാട്ടും സംഭരണശേഷി ഇതിനകം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. ഇതുമൂലം ഉപഭോക്താക്കൾക്ക് 50 ശതമാനം അധികവേഗത്തിൽ തങ്ങളുടെ കാറുകൾ ചാർജ് ചെയ്യാനുമാകും.

VW E-Golf

തങ്ങളുടെ ലിതിയം അയോൺ ബാറ്ററികൾ ശരിയായ താപനിലയിലാണ് പ്രവർത്തിക്കുന്നതെന്ന് ടെസ്‌ല ഉറപ്പുവരുത്തുന്നതിനാലാണ് മറ്റ് കമ്പനികളുടെ ബാറ്ററികളിൽ നിന്നും വ്യത്യസ്തമായി അവയ്ക്ക് ദീർഘായുസ്സ് ലഭിക്കുന്നതും. അമേരിക്കയിലുള്ള ടെസ്‌ലയുടെ ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിർമ്മാണശാലയായ ഗിഗ ഫാക്ടറി ബാറ്ററി നിർമ്മാണത്തിലുള്ള തങ്ങളുടെ പ്രൊഡക്ഷൻ ലൈൻ പൂർണമായും ഓട്ടോമേറ്റഡാക്കി മാറ്റാൻ ഒരുങ്ങുകയുമാണ്. പ്രതിവർഷം അഞ്ചു ലക്ഷം വൈദ്യുത കാറുകൾ നിർമ്മിക്കാനാണ് ടെസ്‌ല ഇന്ന് പദ്ധതിയിട്ടിരിക്കുന്നത്. ലോകത്തിന് ആവശ്യമായ മുഴുവൻ ലിതിയം അയോൺ ബാറ്ററികളും നിർമ്മിക്കാനാകുന്ന ഒന്നായാണ് ഗിഗ ഫാക്ടറിയെ ടെസ്‌ല കണക്കാക്കിയിട്ടുള്ളത്. 2014 ജൂണിൽ അമേരിക്കയിലെ നെവാദയിൽ ആരംഭിച്ച ഈ ഫാക്ടറി ഇന്ന് ബാറ്ററി പായ്ക്കുകൾക്കു പുറമേ, പവർവാൾ, പവർപായ്ക്ക് തുടങ്ങിയ എനർജി സ്റ്റോറേജ് ഉൽപന്നങ്ങളും നിർമ്മിക്കുന്നുണ്ട്.

Kia Soul EV (2020)

ലോകത്തെ എല്ലാ പ്രമുഖ വാഹനകമ്പനികളും വൈദ്യുത വാഹനങ്ങളുടെ കാര്യത്തിൽ വലിയ ഗവേഷണങ്ങളാണ് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. മെർസിഡസ് ബെൻസ് ഇതിനകം തന്നെ 500 കിലോമീറ്ററിലധികം ദൂരം ഒറ്റ ചാർജിങ്ങിൽ സഞ്ചരിക്കാനാകുന്ന 550 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്ന മേബാക്ക് 6 കാബ്രിയോലെ രൂപകൽപന ചെയ്തു കഴിഞ്ഞിരിക്കുന്നു. റെനോ ഇ ഇസഡ് അൾട്ടിമയിലൂടേയും ട്രെസറിലൂടെയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓട്ടോണമസ് വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾക്ക് രൂപം നൽകിക്കഴിഞ്ഞുവെങ്കിൽ ബി എം ഡബ്ല്യുവും ജനറൽ മോട്ടോഴ്‌സുമെല്ലാം അവർക്കൊപ്പം തന്നെയുണ്ട്.

Tesla Model X

24 മുതൽ 60 കിലോവാട്ട് വരെ ശേഷിയുള്ള നിസ്സാൻ ലീഫ്, 27 കിലോവാട്ട് ശേഷിയുള്ള കിയ സോൾ ഇവി, 22 മുതൽ 33 കിലോവാട്ട് വരെ ശേഷിയുള്ള ബി എം ഡബ്ല്യു ഐ3, 60 കിലോവാട്ട് ശേഷിയുള്ള ഷെവർലെ ബോൾട്ട്, 24 കിലോവാട്ട് ശേഷിയുള്ള ഫിയറ്റ് 500 ഇ, 39.2 മുതൽ 64 കിലോവാട്ട് വരെ ശേഷിയുള്ള ഹ്യുണ്ടായ് കോന, 25 കിലോവാട്ട് ശേഷിയുള്ള ഹോണ്ട ക്ലാരിറ്റി, 90 കിലോവാട്ട് ശേഷിയുള്ള ജാഗ്വർ ഐ പേസ്, 80 കിലോവാട്ട് ശേഷിയുള്ള മെർസിഡസ് ബെൻസ് ഇ ക്യു, 22 കിലോവാട്ട് ശേഷിയുള്ള റെനോ ഫ്‌ളുവൻസ് ഇസഡ് ഇ, 41.8 കിലോവാട്ടുള്ള ടൊയോട്ട റാവ് 4 ഇവി, 23 കിലോവാട്ട് ശേഷിയുള്ള ഫോർഡ് ഫോക്കസ് ഇലക്ട്രിക്, 95 കിലോവാട്ട് ശേഷിയുള്ള ഓഡി ഇട്രോൺ, 32 കിലോവാട്ട് ശേഷിയുള്ള മിനി കൂപ്പർ എസ് ഇ, 24 മുതൽ 36 വരെ കിലോവാട്ട് ശേഷിയുള്ള ഫോക്‌സ് വാഗൺ ഇ-ഗോൾഫ് എന്നിവയൊക്കെ ഇന്ന് വിപണിയിലുണ്ടെങ്കിലും അവർക്കാർക്കും തന്നെ 60 മുതൽ 100 കിലോവാട്ട് വരെ ശേഷിയുള്ള ടെസ്‌ല മോഡൽ എസിനോ മോഡൽ എക്‌സിനോ ഒപ്പമെത്താൻ പോലുമായിട്ടില്ല. ക്രൊയേഷ്യൻ വാഹനഭീമനായ റിമാക് ഓട്ടോമൊബീൽ നിർമ്മിച്ച റിമാക് സി ടു എന്ന ഓട്ടോണമസ് ഇലക്ട്രിക് കാർ മാത്രമാണ് ടെസ്‌ലയ്ക്ക് ഒപ്പം നിൽക്കുന്ന ഒരേയൊരു വാഹനം. റിമാക് സി ടുവിന്റെ ബാറ്ററി ശേഷി 120 കിലോവാട്ട് അവറിന്റേതാണ്. മണിക്കൂറിൽ 415 കിലോമീറ്റർ സഞ്ചരിക്കാനാകുന്ന റിമാക് സി ടുവിന് 1.85 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗതയാർജ്ജിക്കാനുമാകും.

Jaguar I-Pace (2019)

എന്തായാലും ഇലക്ട്രിക് വാഹനങ്ങളുടെ വരാനിരിക്കുന്ന വലിയ ശ്രേണികൾ ചലിപ്പിക്കുന്നത് ലിതിയം അയോൺ ബാറ്ററിയാകുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ ലിതിയം അയോൺ ബാറ്ററികളിലെ മൂലകങ്ങൾ പുനരുപയോഗിക്കാനായി മാറ്റുന്നത് ചെലവേറിയ പ്രക്രിയയായതിനാൽ അതിനേക്കാൾ ചെലവു കുറഞ്ഞ ഖനനത്തെ തന്നെയാകും ബാറ്ററി നിർമ്മാണത്തിന് ആശ്രയിക്കുക. സിലിക്കൺ നാനോ പാർട്ടിക്കിളുകളുടെ ഉപയോഗം വരുന്നതോടെ ലിതിയം അയോൺ ബാറ്ററികളുടെ വിലയിലും വലിയ കുറവുണ്ടാകും. ആത്യന്തികമായി, അടുത്ത ദശാബ്ദമാകുമ്പോഴേയ്ക്ക് താങ്ങാനാകുന്ന നിരക്കിലുള്ള ഇലക്ട്രിക് കാറുകൾ വിപണിയിലെത്തുമെന്നു തന്നെയാണ് അതിനർത്ഥം.

ശബ്ദരഹിതമായ, ഫോസിൽ ഇന്ധന മാലിന്യങ്ങളി ല്ലാത്ത ലോകത്തിലേക്ക് സ്വാഗതം$

Copyright: Smartdrive auto-life style magazine- November 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>