How Safe is Your Car: Smartdrive Investigation- Part 1- Volkswagen
January 11, 2019
Test Ride: RE Interceptor 650 & continental GT
January 14, 2019

മുഖ്യമന്ത്രിയുടെ ജീവൻ!

അപകടത്തിൽപ്പെടുമ്പോൾ എയർബാഗുകൾ തുറന്നില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ ജീവനു തന്നെ ഭീഷണിയാവില്ലേ? ഇരട്ടച്ചങ്കനാണെന്നും ഊരിപ്പിടിച്ച കത്തിയുടെ ഇടയിൽ കൂടി കോളേജിൽ പോയിരുന്ന ആളാണെന്നുമൊന്നും ഇന്നോവ ക്രിസ്റ്റയ്ക്കറിയില്ലല്ലോ!

ബൈജു എൻ നായർ

കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്ന് ഒരു സുഹൃത്ത് വിളിച്ചു. ‘വാഹനങ്ങളിൽ ക്രാഷ്ഗാർഡും ബുൾബാറുമൊക്കെ ഫിറ്റു ചെയ്യുന്നത് ഈയിടെ നിയമവിരുദ്ധമാക്കിയതല്ലേ?’ – അതായിരുന്നു സുഹൃത്തിന്റെ ചോദ്യം. 2018 ഡിസംബർ 7ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇപ്പറഞ്ഞത് നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കിയതാണെന്നും നിയമം ലംഘിച്ചാൽ ആദ്യ തവണ 1000 രൂപയും രണ്ടാമത്തെ പ്രാവശ്യം മുതൽ 2000 രൂപയും പിഴ ഈടാക്കുമെന്നും ഞാൻ ഉത്തരം നൽകി. ‘അപ്പോൾ നമ്മുടെ മുഖ്യമന്ത്രിക്കും അകമ്പടി വാഹനത്തിനും ഇതൊന്നും ബാധകമല്ലേ?- ഇതായിരുന്നു സുഹൃത്തിന്റെ അടുത്ത ചോദ്യം. കോഴിക്കോട് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഔദ്യോഗിക വാഹനത്തിനു മുന്നിൽ നെടുനീളത്തിൽ ക്രാഷ് ഗാർഡ് ഉണ്ടത്രേ. കോഴിക്കോട് ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ വാഹനമാണിതെന്നും സുഹൃത്തു പറഞ്ഞു. കൂടെയുള്ള അകമ്പടി വാഹനം തിരുവനന്തപുരം രജിസ്‌ട്രേഷൻ തന്നെയാണ്. ‘വി.ഐ.പി സെക്യൂരിറ്റി’ എന്ന ബോർഡ് വെച്ചിട്ടുള്ള ഈ വാഹനത്തിന്റെ മുന്നിലും പിന്നിലും ക്രാഷ് ഗാർഡുണ്ട്. രണ്ടും ടൊയോട്ട ഇന്നോവകളാണ്.

സുഹൃത്തിന്റെ ചോദ്യത്തിന് എനിക്ക് ഉത്തരമൊന്നും പറയാനില്ലായിരുന്നു. പിൻഭാഗത്ത് നമ്പർപ്ലേറ്റേ ഇല്ലാത്ത മൊബൈൽ കോടതി വാഹനത്തിൽ ജഡ്ജി ഇരുന്ന്, നമ്പർ ചെറുതാണെന്നു പറഞ്ഞ് ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കുന്ന ചിത്രം മുമ്പ് ഞാൻ ചീഫ് എഡിറ്ററായിരുന്ന മാസികയിൽ പ്രസിദ്ധീകരിച്ചത് ഓർമ്മ വന്നു. വലിയ ശബ്ദമുണ്ടാക്കുന്ന ഹോണുകൾ ആർടിഒ അഴിച്ചെടുത്ത് മാറ്റി പിഴ ഈടാക്കുന്ന ഈ നാട്ടിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ചെവി പൊട്ടിക്കുന്ന ഹോണുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും നമ്മൾ കണ്ടതാണ്.
നാലു ചക്രവാഹനങ്ങളിൽ അഡീഷണൽ ഫിറ്റിങ് ആയ ക്രാഷ്ഗാർഡ് ഫിറ്റു ചെയ്യുന്നത് നിരോധിച്ചതിനു പിന്നിൽ പല കാരണങ്ങളുണ്ട്. ചെറിയ കൂട്ടിയിടികളിൽ ക്രാഷ്ഗാർഡ് വാഹനത്തെ പരിക്കേൽക്കാതെ രക്ഷിക്കുമെങ്കിലും വലിയ ആക്‌സിഡന്റുകളിൽ വിപരീത ഫലമാണ് ഉളവാക്കുക. പ്രധാനമായും, ജീവൻ രക്ഷോപാധികളിലൊന്നായ എയർബാഗ് തുറക്കില്ല എന്നതാണ് ക്രാഷ്ഗാർഡു കൊണ്ടുള്ള പ്രധാന പ്രശ്‌നം. അപകടം നടക്കുമ്പോഴുള്ള ആഘാതം കണ്ടറിഞ്ഞ് ബമ്പറിലും മറ്റുമുള്ള സെൻസറുകളാണ് എയർബാഗ് തുറക്കാൻ വേണ്ട നിർദ്ദേശം നൽകുന്നത്. ക്രാഷ് ഗാർഡ് ഫിറ്റു ചെയ്ത വാഹനങ്ങളിൽ, സെൻസറുകൾക്ക് ആഘാതം ‘സെൻസു’ ചെയ്യാനാവില്ല, അല്ലെങ്കിൽ താമസിച്ചേ അതിനു കഴിയൂ. അപ്പോഴേക്കും ഉള്ളിലുള്ളവർക്ക് പരിക്കേറ്റു കഴിഞ്ഞിട്ടുണ്ടാകും.

ക്രാഷ്ഗാർഡുള്ള വാഹനമിടിച്ചാൽ വഴിപോക്കർക്ക് ഗുരുതരമായ പരിക്കുണ്ടാകും എന്നതാണ് മറ്റൊരു പ്രശ്‌നം. മിക്ക വാഹനങ്ങളും ഡിസൈൻ ചെയ്യുമ്പോൾ പെഡസ്ട്രിയൻ സേഫ്റ്റിക്ക് പ്രാധാന്യം നൽകുന്നുണ്ട്. വഴിപോക്കനെ ഇടിച്ചാൽ ബോണറ്റിലേക്ക് വീണ്, അവിടെ നിന്ന് നിരങ്ങി താഴെ വീഴുന്ന തരം ഡിസൈനാണ് പല വാഹനങ്ങൾക്കും. ക്രാഷ്ഗാർഡ് ഈ ഡിസൈനിനും തടസ്സമാകുന്നു. അതുകൊണ്ട് ഗുരുതരമായ പരിക്കേൽക്കാ
നുള്ള സാദ്ധ്യത വഴിപോക്കർക്ക്, കൂടുതലാണ്. ഇത്തരം സാധ്യതകളെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഉപരിതല മന്ത്രാലയം 2018 ഡിസംബർ 7ന് ക്രാഷ്ഗാർഡുകൾ ഫിറ്റുചെയ്യുന്നതിനെതിരെ ഉത്തരവിറക്കിയത്.
1988 ലെ മോട്ടോർ വെഹിക്കിൾ നിയമത്തിന്റെ 52-ാം വകുപ്പനുസരിച്ച് ക്രാഷ്ഗാർഡുകൾ ഫിറ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഫിറ്റു ചെയ്താൽ, 190, 191 വകുപ്പുകൾ പ്രകാരം പിഴ ഈടാക്കാവുന്നതാണെന്നു ഉത്തരവിൽ പറയുന്നു. ക്രാഷ്ഗാർഡുകൾ വിൽക്കുന്ന വ്യാപാരികളിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വാഹനം നിയമം ലംഘിക്കുന്നത് ശരിയല്ല. എന്നാൽ അതിലുപരി, ഇതിൽ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പ്രശ്‌നം കൂടിയുണ്ട്. എയർബാഗുകളുള്ള ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രിയുടെ വാഹനം. അപകടത്തിൽപ്പെടുമ്പോൾ എയർബാഗുകൾ തുറന്നില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ ജീവനു തന്നെ ഭീഷണിയാവില്ലേ? ഇരട്ടച്ചങ്കനാണെന്നും ഊരിപ്പിടിച്ച കത്തിയുടെ ഇടയിൽ കൂടി കോളേജിൽ പോയിരുന്ന ആളാണെന്നുമൊന്നും ഇന്നോവ ക്രിസ്റ്റയ്ക്കറിയില്ലല്ലോ!

Smartdrive- January 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>