RangeRover Evoque: The World Of Happiness!
March 19, 2019
Sherco TVS Rally Factory Team announces 3-rider squad for Merzouga Rally 2019
March 28, 2019

“കേരളത്തിലെ പ്രളയം ഇസുസുവിന്റെ കഴിവ് ജനതയെ ബോധ്യപ്പെടുത്തി” : കെൻ തകാഷിമ

കേരളത്തിലുണ്ടായ പ്രളയം ഇസുസു വാഹനങ്ങളുടെ കഴിവ് ജനതയെ ബോധ്യപ്പെടുത്തിയെന്ന് കൊച്ചിയിൽ മണികണ്ഠൻ ഇസുസുവിന്റെ പുതിയ ഷോറൂം അമ്പാട്ടുകാവിൽ ഉൽഘാടനം ചെയ്തുകൊണ്ട് ഇസുസു ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെൻ തകാഷിമ

ജെ ബിന്ദുരാജ്

കേരളത്തിൽ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഇസുസുവിന്റെ വാഹനങ്ങളായ ഇസുസു ഡിമാക്‌സിന്റേയും ഇസുസു ഡി മാക്‌സ് വിക്രോസിന്റേയും ഏതു ദുർഘട സാഹചര്യവും നേരിടാനുള്ള കഴിവ് തെളിയിച്ചെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രളയബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ ഇസുസു വാഹനങ്ങൾ ഏറെ സഹായിച്ചുവെന്നും ഇസുസു ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെൻ തകാഷിമ. ഇസുസുവിന്റെ കൊച്ചിയിലെ പുതിയ ലൈഫ് സ്റ്റൈൽ ഷോറൂമായ മണികണ്ഠൻ ഇസുസു ആലുവയിലെ അമ്പാട്ടുകാവിൽ ഉൽഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് തകാഷിമ ഇക്കാര്യം വെളിപ്പെടുത്തിയത്. കേരള സർക്കാരിന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പത്ത് ഇസുസു ഡിമാക്‌സ് വിക്രോസ് തങ്ങൾ നൽകിയെന്നും കെൻ തകാഷിമ പറഞ്ഞു. ‘ഇസുസു നെവർ സ്റ്റോപ്പ്’ എന്ന ആപ്തവാക്യം പ്രളയത്തിൽ യാഥാർത്ഥ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്പാട്ടുകാവിലെ മണികണ്ഠൻ ഇസുസു ഷോറൂം ഇസുസു ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെൻ തകാഷിമയും മണികണ്ഠൻ ഇസുസു മാനേജിങ് ഡയറക്ടർ രാഘവേന്ദ്രയും മണികണ്ഠൻ ഇസുസു പ്രമോട്ടർമാരായ ശിവകുമാറും കൃഷ്ണകുമാറും മാനേജ്‌മെന്റ് ഭാരവാഹികളും ചേർന്ന് ഉൽഘാടനം ചെയ്തപ്പോൾ

ഇസുസു ഡി മാക്‌സ് വിക്രോസിന്റെ പുതിയ പതിപ്പും ചടങ്ങിൽ അവതരിപ്പിച്ചു. 6000 ചതുരശ്ര അടിയിൽ അഞ്ച് ഇസുസു വാഹനങ്ങൾ ഡിസ്‌പ്ലേ ചെയ്യുന്നതിനു സൗകര്യമുള്ള പുതിയ മണികണ്ഠൻ ഇസുസു ഷോറൂമിൽ കസ്റ്റമർ കഫേയും ആക്‌സസറി വിഭാഗവുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഡി മാക്‌സ് റഗുലർ കാബ് (സിംഗിൽ ക്യാബിൻ പിക്അപ്പ്), ഡിമാക്‌സ് എസ് കാബ് (5 സീറ്റർ പിക്ക്അപ്പ്- ഹൈ റൈഡ്)), ഡിമാക്‌സ് വിക്രോസ് (ഇന്ത്യയിലെ ആദ്യത്തെ അഡ്വഞ്ചർ യുട്ടിലിറ്റി വെഹിക്കിൾ)എം .യു- എക്‌സ് (7 സീറ്റർ പ്രീമിയം എസ് യു വി) എന്നിങ്ങനെയുള്ള നാല്‌ മോഡലുകളാണ് ഷോറൂമിൽ വിൽപനയ്ക്കുള്ളത്. ഇസുസു ഡിമാക്‌സ് വിക്രോസ് എന്ന അഡ്വഞ്ചർ യുട്ടിലിറ്റി വെഹിക്കിൾ വാങ്ങുന്നവർക്കായി ഇസുസു പുതുതായി ആരംഭിച്ച ജോണ്ടി റോഡ്‌സ് പാക്കേജും ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടു. ക്രിക്കറ്റിലെ ഫീൽഡിങ് ഇതിഹാസമായ ജോണ്ടി റോഡ്‌സിനൊപ്പം വിക്രോസ് വാങ്ങുന്നവർക്ക് ഡിന്നർ കഴിക്കാൻ അവസരമൊരുക്കുന്നതാണ് ഈ പാക്കേജ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇസുസുവിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി ജോണ്ടി റോഡ്‌സ് എത്തിയത്.

ക്രിക്കറ്റ് ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സ് ഇസുസു ഡിമാക്‌സ് വിക്രോസിനൊപ്പം

2012 ഓഗസ്റ്റിലാണ് ഇസുസു മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇസുസു മോട്ടോർസ് ലിമിറ്റഡ് ജപ്പാന്റെ ഉപകമ്പനിയായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിൽ 107 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇസുസുവിന്റെ പ്ലാന്റിന് നിലവിൽ പ്രതിവർഷം 8000 വാഹനങ്ങൾ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. ഇതിൽ രണ്ടു ശതമാനം വാഹനങ്ങൾ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും കയറ്റുമതി ചെയ്യുമെന്നതൊഴിച്ചാൽ ബാക്കിയെല്ലാം ഇന്ത്യയിൽ തന്നെയാണ് വിറ്റഴിയുന്നതെന്ന് തകാഷിമ പറഞ്ഞു. 2016 ഏപ്രിലിലാണ് പ്ലാന്റ് ആരംഭിച്ചത്.

തായ്‌ലണ്ടിലും ഫിലിപ്പെയ്ൻസിലും ആസ്‌ട്രേലിയയിലുമൊക്കെ ധാരാളമായി വിപണനം ചെയ്തുവരുന്ന ഇസുസു ഡിമാക്‌സ് വിക്രോസ് ലൈഫ് സ്റ്റൈൽ അഡ്വഞ്ചർ ട്രക്കുകൾ ഇന്ത്യയിലും വിപണി പിടിച്ചെടുത്തുവരികയാണെന്ന് കെൻ തകാഷിമ പറയുന്നു. ‘ഒരു എസ് യു വിയുടെ എല്ലാ അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള വാഹനമാണ് ഇസുസു ഡിമാക്‌സ് വിക്രോസ്. 4 വീൽ ഡ്രൈവ് വാഹനത്തിന് എ ബി എസ്, ഇ എസ് സി, ടി സി എസ് തുടങ്ങിയ സുരക്ഷിതത്വ സംവിധാനങ്ങളും ഓട്ടോ ക്രൂസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, 3 ഡിൻ ടച്ച് എന്റർടെയ്ൻമെന്റ് സിസ്റ്റം, എൽ ഇ ഡി ടെയ്ൽ ലൈറ്റ്‌സ്, ഡേ ടൈം റണ്ണിങ് ലാമ്പ്‌സ് എന്നിവയുമുണ്ട്. കേരളത്തിൽ പ്ലാന്റേഷൻ ഉടമകളും എസ്റ്റേറ്റ് ഉടമകളുമൊക്കെ ഇപ്പോൾ ഈ വാഹനം ധാരാളമായി വാങ്ങുന്നുണ്ട്. എസ് യു വിയുടെ കംഫർട്ട് നൽകുന്നതിനൊപ്പം സാധാനസാമഗ്രികൾ കൊണ്ടുപോകാനും ഇതിനാകുമെന്നതാണ് ഈ പ്രിയത്തിന് കാരണം. യാത്രകൾ പോകുമ്പോൾ ടെന്റുകൾ നിർമ്മിക്കാനടക്കമുള്ള സൗകര്യങ്ങൾ ഇതിന്റെ പിക്ക്അപ്പിൽ കൊണ്ടുപോകാനാകുമെന്നു മാത്രമല്ല ഡെക്കിൽ തന്നെ ടെന്റ് ഒരുക്കാനുമാകും,’ തകാഷിമ പറയുന്നു.

ഇസുസു ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെൻ തകാഷിമയ്ക്ക് മണികണ്ഠൻ ഇസുസു മാനേജിങ് ഡയറക്ടർ രാഘവേന്ദ്രെ മെമന്റോ സമ്മാനിച്ചപ്പോൾ

ഇസുസു തങ്ങളുടെ ഡീസൽ എഞ്ചിനുകളിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും ബി എസ് 6 മാർനിർദ്ദേശങ്ങൾ പാലിക്കുന്ന എഞ്ചിനുകൾ വൈകാതെ നിരത്തിലെത്തുമെന്നും തകാഷിമ പറഞ്ഞു. നിലവിൽ ഹൈബ്രിഡ് എഞ്ചിനുകൾ നിർമ്മിച്ചുവരുന്നതിനാൽ വൈകാതെ തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്കും ഇസുസു പ്രവേശിക്കുമെന്നും തകാഷിമ പറയുന്നു.

കേരളത്തിൽ പ്രളയസമയത്ത് ഇസുസു ഡിമാക്‌സ് വി ക്രോസ് രക്ഷാപ്രവർത്തനത്തിനിറങ്ങിയപ്പോൾ. കടപ്പാട്: ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്

ആകർഷകമായ സർവീസ് പാക്കേജുകളും ഇസുസു വാഗ്ദാനം ചെയ്യുന്നുണ്ട്. എം യു- എക്‌സിന് അഞ്ചു വർഷത്തേക്കോ 1,50,000 കിലോമീറ്റർ വരെയോ വാറന്റിയും സൗജന്യ മെയിന്റനൻസും നൽകുന്നുണ്ടെങ്കിൽ മറ്റ് വാഹനങ്ങൾക്ക് മൂന്നു വർഷമാണ് വാറന്റി കാലയളവ്. ഗുണനിലവാരത്തിൽ മുന്നിലാണെങ്കിലും ഇസുസു വാഹനങ്ങൾ ആകർഷകമായ വിലയിലാണ് ലഭ്യമാകുന്നത്. എം യു – എക്‌സ് (4X2 വേരിയിന്റ്) 27,27,063 രൂപയ്ക്കും ഡിമാക്‌സ് വിക്രോസ് (സ്റ്റാൻഡേർഡ് ) 15,28,174 രൂപയ്ക്കും ഡിമാക്‌സ് എസ് കാബ് 9,11,390 രൂപയ്ക്കും ഡിമാക്‌സ് റഗുലർ ക്യാബ് ഫ്‌ളാറ്റ് ഡെക്ക് 7,38,250 രൂപയ്ക്കുമാണ് ലഭിക്കുന്നത്.

കേരളം ഇസുസുവിന്റെ പ്രധാന വിപണികളിലൊന്നാണെന്നും കേരളത്തിലെ വിൽപനയിൽ തങ്ങൾ സന്തുഷ്ടരാണെന്നും കെൻ തകാഷിമ പറഞ്ഞു. മികച്ച വിൽപനയും വിൽപനനാന്തര സേവനവും മണികണ്ഠൻ ഇസുസു വാഗ്ദാനം ചെയ്യുന്നതിനാലാണ് ഇസുസുമായി കേരളത്തിന്റെ ബന്ധം ശക്തിപ്പെട്ടതെന്നും മണികണ്ഠൻ ഇസുസുവിലെ എല്ലാ ജീവനക്കാർക്കും അതിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും കെൻ തകാഷിമ കൂട്ടിച്ചേർത്തു.

ഇസുസുവിന്റെ കേരളത്തിലെ ആദ്യഡീലർഷിപ്പ് 2014-ൽ മണികണ്ഠൻ ഇസുസു എന്ന പേരിലാണ് ആരംഭിച്ചത്. മെർസിഡസ് ബെൻസിന്റെ കേരളത്തിലെ ഡീലർഷിപ്പായ രാജശ്രീ മോട്ടോഴ്‌സിന്റെ ഉടമകൾ തന്നെയാണ് മണികണ്ഠൻ ഇസുസുവിന്റേയും പ്രമോട്ടർമാർ. കൊച്ചിയിലെ തൃക്കാക്കരയിൽ അത്യാധുനിക സംവിധാനങ്ങളുള്ള വിപുലമായ ഒരു സർവീസ് സെന്ററും മണികണ്ഠൻ ഇസുസുവിനുണ്ട്. മണികണ്ഠൻ ഇസുസുവിന്റെ മാനേജിങ് ഡയറക്ടർ രാഘവേന്ദ്ര ചടങ്ങിൽ കെൻ തകാഷിമയ്ക്ക് മെമന്റോ കൈമാറി.

Smartdrive- March 20, 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>