Exploring new Porsche Cayenne!
October 19, 2018
Marazzo Man!
October 19, 2018

കാർ കൗതുകങ്ങൾ- ബൈജു എൻ നായർ

വാഹനങ്ങൾക്ക് നിത്യജീവിതത്തിൽ എത്രത്തോളം സ്ഥാനമുണ്ട്? നിങ്ങളുടെ ഉത്തരം എന്തായാലും ഒരു കാര്യം സത്യമാണ് – ലോകത്തെമ്പാടുമായി പ്രതിദിനം 1.65 ലക്ഷം കാറുകൾ നിർമ്മിക്കപ്പെടുന്നുണ്ട്. അതായത്, ഒരു മണിക്കൂറിൽ 6875 കാറുകൾ പ്ലാന്റുകളിൽ നിന്ന് പുറത്തുവരുന്നു. ഒരു മിനിറ്റിൽ 115 കാറുകൾ എന്നും ലളിതമായി പറയാം.
ദിനപത്രങ്ങൾ തുറന്നു നോക്കിയാൽ പരസ്യദാതാക്കളിൽ 70 ശതമാനവും വാഹനനിർമ്മാക്കളാണെന്നു കാണാം. ടെലിവിഷൻ ചാനലുകളിലും വാഹനങ്ങൾ നിറഞ്ഞു നിൽക്കുന്നു. യൂട്യൂബ് നോക്കുക. ഏറ്റവുമധികം കാഴ്ചക്കാരുള്ളത് വാഹനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾക്കാണ്.
ഇങ്ങനെ, നിത്യജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെട്ടു നിൽക്കുകയാണ് വാഹനങ്ങൾ. ലോകത്തിൽ ഏഴിൽ ഒരാൾക്ക് കാറുണ്ട് എന്നതാണ് കണക്ക്.
ഈ കണക്കുകളൊക്കെ മനസ്സിൽ വെച്ചുകൊണ്ട് വാഹനലോകത്തെ രസകരമായ ചില വസ്തുതകളിലേക്ക് ഒന്ന് കണ്ണോടിക്കാമെന്നു കരുതി.
ഒരു കാലത്ത് ലോകം മുഴുവൻ കാൽച്ചുവട്ടിലാക്കിയിരുന്ന ഗ്രേറ്റ് ബ്രിട്ടൻ, വാഹനങ്ങളുടെ കാര്യത്തിൽ ഇപ്പോൾ ചൈനയുടെ കാൽക്കീഴിലാണ്. ബ്രിട്ടനിൽ ആകെയുള്ള 35 ദശലക്ഷം കാറുകളിൽ നാലിലൊന്നും ചൈനീസ് നിർമ്മിതമാണത്രേ! ചൈനീസ് കാറുകളുടെ എണ്ണം എല്ലാ വർഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നും കണക്കുകൾ പറയുന്നു. (വർഷങ്ങൾക്കു മുമ്പ് ആദ്യമായി ലണ്ടനിൽ പോയപ്പോൾ വിഖ്യാതമായ ലണ്ടൻ ബ്രിഡ്ജിന്റെ ഒരു മാതൃക വാങ്ങി. വീട്ടിൽ വന്ന് വിശദമായി പരിശോധിച്ചപ്പോൾ അതിലെ എഴുത്ത് കണ്ടു: മെയ്ഡ് ഇൻ ചൈന!)
*****
നമ്മുടെ നാട്ടിൽ ഏറെക്കാലം രാജാവായി വാണ മോഡലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ അംബാസഡർ. 1958 മുതൽ 2014 വരെ പത്തു ലക്ഷത്തിലധികം അംബാസഡറുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞിട്ടുണ്ടാവും എന്നാണ് കണക്ക്. എന്നാൽ അവയിൽ എത്രയെണ്ണം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവും? വളരെ കുറച്ച് മാത്രം. ഇനി റോൾസ്‌റോയ്‌സിന്റെ കാര്യമെടുക്കുക. 1884ൽ ജന്മം കൊണ്ട കമ്പനി ഇതുവരെ നിർമ്മിച്ചവയിൽ 75 ശതമാനം കാറുകളും ഇപ്പോഴും നല്ല കണ്ടീഷനിൽ, ഓടുന്ന അവസ്ഥയിൽ, ജീവിച്ചിരിപ്പുണ്ട്. അതാണ് അംബാസഡറും റോൾസും തമ്മിലുള്ള നിർമ്മാണ നിലവാരത്തിലെ വ്യത്യാസം. (മറ്റൊരു കൗതുകം:
അംബാസഡർ കാറുകളിൽ 16 ശതമാനവും വാങ്ങിയത് ഇന്ത്യാ ഗവൺമെന്റു തന്നെയാണ്. ഉദ്യോഗസ്ഥരും മന്ത്രിമാരും പ്രധാനമന്ത്രിയുമെല്ലാം സഞ്ചരിച്ചിരുന്നത് അംബിയിലാണല്ലോ)
*****
ആക്‌സിലേറ്റർ കൊടുക്കാതെ തന്നെ വാഹനം ഒരേ വേഗതയിൽ പോകാൻ സഹായിക്കുന്ന ‘ക്രൂയിസ് കൺട്രോൾ’ എന്ന സംവിധാനം കണ്ടുപിടിച്ചത് അന്ധനായ ഒരു ശാസ്ത്രജ്ഞനാണ് എന്നത് മറ്റൊരു വാഹന കൗതുകം. തന്റെ സുഹൃത്ത് ഓടിക്കുന്ന കാറിൽ സഞ്ചരിക്കുമ്പോൾ വേഗത കുറയുകയും കൂടുകയും ചെയ്യുന്നത് റാൽഫ് ടീറ്റർ എന്ന ആ ശാസ്ത്രജ്ഞന് തീരെ ഇഷ്ടമായില്ല. ഉടൻ തന്നെ അദ്ദേഹം ഒരു തീരുമാനമെടുത്തു – ഒരേ വേഗതയിൽ പോകാൻ സഹായിക്കുന്ന ഒരു സംവിധാനം കണ്ടുപിടിക്കണം. അങ്ങനെ, അന്ധനായ റാൽഫ്ടീറ്റർ പത്തുവർഷം കൊണ്ട് നിർമ്മിച്ചെടുത്ത സംവിധാനമാണ് ക്രൂയിസ് കൺട്രോൾ. 1958ൽ ക്രൈസ്‌ലർ തങ്ങളുടെ കാറിൽ ഘടിപ്പിച്ചതോടെ ഈ സംവിധാനം ജനകീയമായി.
*****
മറ്റ് ചില വാഹനകൗതുകങ്ങൾ:
* എഞ്ചിനിൽ ഉൽപാദിപ്പിക്കപ്പെടുന്ന പവറിന്റെ 18 ശതമാനം മാത്രമേ വീലുകളിൽ എത്തുന്നുള്ളു.
* കാർ എഞ്ചിൻ ഊരി തിരികെ ഘടിപ്പിക്കാൻ 42 സെക്കന്റ് മാത്രമേ വേണ്ടി വന്നുള്ളു. ഫോർഡ് എസ്‌കോർട്ടിൽ 1985ലാണ് എഞ്ചിൻ ഊരി തിരികെ ഫിറ്റു ചെയ്യുന്ന ഈ മത്സരം നടന്നത്.
* അൽബേനിയ എന്ന രാജ്യത്തെ 80 ശതമാനം കാറുകളും മേർസിഡസ് ബെൻസാണ്. യൂറോപ്പിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് അൽബേനിയ. ജർമ്മനിയിൽ നിന്നുള്ള സെക്കന്റ്ഹാൻഡ് ബെൻസുകളാണ് അൽബേനിയ യിൽ എത്തുന്നവയിൽ ഏറെയും. മോഷ്ടിക്കപ്പെടുന്ന ബെൻസുകളും ധാരാളമായി എത്തുന്നുണ്ടത്രേ.
* ലോകത്തിലെ ഏറ്റവും പ്രശസ്ത സ്‌പോർട്‌സ്/സൂപ്പർകാർ നിർമ്മാതാക്കളായ ഫെരാരി പ്രതിദിനം 14 കാറുകൾ നിർമ്മിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാഹനനിർമ്മാതാവായ ടൊയോട്ട പ്രതിദിനം നിർമ്മിക്കുന്നതാകട്ടെ,
13,000 കാറുകളും.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>