Volkswagen cars: Safety First!
December 14, 2018
Test drive: Mahindra Alturas G4
December 14, 2018

പോലീസിന്റെ യഥാർത്ഥ ജനമൈത്രി!

Image Courtesy: The new Indian Express

പോലീസിന്റെ യഥാർത്ഥ ജനമൈത്രിയുടെ കഥ വായിക്കൂ…

ബൈജു എൻ നായർ

ഒരിക്കൽ ഒരു നിസാൻ സണ്ണി ഡ്രൈവു ചെയ്തുകൊണ്ടുപോകുമ്പോൾ ഏറ്റുമാനൂരിനടുത്തു വച്ച് റോഡരികിൽ നിന്ന പോലീസുദ്യോഗസ്ഥൻ ചൂണ്ടുവിരൽ കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. എന്താണ് ആംഗ്യത്തിന്റെ അർത്ഥമെന്നു മനസ്സിലായില്ലെങ്കിലും ഞാൻ അല്പം മാറ്റി വാഹനം നിർത്തി. പുറത്തിറങ്ങിയില്ല. ‘ഇറങ്ങരുത,് പോലീസുദ്യോഗസ്ഥൻ വാഹനത്തിനടുത്തു വരണം’ എന്നാണല്ലൊ ഡിജിപി നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. മൂന്നു മിനിറ്റ് കഴിഞ്ഞു, ആരും അടുത്തേക്ക് വരുന്നില്ല. ഞാൻ നിർത്തിയ സണ്ണി വീണ്ടും സ്റ്റാർട്ടു ചെയ്ത് ഒന്ന് ‘ഇരപ്പിച്ചു.’ ഉടനെ ആംഗ്യം കാണിച്ച പോലീസുദ്യോഗസ്ഥൻ ഓടി അടുത്തെത്തി – 50 കഴിഞ്ഞ ഒരു കുടവയറൻ. പ്രൊമോഷൻ കിട്ടി എസ്.ഐ. ആയതാണെന്നു വ്യക്തം.

അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. ‘അവിടെ നിർത്താൻ ഞാൻ ആംഗ്യം കാണിച്ചിട്ട് ഇവിടെയാണോ നിർത്തുന്നത്?’- അയാൾ ക്ഷോഭത്തോടെ ചോദിച്ചു. ‘വാഹനമോടിക്കുമ്പോൾ ആംഗ്യം ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണ്’ -ഞാൻ
‘മറ്റുള്ളവരൊക്കെ കാണുന്നുണ്ടല്ലോ. തനിക്കു മാത്രമെന്താ ബുദ്ധിമുട്ട്?’ -എസ്.ഐ.
‘എനിക്കെന്റെ കാര്യമേ പറയാൻ പറ്റൂ’ -ഞാൻ.
‘എന്താ ജോലി?’
‘ജേർണലിസ്റ്റാണ്.’
‘അതിന്റെ അഹങ്കാരമായിരിക്കും’.
‘അല്ല, ഒരു സാധാരണ പൗരനാണ് ഞാൻ. എന്റെ നേരെ മെക്കിട്ടു കയറാൻ പോലീസുകാരെപ്പോലും ഞാൻ അനുവദിക്കില്ല. റോഡരികിൽ നിന്ന് ഒരു വിരൽ കൊണ്ട് ആംഗ്യം കാണിച്ചിട്ട് അതിന്റെ അർത്ഥം ജനങ്ങൾ മനസ്സിലാക്കണം എന്നു പറഞ്ഞാൽ അംഗീകരിച്ചു തരാൻ പറ്റില്ല’- ഞാൻ ശക്തമായി പറഞ്ഞു.

ഈ ‘വിരൽ പ്രയോഗം’ കാരണം ശകാരം കേട്ട മറ്റു ചില ഡ്രൈവർമാർ കൂടി എന്റെ പക്ഷം ചേർന്നതോടെ എസ്.ഐ. കീഴടങ്ങി. ബുക്കും പേപ്പറുമൊന്നും പരിശോധിക്കാതെ എല്ലാവരെയും പറഞ്ഞു വിട്ടു, എസ്.ഐ.
പഴയ ‘ഇടിയൻ നാറാപിള്ള’, ‘കരടി രാഘവൻ’ തുടങ്ങിയ പോലീസുകാരുടെയൊക്കെ കാലം കഴിഞ്ഞെങ്കിലും ഇപ്പോഴുമുണ്ട് പോലീസിൽ ഇത്തരം ചില പാഷാണത്തിൽ കൃമികൾ.
ഇടതുസർക്കാർ അധികാരത്തിൽ വന്നതിൽ പിന്നെ, ഭരണാധികാരികളുടെ അതേ ധാർഷ്ട്യവും അഹങ്കാരവും പോലീസുകാരിലേക്കും പകർന്നിട്ടുണ്ടെന്നു തോന്നുന്നു. കേരള പോലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ പോലീസിനെതിരെയുള്ള പരാതികൾ കുമിഞ്ഞു കൂടുകയാണ്. 2018 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രമായി 100 പരാതികൾ പോലീസുകാരെപ്പറ്റി അതോറിറ്റിക്ക് ലഭിച്ചു. ഇതിലധികവും ജനമൈത്രി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെയാണെന്നുള്ളത് ഓർത്തോർത്ത് ചിരിക്കാനും വക നൽകുന്നുണ്ട്. അതുപോലെ കൗതുകകരമായ മറ്റൊരു കാര്യവും, അതോറിറ്റി ചെയർമാനായ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. മിക്ക കേസുകളിലും 2014ൽ ട്രെയിനിങ് പൂർത്തിയാക്കിയ എസ്.ഐമാർ ഉൾപ്പെടുന്നുണ്ട്. ഏതോ ഭീകരനാണ് ആ ബാച്ചുകാർക്ക് ട്രെയിനിങ് നൽകിയത് എന്ന് വ്യക്തം!

ഈവക മനംമടുപ്പിക്കുന്ന വാർത്തകൾക്കിടയിൽ രജതരേഖ പോലെ ഒരു സംഭവം കേട്ടു. റോയൽ എൽഫീൽഡിന്റെ ഡെപ്യൂട്ടി മാനേജർ അശ്വിൻപ്രേമാണ് സംഭവം വിളിച്ചറിയിച്ചത്. ഒരു ദിവസം വെളുപ്പിന് 2 മണിക്ക് എൻ.എച്ച് 47 വഴി തിരുവനന്തപുരത്തേക്ക് കാറോടിച്ചു പോവുകയായിരുന്നു, അശ്വിൻ. ഹരിപ്പാട് ജംഗ്ഷനിൽ വെച്ച് പോലീസുകാർ കാറിന് കൈ കാണിച്ചു. വെളുപ്പാൻ കാലത്ത് എന്തുചെക്കിങ് എന്ന് അനിഷ്ടത്തോടെ ചിന്തിച്ച് കാർ നിർത്തിയ അശ്വിൻ ഗ്ലോബോക്‌സ് തുറന്ന് ആർസി ബുക്ക് പരതുമ്പോൾ അടുത്തെത്തിയ പോലീസുകാരൻ പറഞ്ഞു- ‘ബുക്കും പേപ്പറുമൊന്നും വേണ്ട, കാപ്പി കുടിച്ചിട്ട് പോകാം.. ഇറങ്ങി വാ…’

അശ്വിൻ അമ്പരന്നു. പോലീസുകാരെങ്ങാനും ഹോട്ടൽ തുടങ്ങിയോ എന്നായി ചിന്ത. എന്തായാലും കാശ് പോയതു തന്നെ! അമ്പതു രൂപയും ചുരുട്ടിപ്പിടിച്ച് അശ്വിൻ പുറത്തിറങ്ങി.
അവിടെ ഒരു തട്ടുകട, ടാക്‌സി ഓണേഴ്‌സ് അസോസിയേഷൻ വക. സൗജന്യ കാപ്പി വിതരണം എന്നൊരു ബോർഡും കണ്ടു. നല്ല ഒന്നാന്തരം ചുക്കുകാപ്പി കുടിച്ച്, പണം നീട്ടിയപ്പോൾ ‘വേണ്ട, സൗജന്യമാണ്’ എന്ന മറുപടി.
ടാക്‌സി ഓണേഴ്‌സും പോലീസും ചേർന്നു നടത്തുന്ന ഈ പരിപാടി കണ്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് അശ്വിൻ പറയുന്നു. ഏറ്റവുമധികം അപകടം നടക്കുന്ന പുലർകാല വേളയിൽ കൊച്ചുവർത്തമാനവും പറഞ്ഞ് കാപ്പിയും കുടിച്ച് യാത്ര തുടരുമ്പോൾ ഉറക്കം കുറേ നേരത്തേക്കെങ്കിലും മാറി നിൽക്കും എന്നുറപ്പ്.
ഇതാണ് യഥാർത്ഥ ജനമൈത്രി.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>