Datsun Redigo facelift launched in India@ Rs 2.83 lakh
May 29, 2020
MG ZS EV to be introduced in Kochi too. Bookings starts today.
June 1, 2020

കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക്: ബൈജുവിന്റെ യാത്ര ഇനി ആന്റണി മാത്യുവിന്റേയും ടാനിയയുടേയും ഗൂഗിൾ റൂട്ട് മാപ്പിലൂടെ…

ആന്റണി മാത്യുവും താനിയയും ചേർന്ന് നിർമ്മിച്ച കൊച്ചി - ലണ്ടൻ റൂട്ട് മാപ്പ്

ബൈജു എൻ നായരുടെ “ലണ്ടനിലേക്ക് ഒരു റോഡ് യാത്ര” എന്ന പുസ്തകം വായിച്ച് കുട്ടനാട്ടിലെ ദമ്പതിമാരായ ആന്റണി മാത്യുവും ഭാര്യ ടാനിയയും ഗൂഗിൾ മൈമാപ്‌സ് എന്ന ടൂൾ ഉപയോഗിച്ച് കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള റൂട്ട് മാപ്പ് സൃഷ്ടിച്ചിരിക്കുന്നു. ബൈജുവിന്റെ കൊച്ചി – ലണ്ടൻ യാത്ര ഇനി വായനക്കാർക്കും യാത്രികർക്കും പുതിയൊരു അനുഭവമാകും.

ജെ ബിന്ദുരാജ്

കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള റോഡ് യാത്ര അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. സ്മാർട്ട് ഡ്രൈവ് മാഗസീൻ ചീഫ് എഡിറ്റർ ബൈജു എൻ നായരും ചലച്ചിത്ര സംവിധായകൻ ലാൽ ജോസും യാത്രികനായ സുരേഷ് ജോസഫും അത്തരമൊരു യാത്ര പദ്ധതിയിട്ടപ്പോൾ മലയാളികൾ അമ്പരപ്പോടെ ആ യാത്രയെ പിന്തുടർന്നത് അതുകൊണ്ടാണ്. പിൽക്കാലത്ത് ബൈജു എൻ നായർ ഈ യാത്ര ‘ലണ്ടനിലേക്കൊരു റോഡ് യാത്ര’ എന്ന പേരിൽ പുസ്തകമാക്കി. ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും മികച്ച യാത്രാവിവരണത്തിനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

ബൈജു എൻ നായർ

ആലപ്പുഴ കുട്ടനാട്ടുകാരായ ആന്റണി മാത്യവും ഭാര്യ ടാനിയയും ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന ബൈജുവിന്റെ പുസ്തകം നേരത്തെ തന്നെ വായിച്ചതാണ്. ആന്റണി ബംഗലുരുവിലെ ക്വാൽകോമിൽ ഇലക്ട്രോണിക്‌സ് എഞ്ചിനീയറും ടാനിയ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രൊഫഷണലുമാണ്. ഈ ലോക്ക് ഡൗൺ കാലത്ത് പുസ്തകം വീണ്ടും വായിക്കവേ, ഗൂഗിളിന്റെ ലോക്കൽ ഗൈഡ്‌സ് പ്രോഗ്രാമിൽ 2009 മുതൽ സജീവ പങ്കാളികൾ കൂടിയായ ഇരുവർക്കും ഒരു ആശയം മുളപൊട്ടി. എന്തുകൊണ്ട് ബൈജുവിന്റെ പുസ്തകത്തിൽ പറയുന്ന പാതയിലെ സ്ഥലങ്ങളെ ഗൂൾമാപ്പിൽ ബന്ധപ്പെടുത്തി ഒരു റൂട്ട് സൃഷ്ടിച്ചു കൂടാ? ഭാവിയിൽ ഇതുവഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും എളുപ്പത്തിൽ യാത്ര മനസ്സിലാക്കാനും അതുവഴി യാത്ര തിരിക്കാനും സാധിക്കുമെന്നതിനു പുറമേ, പുസ്തകം വായിക്കുന്നവർക്ക് യാത്രാപഥം കാണുന്നത് സ്ഥലങ്ങളെ കൂടുതൽ മനസ്സിലാക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഭൂമിശാസ്ത്രപരമായ അറിവുകൾ ലഭിക്കുന്നത് എപ്പോഴും ഒരു യാത്രികനെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണല്ലോ.

ആന്റണി മാത്യുവും ടാനിയയും

പിന്നെ വൈകിയില്ല. ലോക്ക് ഡൗൺകാലത്ത് തന്നെ ആന്റണിയും ടാനിയയും കൂടെ ബൈജു യാത്ര ചെയ്ത സ്ഥലങ്ങൾ ഗൂഗിൾ മാപ്‌സിലെ മൈ മാപ്‌സ് എന്ന ടൂൾ ഉപയോഗിച്ച് ബന്ധപ്പെടുത്തി ഒരു റൂട്ട് സൃഷ്ടിക്കാൻ തീരുമാനിച്ചു. ടാനിയ പുസ്തകം വായിക്കുകയും സ്ഥലങ്ങളുടെ പട്ടികയും ഏത് പേജിലാണ് ആ സ്ഥലത്തെ കുറിച്ച് പറഞ്ഞിരിക്കുന്നതെന്നും പേപ്പറിൽ രേഖപ്പെടുത്തി. കേവലം മൂന്ന് ദിവസം മാത്രമേ ടാനിയ ഇതിനായി എടുത്തുള്ളു. ടാനിയ സമാന്തരമായി ആന്റണി മാത്യു അത് മാപ്‌സിൽ പകർത്തി. ”ഇതിനായി നാലു ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രമേ എനിക്ക് മാറ്റി വയ്‌ക്കേണ്ടതായി വന്നുള്ളു. ഏഴ് തലങ്ങളായി ഈ മാപ്പുകളെ ഞാൻ തിരിച്ചു. ഏഴ് ഘട്ടങ്ങളായി യാത്രയെ ഞാൻ തിരിച്ചു. ഇന്ത്യ ടിബറ്റ് അതിർത്തി, ചൈന, കിർഗിസ്താനും കസാഖിസ്താനും, റഷ്യയും എസ്‌തോണിയയും, യൂറോപ്പ് 1 ഉം യൂറോപ്പ് 2 ഉം, സ്റ്റോക്ക്‌ഹോം മുതൽ ലണ്ടൻ വരെ. ഈ മാപ്പിൽ ബൈജു സന്ദർശിച്ച സ്ഥലങ്ങളുടെ ഫോട്ടോയും വീഡിയോയും ചേർക്കാനും സാധിക്കും. അത് വായനക്കാരന്റെ വെർച്വൽ യാത്ര അനുഭവം പൊലിപ്പിക്കും,” ആന്റണി പറയുന്നു.
”മാപ്‌സ് പൂർത്തിയാക്കി അതും ഒരു ക്യുആർ കോഡും ചേർത്ത് ബൈജുവിന്റെ പുസ്തകത്തിന്റെ വരാനിരിക്കുന്ന എഡിഷനിൽ ചേർക്കുന്നതിനായി നൽകാനാണ് ഞാൻ ആലോചിച്ചത്,” ആൻണി മാത്യു പറയുന്നു.

ആന്റണി മാത്യുവും ടാനിയയും ചേർന്ന് നിർമ്മിച്ച കൊച്ചി – ലണ്ടൻ റൂട്ട് മാപ്പിന്റെ ക്യു ആർ കോഡ്

”യാത്രകളെ കുറിച്ച് വായിക്കാനും അത് സംബന്ധമായ വീഡിയോകൾ കാണാനും എനിക്കും ഭാര്യയ്ക്കും ഏറെ ഇഷ്ടമാണ്. എങ്കിലും യാത്രകൾ അധികം നടത്തിയിട്ടില്ല. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി യാത്രകൾ നടത്തിയിട്ടുണ്ടെന്നല്ലാതെ ഞാൻ മുൻകൈയെടുത്ത് യാത്ര നടത്താറില്ല. ബൈജുവിന്റെ യുട്യൂബ് ചാനലിലെ എല്ലാ വീഡിയോകളും തന്നെ ഞാൻ കണ്ടിട്ടുണ്ട്,” ആന്റണി പറയുന്നു.

https://buybooks.mathrubhumi.com/product/londonilekku-oru-road-yathra-2/ എന്ന ലിങ്കിലൂടെ “ലണ്ടനിലേക്ക് ഒരു റോഡ് യാത്ര” മാതൃഭൂമി ബുക്‌സിൽ നിന്നും വാങ്ങാനാകും

ജോലിസംബന്ധിയായി ജപ്പാനിലേക്ക് ആറു മാസം നീണ്ട ഒരു സന്ദർശനം നടത്തിയിരുന്നു ആൻണി മാത്യു. 2017-ൽ നടത്തിയ ഈ യാത്രയിൽ ജപ്പാനിലെ ഒട്ടുമിക്ക സ്ഥലങ്ങളും കാണാൻ അദ്ദേഹം വിനിയോഗിച്ചു. പക്ഷേ യാത്രാവിവരണം എഴുതാനൊന്നും ഒരു ഉദ്ദേശ്യവുമില്ല. ”യാത്രാവിവരണം വായിക്കുന്നതാണ് ഇഷ്ടം. അതെഴുതാനുള്ള ക്രിയേറ്റിവിറ്റിയൊന്നും ഇല്ല. എന്നാൽ യാത്രികരെ സഹായിക്കാനാകുന്ന കാര്യങ്ങൾ ഇതുപോലെ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം,” ആന്റണി മാത്യു പറയുന്നു.

ബൈജുവിന്റെ പുസ്തകത്തിന്റെ പുതിയ എഡിഷനിൽ ഈ മാപ്പിന്റെ ക്യു ആർ കോഡ് ലഭ്യമാക്കണമെന്നതു മാത്രമാണ് ആന്റണിയുടെ ഏക ആവശ്യം. ”അങ്ങനെ ചെയ്താൽ പുസ്തകം വായിക്കുന്നവർക്ക് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഈ പാതയിലൂടെ വെർച്വൽ യാത്രയും നടത്താം. അതിലൂടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് വായനക്കാർക്ക് കൃത്യമായി മനസ്സിലാക്കാനും കഴിയുമല്ലോ,”ആന്റണി മാത്യു പറയുന്നു.

കൊച്ചി – ലണ്ടൻ റൂട്ട് മാപ്പ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…https://www.google.com/maps/d/viewer?mid=1cOPSpP32SPkSBvH5dMQ7ogrz5MX0xhEI&ll=39.18262563109722%2C47.68298009999998&z=4

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>