Preview: Bajaj Chetak Electric Scooter
November 18, 2019
Test Ride: Honda Activa 125 FI BS6
November 18, 2019

വെറുതെ ചില ആശങ്കകൾ

ബിഎസ് 6-നെച്ചൊല്ലിയും വൈദ്യുത വാഹനങ്ങളെച്ചൊല്ലിയും സോഷ്യൽ മീഡിയയിൽ ചിലരുണ്ടാക്കുന്ന കോലാഹലങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല.

ബൈജു എൻ നായർ

ബിഎസ് 6 വാഹനങ്ങൾ വരികയാണല്ലോ. അങ്ങനെയുള്ള സമയ ത്ത് ബി എസ് വാഹനങ്ങൾ വാങ്ങിയാൽ പ്രശ്‌നമാകുമോ? നിലവിലുള്ള ബിഎസ് 4 വാഹനങ്ങൾ നിരോധിക്കുമോ? ഇലക്ട്രിക് വാഹനങ്ങൾ വരുന്ന സ്ഥിതിക്ക് പെട്രോൾ/ഡീസൽ വാഹനങ്ങൾ വാങ്ങിയാൽ അബദ്ധമാകുമോ? ഡീസൽ മോഡലുകൾ പല വാഹന നിർമ്മാതാക്കളും നിർത്തലാക്കുകയാണല്ലോ. ഡീസൽ വാഹനങ്ങൾ പൂർണ്ണമായും നിരോധിക്കുന്നതിന്റെ ഭാഗമാണോ ഇത്?
15 വർഷം പിന്നിട്ട ഡീസൽ എഞ്ചിൻ വാഹനങ്ങൾ നിരോധിക്കുമോ?


നാലഞ്ച് മാസമായി ഇന്ത്യക്കാരുടെ വാഹന സംശയങ്ങൾ ഇതൊക്കെയാണ്. പുതിയ വാഹനങ്ങൾ വാങ്ങിക്കാൻ വേണ്ട ഉപദേശങ്ങൾക്കായി എന്നെ സമീപിക്കുന്നവരെല്ലാം ഇത്തരം ചോദ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ബിഎസ് 6 എഞ്ചിനുള്ള വാഹനങ്ങൾ വാങ്ങിയില്ലെങ്കിൽ ആകെ പ്രശ്‌നമാകുമെന്ന മട്ടിൽ യൂട്യൂബിലും മറ്റും ചില ‘വിദഗ്ദ്ധർ’ അഭിപ്രായ പ്രകടനം നടത്തുന്നുമുണ്ട്. എന്താണ് ഇതിന്റെയൊക്കെ സത്യം എന്നറിയിക്കാൻ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതു കണ്ടതോടെ സംശയങ്ങൾ മാറിയതായി നിരവധി പേർ കമന്റ് ചെയ്തിരുന്നു. യൂട്യൂബ് കാണാത്തവർക്കായി ഇവിടെ, ആ ചോദ്യങ്ങൾക്ക് ഉത്തരം പറയാമെന്നു കരുതി.

2020 ഏപ്രിൽ മുതൽ രാജ്യത്തെ പെട്രോൾ/ഡീസൽ വാഹനങ്ങളെല്ലാം ബിഎസ് 6 മലിനീകരണ നിയന്ത്രണ നിയമങ്ങൾ പാലിക്കുന്നവയായിരിക്കണം എന്നാണ് ഗവൺമെന്റ് അനുശാസിക്കുന്നത്. ബിഎസ് 6 എഞ്ചിനുകളിൽ സൾഫറിന്റെ തോത് ബിഎസ്4 എഞ്ചിനുകളെക്കാൾ അഞ്ചിലൊന്ന് കുറവായിരിക്കും. അതുപോലെ, ബിഎസ് 6 ഡീസൽ എഞ്ചിനുകളിൽ, കമ്പസ്റ്റ്യന്റെ ഭാഗമായി ഉണ്ടാകുന്ന നൈട്രജൻ ഓക്‌സൈഡുകൾ 70 ശതമാനം കുറവായിരിക്കും. പെട്രോൾ എഞ്ചിനുകളിൽ ഇത് 25 ശതമാനവും കുറയും. കൂടാതെ ബിഎസ് 6 എഞ്ചിനുകളുള്ള വാഹനങ്ങളിൽ ഓൺബോർഡ് ഡയഗ്‌നോസ്റ്റിക്‌സ്, റിയൽഡ്രൈവിങ് എമിഷൻ എന്നിവ കാണിക്കുന്ന സംവിധാനങ്ങൾ വേണമെന്നും ചട്ടമുണ്ട്. അങ്ങനെ ഓരോ വാഹനവും പുറത്തു വിടുന്ന മലിനീകരണം അപ്പപ്പോൾ അറിയാൻ കഴിയും.

ബിഎസ് 6 നിയമങ്ങൾ പാലിക്കാൻ ഡീസൽ എഞ്ചിനുകളിൽ ഡീസൽ പാർട്ടിക്കുലേറ്റ് ഫിൽറ്ററും പെട്രോൾ എഞ്ചിനുകളിൽ സെലക്ടീവ് ക്യാറ്റലിറ്റിക് റിഡക്ഷൻ ടെക്‌നോളജിയും ഇണക്കിച്ചേർത്തിട്ടുണ്ട്.
എന്നാൽ, ബിഎസ് 6 എഞ്ചിനുകളുള്ള വാഹനങ്ങൾ വരാൻ വേണ്ടി നമ്മൾ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. ബിഎസ് 4നു വേണ്ടിയോ, ബിഎസ് 3യ്ക്കു വേണ്ടിയോ നമ്മൾ കാത്തിരുന്നോ? ഇല്ല. അവ വരുന്നതെന്നാണെന്ന് നമ്മൾ അറിഞ്ഞിരുന്നോ? ഇല്ല. ഇപ്പോൾ സോഷ്യൽ മീഡിയയുടെ അതിപ്രസരം മൂലമാണ് ഇനി ബിഎസ് 4 വാങ്ങിയാൽ ആകാശം ഇടിഞ്ഞു വീഴുമെന്ന മട്ടിൽ പ്രചരണം നടക്കുന്നത്.
എഞ്ചിനുകൾ ബിഎസ് 6ലേക്ക് മാറ്റുവാനായി ചില വാഹന നിർമ്മാതാക്കൾക്ക് വലിയ പണച്ചെലവുണ്ട്. അതുകൊണ്ട് ബിഎസ് 6 എഞ്ചിനുള്ള വാഹനങ്ങൾക്കും വില കൂടും. അതുപോലെ, ബിഎസ് 6എഞ്ചിനുകൾക്ക് അൽപം മൈലേജ് കുറയുന്നതായും കണ്ടുവരുന്നുണ്ട്. അതുകൊണ്ട്, ബിഎസ് 6 വരുന്നതുവരെ കാത്തിരുന്നാൽ പണച്ചെലവ് വർദ്ധിക്കുവാനേ വഴിയുള്ളൂ. ബിഎസ് 6 വന്നുകഴിഞ്ഞാൽ ബിഎസ് 4 വാഹനങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്നൊക്കെ പറയുന്നവരോട് ആഹോ, കഷ്ടം! എന്നുമാത്രമേ പറയാനുള്ളു. എന്നാൽ, നിങ്ങളൊരു തികഞ്ഞ പരിസ്ഥിതി പ്രേമിയാണെങ്കിൽ, പ്രകൃതിക്ക് ഏറെ പരിക്കേൽപ്പിക്കാത്ത ബിഎസ് 6 എഞ്ചിനുവേണ്ടി കാത്തിരിക്കുന്നതിൽ തെറ്റില്ല.

അടുത്തത് ഇലക്ട്രിക് വാഹനങ്ങളുടെ വരവാണ്. അത് തടുക്കാവുന്നതല്ല. ചൈന പതിയെ ഇലക്ട്രിക്കിലേക്ക് ചുവടു മാറ്റിക്കൊണ്ടിരിക്കുകയാണ്. അതോടെ ഇലക്ട്രിക് വാഹന ടെക്‌നോളജിയിൽ പല പുതിയ പരീക്ഷണങ്ങളും നടക്കും. ടെക്‌നോളജി ചെലവു കുറഞ്ഞതാവുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ലോകമെങ്ങും ഇലക്ട്രിക് വാഹനങ്ങളുടെ തിരതള്ളലുണ്ടാവും. പത്തുവർഷത്തിനുള്ളിൽ ആ മാറ്റം സംഭവിക്കും. പക്ഷേ അപ്പോഴും പെട്രോൾ/ഡീസൽ എഞ്ചിനുകൾ കളമൊഴിയുകയുമൊന്നുമില്ല. ദിവസവും ദീർഘദൂരം ഓടിക്കേണ്ടവരും മറ്റും പെട്രോൾ/ഡീസൽ എഞ്ചിൻ കാറുകൾ തന്നെയേ വാങ്ങുകയുള്ളൂ.

ഇനി മൂന്നാമത്തെ കാര്യം. അത് ഡീസൽ എഞ്ചിൻ മോഡലുകളുടെ ഭാവിയാണ്. ബിഎസ് 6 വരുന്നെന്ന് കേട്ടപ്പോൾ പല വാഹന നിർമ്മാതാക്കളും (ഉദാ. മാരുതി, റെനോ) ഡീസൽ എഞ്ചിൻ മോഡലുകൾ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതിന് കാരണമുണ്ട്. ഡീസൽ എഞ്ചിനുകൾ ബിഎസ് 6 ആക്കി മാറ്റാൻ ചെലവ് കൂടുതലാണ്. അതിനുവേണ്ടി ശതകോടികൾ മുടക്കണം. എന്നാൽ പാസഞ്ചർ വാഹനങ്ങളിൽ പെട്രോൾ എഞ്ചിൻ മോഡലുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. അതുകൊണ്ട് വലിയ തോതിൽ ഇനി ഡീസൽ എഞ്ചിൻ മോഡലുകൾക്കു വേണ്ടി പണം മുടക്കേണ്ടതില്ല എന്നതാണ് ചില കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. പക്ഷെ, ഡീസൽ എഞ്ചിനുകൾക്ക് ഭാവിയുണ്ട് എന്നു കരുതുന്ന കമ്പനികളാണ് കൂടുതൽ. നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട ഡീസൽ എഞ്ചിനുകൾ ഭാവിയിൽ വികസിപ്പിച്ചെടുക്കാമെന്നും അവർ കരുതുന്നു. അതുകൊണ്ട്, ഡീസൽ എഞ്ചിൻ യുഗം അവസാനിക്കുമെന്നു കരുതാനും സമയമായിട്ടില്ല.

തുടക്കത്തിൽ സൂചിപ്പിച്ച മൂന്നു കാര്യങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ല എന്ന് ഇപ്പോൾ ബോധ്യപ്പെട്ടു കാണുമല്ലോ. ഇനി ധൈര്യമായി അവനവന് വേണ്ട മോഡൽ തെരഞ്ഞെടുത്തു കൊള്ളുക$

@Smartdrive Editorial- November 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>