Friends’ Choice: Travel in a Maruti S-Presso with Youtube channel stars Sujith Bhakthan & Emil George
December 17, 2019
Exclusive: ബെൻസിന്റെ ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കാർ നാളെ പൂനെയിൽ പ്രദർശിപ്പിക്കും
January 13, 2020

ബൈജു എൻ നായർക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ബൈജു എൻ നായർ

സ്മാർട്ട് ഡ്രൈവ് ചീഫ് എഡിറ്റർ ബൈജു എൻ നായർക്കാണ് 2018-ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന പുസ്തകമാണ് പുരസ്‌കൃതമായത്.

ജെ ബിന്ദുരാജ്‌

സ്മാർട്ട് ഡ്രൈവ് ചീഫ് എഡിറ്റർ ബൈജു എൻ നായർ കേരള സാഹിത്യ അക്കാദമിയുടെ 2018-ലെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ലണ്ടനിലേക്കൊരു റോഡ് യാത്ര’ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. 2014-ൽ ലണ്ടനിലേക്ക് റോഡ് മാർഗം ബൈജു എൻ നായരും സംവിധായകൻ ലാൽ ജോസും സുരേഷ് ജോസഫും നടത്തിയ യാത്രയും യാത്രയ്ക്കിടയിൽ സഹയാത്രികനായ സുരേഷ് ജോസഫുമായുണ്ടായ അഭിപ്രായഭിന്നത മൂലം പിന്നീട് ഒറ്റയ്ക്ക് യാത്ര പൂർത്തിയാക്കുകയും ചെയ്ത ബൈജുവിന്റെ അനുഭവസാക്ഷ്യങ്ങളുടെ നേർച്ചിത്രമാണ് ഈ കൃതി. അതീവ രസകരമായി, ഒരു കഥ പോലെ വായിച്ചുപോകാവുന്ന മട്ടിൽ രചിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്. പുരസ്‌കാരം ലഭിച്ച ‘ലണ്ടനിലേക്ക് ഒരു റോഡ് യാത്ര’ മാധ്യമം ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ പ്രസിദ്ധീകരിച്ചത്.

എറണാകുളം മഹാരാജാസ് കോളെജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഭാരതീയ വിദ്യാഭവനിൽ നിന്നും ജേണലിസം ഡിപ്ലോമയും നേടിയശേഷം മാതൃഭൂമിയിൽ പത്രപ്രവർത്തകനായി തൊഴിൽ ജീവിതം ആരംഭിച്ച ബൈജു എൻ നായർ മാതൃഭൂമിയിൽ തൊണ്ണൂറുകളിൽ ആരംഭിച്ച ടോപ് ഗിയർ എന്ന കോളമാണ് പിൽക്കാലത്ത് മലയാളത്തിലെ ആദ്യകാല ഓട്ടോമൊബൈൽ ജേണലിസ്റ്റ് എന്ന പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. മാതൃഭൂമിയിൽ നിന്നും ജോലി രാജി വച്ച് ചില സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ആരംഭിച്ച ടോപ് ഗിയർ ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ ആദ്യത്തെ വാഹനമാസികയായി പേരെടുത്തു. പങ്കാളികളുടെ ചതിയിൽപ്പെട്ട് ടോപ് ഗിയർ കൈവിട്ട് പോയതിനുശേഷമാണ്, പിൽക്കാലത്ത് മലയാളത്തിലെ ഒന്നാമത്തെ വാഹനമാസികയായി മാറിയ സ്മാർട്ട് ഡ്രൈവ്, ബൈജു എൻ നായർ സ്വന്തം ഉടമസ്ഥതയിൽ ആരംഭിച്ചത്. മാതൃഭൂമിയാണ് സ്മാർട്ട് ഡ്രൈവിന്റെ വിതരണം ഏറ്റെടുത്തിട്ടുള്ളത്.

ഓട്ടോമൊബൈൽ ജേണലിസ്റ്റായാണ് ബൈജു ജനപ്രിയനായതെങ്കിലും സഞ്ചാരത്തോടുള്ള കടുത്ത അഭിവാഞ്ഛയാണ് നൂറിലധികം രാജ്യങ്ങൾ സന്ദർശിക്കാൻ അദ്ദേഹത്തിന് പ്രേരകമായത്. 2006-ൽ ആരംഭിച്ച ആ യാത്രകൾ ഇപ്പോഴും
അനസ്യൂതം തുടരുകയാണ്. പ്രശസ്ത വ്‌ളോഗർ ആയ സുജിത്ത് ഭക്തനും നടൻ എമിൽ ജോർജിനുമൊപ്പം സിങ്കപ്പൂരിലേക്ക് റോഡ് മാർഗം വരുന്ന മാർച്ചിൽ മറ്റൊരു യാത്രയ്‌ക്കൊരുങ്ങുകയാണ്. തായ്‌ലണ്ട്, കംബോഡിയ, വിയറ്റ്‌നാം, മ്യാന്മർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള ഈ സഞ്ചാരം ഇന്തോനേഷ്യയിലേക്കും നീളും. ഓട്ടോമൊബൈൽ ജേണലിസ്റ്റ് എന്ന നിലയിൽ എൺപതു രാജ്യങ്ങളിൽ ആറായിരത്തിലധികം വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്ത റെക്കോർഡുമുണ്ട് ബൈജുവിന്. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ഓട്ടോമൊബൈൽ ഷോയുടെ അവതാരകനുമായിരുന്നു ബൈജു. 1998ൽ ചലച്ചിത്ര സംവിധായകൻ രതീഷ് അമ്പാട്ട് നിർമ്മിച്ച്, സംവിധാനം ചെയ്ത ഈ ഷോ സൂര്യ ടിവിയാണ് സംപ്രേക്ഷണം ചെയ്തിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസിലെ സ്മാർട്ട് ഡ്രൈവ് പ്രോഗ്രാമിന്റെ അവതാരകൻ, സ്മാർട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്റർ തുടങ്ങിയ തൊഴിലുകൾക്കു പുറമേ, മലയാള മനോരമ ഓൺലൈനിലും മറ്റ് മാധ്യമങ്ങളിലും ബൈജു യാത്രാവിവരണങ്ങൾ എഴുതുന്നുണ്ട്. ഇതിനു പുറമേ സ്വന്തം യുട്യൂബ് ചാനലിനായും നിരന്തരം പ്രവർത്തിച്ചുവരുന്നു. ‘ലണ്ടനിലേക്കൊരു റോഡ് യാത്ര’യ്ക്കു പുറമേ, ദേശാടനം, ഉല്ലാസയാത്രകൾ (മാതൃഭൂമി ബുക്‌സ്, അച്ചടിയിൽ), സിൽക് റൂട്ട് (ഡിസി ബുക്‌സ്, അച്ചടിയിൽ) എന്നീ യാത്രാവിവരണങ്ങളും ബൈജുവിന്റേതായുണ്ട്. വാഹനസംബന്ധിയായ രചനകളും മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാർ പരിചരണം (എട്ട് എഡിഷനുകൾ ഇതിനകം പുറത്തുവന്നു), കാർ വാങ്ങുമ്പോൾ (ഏഴ് എഡിഷനുകൾ) എന്നിവയാണ് അവ.

ബൈജു എൻ നായർ മകൾ മീനാക്ഷിക്കും ഭാര്യ മഞ്ജുവിനുമൊപ്പം

കെഎസ്ഇബി ജീവനക്കാരായിരുന്ന കോട്ടയം വെള്ളൂർ നന്ദനത്തിൽ വി പി നാരായണൻ നായരുടേയും പി ശാന്താകുമാരിയമ്മയുടേയും രണ്ടു മക്കളിൽ ഇളയ മകനാണ് ബൈജു. സഹോദരി ബിന്ദു നായർ ആരോഹ് എന്ന കാൻസർ രോഗികളായ കുട്ടികൾക്കായുള്ള സന്നദ്ധ സംഘടന നടത്തുന്നു. അൽ അമീൻ സ്‌കൂൾ അധ്യാപികയായ മഞ്ജു ആർ നായരാണ് ബൈജുവിന്റെ ഭാര്യ. ഏകമകൾ മീനാക്ഷി തേവര സേക്രട്ട് ഹാർട്‌സ് കോളെജ് വിദ്യാർത്ഥിനിയാണ്.

 

ബൈജു എൻ നായരുമായി അഭിമുഖം ഡോട്ട്‌കോം എഡിറ്റർ കെ സി അരുൺ നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപത്തിന് അഭിമുഖം ഡോട്ട്‌കോമിന്റെ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ബൈജു എന്‍ നായര്‍: മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ്

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>