Harman Motors: The best Premium Used car showroom in Kochi
March 20, 2020
Ashok Leyland Engineers shift gears to make Covid-19 Ventilators
May 11, 2020

വാഹനവിപണി: അതിജീവിക്കുമോ കൊറോണക്കാലം?

ലോകത്തെ വാഹനവിപണി ഇതുവരെ നേരിടാത്തവിധമുള്ള സങ്കീർണമായ പ്രതിസന്ധിയാണ് കോവിഡ് 19-ലൂടെ നേരിടേണ്ടി വന്നിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള വാഹന പ്ലാന്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടി വന്നതും വാഹന ഈവന്റുകൾ മാറ്റിവച്ചതുമെല്ലാം വിപണിയെ കാലങ്ങളോളം പിടിച്ചുലയ്ക്കും.

എഴുത്ത്: ജെ ബിന്ദുരാജ്‌

കഴിഞ്ഞ വർഷം ഇന്ത്യൻ വാഹനവിപണി വലിയൊരു മാന്ദ്യത്തെ നേരിട്ടത് നാം കണ്ടതാണ്. ബിഎസ് 6 ചട്ടങ്ങൾ നിലവിൽ വരുന്നതു മൂലമുള്ള ആശങ്കകളും ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയിലേക്കുള്ള കടന്നുകയറ്റവുമെല്ലാം സാധാരണഗതിയിൽ വാഹനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന മധ്യവർഗത്തെ അവരുടെ തീരുമാനങ്ങൾ മാറ്റിവയ്പ്പിക്കാൻ ഇടയാക്കിയതായിരുന്നു പ്രധാനമായും വാഹനവിപണിയിലെ വിൽപന കുത്തനെ ഇടിയാനുള്ള ഒരു പ്രധാന കാരണം. ഇതിനു പുറമേയായിരുന്നു ഓൺലൈൻ ടാക്‌സികളുടെ വ്യാപനത്തെ തുടർന്ന് വലിയൊരു വിഭാഗം പേർ ഒരു സെക്കൻഡ് കാർ എന്ന ചിന്തയിൽ നിന്നും മാറി അത്തരം വാഹനങ്ങൾ തങ്ങളുടെ ഉപയോഗത്തിനു പര്യാപ്തമാണല്ലോ എന്നു ചിന്തിച്ചത്. വാഹനവിപണിയുടെ എല്ലാ സെഗ്മെന്റുകളിലും തന്നെ വലിയൊരു തകർച്ചയ്ക്ക് അത് ഇടയാക്കിയെങ്കിലും വർഷത്തിന്റെ അവസാനപാദത്തിൽ വാഹനവിപണി തിരിച്ചുകയറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരുന്നത്. ആഡംബര കാർ നിർമ്മാതാക്കളും ബജറ്റ് കാർ നിർമ്മാതാക്കളുമെല്ലാം തിരിച്ചുവരുന്ന വിപണിയെ സസന്തോഷത്തോടെയാണ് സ്വീകരിച്ചത്. മെർസിഡസ് ബെൻസ് എന്ന ജർമ്മൻ ആഡംബര കാർ ബ്രാൻഡു പോലും അവസാന മാസത്തെ ആ കുതിപ്പു മൂലം 2018-ലെ റെക്കോർഡ് വിൽപനയായ 15,538 യൂണിറ്റുകളിൽ നിന്നും കേവലം 9.9 ശതമാനം കുറവു മാത്രമേ 2019-ൽ അതിനാൽ രേഖപ്പെടുത്തിയുള്ളു.  13,786 യൂണിറ്റ് വാഹനങ്ങൾ അക്കാലയലളവിൽ വിൽക്കാൻ ആ ആഡംബര ബ്രാൻഡിനു പോലുമായത് വിപണി തിരിച്ചു കയറിയതിനാലാണ്.

കോവിഡ് മൂലം ഇന്ത്യയിൽ പാസഞ്ചർ കാർ വിൽപനയിൽ 50 ശതമാനം കുറവും കൊമേഴ്‌സ്യൽ വാഹന വിൽപനയിൽ 88 ശതമാനം കുറവും ഇരുചക്രവാഹനവിപണിയിൽ 40 ശതമാനം കുറവും മാർച്ച് മാസത്തിൽ രേഖപ്പെടുത്തി

എന്നാൽ ആ തിരിച്ചു കയറ്റം ശാശ്വതമല്ലായിരുന്നുവെന്നാണ് 2020-ലെ കോവിഡ് 19 എന്ന മഹാമാരിയുടെ വരവ് തെളിയിച്ചത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ 2019 ഡിസംബർ മാസത്തോടെ കൊറോണ വൈറസിന്റെ ആവിർഭാവം സ്ഥിരീകരിച്ചുവെങ്കിലും ചൈനീസ് പുതുവത്സരാഘോഷത്തിനായി വലിയൊരു വിഭാഗം ചൈനക്കാർ ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് അതിനകം തന്നെ യാത്രയായിരുന്നുവെന്നത് ലോകത്തെ വിവിധയിടങ്ങളിലേക്ക് മാരകമായ ഈ വൈറസ് പടർന്നുപിടിക്കാൻ ഇടയാക്കി. ദൽഹി ഓട്ടോഎക്‌സ്‌പോയുടെ വേദിയിൽ ഗ്രേറ്റ് വാൾ മോട്ടോഴ്‌സ് പോലുള്ള പുതിയ പല ചൈനീസ് കമ്പനികളും ഇന്ത്യയിലേക്കുള്ള തങ്ങളുടെ പ്രവേശനം പ്രഖ്യാപിച്ചുവെങ്കിലും ചൈനീസ് കമ്പനികളുടെ മേലുദ്ദ്യോഗസ്ഥർ ഇത്തരം ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തതോടെ വൈറസിന്റെ വ്യാപനത്തെപ്പറ്റി ഇന്ത്യയിലും ആശങ്കകൾ പടർന്നു. സർക്കാർ മുന്നറിയിപ്പുകളെ പൂർണമായും അവഗണിച്ചുകൊണ്ട് ഇറ്റലിയിലും സ്‌പെയിനും അമേരിക്കയിലുമെല്ലാം ജനങ്ങൾ വൻതോതിൽ തെരുവുകളിൽ ഇറങ്ങുകയും ജാഗ്രത പുലർത്താതെ പ്രവർത്തിക്കുകയും ചെയ്തതിനാൽ മഹാമാരി നിയന്ത്രിക്കാനാകാത്തവിധം പടർന്നുപിടിക്കുകയും ഏപ്രിൽ മാസത്തോടെ തന്നെ മഹാമാരിക്ക് അടിമപ്പെട്ടവരുടെ എണ്ണം 19 ലക്ഷം കവിയുകയും ചെയ്തു. മരണനിരക്കാകട്ടെ ഒരു ലക്ഷം കവിയുകയും ചെയ്തു. അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഏറെയുള്ള വികസിത രാജ്യമായ അമേരിക്കയിൽ പോലും രണ്ടു ലക്ഷത്തോളം പേരെ മഹാമാരി മരണത്തിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രവചിക്കപ്പെട്ടത്. ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ അമേരിക്കയിൽ മരണം 23,649 ഉം ഇറ്റലിയിൽ മരണം ഇരുപതിനായിരവും ബ്രിട്ടനിൽ മരണം പതിനൊന്നായിരവും കടന്നിരിക്കുന്നു. ഇന്ത്യയിൽ പതിനായിരത്തിലധികം കോവിഡ് 19 കേസ്സുകളും 339 മരണവും രേഖപ്പെടുത്തിയിരിക്കുന്നു.

കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ഐസലേഷൻ കേന്ദ്രങ്ങളാക്കി സർക്കാർ പഴയ ട്രെയിനുകളുടെ കംപാർട്ടുമെന്റുകൾ മാറ്റിയപ്പോൾ

ഈ മഹാമാരി വാസ്തവത്തിൽ ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ മേഖലകളിലൊന്ന് വാഹനവിപണിയായിരുന്നുവെന്ന് പറയാതെ വയ്യ. ലോകത്തെമ്പാടുമുള്ള വാഹന കമ്പനികളുടെ പ്ലാന്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ കമ്പനികൾ നിർബന്ധിതരായി. ലോകത്തെ ഒട്ടുമിക്ക പ്രമുഖ വാഹന നിർമ്മാതാക്കളുടേയും പ്ലാന്റുകളിൽ ഏറ്റവും ഉൽപാദനമുള്ളവ ചൈനയിലാണെന്നതിനാൽ പ്രതിസന്ധിക്ക് അത് ആക്കം കൂട്ടി. വാഹനകയറ്റുമതി ഏതാണ്ട് പൂർണമായും നിലച്ചു. ആക്‌സസറികളും ടയറുകളും നിർമ്മിക്കുന്ന കമ്പനികളും പൂർണമായും ഷട്ട്ഡൗണിലേക്ക് നീങ്ങി.

ഇന്ത്യയിൽ പ്രതിവർഷം 1 കോടിയിൽപ്പരം ജനങ്ങൾ പ്രായാധിക്യം മൂലം മരണമടയുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇവരിൽ ഭൂരിപക്ഷം പേരും ന്യൂമോണിയ ബാധിതരായാണ് മരണമടയുന്നതും. സീസണൽ ഫ്‌ളൂ അഥവാ ഇൻഫ്‌ളുവൻസ എല്ലാ വർഷവും ലോകത്ത് ഇതുപോലെ പലവിധ രീതികളിൽ മ്യൂട്ടേറ്റ് ചെയ്യുകയും ലോകമാകമാനം മരണം വിതയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. ലോകോരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 2,90,000 മുതൽ 6,50,000 വരെയുള്ളവർ ലോകത്ത് എല്ലാ വർഷവും ഇത്തരം വ്യാധികൾ മൂലം മരണമടയുന്നുവെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതായത് ഇത്തരം വ്യാധികൾ മൂലമുള്ള മരണനിരക്ക് ലോകത്ത് 0.1 ശതമാനം മുതൽ 0.5 ശതമാനം വരെയാണ്.  ദക്ഷിണ കൊറിയ ഇത്തരം കണക്കുകളുടെ അടിസ്ഥാനത്തിൽ 1,40,000 പേരിൽ കൊറോണ വൈറസിനായുള്ള ടെസ്റ്റുകൾ നടത്തിയത് രസകരമായ ചില കണ്ടെത്തലുകളിലേക്ക് നയിക്കുകയുണ്ടായി. 1,40,000 പേരിൽ കേവലം 6000 പേർക്കു മാത്രമേ കോവിഡ് 19 സ്ഥിരീകരിച്ചുള്ളുവെന്നു മാത്രമല്ല മരണനിരക്ക് 0.6 ശതമാനം മാത്രമായിരുന്നു താനും. എബോള പോലുള്ള മാരകമായ മറ്റ് കടുത്ത പകർച്ചവ്യാധികളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് 19 അത്ര മാരകമല്ലെന്നും അതിനാൽ അതിനെ ഹൈ കോൺസിക്വൻസ്  ഇൻഫക്ഷ്യസ് ഡിസീസ് ആയി ക്ലാസിഫൈ ചെയ്യേണ്ടതില്ലെന്നും ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചതും അതുകൊണ്ടാണ്. പക്ഷേ കണക്കുകൂട്ടലുകളെയെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു കോവിഡ് ലോകത്ത് സംഭ്രമിപ്പിക്കുംവിധം പടർന്നത്. തുടർന്ന്  ഇന്ത്യ ലോകത്താദ്യമായി 40  ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും നമ്മുടെ നിർമ്മാണ വ്യവസായരംഗത്തേയും സാമ്പത്തിക രംഗത്തേയും പൂർണമായും ആശങ്കയിലാഴ്ത്തി. നോട്ട് നിരോധനവും അതേ തുടർന്നുണ്ടായ സാമ്പത്തിക വളർച്ചാനിരക്കിലെ ഇടിവും തൊഴിലില്ലായ്മയുടെ വർധനവും മൂലം 2020-ൽ ഇന്ത്യ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് വീഴുമെന്ന് ലോകത്തെ പ്രമുഖ സാമ്പത്തികവിദഗ്ധർ പ്രവചിച്ചിരുന്ന ഒരു കാലയളവിലാണ് സമ്പൂർണ ലോക്ക് ഡൗണിന് മോഡി സർക്കാർ ആഹ്വാനം ചെയ്തത്. ലോകമെമ്പാടും മാധ്യമങ്ങളും ജനതയും ഭരണാധികാരികളും ഭീതിയുടെ വിത്തുകൾ വിതച്ചുകൊണ്ടിരുന്ന ഒരു സമയത്ത് മതിയായ ചികിത്സാസൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലാത്ത ഇന്ത്യ പോലൊരു വികസ്വര രാഷ്ട്രത്തിന് മറ്റ് ഉപാധികളുമൊന്നുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. അല്ലെങ്കിൽ ഏറിവരുന്ന മരണനിരക്കിന് ഭരണകൂടം ജനതയുടെ രോഷത്തിന് പാത്രമാകേണ്ടി വരികയും ചെയ്യുമായിരുന്നു. മാർച്ച് മാസത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ ഏപ്രിൽ 14-ഓടെ ഇന്ത്യയിൽ എട്ടു ലക്ഷം പേർ കോവിഡ് 19 -ന് അടിമപ്പെടുമായിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. മഹാരാഷ്ട്രയിലും ദൽഹിയിലും തമിഴ്‌നാട്ടിലും രാജസ്ഥാനിലും കോവിഡ് 19 കേസ്സുകളുടെ എണ്ണം വർധിച്ചതാകട്ടെ മേയ് മൂന്നു വരെ ലോക്ക് ഡൗൺ നീട്ടാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുകയും ചെയ്തു.

Advt.

ഇന്ത്യയിലെ വാഹനവിപണിയിലെ അവസ്ഥകൾ കണിശതയോടെ പഠിക്കുന്ന സ്ഥാപനമായ വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകൾ പ്രകാരം കോവിഡ് 19 ഭീതിയെ തുടർന്ന് ഇന്ത്യൻ വാഹനനിർമ്മാതാക്കളും അനുബന്ധ വാഹന നിർമ്മാണ കമ്പനികളും പ്ലാന്റുകളും മറ്റ് നിർമ്മാണ യൂണിറ്റുകളും അടച്ചിടേണ്ടതായി വന്നതിൽ നിന്നും പ്രതിദിനം ഉണ്ടാകുന്ന നഷ്ടം 2300 കോടി രൂപയുടേതാണെന്നാണ് പറയുന്നത്. ഓട്ടോ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറേഴ്‌സിന്റേയും കംപോണന്റ് നിർമ്മാതാക്കളുടേയും പ്രതിദിന വിറ്റുവരവിന്റെ നഷ്ടത്തിന്റെ കണക്ക് മാത്രമാണിതെന്ന് ഓർക്കണം. ഇതിനു പുറമേയാണ് വാഹനവിപണിയുടെ നാഡീവ്യൂഹമായ വാഹന ഡീലർഷിപ്പുകളും മറ്റും നേരിടുന്ന പ്രതിസന്ധി. കഴിഞ്ഞ വർഷത്തെ കടുത്ത പ്രതിസന്ധിക്കുശേഷം വിപണി കരകയറി വന്നിരുന്ന സമയത്താണ് ഡീലർഷിപ്പുകളിലെ വാഹന കച്ചവടത്തിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് നീണ്ട 21 ദിവസത്തെ ഫ്രഥമഘട്ട ലോക്ക് ഡൗണിലേക്ക് ഇന്ത്യ നീങ്ങിയത്. ഇന്ത്യയിൽ ഏറ്റവുമധികം വാഹനങ്ങൾ വിറ്റഴിക്കുന്ന മാരുതി സുസുക്കി ഇന്ത്യ, ഹ്യുണ്ടായ്, ഹോണ്ട, മഹീന്ദ്ര, ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, കിയ മോട്ടോഴ്‌സ്, എംജി മോട്ടോർ ഇന്ത്യ എന്നിവരെല്ലാം തന്നെ അനിശ്ചിതകാലത്തേക്ക് തങ്ങളുടെ പ്ലാന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടി. ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ, ടിവിഎസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ, യമഹ, സുസുക്കി മോട്ടോർ എന്നിവയും തങ്ങളുടെ ഓപ്പറേഷനുകൾ സസ്‌പെൻഡ് ചെയ്തു. ഇതിനു പുറമേയാണ് ടയർ നിർമ്മാതാക്കളും മറ്റ് പ്രധാന ഓട്ടോ കംപോണന്റ് മാനുഫാക്ചറർമാരും തങ്ങളുടെ നിർമ്മാണം അവസാനിപ്പിച്ചത്. കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു് തൊട്ടടുത്ത ദിവസം അപ്പോളോ ടയേഴ്‌സ് നിർമ്മാണം നടത്തിയതിനെ തുടർന്ന് സർക്കാർ നേരിട്ട് ഇടപെട്ട് കമ്പനിയുടെ നിർമ്മാണം നിർത്തിവയ്പ്പിക്കുകയായിരുന്നു.

ആളൊഴിഞ്ഞ വിമാനത്താവളങ്ങൾ

120 ബില്യൺ ഡോളറിന്റെ ആഭ്യന്തര വിപണിയാണ് ഇന്ത്യൻ വാഹനവിപണിയുടേത്. ഇന്ത്യൻ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ജനസാന്ദ്രത ചൈനയെ അപേക്ഷിച്ച് വളരെ കൂടുതലായതിനാൽ ചൈനയിൽ ഉണ്ടായതിനേക്കാൾ വേഗത്തിൽ കോവിഡ് ബാധ ഇന്ത്യയിൽ ഉണ്ടാകുമെന്ന് സർക്കാർ കണക്കുകൂട്ടിയതിനാലാണ് ഇത്തരമൊരു ലോക്ക് ഡൗണിലേക്ക് നീങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനയിൽ ചതുരശ്ര കിലോമീറ്ററിന് 145 ആളുകളാണ് ഉള്ളതെങ്കിൽ ഇന്ത്യയിൽ ചതുരശ്ര കിലോമീറ്ററിന് 465 ആളുകളാണുള്ളത്. അതുകൊണ്ടു തന്ന കോവിഡ് ഭീതിയെ തുടർന്ന് ഇന്ത്യയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ വാഹന ഭീമന്മാരുടെ മേധാവികളെല്ലാം തന്നെ പ്രകീർത്തിക്കുകയാണുണ്ടായത്. “സർക്കാരിന്റെ ലോക്ക് ഡൗൺ തീരുമാനത്തെ തങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നുവെന്നാണ്    “ഹീറോ മോട്ടോ കോപ്പിന്റെ ചെയർമാനായ ഡോക്ടർ പവൻ മുഞ്ജാൽ പ്രഖ്യാപനം വന്നയുടനെ പറഞ്ഞത്. എന്നാൽ സിയാമിന്റെ കണക്കുകളേക്കാൾ രൂക്ഷമായിരിക്കും കോവിഡ് 19 ഇന്ത്യയിലെ വാഹനവിപണിയ്ക്കുണ്ടാക്കുന്ന ആഘാതമെന്നാണ് വിദഗ്ധർ പറയുന്നത്.

Advt.

എന്നാൽ ലോക്ക് ഡൗൺ ഇല്ലാതായാൽ തന്നെയും ഉപഭോക്താക്കൾ സമീപകാലത്തൊന്നും ഷോറൂമുകളിലേക്ക് വാഹനങ്ങൾ വാങ്ങാൻ എത്തുകയില്ലെന്നാണ് വാഹന കമ്പനികൾ വിലയിരുത്തുന്നത്. കോവിഡ് 19 അവരുടെ വരുമാനത്തിലുണ്ടാക്കിയ നഷ്ടവും വീണ്ടുമൊരു വൈറസ് ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും അവരെ ആശങ്കാകുലരാക്കുകയും കൈവശമുള്ള പണം ചെലവാക്കാതെ സൂക്ഷിക്കാനുള്ള മാനസികാവസ്ഥ അവരിലുണ്ടാക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ആ മാനസികാവസ്ഥയെ വാഹന കമ്പനികൾ ഏതുമട്ടിൽ നേരിടുമെന്നതാണ് കാണാനിരിക്കുന്ന കാര്യം.

ലോകത്തെമ്പാടും തന്നെ വാഹന ഷോറൂമുകളിൽ വിൽപന കോവിഡിന്റെ വരവോടെ വലിയ തോതിൽ ഇടിഞ്ഞിരിക്കുകയാണ്. ഷോറൂമിലേക്ക് എത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ ശതമാനം കുറവുണ്ടായിരിക്കുന്നു. വാഹന വിപണിയിലെ ഏറെ പ്രധാനപ്പെട്ട പല പരിപാടികളും ഇതോടനുബന്ധിച്ച് മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. മാർച്ച് അഞ്ചിന് നടക്കേണ്ടിയിരുന്ന 2020-ലെ ജനീവ മോട്ടോർ ഷോ വേണ്ടെന്നു വച്ചുകൊണ്ടായിരുന്നു അതിന്റെ പ്രാരംഭ വെടിക്കെട്ട് നടന്നത്. പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ 2020-ലെ മോട്ടോ ജിപി സീസണേയും കോവിഡ് ബാധിച്ചു. 2020 മേയ് രണ്ടിന് നടക്കാനിരുന്ന സ്പാനിഷ് ഗ്രാന്റ് പ്രിക്‌സ് യൂറോപ്പിലും സ്‌പെയിനും കടുത്ത കോവിഡ് ബാധ കണ്ടെത്തിയതോടെ അനിശ്ചിതമായി മാറ്റിവച്ചു. നിസ്സാൻ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലുള്ള റോസ് ലിൻ പ്ലാന്റിലേയും ഈജിപ്തിലെ ഗിസയിലെ ഒക്ടോബർ സിറ്റി പ്ലാന്റിലേയും നിർമ്മാണം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ജൂൺ ഏഴിന് നടക്കാനിരിക്കുന്ന ഫോർമുല വൺ സീസണും മാറ്റിവയ്ക്കുമെന്നാണ് അറിയുന്നത്. അസർബെയ്ജാൻ ജിപി ഇതിനകം തന്നെ അനിശ്ചിതമായി മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ജൂൺ 14-നു നടക്കാനിരിക്കുന്ന ദ കനേഡിയൻ ജിപിയും അനിശ്ചിതകാലത്തേക്ക് മാറ്റുമെന്നാണ് സംഘാടകർ സൂചിപ്പിച്ചിട്ടുള്ളത്. ജപ്പാനിൽ 2020 ജൂലൈയിൽ ആരംഭിക്കാനിരുന്ന ഒളിമ്പിക്‌സ് അടുത്ത വർഷത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ആദ്യ രാജ്യമായിരുന്നു കാനഡയെന്നതിനാൽ കനേഡിയൻ ജിപി ഈ വർഷം നടത്താനിടയില്ല എന്നാണ് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദ ലേ മാൻസ് 24 അവേഴ്‌സ് എന്ന ലോകത്തെ ഏറ്റവും പ്രമുഖമായ എൻഡുറൻസ് റേസ് ജൂൺ മാസത്തിൽ നിന്നും സെപ്തംബർ 19, 20 തീയതികളിലേക്ക് മാറ്റിയതും വാഹനപ്രേമികളെ നിരാശരാക്കി. നേരത്തെ രണ്ടാം ലോകമഹായുദ്ധകാലത്തടക്കം 10 തവണ ഈ റേസ് വേണ്ടെന്നു വച്ചിട്ടുമുണ്ട്.

ഏപ്രിൽ ഒന്നു മുതൽ ബിഎസ് 6 ചട്ടങ്ങൾ പാലിച്ചുള്ള വാഹനങ്ങളേ ഇന്ത്യൻ വിപണിയിൽ വിൽക്കാൻ പാടുള്ളുവെന്നായിരുന്നു കേന്ദ്ര സർക്കാർ തീരുമാനമെന്നതിനാൽ ഒട്ടുമിക്ക വാഹന കമ്പനികളും നിരവധി വാഹനങ്ങളാണ് ഏപ്രിൽ മാസം മുതലുള്ള വിൽപനയ്ക്കായി മുൻകൂട്ടി തയാറാക്കിക്കൊണ്ടിരുന്നത്. ബിഎസ് 6-ലേക്കുള്ള മാറ്റത്തിനായി തന്നെ വലിയൊരു തുക ഇതിനകം മാറ്റിവയ്‌ക്കേണ്ടി വന്ന ഇന്ത്യൻ വാഹന ഭീമന്മാരെ സംബന്ധിച്ചിടത്തോളം കോവിഡിന്റെ വരവ് കൂനിന്മേൽ കുരുവായി മാറിയിരിക്കുകയാണെന്നതാണ് സത്യം. ഇരുചക്ര വാഹനവിപണിയിൽ യമഹയും ഹോണ്ടയുമെല്ലാം തങ്ങളുടെ പുതിയ ബിഎസ് 6 വാഹനങ്ങൾ വിപണിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയും 4 വീലർ കമ്പനികൾ ബിഎസ് 6 ഉൽപന്നങ്ങൾ ഏപ്രിൽ ഒന്നു മുതൽ ഷോറൂമുകളിൽ എത്തിക്കാനിരിക്കുകയും ചെയ്യുന്ന സമയത്താണ് ഓർക്കാപ്പുറത്ത് വലിയൊരു ആഘാതമായി കോവിഡ് എത്തിയത്. മാർച്ച് 25-ന് നടക്കേണ്ടിയിരുന്ന ട്രൈംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ എസിന്റെ അവതരണവും അനിശ്ചിതകാലത്തേക്ക് കമ്പനി മാറ്റിയിരിക്കുന്നു. മാർച്ച് 20-ന് ഹൈപ്പർ കാർ നിർമ്മാതാവായ ബ്യുഗാട്ടിയും ഫ്രാൻസിലെ തങ്ങളുടെ പ്ലാന്റിലെ നിർമ്മാണം അനിശ്ചിതമായി മാറ്റിവച്ചിരുന്നു. സ്‌പെയർ പാർട്‌സുകളും കംപോണന്റുകളും ലഭിക്കാനുള്ള പ്രയാസവും യാത്രാ നിയന്ത്രണങ്ങൾ മൂലം ഡെലിവറികൾ നടത്താനാകാത്തതും മൂലം അനിശ്ചിതകാലത്തേക്കാണ് ബ്യുഗാട്ടിയും പ്രവർത്തനം നിർത്തിയിരിക്കുന്നത്. മാർച്ച് 19-ന് സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗൺ ഗ്രൂപ്പുമായി ചർച്ച ചെയ്തശേഷം തങ്ങളുടെ ചെക്കോസ്ലാവാക്യയിലെ പ്ലാന്റുകളെല്ലാം തന്നെ ഏപ്രിൽ ആറു വരെ അടച്ചിരുന്നു. അത് ഇനിയും നീട്ടുമെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. ഹോണ്ട തങ്ങളുടെ ബ്രിട്ടനിലെ പ്ലാന്റുകൾ അടച്ചുവെങ്കിൽ ഫോർഡും ജനറൽ മോട്ടോഴ്‌സും തങ്ങളുടെ അമേരിക്കയിലെ പ്ലാന്റുകളും അടയ്ക്കാൻ മാർച്ച് പകുതിയോടെ തന്നെ തീരുമാനമെടുത്തിരുന്നു.  ഹ്യുണ്ടായ് തങ്ങളുടെ അമേരിക്കയിലെ അലബാമയിലുള്ള പ്ലാന്റിലുള്ള ഒരു ജീവനക്കാരനിൽ കോവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്ന് അടയ്ക്കാൻ മാർച്ച് 19-ന് നിർദ്ദേശം നൽകിയിരുന്നു. മാർച്ച് ആറിന് മുംബയിൽ നടന്ന ചടങ്ങിൽ ബിഎസ് 6 ടിഗ്വാൻ ആൾസ്‌പേസ് അവതരിപ്പിച്ച ഫോക്‌സ് വാഗൺ ഇന്ത്യ മാർഡച്ച് 18-ന് തങ്ങളുടെ 2020-ലെ രണ്ടാമത്തെ എസ് യു വിയായ ടി- റോക് ഓൺലൈനിലൂടെയാണ് അവതരിപ്പിച്ചതെന്നത് വേറെ കാര്യം.  റോൾസ് റോയ്‌സ് മാർച്ച് 23 മുതൽ ഗുഡ് വുഡ് പ്ലാന്റിലെ നിർ്മ്മാണം നിർത്തിയെങ്കിൽ പോർഷെ തങ്ങളുടെ രണ്ട് ജർമ്മൻ പ്ലാന്റുകളിലെ നിർമ്മാണവും അനിശ്ചിതകാലത്തേക്ക് നിർത്തിയിരിക്കുകയാണ്. ബിഎം ഡബ്ല്യു തങ്ങളുടെ യൂറോപ്യൻ ഫാക്ടറികളിലെ നിർമ്മാണവും സൗത്ത് ആഫ്രിക്കൻ പ്ലാൻറുകളിലെ നിർമ്മാണവും നിലവിൽ ഏപ്രിൽ മാസം അവസാനം വരെ നിർത്തിയിട്ടുണ്ട്.

ലോകത്തെമ്പാടുമുള്ള വാഹന നിർമ്മാണ പ്ലാന്റുകൾ അനിശ്ചിതകാലത്തേക്ക് അടയ്ക്കാൻ കോവിഡ് 19 കാരണമായി

കൊറോണ വൈറസ് ആക്രമണം മൂലം ബിഎസ് 4 വാഹനങ്ങൾ ഏപ്രിൽ ഒന്നിനകം വിറ്റഴിക്കാൻ സാധിക്കാത്തതു മൂലം ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) മാർച്ച് 17-ന് ഈ കട്ട് ഓഫ് ഡേറ്റ് മേയ് 31 വരെയാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി ലോക്ക് ഡൗണിനുശേഷം കേവലം 10 ദിവസക്കാലം ഉപയോഗിച്ച് 10 ശതമാനം വാഹനങ്ങൾ മാത്രം വിറ്റഴിക്കാനാണ് അനുമതി നൽകിയത്. ഈ പത്തു ശതമാനം എന്നതു കൊണ്ട് കോടതി എന്താണ് ഉദ്ദേശിച്ചതെന്നും വ്യക്തമല്ലെന്നാണ് വാഹനഡീലർമാർ പറയുന്നത്.  ഓട്ടോമൊബൈൽ ഡീലർഷിപ്പുകളിൽ കൗണ്ടർ വിൽപന 70 ശതമാനത്തോളം മാർച്ച് മാസത്തിൽ തന്നെ കുറഞ്ഞുവെന്നും ബിഎസ് 4 വാഹനങ്ങൾ വിൽക്കാതിരുന്നാൽ പല ഡീലർഷിപ്പുകളും അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് എഫ് എ ഡി എ പ്രസിഡന്റ് ആശിഷ് കാലെ വ്യക്തമാക്കിയിട്ടുള്ളത്.

ടെസ് ല നിർമ്മിച്ച വെന്റിലേറ്ററുമായി മാനേജിങ് ഡയറക്ടർ ഇലോൺ മസ്‌ക്. സൗജന്യമായാണ് ടെസ് ല ഈ വെന്റിലേറ്റർ വിവിധ രാജ്യങ്ങളിലെത്തിച്ചത്.

എന്നാൽ വാഹന നിർമ്മാണ ഭീമന്മാരിൽ പലരും ഇത്തരമൊരു സാഹചര്യത്തിൽ ആശുപത്രികളിൽ അടിയന്തര ചികിത്സാ സംവിധാനങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നുണ്ടെന്നതും ആശാവഹമായ ഒരു കാര്യമാണ്. മഹീന്ദ്ര കമ്പനിയുടെ കീഴിലുള്ള മഹീന്ദ്ര ഹോളിഡേയ്‌സ് റിസോർട്ടുകൾ കോവിഡ് 19 രോഗികൾക്കായുള്ള താൽക്കാലിക താമസകേന്ദ്രങ്ങളാക്കി മാറ്റാൻ തയാറാണെന്നും കമ്പനി തങ്ങളുടെ നിർമ്മാണ യൂണിറ്റുകളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ പദ്ധതിയിടുകയാണെന്നും മാർച്ച് 22-ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. വിപണിയിൽ ഏതാണ്ട് 10 ലക്ഷം രൂപയോളം വിലവരുന്ന വെന്റിലേറ്ററിന്റെ കൂടുതൽ അത്യാധുനികമായ രൂപം കേവലം 7500 രൂപയ്ക്ക് നിർമ്മിക്കാനാകുമെന്നാണ് മഹീന്ദ്ര വ്യക്തമാക്കിയത്.  ലോകത്തെ മറ്റു പല വാഹന നിർമ്മാതാക്കളും ഇക്കാലയളവിൽ വാഹന നിർമ്മാണത്തിൽ നിന്നും മാറി വെന്റിലേറ്റുകളുടെ നിർമ്മാണത്തിലേക്ക് പോകാൻ തയാറാണെന്ന് വിവിധ ഭരണകൂടങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. വൈദ്യുത കാർ നിർമ്മാതാക്കളായ ടെസ് ലയുടെ ഉടമ ഇലോൺ മസ്‌ക്കും മഹീന്ദ്രയും ഇതിനകം തങ്ങളുടെ സന്നദ്ധത അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ടെസ് ല കമ്പനി ഓരാഴ്ചയ്ക്കുള്ളിൽ തന്നെ 1200-ഓളം വെന്റിലേറ്ററുകൾ നിർമ്മിച്ച് അമേരിക്കൻ ഭരണകൂടത്തിനു കൈമാറിയിരുന്നു. ലോകത്ത് ഏതെങ്കിലും രാജ്യത്ത് വെന്റിലേറ്ററുകളുടെ ആവശ്യം വന്നാൽ അത് സൗജന്യമായി അവിടേയ്ക്ക് എത്തിച്ചു നൽകാൻ തയാറാണെന്നും ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. . മാസ്‌ക്കുകളുടേയും പവേർഡ് എയർ പ്യൂരിഫൈയിങ് റസ്പിറേറ്ററുകളുടേയും നിർമ്മാണത്തിലും ടെസ് ല ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

Advt.

ടാറ്റാ മോട്ടോഴ്‌സും മാരുതിയുമാണ് വെന്റിലേറ്റർ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മറ്റു കമ്പനികൾ. അഗ്വാ ഹെൽത്ത് കെയറുമായി ചേർന്ന് പ്രതിമാസം 10,000 വെന്റിലേറ്ററുകളാണ് മാരുതി സുസുക്കി പദ്ധതിയിട്ടത്. ഹ്യുണ്ടായ് ആകട്ടെ ദക്ഷിണ കൊറിയയിൽ നിന്നും കൊറോണ ഡയഗനനോസ്റ്റിക് കിറ്റുകളും എത്തിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു. ഈ കിറ്റുകൾക്ക് കൂടുതൽ രോഗ നിർണയ കൃത്യതയും 25,000 പേരിലധികം പേർക്ക് ഉപയോഗിക്കാനാകുന്നവയുമാണെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ സി ഇ ഒയും മാനേജിങ് ഡയറക്ടറുമായ എസ് എസ് കിം പറയുന്നു. ഇതിനു പുറമേ, പി എം കെയേഴ്‌സ് ഫണ്ടിലേക്കും തമിഴ്‌നാട് സർക്കാരിന്റെ പബ്ലിക് റിലീഫ് ഫണ്ടിലേക്കും ഹ്യുണ്ടായ് സംഭാവന നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. തദ്ദേശീയരായ വ്യവസായികളുമായി ചേർന്ന് വെന്റിലേറ്റർ നിർമ്മാണവും ഹ്യുണ്ടായ് പദ്ധതിയിട്ടിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന അഗ്‌വാ ഹെൽത്ത് കെയറുമായി യോജിച്ചുകൊണ്ട് പ്രതിമാസം 10,000 വെന്റിലേറ്ററുകൾ നിർമ്മിക്കാനാണ് മാരുതി സുസുക്കി കരാറായിരിക്കുന്നത്. അതേസമയം മാരുതിയും അശോക് കപൂറും ചേർന്നുള്ള കൃഷ്ണ മാരുതി ലിമിറ്റഡ് മാസ്‌ക്കുകളുടെ നിർമ്മാണവും അക്കാലയളവിൽ ആരംഭിച്ചു. അശോക് കപൂർ 20 ലക്ഷം മാസ്‌ക്കുകൾ സൗജന്യമായി സർക്കാരുകൾക്ക് എത്തിക്കുകയും ചെയ്തു.

പല ഇന്ത്യൻ വാഹനഭീമന്മാരും വെന്റിലേറ്ററുകളുടെ നിർമ്മാണത്തിൽ സർക്കാരിനെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു.

ജാഗ്വർ ലാൻഡ് റോവർ, റോൾസ് റോയ്‌സ്, ജനറൽ മോട്ടോഴ്‌സ് തുടങ്ങിയ പ്രമുഖരായ കമ്പനികളെയെല്ലാം അതാത് രാജ്യങ്ങൾ അടിയന്തര ചികിത്സാ സാമഗ്രികൾ നിർമ്മിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും നാം കണ്ടു. ഫോക്‌സ് വാഗൺ ഗ്രൂപ്പ് 3 ഡി പ്രിന്റിങ് ഹോസ്പിറ്റൽ വെന്റിലേറ്ററുകളുടെ നിർമ്മാണത്തിലേക്ക് ചുവടുവച്ചപ്പോൾ മക് ലാറൻ ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കാനുള്ള വൈദഗ്ധ്യം സർക്കാരുമായും മറ്റു കമ്പനികളുമായും പങ്കുവയ്ക്കാൻ തയാറായി. എന്നാൽ മെഡിക്കൽ ഉപയോഗത്തിനായുള്ള ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് ഇത്തരം വാഹന കമ്പനികൾക്ക് റീടൂളിങ്ങും അവ ശരിയായ വിധത്തിലാണോ പ്രവർത്തിക്കുന്നത് എന്നു പരിശോധിക്കാൻ ടെസ്റ്റുകളും നടത്തേണ്ടതായി വരുമെന്നത് ഒരു കടമ്പ തന്നെയായിരുന്നു. വെന്റിലേറ്ററുകൾ വളരെ സങ്കീർണമായ ജീവൻരക്ഷാ ഉപകരണങ്ങളായതിനാൽ അവയ്ക്ക് കടുത്ത ടെസ്റ്റുകൾ ആവശ്യമായി വരികയും ചെയ്തു. അതിനുപുറമേ, കോവിഡ് മൂലം വിതരണ ശൃംഖല തകരാറിലായതു മൂലം വാഹന നിർമ്മാതാക്കൾക്ക് ബദൽ സംവിധാനങ്ങൾ കണ്ടെത്തുന്നതും ദുഷ്‌ക്കരമായ പ്രവൃത്തിയായിരുന്നു. ഇന്ത്യയിൽ വാഹന നിർമ്മാതാക്കൾ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം നൂതനമായ പല മാർഗങ്ങളിലൂടെ സാധ്യമാക്കുന്ന കാഴ്ചകളും നമ്മൾ കണ്ടു. മെർസിഡസ് ബെൻസ് ഇന്ത്യ പൂനെയിൽ കേവാിഡ് 19 രോഗികൾക്കായി 1500 കിടക്കകളുള്ള ഒരു താൽക്കാലിക ഐസലേഷൻ വാർഡ് നിർമ്മിച്ചു നൽകുമെന്നും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഖേദ്, വിമാൻ നഗർ സ്ഥലങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് റേഷനും ക്ലീനിങ് സാമഗ്രികളും നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ആളൊഴിഞ്ഞ കൊൽക്കത്ത നഗരം

എം ജി മോട്ടോർ ഇന്ത്യ താങ്ങാനാകുന്ന നിരക്കിലുള്ള വെന്റിലേറ്ററുകൾ ഡിസൈൻ ചെയ്യുന്നവർക്ക് പത്തു ലക്ഷം രൂപയുടെ ഗ്രാന്റും ഗുജറാത്തിലുള്ള എം ജിയുടെ നിർമ്മാണശാലയിൽ അതുണ്ടാക്കാനുള്ള സഹായവും നൽകുമെന്നാണ് അറിയിച്ചത്. ഗുരുഗ്രാമിലേയും ഗുജറാത്തിലെ ഹാലോളിലെ സർക്കാർ ആശുപത്രികൾക്ക് 2 കോടി രൂപയുടെ സംഭാവനയും അവർ വാഗ്ദാനം ചെയ്തു. ഇതിനു പുറമേ ഗ്ലൗസുകളും മാസ്‌ക്കുകളും വെന്റിലേറ്ററുകളും മെഡിസിനുകളും കിടക്കകളുമെല്ലാം ആശുപത്രികളിലെ ആവശ്യാനുസരണം അവർ നൽകുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സ്‌കോഡ – ഫോക്‌സ് വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിൽ 1190 കിടക്കകളുള്ള കോവിഡ് 19 വാർഡ് സജ്ജമാക്കുന്നതിന് ഒരു കോടി രൂപയാണ് സംഭാവന ചെയ്യാൻ തീരുമാനിച്ചത്. ഇതിനു പുറമേ സാനിറ്റൈസറുകളും ഭക്ഷ്യപായ്ക്കറ്റുകളും അവർ പാവപ്പെട്ടവർക്ക് നൽകാൻ തീരുമാനിച്ചു. ഛാക്കണിലുള്ള തങ്ങളുടെ ഫാക്ടറിയിൽ റീയൂസഫബിൾ ഫേസ് ഷീൽഡുകളും പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റുകളും അവർ നിർമ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ടാറ്റാ ട്രസ്റ്റാകട്ടെ പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റിനും റസ്പിററേറ്ററി സിസ്റ്റത്തിനും ടെസ്റ്റിങ് കിറ്റുകൾക്കുമായി മൊത്തം 500 കോടി രൂപയാണ് മാറ്റിവച്ചത്. ഇതിനു പുറമേ, ടാറ്റാ സൺസ് വെന്റിലേറ്ററുകളുടെ നിർമ്മാണത്തിനായി 1000 കോടി രൂപയും മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. ഹോണ്ട ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി 11 കോടി രൂപയും ഹീറോ നൂറു കോടി രൂപയും ബജാജ് നൂറു കോടി രൂപയും ടിവിഎസ് 30 കോടി രൂപയും നൽകുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കോവിഡ് കാലത്തിനുശേഷം ലോകം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നീളുമെന്നാണ് വിദഗ്ധർ പ്രവചിച്ചിട്ടുള്ളത്. വാഹന വിപണിയെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധിയുടെ കാലമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 2020 ജനുവരി മുതൽ മാർച്ച് മാസം വരെ മാത്രം മുൻ വർഷത്തെ അപേക്ഷിച്ച് 17.8 ശതമാനത്തിന്റെ വളർച്ചാ കുറവ് ഉണ്ടായതായാണ് സിയാം പറയുന്നത്. 2017-നുശേഷം ഇതാദ്യമായാണ് ഇക്കാലയളവിൽ മൊത്തം വാഹന വിൽപന 30 ലക്ഷം യൂണിറ്റിനു താഴെയായി മാറുന്നത്. കോവിഡ് മാത്രമല്ല ഈ പ്രതിസന്ധിക്കിടയാക്കിയതെന്ന് നമുക്കറിയാം. സർക്കാരിന്റെ വാഹന നയത്തിലുണ്ടായ പോരായ്മകളും എടുത്തുചാട്ട സമീപനങ്ങളും വിൽപനയിലെ കുറവിനിടയാക്കിയിട്ടുണ്ട്. എന്നിരുന്നാലും എല്ലാ പ്രതിസന്ധികളും പുതിയ അവസരങ്ങൾക്കായുള്ള വാതിലുകൾ തുറക്കുമെന്നാണ് ശുഭാപ്തി വിശ്വാസികൾ കരുതുന്നതെന്നിരിക്കേ, ഇപ്പോഴത്തെ വെല്ലുവിളികളും പുതിയ അവസരങ്ങളിലേക്ക് വഴിവയ്ക്കാൻ തന്നെയാണ് സാധ്യത.

Copyright: Smartdrive- April 2020

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>