എലിവേറ്റഡ് സ്വപ്‌നം!
February 12, 2019
Mahindra XUV 300 Launched at Rs. 7.90 Lac: Launch in pictures
February 15, 2019

ഗുരുസാഗരം: ശാന്തിഗിരി ആശ്രമത്തിലേക്ക് ഒരു യാത്ര

നവജ്യോതി ശ്രീകരുണാകര ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമത്തിലേക്കും അവിടത്തെ ലോകവിസ്മയമായ താമര പർണശാലയിലേക്കും ഒരു യാത്ര. ഫോക്‌സ് വാഗൺ ടിഗ്വാനിൽ സ്മാർട്ട് ഡ്രൈവ് പോത്തൻകോട്ടെ ആശ്രമത്തിലേക്ക് നടത്തിയ യാത്ര നിരവധി ആത്മീയ അർത്ഥതലങ്ങളുള്ള ഗുരു സങ്കൽപവും ആയുർവേദത്തിന്റെ വ്യാപനത്തിന് ശാന്തിഗിരി ആശ്രമം നൽകുന്ന സംഭാവനകളും വെളിവാക്കി…

എഴുത്ത്: ജെ ബിന്ദുരാജ്  ചിത്രങ്ങൾ: അഖിൽ പി അപ്പുക്കുട്ടൻ

ഗുരു സങ്കൽപത്തെ ഉൾക്കൊള്ളാൻ തുടങ്ങുമ്പോൾ കാലു പതറുന്നു. ദൈവികതയ്ക്കും മാനവികതയ്ക്കുമിടയിലുള്ള ഒരപകടമേഖലയാണിത്. നാം അതിനെ സ്പർശിക്കുന്നത് മിക്കവാറും സ്വാർത്ഥജടിലമായ പ്രാർത്ഥനയിലൂടെയാണ്. എന്നും പ്രാർത്ഥനയ്ക്കിരിക്കുന്ന മനുഷ്യസമൂഹങ്ങളെ സങ്കൽപിക്കുക- ജനകോടികൾ. അവരിൽ നിന്നുയരുന്ന കോടി സ്വാർത്ഥങ്ങളുടെ ഹുങ്കാരം!
ഈ ശബ്ദപ്പെരിയാറിന്റെ ചെറുഭിന്നതകളിൽ എന്റെ കൊച്ച് അപശബ്ദത്തെക്കുറിച്ചുമാത്രം ബോധവാനായ ഞാൻ ഗുരുവിനോട് പറഞ്ഞു: ”എന്റെ പ്രാർത്ഥനയിൽ നിറയെ അപസ്വരങ്ങളാണ്.” അതിനു മറുപടി പറഞ്ഞപ്പോൾ ആ മുഖം തെളിഞ്ഞത് ഓർക്കുന്നു:
”സാരമില്ല, എല്ലാവരും ഒരുപാടു തിന്മയിൽ തുടങ്ങി അങ്ങനെ പാടുപെട്ട് ഇത്തിരി നന്മയിൽ ചെന്നെത്തുന്നു.”
ഇത് ഒരു സാധാരണ സത്യം മാത്രമായിരുന്നു. ദുരൂഹമായ വൈദിക സമസ്യയൊന്നുമായിരുന്നില്ല എന്നർത്ഥം.
ആദ്യനിമിഷത്തിൽത്തന്നെ അത് എന്നെ കീഴടക്കി. അതിന്റെ ലാളിത്യം കൊണ്ട്. ഈ കീഴടങ്ങലിനുശേഷ വും അതിന്റെ അനുഭവം എനിക്കുമേൽ ഒരു കൊറ്റക്കുടയായി തങ്ങിനിന്നു.”

സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരൽമീൻ എന്ന തന്റെ ചെറുകൃതിയിൽ എഴുത്തുകാരനായ ഒ വി വിജയൻ തന്റെ ആധ്യാത്മിക ഗുരുവായ കരുണാകരഗുരുവിനെപ്പറ്റിയാണ് എഴുതുന്നത്. തിരുവനന്തപുരത്തിനു സമീപമുള്ള പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമത്തിൽ ഗുരുവിനെ സന്ദർശിച്ചപ്പോഴുണ്ടായ അപൂർവ അനുഭവങ്ങളും തിരിച്ചറിവുകളുമൊക്കെയാണ് ആ പുസ്തകത്തിലുള്ളത്. ധർമ്മപുരാണത്തിലും ഗുരുസാഗരത്തിലും ഈ ഗ്രന്ഥത്തിലുമൊക്കെയുള്ള ഗുരു സങ്കൽപം നവജ്യോതി ശ്രീകരുണാകരഗുരുവിൽ നിന്നും പിറവികൊണ്ടതാണെന്ന് പലപ്പോഴും വിജയൻ പറഞ്ഞിട്ടുമുണ്ട്. വിജയന്റെ ഈ സംഭാഷണങ്ങളിലൂടെയും കൃതികളിലൂടെയുമാണ് പോത്തൻകോട് ആശ്രമത്തെപ്പറ്റിയും 1999 മേയ് ആറിന് ദേഹവിയോഗം ചെയ്ത ഗുരുവിനെപ്പറ്റിയുമൊക്കെ മലയാളികൾ കൂടുതലായി അറിഞ്ഞതും അനുഭവിച്ചതും.

താമരപർണശാലയുടെ ആകാശദൃശ്യം

ഒ വി വിജയൻ മാത്രമല്ല ശ്രീകരുണാകരഗുരുവിനെപ്പറ്റി എഴുതിയിട്ടുള്ളത്. കവി ഒ എൻ വി കുറുപ്പുമെഴുതിയിട്ടുണ്ട് ഒട്ടേറെ കാര്യങ്ങൾ. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള എത്രയോ പേർ ഈ ഗുരുസവിധത്തിലെത്തി. അന്നദാനവും ആതുരസേവനവും ആത്മബോധനവും മുൻനിർത്തി ശ്രീ കരുണാകരഗുരു വിഭാവനം ചെയ്ത ശാന്തിഗിരി ആശ്രമം ഭാരതീയ ഗുരു സങ്കൽപങ്ങളിൽ വച്ചേറ്റവും തെളിച്ചവും വ്യക്തതയുമുള്ള ഒരു ബോധിവൃക്ഷമാണെന്ന് അവരെല്ലാം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
ജീവിതകാലത്ത് ആത്മീയതയുടെ പല അവസ്ഥകളിലൂടെ കടന്നുപോയ ഗുരു പിന്നീട് ആത്മീയപാതയിലെ എല്ലാ അവസ്ഥകളും പിന്നിട്ട് ഈശ്വരനിൽ വ്യതിരേകമില്ലാത്ത പ്രകാശഭാവമായി മാറിയതും ഗുരുവിനെപ്പറ്റി ദൈവം ആയിരക്കണക്കിനു പേർക്ക് ദിവ്യമായ വെളിപാടുകളിലൂടെ തിരിച്ചറിവു നൽകിയതും ശാന്തിഗിരിയുടെ ചൈതന്യത്തെ തേജോമയമാക്കി. അത്ഭുതമോ സിദ്ധിജാലങ്ങളോ കാണിക്കാതെ ജനഹൃദയങ്ങളിലേക്കാണ് ഗുരു കുടിയേറിയത്. ദുഃഖവും ദുരിതവുമായി വരുന്നവർക്ക് ഗുരു സാന്ത്വനം പകർന്നു. അവരുടെ ദുഃഖകാരണമെന്തെന്ന് ജ്ഞാനദൃഷ്ടിയിലൂടെ വെളിപ്പെടുന്ന കാര്യങ്ങൾ അവരെ അറിയിച്ചു. ശരിയായ രീതിയിൽ ഈശ്വരവിശ്വാസം പുലർത്തേണ്ടുന്ന ദൈവികമാർഗം എന്താണെന്ന് അവർക്ക് പറഞ്ഞുകൊടുത്തു. പ്രാർത്ഥനയിലൂടെ, ദൈവത്തോടുള്ള യാചനയിലൂടെ ദുഃഖങ്ങളും ദുരിതങ്ങളും തരണം ചെയ്യാൻ അവരെ ശീലിപ്പിച്ചു. സത്കർമ്മങ്ങളിലൂടെ തങ്ങൾക്കും തങ്ങളുടെ കുടുംബത്തിനും വരും തലമുറയ്ക്കും ഭാഗ്യനിദാനമാ യ പുണ്യം നേടുവാൻ എന്താണ് ശരിയായ രീതി എന്നു പഠിപ്പിച്ചു.

ശാന്തിഗിരി ആശ്രമത്തിന്റെ പ്രധാന കവാടത്തിൽ ഫോക്‌സ് വാഗൺ ടിഗ്വാൻ

ഗുരുവിന്റെ വിയോഗത്തിനുശേഷം വർഷങ്ങൾക്കുശേഷം അതേ ഗരിമയോടെയും ലാളിത്യത്തോടെയും നിലകൊള്ളുന്ന ആ ആശ്രമത്തിലേക്ക് ഗുരുമൊഴികളും ഗുരുസങ്കൽപവുമൊക്കെ അറിഞ്ഞനുഭവിക്കാനും ആശ്രമത്തിലെ ലോകവിസ്മയമായ ‘താമരപർണശാല’ കാണുന്നതിനും വായനക്കാർക്ക് പരിചയപ്പെടുത്താനും പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമത്തിലേക്ക് സ്മാർട്ട് ഡ്രൈവ് പുതുവർഷത്തിൽ ഒരു യാത്ര പദ്ധതിയിട്ടു. സംഘർഷഭരിതമായ പുതിയ ലോകത്തിൽ ശാന്തിഗിരിക്ക് എങ്ങനെയാണ് ലോകസമാധാനത്തിനും ശാന്തിക്കുമായി പ്രവർത്തിക്കാൻ കഴിയുന്നതെന്ന് മനസ്സിലാക്കാനുള്ള ഒരു അന്വേഷണം കൂടിയായിരുന്നു അത്. ആശ്രമം സ്ഥിതി ചെയ്യുന്ന പോത്തൻകോട്ടെ മലമ്പ്രദേശത്തെ സ്ഥലങ്ങൾ പൂർണമായും കാണാനും അനുഭവിക്കാനും ഞങ്ങൾ തെരഞ്ഞെടുത്തത് ഫോക്‌സ് വാഗന്റെ ടിഗ്വാൻ എന്ന കരുത്തനായ എസ് യു വിയായിരുന്നു. 4000 ആർ പി എമ്മിൽ 141 ബി എച്ച് പി ശേഷിയും 1750 ആർ പി എമ്മിൽ 340 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള ടിഗ്വാന്റെ 1968 സിസിയുടെ ഓട്ടോമാറ്റിക് 7 സ്പീഡ് ട്രാൻസ്മിഷൻ വാഹനം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഞങ്ങളേയും വഹിച്ചുകൊണ്ട് ശരവേഗത്തിൽ പറന്നു. 149 എം എം ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനമായതിനാൽ ഏത് കാടും മേടും താണ്ടാൻ ടിഗ്വാന് കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.

‘കരുണ ശുദ്ധജലം’ എന്ന പേരിൽ 50 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഈ മഴവെള്ള സംഭരണി നിർമ്മിച്ചത് 1999ൽ ഹഡ്‌കോയുടെ 52.2 ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ചാണ്.

നാലു മണിക്കൂർ സമയം കൊണ്ട് ഇരുനൂറിലധികം കിലോമീറ്റർ പിന്നിട്ടാണ് ടിഗ്വാൻ പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമപരിസരത്തേക്ക് എത്തിയത്. ആശ്രമത്തിന്റെ മൂന്നാം കവാടത്തിനു മുന്നിൽ വിശാലമായ ഒരു പാർക്കിങ് ഗ്രൗണ്ട് ഉണ്ട്. ഒരു ഷോപ്പിങ് മാളും ശാന്തിഗിരിയുടെ കൺസ്യൂമർ ഉൽപന്നങ്ങളും ആയുർവേദ സിദ്ധ ഉൽപന്നങ്ങളും ബേക്കറി സാമഗ്രികളും വിൽക്കുന്ന ഷോപ്പും പാർക്കിങ് ഗ്രൗണ്ടിനു സമീപത്തുണ്ട്. ഇരുപതിലധികം ബസ്സുകൾക്ക് പാർക്ക് ചെയ്യാനാകുന്ന ഈ പാർക്കിങ് സ്ഥലത്തേക്ക് ടിഗ്വാൻ നീങ്ങി. വാഹനം പാർക്ക് ചെയ്തശേഷം മൂന്നാം കവാടത്തിനു എതിർവശത്തുള്ള റിസപ്ഷനിൽ പേര് രജിസ്റ്റർ ചെയ്യണം. ആശ്രമത്തിന്റെ ഭാരവാഹികളും മീഡിയ കോ ഓഡിനേറ്ററായ ഗുജറാത്ത് സ്വദേശി ദർശിൽ ഭട്ടും ഞങ്ങളെ സ്വീകരിക്കാനെത്തി. ഇന്നത്തെ യാത്രയിൽ ഞങ്ങളെ ആദ്യാവസാനം അനുഗമിക്കാൻ നിയുക്തനായിരി ക്കുന്നത് ദർശിലാണ്.

ശ്രീകരുണാകരഗുരു ഉപയോഗിച്ചിരുന്ന ടാറ്റ എസ്റ്റേറ്റ് കാർ

പാർക്കിങ് സ്ഥലത്തിനടുത്തു തന്നെയുള്ള ഒരു ഉപേക്ഷിക്കപ്പെട്ട ക്വാറി മഴവെള്ള സംഭരണിയായി മാറ്റപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ദർശിലും മഴവെള്ള സംഭരണിയെപ്പറ്റി ഞങ്ങളോട് വിവരിച്ചു. ‘കരുണ ശുദ്ധജലം’ എന്ന പേരിൽ 50 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഈ മഴവെള്ള സംഭരണി നിർമ്മിച്ചത് 1999ൽ ഹഡ്‌കോയുടെ 52.2 ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ചാണ്. ആശ്രമത്തിലെ സ്പരിച്വൽ സോണിൽ നിന്നുമുള്ള ജലമാണ് ഇവിടെ ശേഖരിക്കപ്പെടുന്നത്. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ഭൂഗർഭജലവിതാനം നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഈ ചെറു ഡാമിന് രാജ്യത്തെ ആദ്യത്തെ ഇത്തരത്തിലുള്ള സംരംഭമെന്ന നിലയിൽ ഹഡ്‌കോയുടെ പുരസ്‌കാരവും ലഭിച്ചിരുന്നു. ആശ്രമത്തിന്റെ വിഖ്യാതമായ വചനവും അതിനടുത്ത് തന്നെ എഴുതിവച്ചിരിക്കുന്നു-

”വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം.”
”വാക്ക് സത്യം. ആ സത്യം നമുക്കനുഭവം വരുമ്പോൾ ഗുരു. അത് പിന്നെ ഒന്നു കൂടി അനുഭവം വരുമ്പോൾ ദൈവം” എന്നാണ് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ മൊഴി.

ഞങ്ങൾ ആശ്രമത്തിന്റെ പ്രധാന കവാടമായ, മൂന്നാം കവാടത്തിലൂടെ സ്പിരിച്വൽ സോണിലേക്ക് കടന്നു. കവാടത്തിൽ നിന്നു തന്നെ നോക്കുമ്പോൾ മുന്നിൽ തന്നെ ‘താമര പർണശാലയും’ ‘പ്രാർത്ഥനാലയ വും’ ‘സഹകരണമന്ദിരവും’ കാണാം. താമരപർണശാലയാണ് ശാന്തിഗിരിയിലെ ഏറ്റവും വലിയ ആകർഷണം. 91 അടി ഉയരത്തിൽ 84 അടി ചുറ്റളവിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ പർണശാലയിൽ ഒരു മാർബിൾ കുടീരത്തിലാണ് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. ഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിനെ തുടർന്ന് ഗുരുവിന്റെ ശരീരം പർണശാലയ്ക്കുള്ളിൽ തന്നെ വിശ്രമിക്കേണ്ടതെന്ന് ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിക്ക് ലഭിച്ച ജ്ഞാനദർശന അനുഭവപ്രകാരമാണ് താമര പർണശാല ഇന്നു കാണുന്ന മട്ടിലുള്ള പ്രൗഢമായ മന്ദിരമാക്കി പിന്നീട് മാറ്റപ്പെട്ടത്. വിടരുന്ന ഒരു താമരയുടെ രൂപത്തിലാണ് ഈ പർണശാല നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഈ വിശുദ്ധ സ്മാരകം ലോകത്തെ തന്നെ ഈ മട്ടിലുള്ള ഏറ്റവും വലിയ ഒന്നാണ്. ഗുരു തെളിയിച്ച വിളക്ക് ഇപ്പോഴും പർണശാലയിൽ തെളിഞ്ഞുതന്നെയിരിക്കുന്നു.

താമര പർണശാലയും പ്രാർത്ഥനാ മന്ദിരവും സഹകരണമന്ദിരവും പകൽ വെളിച്ചത്തിൽ

1999 നവംബർ 17ന് ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനി തറക്കല്ലിട്ട ഈ മന്ദിരത്തിന്റെ ആർക്കിടെക്റ്റ് ആലപ്പുഴക്കാരനായ വിക്ടർ പി പി ആണ്. ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിക്ക് ലഭിച്ചുകൊണ്ടിരുന്ന ആത്മീയകാഴ്ചകളുടെ വെളിച്ചത്തിലും നിർദ്ദേശങ്ങൾക്കുമനുസരിച്ചായിരുന്നു ഇതിന്റെ നിർമ്മാണം. മുകളിലേക്ക് 41 അടി ഉയരത്തിൽ ഉയർന്നു നിൽക്കുന്ന 12 താമരയിതളുകൾ 12 രാശികളെയാണ് സൂചിപ്പിക്കുന്നതെങ്കിൽ താഴെയ്ക്ക് നിൽക്കുന്ന 31 അടി നീളമുള്ള ഒമ്പത് ഇതളുകൾ നവഗ്രഹങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഉള്ളിൽ 9 തൂണുകളും പുറത്ത് 12 തൂണുകളും
പർണകുടീരത്തിനുണ്ട്. രാജസ്ഥാനിലെ മക്‌രാനയിൽ നിന്നുള്ള മാർബിളുകളാണ് ഒരു ലക്ഷം ചതുരശ്ര അടിയിൽ ഉപയോഗിച്ചിരിക്കുന്നത്. 2010 ഓഗസ്റ്റ് 13ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലാണ് താമര പർണശാല രാഷ്ട്രത്തിന് സമർപ്പിച്ചത്. ഇതിനുള്ളിൽ ഗുരുവിന്റെ സ്വർണരൂപവും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ശിൽപി ചലച്ചിത്ര സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചൽ ആണ്. താമര പർണശാല കാണാൻ മാത്രം ലോകത്തിന്റെ പലയിടങ്ങളിൽ നിന്നും മൂവായിരത്തോളം പേരാണ് ദിവസവും ശാന്തിഗിരി ആശ്രമത്തിലെത്തുന്നത്. കാനഡയിൽ നിന്നെത്തിച്ച എൽ ഇ ഡി പ്രകാശവിതാനമാണ് പർണശാലയിലെ മറ്റൊരാകർഷണം. പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാറിന്റെ മേൽനോട്ടത്തിലാണ് പ്രകാശവിന്യാസം നടത്തിയിട്ടുള്ളത്. സിനിമയിൽ ഇമേജുകൾ ഹൈലൈറ്റ് ചെയ്തു കാണിക്കുന്ന അതേ രീതിയാണ് ഇവിടേയും താൻ അവലംബിച്ചതെന്ന് എസ് കുമാർ പറയുന്നു. കാനഡയിൽ നിന്നുമെത്തിച്ച എൽ ഇ ഡി ലൈറ്റുകളാണ് ഒന്നേമുക്കാൽ കോടി രൂപ ചെലവിൽ അന്നവിടെ സ്ഥാപിക്കപ്പെട്ടത്.

താമര പർണശാലയിലെ ശരകൂടം

താമരപർണശാലയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി ഞങ്ങൾ ആദ്യം നീങ്ങിയത് ഗുരുവചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഹാളിലേക്കാണ്. അതിനു മുന്നിലായി ആശ്രമത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റി വിവരിക്കുന്ന ബോർഡ് ഹിന്ദിയിലും മലയാളത്തിലും ഇംഗ്ലീഷിലും നൽകിയിട്ടുണ്ട്. ചുവരുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ഗുരുവാണികളിലൂടെ ഞങ്ങൾ കണ്ണയച്ചു കൊണ്ട് നടന്നു.
”ഈശ്വരനെ ആരാധിക്കണമെന്ന് ഈശ്വരന് നിർബന്ധമില്ല. ആരാധിക്കുന്നുവെങ്കിൽ അതു വികൃതമാക്കാതിരിക്കൂ”, ”ജാതിയോ മതമോ മറന്ന് മനുഷ്യനെന്ന ഏകാത്മസിദ്ധാന്തത്തിൽ എത്തിച്ചേരാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ശാന്തിഗിരിയുടെ തനതായ ആശയവും മാർഗവും മാധ്യമവും”, … എന്നിങ്ങനെയുള്ള നിരവധി ഗുരുവാണികൾ അവിടെ കാണാം. മുന്നോട്ടു പോകുമ്പോൾ പുഷ്പാഞ്ജലി കൗണ്ടറും ശാന്തിഗിരിയിലെ പ്രസാധക വിഭാഗം പ്രസിദ്ധീകരിച്ച ആധ്യാത്മിക ഗ്രന്ഥങ്ങളും ശാന്തിഗിരിയുടെ ആധ്യാത്മിക മാസികയും ‘ആരോഗ്യപത്മമെന്ന’ ആരോഗ്യമാസികയുമൊക്കെ വച്ചിട്ടുള്ള സ്റ്റാളുകളാണ്. പൂവും മുള്ളും എന്ന പേരിൽ ഗുരുവിന്റെ ജീവിതത്തിലെ ഏതാനും ധന്യമുഹൂ ർത്തങ്ങൾ വിവരിക്കുന്ന കൃതിയും ആശ്രമത്തിന്റെ ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എഴുതി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘നവജ്യോതി ശ്രീകരുണാകരഗുരു ‘എന്ന ജീവചരിത്ര ഗ്രന്ഥവുമൊക്കെയുണ്ട്. നാലുലക്ഷം കോപ്പികൾക്കു മുകളിൽ അച്ചടിച്ച ഈ ഗ്രന്ഥം ഗുരുവിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കൊരു വഴികാട്ടിയാണ്. ആത്മീയതയുടെ കഠിനപാതയിലൂടെ സഞ്ചരിച്ച് ബ്രഹ്മം തന്നെയായി പരിണമിച്ച ഗുരു ശാന്തിഗിരിയ്ക്കകത്തും പുറത്തുമുള്ള ലക്ഷോപലക്ഷം പേർക്ക് എങ്ങനെയാണ് തുണയായി മാറിയതെന്ന് ഈ ഗ്രന്ഥം പറയുന്നു.

സഹകരണമന്ദിരത്തിനകത്ത്‌

അവിടെ നിന്നും പുറത്തു കടക്കുമ്പോൾ, വർക്കലയിലെ ശിവഗിരിയിൽ നിന്നും പോത്തൻകോട് 1964-ൽ എത്തി ഇവിടെ ഗുരു നവംബർ 11ന് സ്ഥാപിച്ച തെങ്ങോല കൊണ്ട് മേഞ്ഞ ഗുരുവിന്റെ ആദ്യ പർണശാലയുടെ മാതൃക കാണാം. ഞങ്ങൾ സ്പിരിച്വൽ സോണിലൂടെ മുന്നോട്ടു നടക്കുകയാണ്. താമര പർണശാലയ്ക്ക് മുന്നിലായാണ് പ്രാർത്ഥനാലയമുള്ളത്. ശ്രീകരുണാകര ഗുരുവിനുള്ള പ്രാർത്ഥനയായ അഖണ്ഡ നാമം അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
”ഓം ശ്രീ കരുണാകര ഗുരു പരബ്രഹ്മണേ നമ: ഓം ശ്രീ കരുണാകരഗുരു സത്യപ്രദായ നമ: ഓം ശ്രീ കരുണാകരഗുരു അതീവസത്യപ്രകാശായ നമ:” യാമങ്ങൾ തോറും പത്തുനേരങ്ങളിൽ ആരാധന നടക്കുന്നയിടമാണിത്. വിടർന്നു പരിലസിക്കുന്ന താമരയിൽ ഗുരു സ്വരൂപത്തിന്റെ അവ്യക്തരൂപം.

പ്രാർത്ഥനാമന്ദിരത്തിലെ ശിൽപവും ശ്രീകരുണാകരഗുരുസൂക്തങ്ങളും

ഗുരുവിന്റെ ഹൃദയഭാഗത്ത് ഓങ്കാരസ്വരൂപം. ഇതാണ് പ്രാർത്ഥനാ മണ്ഡപത്തിലെ പ്രാണപ്രതിഷ്ഠ. 1986 കാലഘട്ടത്തിലാണ് ശാന്തിഗിരിയിൽ ഒരു ആരാധനാലയം പണിയുന്നതിനുള്ള സമയമായി എന്ന് ദൈവദർശനത്തിലൂടെ അറിയിപ്പ് കിട്ടുന്നത്. ഇന്നോളം ലോകത്തുള്ള എല്ലാ ആരാധനാലയ ങ്ങളേയും ഉൾക്കൊള്ളുന്ന പൂർണതയായിരിക്കണം അതെന്നും ലോകത്തിനു തന്നെ അത് മാതൃകയായിരിക്കണമെന്നും ഗുരു നിർദ്ദേശിച്ചു. പ്രാർത്ഥനാലയം, പൂജാമുറി, പ്രാണപ്രതിഷ്ഠ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗുരു വ്യക്തമായ രൂപഘടന നൽകി. പ്രാർത്ഥനാലയ ത്തിന്റെ ശില സ്ഥാപിക്കുന്നതിനുള്ള മുഹൂർത്തം അടുത്തു വരുമ്പോൾ പർണശാലയ്ക്കു മുന്നിൽ മണിക്കൂറുകളോളം ഗുരു നടന്നു പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. ഇനി വരാനുള്ള കാലങ്ങളത്രയും സകല മനുഷ്യർക്കും ശാന്തിയും സൗഖ്യവും പകരുന്നതിനുള്ള സങ്കൽപം. കഴിഞ്ഞുപോയ ഇരുപത്തിയഞ്ചു ചതുർയുഗങ്ങളിലെ കർമ്മഗതി ഏറ്റെടുത്തുകൊണ്ട് സ്വന്തം പ്രാണനെ പ്ര തിഷ്ഠിക്കുന്ന അടിസ്ഥാന കർമ്മത്തിനുശേഷമുള്ള ഗുരുവിന്റെ ദിവസങ്ങൾ വേദനാജനകമായിരുന്നു. അതെല്ലാം സഹിച്ചാണ് ജന്മനിയോഗദൗത്യം തപോധനൻ പൂർത്തീകരിച്ചത്. 1989 ഫെബ്രുവരി പത്താം തീയതി വെളുപ്പിന് മൂന്നു മണിക്കായിരുന്നു പ്രതിഷ്ഠാകർമ്മം. ആത്മപ്രതിഷ്ഠാകർമ്മം ഈ വിധത്തിൽ ലോകത്തിൽ ഇത് ഒന്നു മാത്രം. വിടർന്നു നിൽക്കുന്ന താമരയിതളുകൾ ഭൂമിയിൽ വന്നുപോയ 2444 ആചാര്യന്മാരെ പ്രതിനിധാനം ചെയ്യുന്നു. താമരദളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഗുരുവിന്റെ ആത്മസ്വരൂപവും പ്രണവസ്വരൂപവും.

ശ്രീകരുണാകരഗുരു താമസിച്ചിരുന്ന പർണശാല

ഇനി വരാനുള്ള സകലകാലങ്ങളിലേക്കുമായി ദൈവകൽപിതമായി നൽകിയ പ്രതിഷ്ഠാസങ്കൽപം. പ്രാർത്ഥനാലയത്തിന്റെ മുകൾഭാഗത്തെ ചുറ്റുവിതാനത്തിൽ ശ്രീകൃഷ്ണപരമാത്മാവ്, ശ്രീബുദ്ധ ഭഗവാൻ, യേശുദേവൻ, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, ഷിർദ്ദി സായിബാബ, ദയാനന്ദസരസ്വതി തുടങ്ങി അനേകം ആചാര്യന്മാരുടെ ശിൽപങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നു.

പ്രാർത്ഥനാലയത്തിനു പിന്നിലായി നിൽക്കുന്ന കമനീയമണ്ഡപമാണ് സഹകരണമന്ദിരം. മാനവരാശിയുടെ മുഴുവൻ സ്‌നേഹാദരവും സഹകരണവും മനുഷ്യനന്മയ്ക്കായി സമർപ്പിക്കപ്പെടണമെന്ന ചിന്തയാണ് ആ മന്ദിരത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത്. ഓരോ മതങ്ങളും ഓരോ ആശയഗതികളിൽപ്പെട്ടു നിൽക്കുന്നു. എല്ലാ മതങ്ങളുേടയും ആത്യന്തികമായ ലക്ഷ്യം മാനവരാശിയുടെ നന്മയാണെങ്കിലും ഇന്ന് ഓരോ ആശയഗതികളും വിഭിന്ന ധ്രുവങ്ങളിലായാണ് നിലകൊള്ളുന്നത്. ഓരോ രാജ്യങ്ങളും ഓരോ മതവിഭാഗങ്ങളുടെ വക്താക്കളായി മാറിയിരിക്കുന്നു. ഭൂമണ്ഡലത്തിൽ ധാർമ്മികമായ ഒരു ഭരണക്രമം ഉണ്ടാകണമെങ്കിൽ ഈ വൈരുദ്ധ്യതകൾ മാറി പകരം ആശയസമന്വയം ഉണ്ടാകണം. എല്ലാ രാഷ്ട്രത്തലവന്മാരും ഒരുമിച്ചിരുന്ന ദൈവഹിതമെന്താണെന്നറിഞ്ഞ് രാജ്യഭരണം നടത്തുന്ന ഒരു രംഗം വന്നു ചേരണം. കുറഞ്ഞത് മുന്നൂറു വർഷത്തെ പരിശ്രമം അതിനു വേണ്ടി വരുമെന്നും അതിന്റെ കാലാകാലങ്ങളായുള്ള സമന്വയ സംരംഭങ്ങൾക്കും ചർച്ചകൾക്കും ഒരു മന്ദിരം വേണമെന്ന നിലയിലാണ് സഹകരണ മന്ദിരം സ്ഥാപിക്കപ്പെട്ടത്. 1999 മാർച്ച് ഒന്നിന് ഈ മനോഹര സൗധം ഗുരുവിനു സമർപ്പിച്ചു. പിന്നീട് ഈ മന്ദിരത്തിൽ 41 ദിവസം കഴിഞ്ഞശേഷമാണ് ഗുരു 1999 മേയ് ആറിന് ഗുരു ആദിസങ്കൽപത്തിൽ ലയിച്ചത്. സഹകരണമന്ദിരത്തിന്റേയും താമരപർണശാലയുടേയും നിർമ്മാണചുമതല ആർ സുകേശനായിരുന്നു. ശ്രീകുമാരൻ നായരും ആർ സതീശനും സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിന് നേതൃത്വം നൽകി.

സഹകരണമന്ദിരം

ഞങ്ങൾ സഹകരണമന്ദിരത്തിനകത്തു കൂടി നടന്നു പുറത്തേക്കിറങ്ങി. ശ്രീകരുണാകരഗുരു തന്റെ തീർത്ഥയാത്രകൾക്കായും ജനങ്ങളുടെ ആതുരശുശ്രൂഷയ്ക്കായുമൊക്കെ ഉപയോഗിച്ച വാഹനങ്ങൾ ആശ്രമത്തിന്റെ സ്പിരിച്വൽ സോണിൽ സൂക്ഷിച്ചിട്ടുണ്ട്. ഗുരുവിന്റെ ടാറ്റ എസ്റ്റേറ്റ് കാറാണ് ഇന്നും ആഘോഷസമയങ്ങളിൽ ആശ്രമത്തിൽ അലങ്കരിച്ചെത്തിക്കാറുള്ളത്. കെ എസ് ആർ ടി സിയിൽ നിന്നും 1984ൽ ലേലത്തിന് വാങ്ങിയ കെ ഇ ടി 5924 എന്ന ടാറ്റ ബസ്സും അവിടെയുണ്ട്. ഗുരു തന്റെ തീർത്ഥയാത്രകൾക്കായി ഈ ബസ്സിലാണ് ആദ്യകാലത്ത് സഞ്ചരിച്ചത്. ഇതിനു പുറമേയാണ് ഒരു കാരവൻ. ഇതിനടുത്തായി തന്നെ ഗുരുവിന്റെ ആവശ്യപ്രകാരം റോസ്‌വുഡിൽ ആനയുടെ അതേ ഭാരത്തിൽ തീർത്ത രണ്ട് ആന ശിൽപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി, പ്രസിഡന്റ്, ശാന്തിഗിരി

സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി, ശാന്തിഗിരി

ഗുരുവിനെപ്പറ്റി കൂടുതലായി അറിയാൻ സഹായിക്കുന്ന ഒരു ഹ്രസ്വചിത്രത്തിന്റെ പ്രദർശനം അതിനടുത്തുള്ള ഹാളിലാണ് നടത്താറുള്ളത്. ഗുരുവിന്റെ ഒരു ലഘുജീവചരിത്ര വർണനയും ഹ്രസ്വചിത്രത്തിലുണ്ട്. 1927 സെപ്തംബർ ഒന്നിന് ചേർത്തലയ്ക്കടുത്തുള്ള ചന്തിരൂരിൽ ചിറ്റേക്കാട്ട് വീട്ടിൽ ഗോവിന്ദന്റേയും കാർത്ത്യായനിയുടേയും മകനായി ജനിച്ച ‘കരുണൻ ‘എന്ന ബാലൻ 13-ാം വയസ്സിൽ അസമത്വങ്ങൾക്കെതിരെ നിലകൊള്ളുകയും ശിവഗിരിയുടെ ബ്രാഞ്ച് ആശ്രമത്തിൽ കഴിയുകയും പിന്നെ കൊടിതൂക്കി മലയിൽ 41-ാം ദിവസത്തെ ധ്യാനസമയത്ത് ഷിർദ്ദി സായിബാബ പ്രത്യക്ഷനായതും പിന്നീട് ബീമാപള്ളിയിലെ ഖുറേഷി ഫക്കീറിൽ തന്റെ ഗുരുവിനെ കണ്ടെത്തിയതും ശിവഗിരിയോട് വിടപറഞ്ഞ് ശാന്തിഗിരിയിലെ ആശ്രമം സ്ഥാപിച്ചതുമൊക്കെ പറയുന്നുണ്ട് ആ ഹ്രസ്വചിത്രത്തിൽ. ആത്മീയതയുടെ ഈ പല ഘട്ടങ്ങൾ കടന്ന് ദേവന്മാർ പോലും എഴുന്നേറ്റ് ആദരിക്കേണ്ട ഒരു അവസ്ഥയിലേക്ക് ഗുരു എത്തിയതോടെയാണ് ‘ലോകം ഗുരുവിനെ പൂജിക്കട്ടെ ‘എന്ന അശരീരി ഒരു പ്രാർത്ഥനാവേളയിൽ മുഴങ്ങിയതുമൊക്കെ അതിൽ വർണിച്ചിരിക്കുന്നു.

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓർഗനൈസിങ് സെക്രട്ടറി ശാന്തിഗിരി ആശ്രമം

ശാന്തിഗിരി ഇന്ന് എല്ലാ മതങ്ങൾക്കും സമ്പ്രദായങ്ങൾക്കുമുള്ള ഒരു ആശ്രയകേന്ദ്രമായി മാറിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ശാന്തിഗിരിയുമായി ആയുർവേദത്തിലും സിദ്ധയിലുമെല്ലാം സഹകരിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് പ്രമുഖ ആരോഗ്യപ്രസ്ഥാനങ്ങൾ പോലുമെത്തുന്നു. കുടുംബദോഷങ്ങളിൽ നിന്നും ആരാധനാദോഷങ്ങളിൽ നിന്നും വിമുക്തി നേടി ഗോത്രശുദ്ധി സാധ്യമാക്കുന്നതും കുടുംബബന്ധങ്ങളിൽ അധിഷ്ഠിതമായ ആത്മീയവിമോചനത്തിന്റെ പുതിയ പാതയുമാണ് ശാന്തിഗിരി സ്വീകരിച്ചിരിക്കുന്നത്. ”സാധാരണക്കാരനായി ജീവിച്ച് അസാധാരണത്വം കൈവന്ന ആചാര്യനായിരുന്നു നവജ്യോതി ശ്രീകരുണാകരഗുരു. ലോകസമാധാനത്തിനുള്ള ഒരു ആശയഗതിയാണ് ഗുരു മുന്നോട്ടുവച്ചത്. അത് ഇന്നും തുടർന്നുപോരുന്നു. മതേതരസിദ്ധാന്തത്തിലൂന്നിക്കൊണ്ടുള്ള ലോകനന്മയ്ക്കായുള്ള ശ്രമങ്ങളാണ് ശാന്തിഗിരി നടത്തുന്നത്,” ശാന്തിഗിരി ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറയുന്നു. 1974ൽ ആലുവ എഫ് എ സി ടി ജീവനക്കാരനായ എം കെ മണിയൻ നായരുടേയും ജെ ശാന്തമ്മയുടേയും മകനായി ചേർത്തലയിൽ ജനിച്ച സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അഹമ്മദാബാദിലെ ട്രിയോ ഫാർമയുടെ പ്രതിനിധിയായി എറണാകുളത്തു തൊഴിലെടുത്തുകൊണ്ടിരിക്കുമ്പോൾ 1996-ൽ ആശ്രമത്തിലെത്തി മരുന്നു വിതരണശൃംഖലയുടെ ഭാഗമായി ആ കാലഘട്ടങ്ങളിൽ തന്നെ ആശ്രമത്തിലെ യുവാക്കളുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം 1999ലാണ് ബ്രഹ്മചര്യത്തിലേക്കും പിന്നീട് 2001ൽ സന്ന്യാസത്തിലേക്കുമെത്തുന്നത്. ഇന്ന് ആശ്രമത്തിന്റെ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് അദ്ദേഹമാണ്.

സ്വാമി ധർമ്മാനന്ദ, ശ്രീകരുണാകരഗുരുവിന്റെ ആദ്യശിഷ്യന്മാരിലൊരാൾ

”വയറു വിശന്നു വരുന്നവന്റെ അടുത്ത് ആത്മീയത പറയാനാകില്ലെന്ന് ഗുരുവിന് അറിയാമായിരുന്നു. വർക്കലയിലെ ഗുരുവിന്റെ ആദ്യത്തെ ആശ്രമത്തിൽ ആരോ വഴിപാടുപോലെ നടത്തിയ ഭക്ഷണം കൊടുക്കലാണ് പിന്നീട് ശാന്തിഗിരിയിലെ അന്നദാനത്തിനും വഴിവച്ചത്. 6000ത്തോളം പേർ ദിവസവും ശാന്തിഗിരിയിലെ അന്നദാനത്തിൽ പങ്കെടുക്കുന്നുണ്ട്,” 1999ൽ സന്ന്യാസം സ്വീകരിച്ച എയർഫോഴ്‌സ് മുൻ ജീവനക്കാരനായ സ്വാമി ധർമ്മാനന്ദ പറയുന്നു. ഗുരുവിനൊപ്പം ശാന്തിഗിരിയിലുള്ള കാലം അദ്ദേഹം സ്മാർട്ട് ഡ്രൈവിനോട് പങ്കുവച്ചു.

ശാന്തിഗിരി ആശ്രമത്തിലെ അന്നദാനം

”മെക്‌സിക്കോയിൽ നിന്നും ഗുരുവിനെ കാണാൻ കാർലോസ് ഗുസ്‌മെൻ ബ്രെട്ടൺ എന്ന വ്യക്തി വരുന്ന സമയത്ത് ഞാൻ ഗുരുവിനൊപ്പമുണ്ടായിരുന്നു. പ്രകാശത്തിൽ താൻ കണ്ട ഗുരുവിന്റെ മുഖം അന്വേഷിച്ച് കാർലോസ് മൂന്നാം തവണ ഇന്ത്യയിലെത്തിയപ്പോഴാണ് ശ്രീകരുണാകര ഗുരുവാണ് അതെന്ന് മനസ്സിലാക്കിയത്. അദ്ദേഹം ഇപ്പോഴും വർഷത്തിൽ ഒരു തവണ ഇവിടെ വരാറുണ്ട്,” സ്വാമി ധർമ്മാനന്ദ പറയുന്നു. ”ഗുരുവിനെ കാണാൻ തൂക്കുപാലത്ത് അച്ഛനോടൊപ്പം എത്തിയ കുട്ടിയാണ് ഇന്നത്തെ ഗുരുസ്ഥാനീയയായ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി. ഗുരുവിനോടൊ പ്പം പോകണമെന്ന് വാശിപിടിച്ച അന്നത്തെ കുട്ടി പിന്നീട് ശിഷ്യയായി,” സ്വാമി ധർമ്മാനന്ദ പറയുന്നു. ആശ്രമത്തിലെ ദർശനമന്ദിരത്തിലാണ് ശിഷ്യപൂജിത ജനങ്ങൾക്ക് ദർശനം നൽകുന്നത്. പി വി തിരുമേനിയാണ് ദർശനമന്ദിരം രൂപകൽപന ചെയ്തത്.

സ്വാമി ജനനന്മ ജപ്പാനിൽ നിന്നുള്ള സംഘവുമായി ചർച്ചയിൽ

ആശ്രമത്തിന്റെ വിവിധ പ്രവർത്തങ്ങൾ കാണുന്നതിനായി ടിഗ്വാനിലായിരുന്നു പിന്നീട് ഞങ്ങളുടെ സഞ്ചാരം. കൈത്തറി യൂണിറ്റിലേക്കും കറിപൗഡർ യൂണിറ്റിലേക്കും ബേക്കറി യൂണിറ്റിലേക്കും അഗർബത്തി യൂണിറ്റിലേക്കും സോപ്പുപൊടി, സോപ്പ്, നിർമ്മാണ യൂണിറ്റിലേക്കുമൊക്കെ ഞങ്ങൾ സഞ്ചരിച്ചു.

ശാന്തിഗിരി ഗോശാല

ആശ്രമത്തിന്റെ ഗോശാല, ശാന്തിഗിരി വിദ്യാഭവൻ സ്‌കൂളുകൾ, പബ്ലിഷിങ് ഹൗസ്, ആയുർവേദ ആശുപത്രി, പച്ചക്കറി വ്യാപാര കേന്ദ്രം, ശാന്തിഗിരി ‘വാഹനകാന്തി’ എന്ന വാഹന സർവീസ് കേന്ദ്രം, സിദ്ധ മെഡിക്കൽ കോളെജ്, ആയുർവേദ സിദ്ധ വൈദ്യശാല, ഔഷധത്തോട്ടങ്ങൾ, പ്രകൃതി നീതി ജൈവ വള നിർമ്മാണ യൂണിറ്റ്, പച്ചക്കറി കൃഷിയിടം, കേരള ടൂറിസത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ‘ശാന്തിഗിരി ടേക്ക് എ ബ്രേക്ക്’ എന്ന വെൽനെസ് കം റസ്റ്റോറന്റ് എല്ലാം ഞങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കി.

ശാന്തിഗിരിയുടെ സോപ്പുൽപന്നങ്ങൾ

17 തരം മരുന്നുകൾ ഉപയോഗിച്ചു നിർമ്മിക്കുന്ന ‘ചർമ്മ മഹിമ ‘എന്ന സോപ്പും 15 തരം മരുന്നുകൾ ഉപയോഗിച്ചു നിർമ്മിക്കുന്ന ‘ചർമ്മശുദ്ധി’ എന്ന സോപ്പും ‘നല്ല മംഗളം’ എന്ന ഗ്രേഡ് 1 വാഷിങ് പൗഡറും ‘പരിമളം ‘എന്ന സോപ്പുപൊടിയും തൊട്ട് പലതരം കറിപൗഡറുകളും ഉദരസുധ, ഹൃദയരഞ്ജിനി, ഹൃദയശാന്തി തുടങ്ങി 500ൽ പരം ആയുർവേദ മരുന്നുകളും 200ൽ പരം സിദ്ധ മരുന്നുകളും ശാന്തിഗിരിയുടേതായിട്ടുണ്ട്. എല്ലാ ചികിത്സാ സംവിധാനങ്ങളേയും കൂട്ടിയിണക്കിയുള്ള ചികിത്സാരീതിയാണ് ശ്രീകരുണാകരഗുരു താൽപര്യപ്പെട്ടിരുന്നത്. രോഗിക്ക് ആവശ്യമുള്ള ചികിത്സ ഏതാണോ അതാണ് കൂടിയിരുന്നാലോചിച്ച് നൽകപ്പെട്ടിരുന്നത്,” ശാന്തിഗിരി മെഡിക്കൽ സർവീസസ് ചുമതല വഹിക്കുന്ന ഡോക്ടർ ബി രാജ്കുമാർ പറയുന്നു.

ശാന്തിഗിരിയുടെ കൈത്തറി യൂണിറ്റ്‌

രാഷ്ട്രപതിമാരായ കെ ആർ നാരായണൻ, എ പി ജെ അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ തുടങ്ങിയവരും രാഷ്ട്രീയ നേതാക്കളായ രാജ്‌നാഥ് സിംഗ്, എൽ കെ അദ്വാനി തുടങ്ങിയ പ്രമുഖരും ഒട്ടേറെ വിദേശ നേതാക്കളും ശാന്തിഗിരിയിലെത്തിയിട്ടുണ്ട്. കെ ആർ നാരായണൻ ഉഴവൂരിലെ തന്റെ പൈതൃകഭവനം ആശ്രമത്തിന് ദാനം ചെയ്തിരുന്നു. ഇന്ന് സന്ദർശകർക്ക് താമസിക്കാൻ പുതിയ അപ്പാർട്ട്‌മെന്റ് സമുച്ചയം ബെഹ്‌റിനിലെ വി കെ എൽ ഗ്രൂപ്പുമായി ചേർന്ന് ശാന്തി ഹോംസ് എന്ന പേരിൽ നിർമ്മിച്ചുവരികയാണ്. രാജ്യത്തനകത്ത് ശാന്തിഗിരി ആശ്രമത്തിന് നിരവധി ബ്രാഞ്ചുകളുമുണ്ട്.

മമ്മൂട്ടിക്ക് ശാന്തിഗിരി പുരസ്‌കാരം നൽകിയപ്പോൾ

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ശാന്തിഗിരി ആശ്രമം സന്ദർശിച്ചപ്പോൾ

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശ്രമത്തിലെത്തിയപ്പോൾ

ബി ജെ പി നേതാവ് എൽ കെ അദ്വാനി ആശ്രമം സന്ദർശിച്ചപ്പോൾ

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളെജ് ആശുപത്രി

ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ

ലോകത്തെ ശാന്തിയിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന വലിയൊരു ആത്മീയ പ്രസ്ഥാനമാണ് ശാന്തിഗിരി ഇന്ന്. കേരളത്തിൽ നിരവധിയിടങ്ങളിലും സംസ്ഥാനത്തിനു പുറത്തും വിദേശത്തുമൊക്കെ ബ്രാഞ്ചുകളുള്ള ശാന്തിഗിരി ഇന്ന് തങ്ങളുടെ ആയുർവേദ ചികിത്സ സംവിധാനങ്ങൾ വിദേശരാജ്യങ്ങളിലേക്കുപോലും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ ശാന്തിഗിരിയിൽ സന്ദർശനം നടത്തുന്ന വേളയിലാണ് ജപ്പാനിലെ ഹെൽത്ത് കെയർ സപ്പോർട്ട് സെന്റർ കോർപ്പറേഷന്റെ സി ഇ ഒയും പ്രസിഡന്റുമായ ഹിരോകോ കോയികെ ശാന്തിഗിരി ആശ്രമം സന്ദർശിച്ചത്. ശാന്തിഗിരിയെപ്പറ്റി അവരോട് തിരക്കിയപ്പോൾ അവരുടെ മറുപടിയിങ്ങനെ: ”ശാന്തിഗിരി ഒരു അത്ഭുതലോകമാണ്. ശാന്തിഗിരിയിലൂടെ ജപ്പാനിൽ ക്വാളിറ്റിയുള്ള ആയുർവേദ ചികിത്സ എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനുള്ള നടപടികൾ ഉടനെ തുടങ്ങും.”
ലോകം ശാന്തിഗിരിയെ ശാന്തിയുടെ മഹാസാഗരമായി കാണാൻ തുടങ്ങിയിരിക്കുന്നുവെന്നു ചുരുക്കം$

Santhigiri Ashram
Central Office
Santhigiri P O, Pothencode
Thiruvananthapuram,
Kerala, India – 695 589,
Tel : +91-0471-2419076, 8606083000, 8111882397
Fax : +91-471-2410508,
communication@
santhigiriashram.org

 

Copyright: Smartdrive- February 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>