GAG Engineering: Strong as Steel!
September 20, 2019
Test drive: Maruti Suzuki S-Presso
October 14, 2019

ജയിച്ചുവരാൻ ജയേഷ്: ഭൂട്ടാനിലേക്ക് ഒരു അംഗപരിമിതന്റെ കാറോടിക്കൽ!

ജനിച്ച്‌ ആറാം മാസത്തിൽ പോളിയോ ബാധിച്ച് കാലുകൾ തളർന്നുപോയെങ്കിലും കാസർകോട്ടുകാരൻ ജയേഷിന്റെ മനസ്സിനെ തളർത്താൻ രോഗത്തിനായില്ല. ഈ വരുന്ന ഒക്ടോബർ രണ്ടിന് കാസർകോടു നിന്നും ഭൂട്ടാനിലേക്ക് തന്റെ മോഡിഫൈ ചെയ്ത ടാറ്റാ നെക്‌സോൺ എ എം ടി കാറിൽ സ്വയം ഡ്രൈവ് പോകുകയാണ് ഈ മുപ്പത്തിനാലുകാരൻ. അങ്ങോട്ടുമിങ്ങോട്ടുമായി 30 ദിവസം കൊണ്ട് 7500 കിലോമീറ്റർ ദൂരം താണ്ടാനാണ് ഈ യുവാവിന്റെ ലക്ഷ്യം.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: അനിൽ കുമാർ

തളരാത്ത ധീരതയുടെ പേരാണ് കെ ടി ജയേഷ്. ജനിച്ച് ആറാം മാസത്തിൽ പോളിയോ ബാധിച്ച് കാലുകൾ പൂർണമായും തളർന്നുപോയ കാസർകോട്ടുകാരനായ ഈ യുവാവ് ജീവിതത്തിൽ തോറ്റു പിന്മാറാൻ തയാറായിരുന്നില്ല. കാലുകൾക്ക് സ്വാധീനമില്ലെങ്കിലും സാധാരണക്കാരനെപ്പോലെ തന്നെ ജീവിക്കണമെന്നും മനസ്സിലുള്ള മോഹങ്ങളെല്ലാം സാക്ഷാൽക്കരിക്കണമെന്നും ജയേഷ് ആഗ്രഹിച്ചു. ജയിൽ വകുപ്പിൽ ഹെഡ് വാർഡനായിരുന്ന അച്ഛൻ ഗംഗാധരനും വീട്ടമ്മയായ അമ്മ സരോജിനിയും മകന്റെ ഇഷ്ടങ്ങൾക്കൊപ്പം നിന്നപ്പോൾ ജയേഷ് പഠിച്ചു മിടുക്കനായി. കാസർകോഡ് പെരിയയിലെ ഗവൺമെന്റ് പോളിടെക്‌നിക്കിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ നേടിയശേഷം വിദ്യാഭ്യാസ കൺസൾട്ടന്റിന്റെ മേലങ്കിയുമണിഞ്ഞു. കാസർകോഡ് കോഓപ്പറേറ്റീവ് കോളെജിൽ ലക്ചററായ അശ്വതിയെ വിവാഹവും ചെയ്തു പ്രതിസന്ധിയിൽ തളരാതെ ജീവിതം മുന്നോട്ടു നീക്കിയ മുപ്പത്തിനാലുകാരനായ ഈ യുവാവ്.

ജീവിതത്തിൽ വിജയിച്ച ഈ യുവാവിന് പക്ഷേ മറ്റൊരു മോഹം കൂടിയുണ്ടായിരുന്നു. മറ്റുള്ളവരെപ്പോലെ തന്നെ സ്വയം വാഹനമോടിച്ച് യാത്ര ചെയ്യണം. വായിച്ചറിഞ്ഞ ദേശങ്ങളൊക്കെ പോയി കാണണം. താൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ദേശങ്ങൾ സഞ്ചരിക്കുന്ന കാഴ്ച നാട്ടുകാരെ അറിയിക്കണം. അതുവഴി അംഗപരിമിതരായവർക്കെല്ലാം ജീവിതത്തിൽ എല്ലാം സാധ്യമാകുമെന്ന് അവരെ അറിയിച്ച് അവർക്ക് ആത്മവിശ്വാസം പകരണം. ഇരുപത്തിരണ്ടു വയസ്സിൽ തന്നെ ജയേഷ് അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. രണ്ട് അഡീഷണൽ ടയറുകൾ കൂടി ഘടിപ്പിച്ച ഹോണ്ട ആക്ടിവയിലായിരുന്നു ആദ്യകാല സഞ്ചാരങ്ങൾ. ആറു വർഷത്തോളം ആ ആക്ടിവയിൽ യാത്ര ചെയ്തതോടെ എന്തുകൊണ്ട് ഒരു കാർ വാങ്ങി ഉപയോഗിച്ചുകൂടാ എന്നു ജയേഷ് ചിന്തിച്ചു. അങ്ങനെയാണ് മാരുതി ആൾട്ടോ കെ10 കാർ വാങ്ങിയത്.

”അംഗപരിമിതരായ ആളുകൾക്കായി വാഹനങ്ങൾ രൂപകൽപന ചെയ്യുന്ന മലപ്പുറത്തെ മുസ്തഫ എന്നയാളെപ്പറ്റി കൾക്കുന്നത് അപ്പോഴാണ്. നേരെ കാറുമായി അദ്ദേഹത്തിനടുത്തേക്ക് എത്തി. ആക്‌സിലറേറ്ററും ബ്രേക്കും ക്ലച്ചുമെല്ലാം കൈകൊണ്ടുള്ള ലിവറിനാൽ നിയന്ത്രിക്കാനാകുന്ന സംവിധാനം മുസ്തഫ കാറിൽ പിടിപ്പിച്ചു തന്നു. മൊത്തം ചെലവു വന്നത് 16,000 രൂപ. മുസ്തഫയ്ക്ക് ഇത്തരം കാറുകൾ രൂപകൽപന ചെയ്തു നൽകാൻ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ ആർ എ ഐ) അംഗീകാരം നൽകിയിട്ടുള്ളതിനാൽ പിന്നീട് കാറിൽ ഉപകരണം പിടിപ്പിച്ചശേഷം അവരുടെ കത്തുമായി ലോക്കൽ ആർ ടി ഒയെ കണ്ടാൽ മതിയാകും. ലിവർ ഘടിപ്പിച്ച വാഹനം ഓടിച്ചു കാട്ടിയപ്പോൾ ഇൻവാലീഡ് കാരിയേജ് വിഭാഗത്തിൽ വാഹനം ഓടിക്കാനുള്ള ലൈസൻസും ലഭിച്ചു,” ജയേഷ് പറയുന്നു.

ആൾട്ടോയിൽ ലഭിച്ച ആത്മവിശ്വാസമാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു ടാറ്റാ നെക്‌സോൺ എഎംടി കാർ വാങ്ങുന്നതിലേക്ക് ജയേഷിനെ കൊണ്ടെത്തിച്ചത്. ‘അംഗപരിമിതരായവർക്ക് കാർ വാങ്ങുമ്പോൾ ജി എസ് ടിയിൽ ലഭിക്കുന്ന 10 ശതമാനം ഡിസ്‌കൗണ്ടും എനിക്ക് ലഭിച്ചു. കാർ എന്റെ ഉപയോഗത്തിനായി മോഡിഫൈ ചെയ്തു തന്നത് മുസ്തഫ തന്നെയായിരുന്നു. ലിവർ പുഷ് ചെയ്താൽ ബ്രേക്കും പുൾ ചെയ്താൽ ആക്‌സിലറേറ്ററും പ്രവർത്തിക്കുന്ന മട്ടിലാണ് ഓട്ടോമാറ്റിക് വാഹനത്തിൽ ഈ ലിവർ പിടിപ്പിച്ചത്. ഏതാണ്ട് 16,000 രൂപ തന്നെ അതിനും ചെലവായി,’ ജയേഷ് പറയുന്നു.

യാത്രകൾ ഹരമായ ജയേഷ് സുരക്ഷിതമായ ഒരു വാഹനം കൈയിലെത്തിയതിൽപ്പിന്നെ വെറുതെയിരുന്നിട്ടേയില്ല. തമിഴ്‌നാടും കർണാടകയുമൊക്കെ മുഴുവൻ ടാറ്റാ നെക്‌സോണിൽ ചുറ്റിക്കറങ്ങിക്കണ്ടു. ”ദിവസത്തിൽ പത്തുമണിക്കൂർ സമയം വരെ ഞാൻ ഡ്രൈവ് ചെയ്ത സമയമുണ്ട്. പരമാവധി സ്ഥലങ്ങൾ കാണുകയെന്ന ലക്ഷ്യത്തോടെയാണ് എപ്പോഴും സഞ്ചരിക്കാറുള്ളത്. ചിലപ്പോൾ ഭാര്യയും മറ്റു ചിലപ്പോൾ സുഹൃത്തുക്കളും യാത്രയിൽ കൂട്ടുവരും,” ജയേഷ് പറയുന്നു.

എന്നാൽ ഇപ്പോൾ ഈ നെക്‌സോൺ കാറിൽ ഒരു തകർപ്പൻ യാത്ര പദ്ധതിയിട്ടിരിക്കുകയാണ് ജയേഷ്. ഈ വരുന്ന ഒക്ടോബർ രണ്ടിന് കാസർകോടു നിന്നും രണ്ട് കൂട്ടുകാർക്കൊപ്പം ജയേഷ് കിലോമീറ്ററുകൾ താണ്ടി ഭൂട്ടാനിലേക്ക് ഈ കാറിൽ യാത്ര പോകാനൊരുങ്ങുകയാണ്. ”30 ദിവസം നീളുന്ന ഒരു യാത്രയാണ് ഞാൻ പദ്ധതിയിട്ടിരിക്കുന്നത്. കാസർകോഡു നിന്നും ബംഗലുരുവിലേക്കും അവിടെ നിന്നും ആന്ധ്രയിലെ ഓംഗോളിലേക്കും വിശാഖപട്ടണത്തേയ്ക്കും ഭുവനേശ്വറിലേക്കും കൽക്കട്ടയിലേക്കും സിലിഗുരിയിലേക്കും യാത്ര ചെയ്ത് ഭൂട്ടാന്റെ അതിർത്തിപ്രദേശമായ ജയ്ഗാവിലെത്താനാണ് തീരുമാനം. അവിടെ നിന്നും ഭൂട്ടാനിലെത്തി പത്തു ദിവസത്തോളം ഭൂട്ടാനിൽ കറങ്ങിയശേഷം തിരികെ വാഹനത്തിൽ തന്നെ മടങ്ങും,” ജയേഷ് പറയുന്നു. ഇപ്പോൾ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ളതിനാൽ യാത്ര പൂർണമായും വീഡിയോയിലാക്കി ഓരോ സമയത്തും അപ്ലോഡ് ചെയ്യുന്നതിനായി സുഭാഷ് എന്ന സുഹൃത്തും കോ ഡ്രൈവറായി ദുബായിലുള്ള സുഹൃത്ത് കലേഷും ജയേഷിനൊപ്പം യാത്രയിലുണ്ട്. ഏതാണ്ട് മൂന്നര ലക്ഷം രൂപയോളം ചെലവു വരും ഈ യാത്രയ്ക്ക്. നിലവിൽ സ്‌പോൺസർഷിപ്പുകളൊന്നും തന്നെ ജയേഷിന് ലഭിച്ചിട്ടില്ല.

ഗാന്ധിജയന്തി ദിവസമായ ഒക്ടോബർ രണ്ടിന് തന്നെ തന്റെ യാത്ര ആരംഭിക്കാൻ പദ്ധതിയിട്ടതിലും ജയേഷിന് ചില കാരണങ്ങളുണ്ട്. ”എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു വ്യക്തമാക്കിയ മഹാത്മാവായിരുന്നു ഗാന്ധിജി. ഞാനും എന്റെ ജീവിതം തന്നെ എന്റെ പോലെ പ്രതിസന്ധികൾ അനുഭവിക്കുന്നവർക്കുള്ള സന്ദേശമാക്കാൻ ആഗ്രഹിക്കുന്നു. മാത്രവുമല്ല അംഗപരിമിതരായവർക്ക് രാജ്യത്ത് ഇന്ന് ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പൊതു കക്കൂസുകൾ പോലും അവർക്കായി ഇല്ല. തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം കേരളത്തേക്കാൾ മെച്ചപ്പെട്ട സംവിധാനങ്ങൾ പലതും സർക്കാർ അംഗപരിമിതർക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിലും കേരളം ഇന്നും ഏറെ പിന്നിൽ തന്നെ നിലകൊള്ളുന്നു. കേരള സർക്കാരിന്റെ ശ്രദ്ധയിലേക്ക് അക്കാര്യമെത്തിക്കാനും എന്റെ യാത്ര സഹായിച്ചേക്കും,” ജയേഷ് പ്രത്യാശിക്കുന്നു.

സ്വപ്‌നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന ഈ യുവാവ് പരിമിതികളെ അതിലംഘിക്കുകയാണ്. ജയേഷിന് കൂട്ടായി ടാറ്റാ നെക്‌സോണുമുള്ള സ്ഥിതിക്ക് ഈ യാത്ര സുരക്ഷിതമായിരിക്കുമെന്ന കാര്യത്തിലും ഞങ്ങൾക്ക് സംശയമില്ല.

ജയേഷിനും നെക്‌സോണിനും സ്മാർട്ട് ഡ്രൈവിന്റെ യാത്രാ മംഗളങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>