Porsche Taycan, the electric sports car to debut in this September
March 19, 2019
RangeRover Evoque: The World Of Happiness!
March 19, 2019

യിങ്ചുവിന്റെ ഹർത്താൽ!

Image courtesy: www.thenewsminute.com

എന്റെ പ്രവചനം ശരിയായി. കന്യാകുമാരിയിൽ നിന്നും തിരികെ വരുന്ന വഴി തിരുവനന്തപുരത്തെത്തിയപ്പോൾ ഹർത്താൽ. വഴിയിലെ ആൾക്കൂട്ടം കണ്ട് ഭയന്ന് യിങ്ചു എന്നെ വിളിച്ചു. ഏതെങ്കിലും ഹോട്ടൽ മുറിയെടുത്ത് വെറുതെ ഇരിക്കാൻ ഞാൻ പറഞ്ഞു.

ബൈജു എൻ നായർ

ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് കാർ ഓടിച്ചു പോകാൻ തീരുമാനിച്ചപ്പോൾ ഏറ്റവും വലിയ വെല്ലുവിളി ടിബറ്റായിരുന്നു. ചൈനയുടെ ഭാഗമാണ് ടിബറ്റെങ്കിലും അത് ഇപ്പോഴും ബാലികേറാമലയായി തുടരുകയാണ്. ചൈനീസ് വിസ മാത്രം പോരാ, ടിബറ്റ് സന്ദർശിക്കാൻ.
ഒരു സ്‌പെഷ്യൽ പെർമിറ്റ് കൂടി വേണം. അത് ടിബറ്റിലെ ഏതെങ്കിലും ട്രാവൽ ഏജൻസി വഴിയേ ലഭിക്കുകയുള്ളു. ഇനി, പെർമിറ്റ് കിട്ടിയാലും മറ്റൊരു ഉപാധി കൂടി പാലിക്കേണ്ടതുണ്ട്. അത് ഒരു ഗൈഡിന്റെ സഹായമാണ്. ടിബറ്റിൽ ചെന്നിറങ്ങുന്നതു മുതൽ തിരികെ പോരുന്നതുവരെ ഒരു ഗൈഡ് കൂടെയുണ്ടാകണം. ഗൈഡിന്റെ ചെലവുകളെല്ലാം നമ്മൾ വഹിക്കുകയും വേണം. നേപ്പാളിന്റെ ഇമിഗ്രേഷൻ പൂർത്തിയാക്കി പാലം കടന്ന് ചൈനയുടെ ഇമിഗ്രേഷൻ ഓഫീസിനു മുന്നിലെത്തി എൻഡേവർ നിർത്തിയപ്പോൾ ഉയരം കുറഞ്ഞ് പ്രസന്നവദനയായ ചൈനക്കാരി പെൺകുട്ടി അടുത്തെത്തി: ”ഞാൻ യിങ്ചു. ടിബറ്റിലെ നിങ്ങളുടെ ഗൈഡ്.”
മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന യിങ്ചു തുടർന്നുള്ള 14 ദിവസങ്ങളിൽ ഞങ്ങളോടൊപ്പം സുഖവും ദുഃഖവും പങ്കിട്ട് ജീവിച്ചു. 14 ദിവസങ്ങൾക്കു ശേഷം കിർഗിസ്ഥാൻ അതിർത്തിയിൽ വെച്ച് വേർപിരിയുമ്പോൾ യിങ്ചുവും ഞങ്ങളും പൊട്ടിക്കരഞ്ഞു. അത്രമേൽ സ്‌നേഹിക്കപ്പെട്ടിരുന്നു ഞങ്ങൾ, പരസ്പരം.
നാലുവർഷം കഴിഞ്ഞു.
വാട്ട്‌സാപ്പിൽ ഞങ്ങൾ തമ്മിൽ ബന്ധം തുടർന്നു. ഇടയ്ക്ക് മൂന്നു തവണ ഞാൻ ചൈനയിലെത്തിയപ്പോൾ ഫോണിലും വിളിച്ചു.
ഒരു മാസം മുമ്പ് യിങ്ചുവിന്റെ മെസേജ് വന്നു ”ഞാനും എന്റെ ബോയ്ഫ്രണ്ട് ജെറിനും കൂടി ഇന്ത്യയിലെത്തുന്നു. 50 ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ ബൈക്കിൽ കറങ്ങാനാണ് പരിപാടി. അവസാന ദിവസങ്ങളിൽ കൊച്ചിയിലുമുണ്ടാകും.”
യാത്രാപരിപാടികൾ അറിയിക്കാനും കൊച്ചിയിലെത്തുമ്പോൾ എന്നോടൊപ്പം താമസിക്കാമെന്നും ഞാൻ മറുപടി കൊടുത്തു.
യിങ്ചുവും ജെറിനും ഡെൽഹിയിലെത്തി. രണ്ട് സെക്കന്റ്ഹാന്റ് ബൈക്കുകൾ വിലയ്ക്കു വാങ്ങി. ഡെൽഹി, രാജ സ്ഥാൻ, കാശി, ആഗ്രയെല്ലാം കറങ്ങി, മുംബൈ, ഗോവ വഴി ഇരുവരും ഫെബ്രുവരി മദ്ധ്യത്തോടെ കൊച്ചിയിലെത്തി.
വർഷങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. സഹയാത്രികനായ ലാൽജോസ് പുതിയ സിനിമയുടെ ലൊക്കേഷൻ തേടിയുള്ള യാത്രയിലായതിനാൽ യിങ്ചുവിനെ കാണാൻ സാധിച്ചില്ല.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വഴി കന്യാകുമാരിയിലെത്തി, തിരികെ കൊച്ചിയിൽ വന്ന് ഫോർട്ടുകൊച്ചി ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങൾ കണ്ടുതീർത്ത്, ബൈക്കുകൾ കൊച്ചിയിൽ വിറ്റ്, ശ്രീലങ്ക വഴി ചൈനയിലേക്ക് മടങ്ങാനാണ് യിങ്ചുവിന്റെയും ജെറിന്റെയും പരിപാടി.
‘ഞങ്ങൾ കന്യാകുമാരിയിൽ പോയിട്ട് 16 ന് തിരികെ കൊച്ചിയിൽ വരും’ – യിങ്ചു പറഞ്ഞു.
‘വന്നാൽ പറയാം വന്നെന്ന്’ – ഞാൻ ഒരു മയവുമില്ലാതെ മറുപടി നൽകി.

Image courtesy: The financial express

യിങ്ചുവും ജെറിനും ഞെട്ടി. ‘അതെന്താ അങ്ങനെ പറഞ്ഞത്? തിരിച്ച് വരാനെന്താ തടസ്സം’- യിങ്ചു ചോദിച്ചു.
‘ഇത് ചൈനയല്ല. ഇവിടെ നമ്മുടെ കാര്യങ്ങൾ നമ്മളല്ല തീരുമാനിക്കുന്നത്. കുറെ രാഷ്ട്രീയക്കാരാണ് നമ്മുടെ ജീവിതത്തിന് തടസ്സം നിൽക്കുന്നത്. അവർ ഹർത്താൽ എന്നൊരു സാധനം പ്രഖ്യാപിക്കും. അതോടെ നമ്മുടെ യാത്രകൾ മുടങ്ങും. വീട്ടിൽ നിന്ന് പുറത്തിറങ്ങാനും പറ്റില്ല.’ – ഞാൻ പറഞ്ഞു.
‘ഇന്തോനേഷ്യയിലെ ബാലിയിൽ വർഷത്തിലൊരിക്കൽ ‘ഞെപ്പി’ എന്നൊരു ദിനാചര ണമുണ്ടെന്ന് കേട്ടിട്ടുണ്ട്. അന്ന് ആരും വീടിനു പുറത്തിറങ്ങില്ലത്രേ. തെരുവുകൾ നിറയെ പിശാചായിരിക്കുമെന്നാണ് സങ്കൽപം. ഇവിടെയും റോഡിൽ പിശാചായിരിക്കുമോ?’-അവൾ ചോദിച്ചു.
‘ഇവിടെയും റോഡ് നിറയെ പിശാചുക്കളായിരിക്കും’ – ഞാൻ പറഞ്ഞു. ‘ഒരു ജോലിയുമില്ലാത്ത കുറെ പിശാചുക്കൾ. അവർ വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായിരിക്കും എന്നു മാത്രം.’
എന്റെ പ്രവചനം ശരിയായി. കന്യാകുമാരിയിൽ നിന്നും തിരികെ വരുന്ന വഴി തിരുവനന്തപുരത്തെത്തിയപ്പോൾ ഹർത്താൽ. വഴിയിലെ ആൾക്കൂട്ടം കണ്ട് ഭയന്ന് യിങ്ചു എന്നെ വിളിച്ചു. ഏതെങ്കിലും ഹോട്ടൽ മുറിയെടുത്ത് വെറുതെ ഇരിക്കാൻ ഞാൻ പറഞ്ഞു.
‘ഇതെന്തു നാടാണ്!’ -യിങ്ചു ആശ്ചര്യപ്പെട്ടു.
വർഷങ്ങളായി ഈ ചോദ്യം ഞാൻ എന്നോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ മറുപടി നൽകി!

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>