In Nature’s Lap: Travel to Fragrant Nature Resort, Paravoor, Kollam
June 15, 2019
Exclusive: Kannur International Airport: New Wings
June 15, 2019

”കണ്ണൂരിൽ വിദേശ വിമാന കമ്പനികൾക്ക് ഉടൻ പ്രവർത്തനാനുമതി നൽകണം”: വി തുളസീദാസ്, എം ഡി, കിയാൽ

കിയാൽ എം ഡി വി തുളസീദാസ്‌

അഭിമുഖം * വി തുളസീദാസ്, എം ഡി, കിയാൽ

”വിദേശ വിമാന കമ്പനികൾക്ക് ഉടൻ പ്രവർത്തനാനുമതി നൽകണം”

ത്രിപുര കേഡറിൽ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഹരിപ്പാടുകാരൻ വി തുളസീദാസ് എട്ടര വർഷക്കാലം ത്രിപുരയുടെ ചീഫ് സെക്രട്ടറി പദവിയിലിരുന്ന ദേഹമാണ്. അതിനുശേഷം 2003ൽ ഏറെക്കാലത്തിനുശേഷം ഇരട്ടപദവി അലങ്കരിച്ചുകൊണ്ട് എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി അദ്ദേഹം. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്‌സ്പ്രസ്സ് എന്ന ലാഭകരമായ ബിസിനസ് ആരംഭിക്കുന്നതും ഇന്ത്യൻ എയർലൈൻസും എയർ ഇന്ത്യയും ലയിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ്. എഴുപതുകളുടേയും എൺപതുകളുടേയും അവസാനകാലത്ത് സിവിൽ ഏവിയേഷൻ രംഗത്തും മിലിറ്ററി ഏവിയേഷൻ രംഗത്തുമെല്ലാം സുപ്രധാന സ്ഥാനങ്ങളിൽ അവരോധിക്കപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം. വ്യോമയാന രംഗത്ത് അദ്ദേഹത്തിനുള്ള സുദീർഘമായ അനുഭവപരിചയം മുന്നിൽക്കണ്ടാണ് കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് എന്ന ആശയം പിറവി കൊണ്ടപ്പോൾ അതിന് നേതൃത്വം നൽകാൻ തയാറാണോ എന്നറിയാൻ കോടിയേരി ബാലകൃഷ്ണൻ ത്രിപുരയിൽ മാണിക് സർക്കാരിന്റെ ഏറ്റവും പ്രിയപ്പെട്ട പഴയ ഈ ഉദ്യോഗസ്ഥനെ സമീപിക്കുന്നത്. 1981 -82 കാലഘട്ടത്തിൽ ഇ കെ നായനാരും കെ കരുണാകരനും മുഖ്യമന്ത്രിയായിരിക്കേ, ഡെപ്യൂട്ടേഷനിൽ കേരളാ ടൂറിസം ഡയറക്ടറായ ആദ്യ ഐ എ എസുകാരൻ കൂടിയായ അദ്ദേഹം രണ്ടുവട്ടം ആലോചിക്കാൻ കാത്തുനിന്നില്ല. സ്വന്തം നാടിന് ഗുണകരമായ ഒരു പദ്ധതി വരുമ്പോൾ അതിനെ പിന്തുണയ്ക്കാൻ ഇരുകൈയും നീട്ടി തയാറായി. തുടർന്ന് 2008ൽ വിമാനത്താവളത്തിന്റെ സ്‌പെഷ്യൽ ഓഫീസറും തുടർന്ന് വിമാനത്താവള കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായി നിയമിതനായെങ്കിലും 2018 ഡിസംബർ 9ന് വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതു വരേയ്ക്കും പ്രതിഫലം പോലും കൈപ്പറ്റാതെയാണ് അദ്ദേഹം പ്രവർത്തിച്ചത്. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കിയതിനെക്കുറിച്ചും നേരിട്ട പ്രതിബന്ധങ്ങളെപ്പറ്റിയും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമെല്ലാം സ്മാർട്ട് ഡ്രൈവ് എഡിറ്റർ ജെ ബിന്ദുരാജുമായി വി തുളസീദാസ് വിശദമായി സംസാരിച്ചു. പ്രസക്തഭാഗങ്ങൾ.

ചോദ്യം: താങ്കൾ എയർ ഇന്ത്യയിൽ നിന്നും വിരമിച്ച സമയത്ത് ത്രിപുരയിൽ മാണിക് സർക്കാരിൽ നിന്നും കേരളത്തിൽ നിന്നും ഒരേ സമയത്താണ് താങ്കൾക്ക് സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടത്. കേരളം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
ഉത്തരം: ചെയ്യുന്ന ഏതു കാര്യവും ആത്മാർത്ഥമായി നിർവഹിക്കണം എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. ഭാവിയെ നിർമ്മിക്കുന്നത് എപ്പോഴും എന്തുകാര്യവും പ്രാവർത്തികമാക്കാനാകുമെന്ന നമ്മുടെ വിശ്വാസമാണ്. കോടിയേരി ബാലകൃഷ്ണൻ ഈ അവസരം വാഗ്ദാനം ചെയ്തപ്പോൾ നാടിനു വേണ്ടി ശിഷ്ടകാലം മാറ്റിവയ്ക്കാമെന്നാണ് ഞാൻ ചിന്തിച്ചത്. വിമാനത്താവള കമ്പനി രൂപീകരിക്കുന്നതും പ്രവർത്തനമാരംഭിക്കുന്നതുമെല്ലാം ഞാൻ എത്തിയശേഷമാണ്. ഇടയ്ക്ക് ഒരു മൂന്നു വർഷക്കാലം ചില വ്യക്തിപരമായ കാരണങ്ങളാൽ മാറി നിന്നതൊഴിച്ചാൽ കണ്ണൂർ വിമാനത്താവളത്തിന്റെ തുടക്കം മുതൽ യാഥാർത്ഥ്യമാകുമ്പോൾ വരെ നിലകൊള്ളാനായതിനാൽ ഞാൻ സന്തുഷ്ടനാണ്.

കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനൊപ്പം കിയാൽ എം ഡി വി തുളസീദാസ്‌

ചോദ്യം: എന്തെല്ലാമായിരുന്നു വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള പ്രധാന വെല്ലുവിളികൾ?
ഉത്തരം: ഭൂമി ഏറ്റെടുക്കൽ തന്നെയായിരുന്നു പ്രധാന കടമ്പ. 1998ൽ സി എം ഇബ്രാഹിം കേന്ദ്രവ്യോമയാനമന്ത്രിയായിരിക്കുമ്പോൾ പദ്ധതി വിഭാവനം ചെയ്തതായതിനാൽ ഇ കെ നായനാ രുടെ കാലത്ത് സർക്കാർ നേരിട്ട് 200 ഏക്കറോളം ഭൂമി ഏറ്റെടുത്തിരുന്നു. പിന്നീട് കിൻഫ്രയുടെ നേതൃത്വത്തിൽ 1200 ഏക്കർ ഭൂമി ഏറ്റെടുത്ത് കൈമാറി. നിലവിൽ സർക്കാരിന്റേയും കിൻഫ്രയുടേയും പക്കലായി 2300 ഏക്കറോളം ഭൂമി വിമാനത്താവളത്തിന്റേതായിട്ടുണ്ട്. വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുത്തവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നൽകി. പക്ഷേ നിലവിൽ ഞങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരാൻ കേന്ദ്ര സർക്കാർ അനുമതി നൽകാത്തതാണ്.

ചോദ്യം: എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ അതിന് അനുമതി നൽകാത്തത്?
ഉത്തരം: വിമാനത്താവളം പൂർത്തിയായിട്ട് നാലു മാസമേ ആയിട്ടുള്ളുവെന്നതാണ് അവർ കാരണമായി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ രണ്ടു വർഷമായി ഇക്കാര്യത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിരന്തരം കത്തുകൾ എഴുതുകയും ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.

ചോദ്യം: മോദി സർക്കാർ കേരളത്തെ അവഗണിക്കുന്നതിന്റെ ഭാഗമാണോ ഇതും?
ഉത്തരം: (പുഞ്ചിരിയോടെ) വിമാനത്താവളത്തിന്റെ എം ഡി സ്ഥാനത്തിരുന്നുകൊണ്ട് എനിക്ക് ആ ചോദ്യത്തിന് ഉത്തരം നൽകാനാകില്ല.

ചോദ്യം: കേന്ദ്രവ്യോമയാന മന്ത്രിയുടെ മുന്നിൽ താങ്കൾ ഈ പ്രശ്‌നം അവതരിപ്പിച്ചുവോ?
ഉത്തരം: കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനോട് ഇക്കാര്യം വിശദമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം അനുഭാവപൂർവമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തെക്കുറിച്ചും വിമാനത്താവളത്തിന്റെ സൗകര്യങ്ങളെക്കുറിച്ചും പൂർണ തൃപ്തനാണ് അദ്ദേഹമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ചോദ്യം: ഇപ്പോഴത്തെ അവസ്ഥയിൽ വിദേശ വിമാന സർവീസുകൾക്ക് പ്രവർത്തനാനുമതി കേന്ദ്രം നൽകിയില്ലെങ്കിൽ എന്തെല്ലാം പ്രതിസന്ധികളാകും ഉണ്ടാകുക?
ഉത്തരം: വിമാനത്താവളത്തിന്റെ പ്രതിവർഷ പ്രവർത്തന ചെലവ് 150-200 കോടി രൂപയോളം വരും. ഈ തുക ലഭിക്കുന്നത് എയ്‌റോനോട്ടിക്കൽ വിഭാഗത്തിൽ നിന്നും നോൺ ഏയ്‌റോനോട്ടിക്കൽ വിഭാഗത്തിൽ നിന്നുമാണ്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടി നിശ്ചയിച്ച ലാൻഡിങ് ചാർജും പാർക്കിങ് ചാർജുമൊക്കെയാണ് എയ്‌റോനോട്ടിക്കൽ വിഭാഗത്തിൽ ലഭിക്കേണ്ട വരുമാനം. കണ്ണൂരിൽ നിലവിലെത്തുന്ന വിമാനങ്ങളിൽ പകുതിയിലധികവും കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരമുള്ളതായതിനാൽ വിമാനത്താവളത്തിന് വരുമാനമുണ്ടാക്കാനാകുന്നില്ല. ഞങ്ങൾ ആവശ്യപ്പെട്ടതു പ്രകാരം ഇപ്പോൾ ഉഡാൻ ചട്ടങ്ങളിൽ ഇളവു വരുത്തിയിട്ടുണ്ട്. വിദേശ വിമാന കമ്പനികൾക്ക് പ്രവർത്തനാ നുമതി നൽകിയാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകൂ. നോൺ എയ്‌റോനോട്ടിക്കൽ വിഭാഗത്തിൽ ബിസിനസുകളും ഡ്യൂട്ടിഫ്രീ ഷോപ്പുകളും കൺവെൻഷൻ സെന്ററും ഹോട്ടലുകളുമൊക്കെയാണ് പദ്ധതിയിടുന്നത്. 65,000 ചതുരശ്ര അടിയാണ് ഷോപ്പിങ്ങിനായി മാറ്റിവച്ചിട്ടുള്ളത്.

ചോദ്യം: വിദേശ വിമാനക്കമ്പനികൾ കണ്ണൂരിലെത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടോ?
ഉത്തരം: ഗൾഫ് മേഖലയിൽ നിന്നുള്ള എല്ലാ വിമാനക്കമ്പനി കളും കണ്ണൂരിലെത്താൻ തയാറാണ്. ജനുവരി 21ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വിമാനക്കമ്പനിക ളും കേന്ദ്ര വ്യോമയാന സെക്രട്ടറിയും പങ്കെടുത്തിരുന്നു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, എത്തിഹാദ്, ഒമാൻ എയർ, ഖത്തർ എയർവേയ്‌സ്, സൗദിയ, കുവൈറ്റ് എയർവേയ്‌സ് എന്നിവരെല്ലാം കണ്ണൂരിലെത്താൻ തയാറാണെന്ന് അറിയിച്ചു. സിൽക്ക് എയറും മലിൻഡോയും എയർ ഏഷ്യയും ഇവിടെ നിന്നും സിങ്കപ്പൂരിലേക്കും മലേഷ്യയിലേക്കും സർവീസ് നടത്താനും തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. എത്രയും വേഗം വിദേശ വിമാനക്കമ്പനി കൾക്ക് പ്രവർത്തനാനുമതി നൽകിയാൽ കണ്ണൂർ വിമാനത്താവളം രക്ഷപ്പെടും.

ചോദ്യം: ഗ്രീൻഫീൽഡ് എയർപോർട്ട് ചട്ടങ്ങളും കണ്ണൂരിന് വലിയ അധിക ചെലവ് വരുത്തിവയ്ക്കുന്നുണ്ടല്ലേ?
ഉത്തരം: തീർച്ചയായും. ഗ്രീൻഫീൽഡ് എയർപോർട്ടുകളിൽ എല്ലാ കേന്ദ്ര സർക്കാർ സേവനങ്ങൾക്കും വിമാനത്താവളം തന്നെ ചെലവു വഹിക്കണം. സെക്യൂരിറ്റിക്കും കസ്റ്റംസിനും തൊട്ട് എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിനു വരെ വിമാനത്താവളം പ്രതിഫലം നൽകണം. സിഐഎസ്എഫിനെ ഇവിടെ വരുത്താൻ മാത്രം ഒമ്പതു കോടി രൂപയാണ് നാം നൽകിയത്. വിദേശ വിമാന കമ്പനികൾ എത്തിയാൽ മാത്രമേ ഈ പ്രശ്‌നങ്ങൾക്കെല്ലാം ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളു.

Copyright: Smartdrive-June 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>