ഹ്യുണ്ടായ്‌യുടെ സുബ്ബു
May 2, 2018
ആറാംതമ്പുരാൻ
May 8, 2018

ജീപ്പ് റാംഗ്‌ളർ

ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള വാഹനമാണ് ജീപ്പ് റാംഗ്‌ളർ. ആണത്തത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന റാംഗ്‌ളർ കേരളത്തിലും വിൽപനയാരംഭിച്ചു. റാംഗ്‌ളറിനോടൊപ്പം ഒരു ദിവസം.

എഴുത്ത് – ബൈജു എൻ നായർ, ചിത്രങ്ങൾ- ജമേഷ് കോട്ടയ്ക്കൽ

പുതുവൈപ്പ് ബീച്ചിൽ ചവിട്ടിയാൽ താഴ്ന്നു പോകുന്നത്ര പതുപതുപ്പുള്ള വെള്ള മണലിൽ അവൻ നെഞ്ചുയർത്തി നിന്നു. ഞങ്ങൾ നാലുപേർ ചേർന്ന് അവന്റെ റൂഫ് പാടെ അഴിച്ചുമാറ്റി. ഏതൊരാളും കൊതിക്കുന്ന ആ രൂപം അതോടെ സുന്ദരവും സ്‌പോർട്ടിയുമായി. ജീപ്പ്! ഒറ്റനോട്ടത്തിൽ തന്നെ ആരാധന തോന്നിപ്പോകുന്ന, വാഹനങ്ങളിലെ സൂപ്പർ താരം. ഇതിഹാസ നായകൻ! ജീപ്പ് റാംഗ്ലൂർ!
ഞാൻ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു. സ്റ്റാർട്ട് ചെയ്ത് ഓട്ടോമാറ്റിക് ഗിയർ ലിവർ ന്യൂട്രലാക്കി. എന്നിട്ട് ഗിയർ ലിവറിന് സമീപമുള്ള ചെറിയ ലിവർ ഏറ്റവും മേലേക്ക്- ഫോർ ലോ- വലിച്ചിട്ടു. എന്നിട്ട് ഗിയർ ഡ്രൈവ് മോഡിലാക്കി മുന്നിലേക്കെടുത്തു. ബീച്ച് സന്ദർശിക്കാനെത്തിയവരുടെ കണ്ണുകൾ ആകാംക്ഷയോടെ ജീപ്പിനെ പിൻതുടർന്നു. ടയറിന്റെ പാതിയും മണലിൽ താഴ്‌ന്നെങ്കിലും ജീപ്പ് ഹൈവിയിലെന്ന പോലെ മുന്നിലേക്ക് കുതിച്ചു. തീരത്തിനും കടലിനുമിടയ്ക്കുള്ള മണൽകുന്ന് കയറിയിറങ്ങി അവൻ സാന്ധ്യ ശോഭ വിതറുന്ന സൂര്യനെ ഒരു നിമിഷം വണങ്ങി നിന്നു. പിന്നെ കടലോളങ്ങൾക്കൊപ്പം നനഞ്ഞ മണലിലൂടെ സഹർഷം പാഞ്ഞു.
ജീപ്പ്!
ജീപ്പ്
നെഞ്ചിടിപ്പോടെയല്ലാതെ നിങ്ങൾക്ക് ജീപ്പിനെ സമീപിക്കാനാവില്ല. കാരണം, ഇതൊരു ഐക്കോണിക്ക് ബ്രാന്റാണ്. ലോകമെമ്പാടും കോടിക്കണക്കിനാളുകളെ ഹരം കൊള്ളിക്കുന്ന ബ്രാന്റ്. ജീപ്പിന്റെ മോഡലുകളെ അനുകരിച്ച് എല്ലാ രാജ്യങ്ങളിലും നൂറുകണക്കിന് മോഡലുകൾ ജനിച്ചിട്ടുണ്ട്. അത്യാധുനികമായ നിരവധി പ്രീമിയം എസ് യുവികൾ വിപണിയിലെത്തിയിട്ടും ജീപ്പിന്റെ വില തരിപോലും ഇടിഞ്ഞിട്ടില്ല.

IMG_1426
ലോകത്തിലെ ആദ്യകാല എസ്‌യുവി നിർമ്മാതാക്കളാണ് ജീപ്പ്. അമേരിക്കയാണ് ആസ്ഥാനം 1941ൽ ജനനം. രണ്ടാംലോകമഹായുദ്ധ കാലത്ത് പട്ടാളത്തിനുവേണ്ടി ഓടിയാണ് ജീപ്പ് പേരെടുത്തത്. 1945ൽ ആദ്യ സിവിലിയൻ മോഡൽ നിർമ്മിക്കപ്പെട്ടു. ഗവർമെന്റ് പർപ്പസ്/ജനറൽ പർപ്പസ് (ജീപി) എന്ന പ്രയോഗമാണ് പിന്നീട് ജീപ്പ് എന്നായി മാറിയതെന്ന് കരുതപ്പെടുന്നു. 1987ൽ ക്രൈസ്‌ലർ കമ്പനി ജീപ്പിനെ ഏറ്റെടുത്തു. 2014ൽ ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ള ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസിന്റെ പക്കലായി ഉടമസ്ഥാവകാശം.ഇന്ത്യയിൽ ഫിയറ്റ് കൊണ്ടുവരുന്നത് ജീപ്പിന്റെ രണ്ട് മോഡലുകളാണ്: റാംഗ്ലർ അൺലിമിറ്റഡും ഗ്രാന്റ് ചെരോക്കിയും. നമുക്ക് ആദ്യമായി റാംഗ്ലർ ഓടിച്ചു നോക്കാം. (റാംഗ്ലറിന്റെ രൂപത്തിൽ മോഡിഫൈ ചെയ്ത മഹീന്ദ്ര താറുകളെ ഇനി മുതൽ റാംഗ്ലറായി തെറ്റിദ്ധരിക്കരുത്).

കാഴ്ച

സിരകളെ ത്രസിപ്പിക്കുന്ന രൂപം. മുന്നിലെ 7 സ്ലോട്ട് ഗ്രിൽ വില്ലീസ് ജീപ്പുകളെ ഓർമ്മിപ്പിക്കും. യാതൊരു ജാടയുമില്ലാത്ത ഉരുണ്ട ഹെഡ്‌ലൈറ്റുകൾ. അതിനു താഴെ പുറത്തേക്ക് തള്ളി നിൽക്കുന്ന വിതിയുള്ള ബമ്പർ. നീളമുള്ള ബോണറ്റ് (ബോണറ്റും ഫ്യൂവൽക്യാപ്പും തുറക്കാൻ കീ ഉപയോഗിക്കണം!) ബമ്പറിൽ ചെറിയ ഫോഗ് ലാമ്പുകളും കാണാം.

IMG_1483
4583 മി.മീ നീളമുള്ള റാംഗ്ലർ അൺലിമിറ്റഡിന്റെ നീളം ബോധ്യമാകാൻ വശങ്ങളിൽ നിന്നും നോക്കണം. ഉയർന്നുനിൽക്കുന്ന ഫെൻഡറുകളിൽ 17 ഇഞ്ച് ടയറുകൾ. ചതുര വടിവുള്ള മൂന്ന് വിൻഡോ ഗ്ലാസുകൾ. കോർണർ ഗ്ലാസിനു പോലും നല്ല വലിപ്പമുണ്ട്. ഫുട്‌സ്റ്റെപ്പുകൾക്കു തൂടർച്ച പോലെ കറുത്ത ക്ലാഡിങ് പിൻ ബമ്പറിലേക്ക് നീളുന്നു. ഡോറുകളുടെ വിജാഗിരി പുറത്തു കാണും വിധമാണ് കൊടുത്തിരിക്കുന്നത്. പിൻഭാഗത്ത് ഉയർത്താവുന്ന ഗ്ലാസുണ്ട്. അതായത്, ബൂട്ട് ലിഡ് മുഴുവനായി തുറക്കാതെ, ഗ്ലാസ് മാത്രമായും തുറക്കാം എന്നർത്ഥം. ചെറിയ ടെയ്ൽ ലാമ്പുകൾ.

IMG_1362

ബൂട്ട്‌ലിഡിൽ ഉറപ്പിച്ച സ്‌പെയർവീൽ-തീർന്നു, ഇത്രേയുള്ളു ജിപ്പ് റാംഗ്ലറിനെ വിവരിക്കാൻ. പക്ഷേ, ആ രൂപമുണ്ടല്ലോ, അത് സിരകളിലെ രക്തയോട്ടം വർദ്ധിപ്പിക്കും. മാനുവലായി തുറക്കാവുന്ന സൺറൂഫുണ്ട് റാംഗ്ലറിന്. ഡ്രൈവർ സീറ്റിനു മേലെയുള്ള ഭാഗം ഈസിയായി ഇളക്കി മാറ്റാം. അതുപോലെ രണ്ടുപേർ വിചാരിച്ചാൽ പിൻഭാഗത്തെ റൂഫും ഇളക്കി മാറ്റാം.

ഉള്ളിൽ

ഒരു തികഞ്ഞ ഓഫ് റോഡിന്റെ രൂപഭാവങ്ങളാണ് ഉൾഭാഗത്ത്. കറുത്ത നിറമാണ് ഉള്ളിൽ. ഡാഷ്‌ബോർഡ് ഉയർന്നു നിൽക്കുന്നു. എസി വെന്റുകൾക്കും ഡയലുകൾക്കുമെല്ലാം സ്റ്റീൽഫിനിഷുമുണ്ട്. മുന്നിൽ ഡാഷ്‌ബോർഡിലെ ഹാൻഡ്‌റെസ്റ്റിൽ സ്റ്റീൽ പ്ലേറ്റിൽ ‘ജീപ്പ് 1941′എന്ന് എഴുതിയിട്ടുണ്ട്. ഡാഷ് ബോർഡിനൊപ്പം ഉയർന്നു നിൽക്കുകയാണ് വിൻഡ് സ്‌ക്രീൻ. വലിയ ആഡംബരങ്ങളൊന്നും റാംഗ്ലൂർ സമ്മാനിക്കുന്നില്ല. ഒരു റഫ് ആന്റ് ടഫ് ഓഫ്‌റോഡർ എന്നു കരുതിയാൽ മതി. എസി, പവർസ്റ്റിയറിങ്, പവർവിൻഡോ, യു കണക്ട് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയിലൊതുങ്ങുന്നു ആഡംബരങ്ങൾ. ഈ ടച്ച് സ്‌ക്രീനിൽ നാവിഗേഷൻ, വോയ്‌സ് കൺട്രോൾ, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയുണ്ട്.

IMG_1388
ഒന്നാന്തരം ലെതറിലാണ് സീറ്റുകൾ അപ്‌ഹോൾസ്റ്ററി ചെയ്തിരിക്കുന്നത്. ഡോർ പാഡുകളിലും അലൂമിനിയം ഇൻസർട്ടുകളുണ്ട്. ഉയർന്ന സീറ്റിങ് പൊസിഷനാണ് ജീപ്പിന്. ആനപ്പുറത്തിരിക്കും പോലെ ഗമയിലിരുന്ന് ഓടിക്കാം. എന്നാൽ ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്‌മെന്റൊന്നും കൊടുത്തിട്ടില്ല.
റാംഗ്ലറിന്റെ സൈഡ് ഡോറുകളും ഊരി മാറ്റാം. അങ്ങനെ ഓഫ് റോഡാക്കി മാറ്റിക്കഴിയുമ്പോൾ വെള്ളത്തിലൂടെയും മറ്റും ഓടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സ്പീക്കറുകൾ മേലെയാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ബൂട്ടിലെ അൽപ്പൈന്റെ സ്പീക്കർ ‘ഓൾ വെതർ’ ആണ്. അതായത് വെള്ളം കയറിയാലും സാരമില്ലെന്നർത്ഥം.

IMG_1383 IMG_1395
പിൻഭാഗത്ത് മൂന്ന് പേർക്കിരിക്കാം. ‘റോൾകേജ്’ പിന്നിലുണ്ട്. ഇത് എയർബാഗിനു സമാനമായ സംരക്ഷണം നൽകുന്നു. പിന്നിലും വലിയ ആഡംബരങ്ങളൊന്നുമില്ല. കപ്‌ഹോൾഡറുകളും മറ്റുമുണ്ട് എന്നുമാത്രം. മൂന്നാംനിര സീറ്റില്ലാത്തതുകൊണ്ട് ഇഷ്ടംപോലെ ബൂട്ട്‌സ്‌പേസും റാംഗ്ലർ നൽകുന്നുണ്ട്.

എഞ്ചിൻ

ഇന്ത്യയിൽ 2776 സിസി കോമൺ റെയ്ൽ ടർബോ ഡീസൽ എഞ്ചിനാണ് റാംഗ്ലറിനുള്ളത്. ഇത് 200 ബിഎച്ച്പിയാണ്. 3600 ആർപിഎമ്മിലാണ് മാക്‌സിമം പവർ ലഭിക്കുന്നത്. മാക്‌സിമം ടോർക്കായ 460 ന്യൂട്ടൺ മീറ്റർ 1600-2600 ആർപിഎമ്മിലും ലഭിക്കുന്നു.5 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്. വളരെ സ്മൂത്താണ് എഞ്ചിനും ഗിയർ ഷിഫ്റ്റും.

IMG_1506

2 ടണ്ണിലേറെ ഭാരമുണ്ട് റാംഗ്ലറിനെങ്കിലും 100 കി.മീ വേഗതയെടുക്കാൻ 10.5 സെക്കന്റ് മതി. ക്രമാനുഗതമായി പവർ കൈവരുന്ന രീതിയല്ല റാംഗ്ലറിന്. ചെറിയൊരു ആലോചനയ്ക്കു ശേഷം ടോർക്ക് ഇരമ്പിയാർത്തു വരുന്നത് ഫീൽ ചെയ്യും. ഹാർഡ് കോർ ഓഫ് റോഡർമാർക്ക് പറ്റുന്ന പെരുമാറ്റ രീതികളാണ് റാംഗ്ലറിന്റേത്.

ഹാൻഡിലിങ്

IMG_1372
ബോഡി ഓൺ ഫ്രെയിം രീതിയിലാണ് റാംഗ്ലർ നിർമ്മിച്ചിരിക്കുന്നത്. ഓഫ് റോഡിൽ വളരെ സോളിഡ് ആയ ആക്‌സിലുകൾ ആയാസമില്ലാതെ ഡ്രൈവിങും യാത്രയും സമ്മാനിക്കുന്നു. ബോഡിറോൾ വളരെ കുറവാണ്, മറ്റ് ബോഡി ഓൺ ഫ്രെയിം വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സസ്‌പെൻഷനുകൾ കോയിൽ സ്പ്രിങ്ങുകളും ലീഡിങ് ആമുകളുമാണ്.
മെക്കാനിക്കലാണ് ഫോർവീൽ സെറ്റപ്പ്. ചെറിയ ലിവർ ’4 എൽ’ എന്ന മോഡിലിട്ടാൽ ഏതു കുണ്ടും കുഴിയും മലയും വലിഞ്ഞു കയറിയും ഇറങ്ങിയും റാംഗ്ലർ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കും.
91 ലക്ഷം രൂപയാണ് റാംഗ്ലർ അൺലിമിറ്റഡിന്റെ കേരളത്തിലെ ഓൺറോഡ് വില. മറ്റ് രാജ്യങ്ങളിലെ വിലയെക്കാൾ വളരെ കൂടുതൽ എന്നു പറയാം.

IMG_1349
പക്ഷേ ഇത് അമേരിക്കയിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലാണ്. അതുകൊണ്ട് നികുതിയിനത്തിൽ വലിയ തുക സർക്കാരിന് കമ്പനി നൽകുന്നുണ്ട്. മറ്റൊരു കാര്യം കൂടി: എത്ര വില കൊടുത്താലും ജീപ്പ് എന്ന ഇതിഹാസത്തെ വെല്ലുന്ന മറ്റൊരു വാഹനം നിങ്ങൾക്ക് ലഭിക്കുകയില്ല. ജീപ്പുമായി റോഡിലിറങ്ങുമ്പോൾ പൊളിയുന്ന വായകളും തുറിക്കുന്ന കണ്ണുകളും നിങ്ങളെയും ഇതിഹാസനായകനാക്കി മാറ്റും!$
ജീപ്പ് റാംഗ്ലർ പെട്രോളുമെത്തി

സ്മാർട്ട് ഡ്രൈവ് ഡീസൽ എഞ്ചിനോടു കൂടിയ ജീപ്പ് റാംഗ്ലർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് തിരികെ ഓഫീസിലെത്തിയപ്പോൾ കാത്തിരുന്നത് മറ്റൊരു വാർത്തയാണ്: റാംഗ്ലറിന്റെ പെട്രോൾ എഞ്ചിൻ മോഡലും വിപണിയിൽ എത്തിയിരിക്കുന്നു. യഥാർത്ഥത്തിൽ ലോകവ്യാപകമായി ഏറ്റവുമധികം വിൽക്കപ്പെട്ടിരിക്കുന്നത് പെേട്രാൾ റാംഗ്ലറുകളാണ്. 50 ലക്ഷത്തിലധികം പെട്രോൾ എഞ്ചിൻ റാംഗ്ലറുകൾ ലോകത്തെമ്പാടുമായി ഓടിക്കൊണ്ടിരിക്കുന്നു. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള 3.6 ലിറ്റർ പെന്റാ സ്റ്റാർ വി 6 പെട്രോൾ എഞ്ചിനാണ് ഇന്ത്യയിൽ ജീപ്പ് റാംഗ്ലറിനു നൽകിയിട്ടുള്ളത്. 280 ബി എച്ച് പി എഞ്ചിനാണിത്. ടോർക്ക്: 347 ന്യൂട്ടൺ മീറ്റർ. ഫോർവീൽ ഡ്രൈവോടു കൂടിയ ഈ മോഡലിന് കേരളത്തിൽ ഏകദേശം 70 ലക്ഷം രൂപ ഓൺറോഡ് വില വരും.

admin
admin
Editor in Charge

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>