കാർ ഡീകാർബണൈസ് ചെയ്താലുള്ള ഗുണങ്ങൾ എന്തെല്ലാം?
January 13, 2020
Mercedes Benz India Unveils its first electric SUV for India EQC 1886; Launches electric car brand EQ in India
January 16, 2020

കാന്തല്ലൂരിൽ ടെന്റ് സ്റ്റേയിൽ ഒരു ന്യൂഇയർ! കെർഹാവൻ ഹോളിഡേയ്‌സിനൊപ്പം അറിയാത്തയിടങ്ങളിലേക്ക് യാത്ര പോകാം….

ദ റാഞ്ച് കാന്തല്ലൂരിൽ അംബ്രോസും ഭാര്യ നിതയും മക്കളായ അന്നയും സ്റ്റീവും നിതയുടെ സഹോദരിപുത്രനായ എബിനും

മഞ്ഞ് ഒളിച്ചുകളിക്കുന്ന സഹ്യപർവതസാനുക്കളുടെ താഴ്‌വരയിൽ, പ്രകൃതിയുടെ മടിത്തട്ടിൽ സുരക്ഷിതമായ ഒരു ടെന്റ് സ്റ്റേ. കാന്തല്ലൂരിലെ ദ റാഞ്ചിലേക്ക് കൊച്ചിയിലെ കെർഹാവൻ ഹോളിഡേയ്‌സിനൊപ്പം സ്മാർട്ട് ഡ്രൈവ് നടത്തിയ യാത്ര ബൈക്ക് റൈഡർമാർക്കും ഓഫ്‌റോഡിങ്ങുകാർക്കും ഫാമിലികൾക്കും സുരക്ഷിതമായി തങ്ങാനാകുന്ന ഒരു അപൂർവ ഇടമാണ് കണ്ടെത്തിയത്.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: അഖിൽ അപ്പു

പുതുവത്സരാഘോഷത്തിന് വേറിട്ട ഒരു ഇടത്തിനായുള്ള അന്വേഷണത്തിലായിരുന്നു അംബ്രോസും ഭാര്യ നിതയും. ഒന്നാം ക്ലാസുകാരിയായ മകൾ അന്ന കാടും മേടുമൊക്കെയുള്ള തണുപ്പുള്ള ഒരിടത്താകണം ഇത്തവണത്തെ ന്യൂഇയർ എന്ന് മുൻകൂട്ടി തന്നെ പപ്പയേയും മമ്മിയേയും അറിയിച്ചിരുന്നു. റിസോർട്ടിലോ ഹോട്ടലിലോ പോയി താമസിക്കാതെ, പതിവിൽ നിന്നും വ്യത്യസ്തമായി സുന്ദരമായ ഒരിടത്ത് ടെന്റിനകത്ത് കുടുംബത്തോടൊപ്പം കഴിയാമെന്നാണ് അവൾ പറഞ്ഞത്. പക്ഷേ അംബ്രോസ്-നിത ദമ്പതിമാരുടെ ഇളയ കുട്ടി സ്റ്റീവിന് പക്ഷേ ഒന്നേകാൽ വയസ്സേ ഉള്ളുവെന്നതിനാൽ അത്തരത്തിലുള്ള സുരക്ഷിതമായ ഒരിടം കണ്ടെത്തുന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു. അങ്ങനെയാണ് അംബ്രോസ് കൊച്ചിയിലെ കെർഹാവൻ ഹോളിഡേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൂർ ഓപ്പറേറ്ററുമായി ബന്ധപ്പെടുന്നത്. ഒരു ട്രാവൽ കമ്പനി നടത്തുന്നതിനാൽ അംബ്രോസിന് വിനോദസഞ്ചാര രംഗത്ത് കാലങ്ങളായി പ്രവർത്തിക്കുന്ന നിരവധി വിദഗ്ധന്മാരുള്ള കെർഹാവനെപ്പറ്റി നന്നായി അറിയാമായിരുന്നു. കേരളത്തിനകത്തും പുറത്തും വിനോദസഞ്ചാര പാക്കേജുകൾ അറേഞ്ച് ചെയ്യുന്ന കെർഹാവന് ടെന്റ് സ്റ്റേകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും നടത്തുന്നവരുമൊക്കെയായി നല്ല ബന്ധമാണുള്ളത്.

അംബ്രോസും നിതയും അന്നയും സ്റ്റീവും നിതയുടെ സഹോദരിപുത്രനായ എബിനും ഒരുമിച്ചാണ് പുതുവത്സരാഘോഷ ഇടം നിശ്ചയിക്കാൻ എം ജി റോഡിലെ പൂതംപിള്ളി ടവേഴ്‌സിലെത്തിയത്. അന്നയുടെ ആവശ്യവും, കുറച്ച് അഡ്വഞ്ചറൊക്കെ വേണമെന്ന എബിന്റെ ആവശ്യവും, അംബ്രോസിന്റേയും നിതയുടേയും സുരക്ഷിതത്വത്തെപ്പറ്റിയുള്ള ആശങ്കകളുമൊക്കെ കേട്ടശേഷം കെർഹാവൻ അവർക്ക് നിർദ്ദേശിച്ചത് ഇടുക്കി ജില്ലയിലെ ‘ദ റാഞ്ച് -കാന്തല്ലൂർ’ എന്ന ടെന്റ് സ്റ്റേ ആയിരുന്നു. മൂന്നാറിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ്, കാന്തല്ലൂരിന്റെ ഉൾനാട്ടിൽ സഹ്യപർവതസാനുക്ക ളുടെ താഴ്‌വരയിൽ, അതിസുന്ദരമായ പ്രഭാതം കണ്ടുണരാൻ പറ്റുന്ന ഇടം. കാടും മേടും മഞ്ഞ് ഒളിച്ചുകളിക്കുന്ന മലനിരകളും ആപ്പിളും ഓറഞ്ചും പീച്ചും പ്ലമ്മും സ്‌ട്രോബെറിയും ബ്ലാക്ക്‌ബെറിയും പാഷൻ ഫ്രൂട്ടും കാരറ്റും റാഡിഷും ലിച്ചിയും മാങ്കോസ്റ്റീനും കിവിയും അവക്കാഡോയുമൊക്കെ ഉള്ള ഒരിടം. തട്ടുതട്ടുകളായുള്ള താഴ്‌വാരത്തിൽ ഒരുക്കിയിട്ടുള്ള വിവിധ നിറങ്ങളിലുള്ള ടെന്റുകൾ.

രണ്ടര ഏക്കറോളം വരുന്ന ഭൂമിയിൽ തന്നെയുള്ള സുന്ദരമായ ഒരു മൺകുടിലും മുളയും നാരകപ്പുല്ലും ഉപയോഗിച്ചുണ്ടാക്കിയ തണലിടങ്ങൾ. ക്യാമ്പ് ഫയറിനുള്ള ഇടം. ചുറ്റുവേലിയുടേയും ഗേറ്റിന്റേയും സുരക്ഷിതത്വം. മൺകുടിലിനു പിന്നിലൊരുക്കിയ ഇടത്ത് ഇരുനൂറിലധികം പേർക്ക് ഒരേ സമയം ഭക്ഷണമുണ്ടാക്കാനാകുന്ന അടുക്കള. ആധുനിക സൗകര്യങ്ങളോടു കൂടിയ ബാത്ത്‌റൂമുകളും ടോയ്‌ലറ്റുകളും. കാഴ്ചകളിൽ കണ്ണുനട്ടിരുന്ന അന്നയും അംബ്രോസും ഒറ്റ സ്വരത്തിലാണ് ദ റാഞ്ചിലാണ് ഇക്കൊല്ലത്തെ തങ്ങളുടെ പുതുവത്സരാഘോഷം എന്നു പ്രഖ്യാപിച്ചത്. നിതയും എബിനും കരഘോഷത്തെ അത് സ്വീകരിച്ചു. കെർഹാവൻ ഹോളിഡേയ്‌സ് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ദമ്പതിമാർക്ക് ദ റാഞ്ചിലേക്ക് പോകാനുള്ള യാത്രാസംവിധാനവും താമസവും ഒരുക്കി. അങ്ങനെയാണ് ന്യൂഇയർ തലേന്ന് സ്‌കോഡ കോഡിയാക്കിൽ അഞ്ചംഗ കുടുംബം കാന്തല്ലൂരിലേക്ക് യാത്രയായത്.

അംബ്രോസാണ് യാത്രയുടെ വിവരം സ്മാർട്ട് ഡ്രൈവിനെ അറിയിച്ചത്. ബൈക്ക് റൈഡർമാർക്കും ഓഫ് റോഡ് ക്ലബുകൾക്കുമൊക്കെ താൽപര്യമുള്ള ഇടമാകാനിട യുണ്ട് ‘ദ റാഞ്ച് കാന്തല്ലൂർ’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അദ്ദേഹത്തോടൊപ്പമുള്ള യാത്രാക്ഷണം ഞങ്ങൾ സ്വീകരിച്ചു. വാഹനപ്രേമികളും യാത്രാപ്രേമികളുമായ വായനക്കാർക്ക് ‘ദ റാഞ്ച്’ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പോരാത്തതിന് സഹ്യപർവതസാനുക്കളുടെ താഴ്‌വരയിൽ ഒരു കൂടാരത്തിൽ ഒരു രാത്രി ചെലവിടാൻ ആരാണ് ആഗ്രഹിക്കാത്തത്? സഞ്ചാരിയും സ്മാർട്ട് ഡ്രൈവിന്റെ ചീഫ് എഡിറ്ററുമായ ബൈജു എൻ നായർ തന്നെ കാന്തല്ലൂരിലേക്കുള്ള ഡ്രൈവ് ഏറ്റെടുത്തതോടെ എല്ലാം ശുഭകരം. സ്‌കോഡ കോഡിയാക്കിനാണെങ്കിൽ തന്റെ ഓഫ് റോഡിങ് കഴിവുകൾ പുറത്തെടുക്കാനുള്ള അപൂർവ അവസരവും.

ടൂർ ഓപ്പറേറ്റിങ് രംഗത്തും ടൂർ പാക്കേജ് രംഗത്തുമെല്ലാം ഇതിനകം വിശ്വസ്തതയുടെ പര്യായമായി മാറിക്കഴിഞ്ഞ കെർഹാവൻ ഹോളിഡേയ്‌സ്, ഡോക്ടേഴ്‌സ് കോൺഫറൻസുകളും കോർപ്പറേറ്റ് ട്രിപ്പുകളും വിവിധ കോൺഫറൻസുകൾക്കും കോൺക്ലേവുകൾക്കുമൊക്കെ ട്രാൻസ്‌പോർട്ടേഷൻ ലോജിസ്റ്റിക് ഒരുക്കുന്നതിലും താമസസൗകര്യം അറേഞ്ച് ചെയ്യുന്നതിലും അഡ്വഞ്ചർ ടൂറിസത്തിലും സ്ത്രീ സൗഹാർദ്ദ ടൂറുകൾ സംഘടിപ്പിക്കുന്നതിലും തീർത്ഥാടന ടൂറിസത്തിലും വടക്കേന്ത്യൻ സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ഇതിനു പുറമേ, കുടുംബങ്ങൾക്കും റൈഡർമാർക്കുമെല്ലാം അവർ ആഗ്രഹിക്കുന്ന മട്ടിലുള്ള സഞ്ചാരയിടങ്ങളും താമസവുമൊക്കെ ഒരുക്കുന്നതിലും അവർ ശ്രദ്ധിക്കുന്നു. സഫാരി പ്രേമികൾക്കും കസ്റ്റമൈസ്ഡ് നിശാ സഫാരി പ്രേമികൾക്കുമെല്ലാം പ്രത്യേകം സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് അവർ. ഒരു വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം യാതൊരു അലോസരതകളുമില്ലാതെ അവധിക്കാലം അടിപൊളിയായി ആഘോഷിക്കാൻ കെർഹാവൻ ഹോളിഡേയ്‌സ് ചെറുതല്ലാത്ത പങ്കാണ് ഇന്ന് വഹിക്കുന്നത്. ഹോസ്പിറ്റാലിറ്റി രംഗത്ത് നിരവധി വർഷത്തെ അനുഭവപരിചയമുള്ള രവിശങ്കർ ജെ ആണ് കെർഹാവൻ ഹോളിഡേയ്‌സിന്റെ മാനേജിങ് ഡയറക്ടർ.

കെർഹാവൻ ഹോളിഡേയ്‌സിനൊപ്പമുള്ള യാത്രയായതിനാൽ അംബ്രോസിനും കുടുംബത്തിനും സുരക്ഷിതത്വത്തെപ്പറ്റി യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ എവിടെയെത്തിയെന്ന് തിരക്കിക്കൊണ്ട് കെർഹാവൻ ഹോളിഡേയ്‌സിൽ നിന്നുള്ളവരുടെ ഫോൺ കോളുകൾ. എല്ലാം അവിടെ സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ടെന്ന ഉറപ്പ്. കൊച്ചിയിൽ നിന്നും രാവിലെ ആറരയ്ക്ക് പുറപ്പെട്ട് മൂന്നാർ ടൗൺ കഴിയുമ്പോൾ ഒമ്പതര. ഇനിയും ഒന്നര മണിക്കൂർ ദൂരം കൂടിയുണ്ട് കാന്തല്ലൂരിലേക്ക്. അന്നയും എബിനുമൊക്കെ നിരന്തരം കളിതമാശകൾ പറഞ്ഞ് ചിരിക്കവേ, സ്റ്റീവ് നല്ല ഉറക്കത്തിലായിരുന്നു. മറയൂരിലേക്കുള്ള പാതയിലൂടെ സ്‌കോഡ കോഡിയാക്ക് കടന്നുപോയപ്പോൾ ചന്ദനമരങ്ങളുടെ കാഴ്ചയിലായിരുന്നു നിതയുടെ കണ്ണ്.

അംബ്രോസിന്റെ മടിയിൽ ഉറക്കത്തിലായിരുന്ന സ്റ്റീവ് ഉണർന്നപ്പോൾ പുറത്ത് തേയിലത്തോട്ടങ്ങൾക്കിടയിൽ മഞ്ഞ് ഒളിച്ചുകളിക്കുന്ന കാഴ്ച. മറയൂരു നിന്നും കാന്തല്ലൂർ ടൗണിലേക്കുള്ള യാത്ര അതിസുന്ദരമായ പ്രകൃതിദൃശ്യങ്ങളാൽ കണ്ണും മനസ്സും നിറച്ചു. കോവിൽക്കടവ് കഴിഞ്ഞ് വീണ്ടും ചില കയറ്റിറക്കങ്ങൾ താണ്ടിക്കഴിഞ്ഞപ്പോൾ കാന്തല്ലൂർ എന്ന ചെറുപട്ടണം മുന്നിൽ തെളിഞ്ഞു. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ ‘കേരളത്തിന്റെ കശ്മീർ’ എന്നറിയപ്പെടുന്ന സുന്ദരഗ്രാമമാണ്. കണ്ണൻദേവൻ മലകളും വട്ടവടയും കൊട്ടകമ്പൂരുമൊക്കെയാണ് ഗ്രാമത്തിന്റെ അതിർത്തിപ്രദേശങ്ങൾ. കാന്തല്ലൂർ ടൗണിൽ ഞങ്ങളെ കാത്ത് ‘ദ റാഞ്ച് -കാന്തല്ലൂരി’ന്റെ മാനേജിങ് പാർട്‌നറായ രഘു പിള്ള നിൽപുണ്ടായിരുന്നു. പ്രമുഖ ഫോട്ടോഗ്രാഫറായ സെബിൻസ്റ്റർ ഫ്രാൻസിസും രഘു പിള്ളയും ചേർന്നാണ് പട്ടീസറി ഹിൽ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ‘ദ റാഞ്ച്-കാന്തല്ലൂർ’ നടത്തിവരുന്നത്. ബംഗലുരുവിൽ ഒറാക്കിളിൽ ജോലി ചെയ്തിരുന്ന രഘുപിള്ള ആ ജോലി രാജിവച്ചാണ് ദ റാഞ്ചിൽ സെബിൻസ്റ്ററിനൊപ്പം ചേരുന്നത്. പ്രൊഫഷണലിസവും പാഷനുമൊക്കെ എങ്ങനെയാണ് മികച്ച ടൂറിസം ഹാവനുകൾ ഒരുക്കുന്നതെന്ന് ദ റാഞ്ച് പിന്നീട് ഞങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.


രഘുവിന്റെ കാർ ഞങ്ങളുടെ കാറിന് വഴികാട്ടിയായി. കാന്തല്ലൂർ ടൗണിൽ നിന്നും രണ്ട് കയറ്റിറക്കങ്ങൾ കയറിയിറങ്ങിയശേഷം അതിമനോഹരമായ താഴ്‌വാരത്തിലേക്ക് സ്‌കോഡ കോഡിയാക് ഇറങ്ങിത്തുടങ്ങിയപ്പോൾ അന്നയും സ്റ്റീവും എബിനും ആർത്തുവിളിച്ചു. ”ഞാൻ ആഗ്രഹിച്ച അതേയിടം തന്നെ,” അന്നയുടെ കമന്റ്. വലിയ മണ്ണുപാതകളിലൂടെ പുൽത്തകിടിയുടെ സുന്ദരദൃശ്യങ്ങളിലേക്കും തട്ടുതട്ടുകളായി ഒരുക്കിയിട്ടുള്ള മലഞ്ചെരുവിൽ പല വർണങ്ങളിലുള്ള ടെന്റുകളിലേക്കും കണ്ണുപതിഞ്ഞപ്പോൾ അന്ന സന്തോഷം കൊണ്ട് തുള്ളിച്ചാടി. ദ റാഞ്ചിന്റെ പാർക്കിങ് സ്ഥലത്ത് കോഡിയാക്ക് നിന്നപ്പോഴുടനെ അന്നയും എബിനും പുറത്തുചാടി. സ്റ്റീവ് നിതയുടെ കൈകളിൽ നിന്നും അവർക്കൊപ്പം ചാടാൻ വെമ്പിയെങ്കിലും അമ്മ വിട്ടില്ല.

പുറത്തേക്കിറങ്ങിയ കുടുംബത്തെ കാത്തിരുന്നത് അൽപം അകലെയുള്ള പശ്ചിമഘട്ടത്തിലെ മേലേയ്ക്ക് ഉയർന്നു നിൽക്കുന്ന പാറയിലെ മഞ്ഞിന്റെ ഒളിച്ചുകളികളാണ്. ഇതിനു തൊട്ടടുത്താണ് പുതിയ ഡാം സൈറ്റ്. ക്യാമ്പ് ഫയറിനായി ഒരുക്കിയിട്ടുള്ള പ്രത്യേകയിടവും മൺകുടിലും അതിനു മുന്നിലെ മാവിന്റെ കീഴെ മുള കൊണ്ട് നിർമ്മിച്ചിട്ടുള്ള ഡൈനിങ് മേശയും. ഇരിക്കുന്നതിനായി സ്‌റ്റൈലൻ കാൻവാസ് ചെയറുകൾ. രഘു ‘ദ റാഞ്ചി’ലെ കാര്യങ്ങൾ ഞങ്ങൾക്ക് വിശദീകരിച്ചു നൽകി: ”ബുഫേ ഡിന്നറും ഹൈ ടീയും ബ്രേക്ക് ഫാസ്റ്റുമൊക്കെ ദ റാഞ്ചിലുണ്ട്. ചപ്പാത്തിയും ചോറും ചിക്കൻ കറിയും ചിക്കൻ ഫ്രൈയും ദാൽ ഫ്രൈയും ആവശ്യമെങ്കിൽ ബാർബെക്യുവും ഇവിടെയുണ്ടാകും.” നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവാണ് ദ റാഞ്ചിലെ സീസൺകാലം. മഴയത്ത് ടെന്റുകളിൽ അന്തിയുറങ്ങാൻ താൽപര്യമുള്ള പലരുമുള്ളതിനാൽ മഴ ആസ്വദിക്കാനും മഴക്കാലത്ത് ഇവിടെ സഞ്ചാരികളുണ്ട്. ചിന്നാറിലേക്ക് ട്രക്കിങ് അറേഞ്ച് ചെയ്യുന്നതിനു പുറമേ, പ്രഭാതത്തിൽ നാലഞ്ച് കിലോമീറ്റർ ദൂരം ഹൈക്കിങ്ങും ദ റാഞ്ചിൽ നടത്തുന്നുണ്ട്. ബോട്ടിങ്ങിനുള്ള സൗകര്യങ്ങളും ഇവിടെ ഡാം വരുന്നതോടെ ഒരുങ്ങും. ചലച്ചിത്ര ഷൂട്ടിങ്ങുകൾക്കു വാടകയ്‌ക്കെടുക്കാവുന്ന സുന്ദരമായ ഒരു പ്രദേശം കൂടിയാണ് ദ റാഞ്ച് എന്ന് അവിടെ പ്രകൃതിരണീയത തെളിയിക്കുന്നുണ്ട്.

യാത്രയുടെ ക്ഷീണമകറ്റിയശേഷം അംബ്രോസും കുടുംബവും ഭക്ഷണത്തിനിരുന്നു. വട്ടവടക്കാരനായ ഷെഫ് രഞ്ജു ചിക്കൻ കറിയും റൈസും ദാൽ ഫ്രൈയും കണ്ണിമാങ്ങ അച്ചാറുമൊക്കെയായി വന്നു. വിഭവങ്ങളുടെ ധാരാളിത്തമൊന്നുമില്ലെങ്കിലും എല്ലാം അതീവ രുചികരം. മരത്തണലിലിരുന്ന് തമാശയും കുസൃതിയുമൊക്കെയായി കുരുന്നുകൾ ഭക്ഷണം കഴിക്കുന്ന കാഴ്ച തന്നെ തീർത്തും സിനിമാറ്റിക് ആയിരുന്നു. നഗരപ്രദേശങ്ങളിൽ നിന്നും ഗ്രാമത്തിന്റെ ഏകാന്തസുന്ദരതയിലേക്ക് വഴിമാറുമ്പോൾ ജീവിതം സംഗീതമയമാകുന്നതു പോലെ തോന്നുമല്ലോ. താഴ്‌വരയിൽ ഒരുവശത്ത് സഹ്യന്റെ മഞ്ഞിൽ മിന്നിമറയുന്ന രൂപം. മറുവശത്ത് യൂക്കാലിമരങ്ങളുടെ സൗന്ദര്യം. ലെമൺ ഗ്രാസ് നിറഞ്ഞ താഴ്‌വരയ്ക്കടുത്ത് ഫോട്ടോ ഫ്രെയിമായി ഒരുക്കിയിട്ടുള്ള കൂറ്റൻ ചതുരൻ ഫ്രെയിം. ഇവിടെ നിന്നുകൊണ്ട് മലകളുടെ പശ്ചാത്തലത്തിൽ ചിത്രമെടുത്താൽ ഒരു ഗംഭീരചിത്രമായി അതു മാറും.

ഭക്ഷണത്തിനുശേഷം കുട്ടികൾ ടെന്റുകളും താഴ് വരയുമൊക്കെ കാണാനിറങ്ങി. എല്ലാവർക്കും നിറഞ്ഞ സന്തോഷം. അന്നയും എബിനും ഫുട്‌ബോൾ കളിക്കുകയാണ്. സ്റ്റീവ് രഘു കൊണ്ടുവന്ന മധുരം നിറഞ്ഞ പാഷൻ ഫ്രൂട്ടുകൾ ആസ്വദിക്കുന്നു. ഒരു പാത്രം നിറയെയുണ്ട് പാഷൻ ഫ്രൂട്ട്. അടർത്തിയെടുത്ത് വായിൽ വയ്ക്കുമ്പോൾ തന്നെ മധുരതരമായി അലിഞ്ഞിറങ്ങുന്നു അത്. വേലിയ്ക്കു പുറത്തുള്ള ദ റാഞ്ചിന്റെ ഭാഗങ്ങളിലെല്ലാം ഓറഞ്ചു ചെടികളും സൂര്യകാന്തിപ്പൂക്കളുമൊക്കെ നിറയ്ക്കാനുള്ള പരിപാടിയിലാണ് രഘു. മാതള നാരകവും പേരയ്ക്കയും ചെറു നെല്ലിക്കയും മുട്ടപ്പഴവുമൊക്കെ കാന്തല്ലൂരിൽ എവിടേയും സുലഭവുമാണല്ലോ. ഇതിനു പുറമേ, ‘ദ റാഞ്ചി’ൽ ഭക്ഷണത്തിനു പയോഗിക്കുന്ന കാരറ്റും ബീൻസും വെളുത്തുള്ളിയുമൊക്കെ തീർത്തും ജൈവകൃഷിയിലൂടെ കോമ്പൗണ്ടിനു പുറത്ത് വളർത്തുന്നുമുണ്ട്.

ക്യാമ്പ് ഫയറും പാട്ടും നൃത്തവുമൊക്കെയായിട്ടായിരുന്നു ദ റാഞ്ചിലെ സന്ധ്യ. അന്നയുടേയും എബിന്റേയുമൊക്കെ കളികളിൽ കാഴ്ചപ്പൂരം. പിന്നെ ടെന്റിൽ പ്രകൃതിയോട് ഇണങ്ങിയുള്ള ഉറക്കം. പ്രകൃതിയുടെ പുല്ലുമെത്തകൾക്കുമേൽ ഒരുക്കിയിട്ടുള്ള കൂടാരത്തിൽ അന്തിയുറങ്ങുമ്പോൾ നഗരത്തിന്റെ എല്ലാ തിരക്കുകളും നാം മറക്കും. പ്രശാന്തതയുടെ തീരമാണ് അവിടെ തുറക്കപ്പെടുന്നത്. എല്ലാം മറന്ന് പ്രകൃതിയുടെ മടിത്തട്ടിൽ ഒരു ദിവസം. ‘ദ റാഞ്ച് -കാന്തല്ലൂർ’ മറക്കാനാകാത്ത ഒരു അനുഭവം തന്നെയാണ്.

കെർഹാവൻ ഹോളിഡേയ്‌സ് അംബ്രോസിനും കുടുംബത്തിനുമൊരുക്കിയ പുതുവത്സരസമ്മാനത്തിന് താങ്ങാനാകുന്ന നിരക്കു മാത്രമേയുള്ളു. ബൈക്ക് റൈഡർമാർക്കും ഓഫ് റോഡിങ് വാഹനമുള്ളവർക്കുമെല്ലാം കാന്തല്ലൂരിലെ ‘ദ റാഞ്ച്’ അപൂർവ സുന്ദരമായ ഒരു അനുഭവമായിരിക്കും ഒരുക്കുന്നതെന്നുറപ്പ്. കെർഹാവൻ ഹോളിഡേയ്‌സ് അപൂർവ സുന്ദരയിടങ്ങളിലേക്ക് ഒരുക്കുന്ന മറ്റൊരു യാത്രയുമായി അടുത്തലക്കത്തിൽ വീണ്ടും കാണാം$

Kerhaven Holidays Pvt. Ltd.
Door No: 40/619 B, Kumari Vilas
Poothampilli Towers
M G Road, Ernakulam- 682016
Kerala, India

Mob: 9544000123, 9544000789
Tel: 0484 2377297
Email: kerhaven@gmail.com
Web: www.kerhavenholidays.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>