Travel Blues by C Radhakrishnan
September 18, 2019
GAG Engineering: Strong as Steel!
September 20, 2019

കഥയുടെ വാഹനവഴികൾ- സി രാധാകൃഷ്ണൻ

എന്റെ കാറിന്റെ വരവ് കണ്ട് ആറാം ഇന്ദ്രിയത്തിലൂടെ അത് ബസ്സിലേക്ക് ഇടിച്ചു കയറാൻ പോകുകയാണെന്ന് മനസ്സിലാക്കി, ബസ് നിർത്തി യാത്രക്കാരെ ആ കാഴ്ച കാണാൻ ക്ഷണിക്കുകയായിരുന്നു ആ സർദാർജി. അദ്ദേഹത്തിന്റെ ആ ദീർഘവീക്ഷണം വാസ്തവത്തിൽ എന്റെ ജീവൻ രക്ഷിച്ചു. അദ്ദേഹം എന്നോട് അന്ന് ഇങ്ങനെ പറയുകയും ചെയ്തു: ”മകനെ, ഇനി നീ ഡ്രൈവ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.” ഞാൻ അദ്ദേഹത്തിന്റെ ആ ഉപദേശം ശിരസ്സാവഹിച്ചു. പിന്നീടൊരിക്കലും ഞാൻ വാഹനം ഓടിച്ചിട്ടില്ല. – പ്രമുഖ എഴുത്തുകാരൻ സി രാധാകൃഷ്ണൻ സ്മാർട്ട് ഡ്രൈവിനായി എഴുതിയ ലേഖനം വായിക്കൂ…

സി രാധാകൃഷ്ണൻ

കൊച്ചിയിൽ നിന്നും ദൽഹിയിലേക്കുള്ള വിമാനത്തിലിരുന്നാണ് സ്മാർട്ട്‌ഡ്രൈവിനായുള്ള ഈ ലേഖനം ഞാനെഴുതുന്നത്. സീറ്റ് ബെൽറ്റ് ധരിക്കുന്നതു സംബന്ധിച്ച അടയാളം മാഞ്ഞിട്ടേയുള്ളു. അവസാനത്തെ നിരയിൽ ആളുകൾ നടക്കുന്ന വഴിയോട് ചേർന്നാണ് എന്റെ ഇരിപ്പിടം. അതുകൊണ്ടു തന്നെ അതിനരുകിലൂടെ ടോയ്‌ലറ്റിലേക്കുള്ള കനത്ത ട്രാഫിക്കുണ്ട്. കംഫർട്ട് സ്‌റ്റേഷന്റെ അടുത്ത് തന്നെയാണ് എന്റെ ഇരിപ്പെന്നതിനാൽ എന്റെ കംഫർട്ടിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ.

മിഠായി നിറഞ്ഞ ട്രേകളുമായും ഫ്രെഷ്‌നെസ്സ് ടിഷ്യു പേപ്പറുമായും ചെവിയിലെ അസുകരമായ അവസ്ഥ ഒഴിവാക്കാൻ പഞ്ഞിയുമൊക്കെയായി വിമാനത്തിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്തിരുന്ന കാലമൊക്കെ പോയിരിക്കുന്നു. ഇവയൊക്കെ തന്നെയും ഒരു വിടർന്ന പുഞ്ചിരിയിലേക്ക് മാത്രമായി ചുരുക്കപ്പെട്ടുവെങ്കിലും ഈ നഷ്ടങ്ങളൊക്കെ നികത്താൻ ആ പുഞ്ചിരി പര്യാപ്തമല്ലെന്നതാണ് സത്യം.

സി രാധാകൃഷ്ണൻ തന്റെ പേരക്കുട്ടിക്കൊപ്പം

ഇന്നെന്റെ 76-ാമത്തെ ജന്മദിനമാണ്; ലേഖനമെഴുതേണ്ടത് വാഹനങ്ങളെക്കുറിച്ചാകയാൽ സ്വാഭാവികമായും ഞാൻ എന്റെ ജീവിതകാലത്ത് ഉപയോഗിക്കുകയോ അറിയുകയോ ഒക്കെ ചെയ്ത വാഹനങ്ങളെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങി. ഈ ലോകത്ത് ഞാൻ പിറന്നുവീണയിടത്തിൽ അക്കാലത്ത് സൈക്കിൾ തന്നെ ഒരു അത്ഭുതമായിരുന്നു. കാലുകൾക്കിടയിൽ രണ്ടു ചക്രങ്ങളുള്ള തിളങ്ങുന്ന നിറത്തിലുള്ള ആ വാഹനം ഒരാൾ അതിവേഗം ചവിട്ടിക്കൊണ്ടുപോകുന്നത് ഒരു പുരുഷാരത്തിനിട യിൽ നിന്നുകൊണ്ട് ഞാൻ എല്ലാവരേയും പോലെ അത്ഭുതത്തോടെ വീക്ഷിച്ചത് എന്റെ ഓർമ്മയിലുണ്ട്! വലിയ ശബ്ദത്തോടെ പലയിടങ്ങളിലായി ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന കാളവണ്ടികളിൽ നിന്നുള്ള മോചനമായിരുന്നു അത്. ഏതാനും വർഷങ്ങൾക്കുശേഷം ഞങ്ങളുടെ സ്‌കൂളിനടുത്ത ഒരു കടയിൽ നിന്നും മണിക്കൂറിന് ആറു പൈസ നിരക്കിൽ വാടകയ്ക്ക് സൈക്കിൾ ലഭിച്ചു തുടങ്ങി. അതിലാണ് ഞങ്ങളുടെ നാട്ടുകാർ സൈക്കിൾ ചവിട്ടാൻ ആദ്യം പഠിച്ചത്. ഞാൻ സൈക്കിൾ പഠിക്കാൻ ശ്രമിച്ച ആദ്യ ദിവസം തന്നെ റോഡിനരുകിലുള്ള ഒരു കുളത്തിലേക്ക് മറിഞ്ഞുവീണു. കുളത്തിൽ നീന്തി ഞാൻ രക്ഷപ്പെട്ടെങ്കിലും സൈക്കിൾ കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയി. എന്നിരുന്നാലും പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ബാലൻസ് ചെയ്യുകയെന്ന കല അഭ്യസിച്ചു; ശരീരമുടനീളം പല പോറലുകളുമുണ്ടായെങ്കിലും!

കൊടൈക്കനാലിൽ അസ്‌ട്രോഫിസിക്കൽ ഒബ്‌സർവേട്ടറിയിൽ ജോലി ലഭിച്ചശേഷമാണ് ബൈക്ക് ഓടിക്കാൻ പഠിക്കണമെന്ന എന്റെ മോഹം യാഥാർത്ഥ്യമായത്. ഇത്തവണ എന്നെ പഠിപ്പിക്കാൻ നിയുക്തനായ ആൾ അക്കാര്യത്തിൽ സമർത്ഥനും അനുഭവപരിചയമുള്ള യാളുമായതിനാൽ പഠനപ്രക്രിയ വളരെ ലാഘവത്തോടെ മുന്നേറി. എന്നാൽ ഞാൻ അഭിമാനപൂർവം എന്റെ അച്ഛന് ആ ബൈക്കിൽ ഒരു ലിഫ്റ്റ് നൽകിയത് തെറ്റായിപ്പോയി. ആ ഹിൽ സ്‌റ്റേഷനിൽ എന്റെ ജീവിതം എങ്ങനെയുണ്ടെന്ന് നോക്കിക്കണ്ടറിയാൻ വന്നതായിരുന്നു അച്ഛൻ. അദ്ദേഹം പിൻ സീറ്റിൽ നിന്നുമിറങ്ങിയശേഷം ബൈക്കിന്റെ വേഗതയേയും നിർമ്മാതാക്കളേയും കുറിച്ചൊക്കെ പ്രശംസ ചൊരിഞ്ഞശേഷം അതിന്റെ കീ ഊരിയെടുത്തു. വൈകാതെ തന്നെ ഞാൻ ആ വാഹനം വിൽക്കാനായിരുന്നു അദ്ദേഹത്തിന്റെ ആജ്ഞ. ”ഇതിനേക്കാൾ ശബ്ദം കുറഞ്ഞ നാലു ചക്രമുള്ള വാഹനമേതെങ്കിലും നീ വാങ്ങിക്കോളൂ,” അച്ഛൻ കൽപിച്ചു.

പക്ഷേ ഒരു മോട്ടോർ കാർ എന്റെ ബജറ്റിനു താങ്ങാനാവുന്നതിനപ്പുറമായിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം ഒരു പത്രപ്രവർത്തകനായി ദൽഹിയിൽ ജീവിക്കുന്ന കാലത്ത് എനിക്കൊരു കാർ വാങ്ങാനായി. അത് സുന്ദരിയായ ഒരു വാഹനമായിരുന്നു; ഞാനതിനെ സ്‌നേഹിച്ചു. പക്ഷേ ഈ സന്തുഷ്ട ദാമ്പതൃവും അധികകാലം നീണ്ടു നിന്നില്ല. വിജനമായ ബഹാദുർ ഷാ സഫർ മാർഗിലൂടെ ഒരു ശൈത്യകാലത്ത് ഞാൻ സന്തോഷത്തോടെ ആ കാർ ഓടിച്ചുകൊണ്ടു പോയത് എന്റെ ഓർമ്മയിലുണ്ട്. പെട്ടെന്ന് ഞാൻ കാണുന്നത് എന്റെ കാറിനെ തടസ്സപ്പെടുത്തിക്കൊണ്ട് മുന്നിൽ ദൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഒരു ഡബിൾ ഡക്കർ ബസ്സു കിടക്കുന്നതാണ്. എന്റെ കാറിന്റെ ബോണറ്റ് ആ ബസ്സിന്റെ മുന്നിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ആ ബസ്സിന്റെ വിദഗ്ധനായ ഡ്രൈവർ- ദയാലുവായ ഒരു സർദാർ ആയിരുന്നു അദ്ദേഹം- എന്റെ കാറിന്റെ വരവ് കണ്ട് ആറാം ഇന്ദ്രിയത്തിലൂടെ അത് ബസ്സിലേക്ക് ഇടിച്ചു കയറാൻ പോകുകയാണെന്ന് മനസ്സിലാക്കി, ബസ് നിർത്തി യാത്രക്കാരെ ആ കാഴ്ച കാണാൻ ക്ഷണിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആ ദീർഘവീക്ഷണം വാസ്തവത്തിൽ എന്റെ ജീവൻ രക്ഷിച്ചു. അദ്ദേഹം എന്നോട് അന്ന് ഇങ്ങനെ പറയുകയും ചെയ്തു: ”മകനെ, ഇനി നീ ഡ്രൈവ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.” ഞാൻ അദ്ദേഹത്തിന്റെ ആ ഉപദേശം ശിരസ്സാവഹിച്ചു. പിന്നീടൊരിക്കലും ഞാൻ വാഹനം ഓടിച്ചിട്ടില്ല.

ആയുർദൈർഘ്യമുണ്ടായതുകൊണ്ടു തന്നെ പൊതുഗതാഗത സംവിധാനത്തിലെ മിക്കവാറും എല്ലാ വാഹനങ്ങളേയും അറിയാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഒരു ക്രാങ്ക്ഷാഫ്റ്റ് ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്തിരുന്ന, ഇരുമ്പു ചക്രങ്ങളും മരംകൊണ്ടുള്ള ബോഡിയുമുള്ള ബസ്സു തൊട്ടു തുടങ്ങുന്നു അത്. മണിക്കൂറിൽ ആറു കിലോമീറ്റർ വേഗത്തിൽ മാത്രം സഞ്ചരിക്കുന്ന ആ വാഹനത്തിന്റെ സ്റ്റീയറിങ് തിരിക്കാൻ ഡ്രൈവർ അയാളുടെ സർവശക്തിയും വിനിയോഗിക്കുന്ന സമയത്ത് ഗിയർ ആ സ്ഥാനത്ത് ഉറപ്പിച്ചു നിർത്താൻ മറ്റൊരാളുടെ സഹായം പോലും വേണ്ടിയിരുന്നു. എന്റെ സുഹൃത്തായ ഒരു ഡ്രൈവർ പലപ്പോഴും ഈ വിലപ്പെട്ട ജോലി ചെയ്യാൻ എന്നെ അനുവദിച്ചിരുന്നു. കൽക്കരി വാതകം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ബസ്സുകളാണ് പിന്നീട് വന്നത്. ഇതിന്റെ ഗ്യാസ് ടാങ്കുകൾ നിറയ്ക്കുന്നതിനായി പിൻചക്രങ്ങൾ കറക്കേണ്ടതായിട്ടുണ്ടായിരുന്നു. അക്കാലത്ത് ഞങ്ങൾ കുട്ടികൾ, ഈ ജോലി ചെയ്യുന്നതിനായി ഞങ്ങളുടെ ഊഴം കാത്തു നിൽക്കാറുണ്ടായിരുന്നു.

ഞാൻ ആദ്യമായി സഞ്ചരിച്ച തീവണ്ടിക്ക് എഞ്ചിനു പുറമേ, മൂന്നു കംപാർട്ട്‌മെന്റുകളും ഒരു കൽക്കരി വാഗണുമുണ്ടായിരുന്നു. ഈ കംപാർട്ട്‌മെന്റുകളിലെ വാതിലുകൾക്കും ജനലുകൾക്കും അടപ്പുകൾ ഉണ്ടായിരുന്നില്ല. മൂട്ടകൾ നിറഞ്ഞ മരത്തിൽ ഇരിക്കാനൊരിടം കിട്ടുന്നവർ ഭാഗ്യവാന്മാരായി കണക്കാക്കപ്പെട്ടിരുന്ന കാലം. നാൽപതു കിലോമീറ്ററോളം ഈ തീവണ്ടിയിൽ യാത്ര ചെയ്ത് തീവണ്ടിയിൽ നിന്നും ഞാൻ പുറത്തുവരുമ്പോൾ കൽക്കരി ഖനിയിലെ ഒരു തൊഴിലാളിയെപ്പോലെയാണ് ഞാൻ തോന്നിച്ചത്. കോളെജ് വിദ്യാഭ്യാസത്തിനായുള്ള അഭിമുഖത്തിന് ഞാൻ എത്തിയത് അത്തരത്തിലുള്ള കരിങ്കുട്ടനായാണ്. ഇതേ മേക്കപ്പിലുള്ള പലരും അന്നേ ദിവസം ആ അഭിമുഖത്തിന് എത്തിയതിനാൽ ഭാഗ്യത്തിന് കോളെജ് അധികൃതർ എനിക്ക് പ്രവേശനം നിഷേധിച്ചില്ല.

മുംബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള ഒരു ആ വ്‌റോ വിമാനത്തിലാണ് ഞാൻ ജീവിതത്തിലാദ്യമായി വിമാനത്തിൽ കയറിയത്. 1963-ലായിരുന്നു അത്. അന്നത്തെ കാലത്ത് വിമാനയാത്രയ്ക്ക് വലിയ വില നൽകണമായിരുന്നു. 250 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്! വളരെ ദുർഘടമായ ഒരു വിമാനയാത്രയായിരുന്നു അത്. എയർ ഹോസ്റ്റസിന് ഒരു പണി കൊടുക്കാൻ പൈലറ്റ് ചെയ്ത ഉപദ്രവമാണതിനു കാരണമെന്ന് പിന്നീടെനിക്ക് പിടികിട്ടി. നിർദ്ദേശിക്കപ്പെട്ടതിൽ നിന്നും വളരെ താഴ്ന്നു പറന്ന് യാത്രക്കാർക്ക് അലോസരത്വം സൃഷ്ടിച്ച് അവരെയൊക്കെ ഛർദ്ദിപ്പിച്ച് എയർ ഹോസ്റ്റസിന് കണക്കിനു പണി കൊടുക്കുകയായിരുന്നു അയാൾ.

ലാൻഡിങ്ങിനായുള്ള അനൗൺസ്‌മെന്റ് വന്നതോടെ ഞാൻ എന്റെ ‘ഇലക്‌ട്രോണിക് ഉപകരണം’ ഷട്ട്ഡൗൺ ചെയ്തു. ഏതാനും നിമിഷങ്ങൾക്കുശേഷമാണ് ഞാൻ മറ്റു യാത്രക്കാരെപ്പോലെ ഞെട്ടലോടെ ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്. വിമാനം ലാൻഡ് ചെയ്യുന്നതിനു ഏതാനും അടി മുമ്പായി തന്നെ അത് സർവശക്തിയും പുനരാർജിക്കുന്നുവെന്ന സത്യം. ഒഴിവാക്കപ്പെട്ട അപ്രോച്ച് വഴിയിലൂടെ ഇറങ്ങുകയായിരുന്നുവെങ്കിൽ വിമാനം റൺവേയിൽ എത്തുന്നതിനു മുമ്പു തന്നെ നിലംതൊടുമായിരുന്നു! നട്ടെല്ലു മരവിപ്പിക്കുന്ന ഭീതിദമായ ആ അനുഭവത്തിനുശേഷം യാത്രക്കാർ പുറത്തേക്കിറങ്ങാനായി തയാറെടുക്കുമ്പോഴാണ് ഡോറുകൾ തുറക്കാൻ പറ്റാത്തവിധം ജാമായിപ്പോയിരിക്കുന്നുവെന്ന അനൗൺമെന്റ് വന്നത്.

അങ്ങനെയാണ് സ്മാർട്ട്‌ഡ്രൈവിനായുള്ള ഈ ലേഖനം വിമാനത്തിലിരുന്നു തന്നെ പൂർത്തീകരിക്കാൻ എനിക്കായത്. ഒരു മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടതെന്നതിനു പുറമേ ഇപ്പോഴത്തെ പ്രശ്‌നം മൂലം അർദ്ധരാത്രി കഴിയുകയും ചെയ്തിരിക്കുന്നു. എയർ ഹോസ്റ്റസ് ഇനി എന്നോട് ഗുഡ് നൈറ്റ് ചൊല്ലിയാണ് പിരിയുന്നതെങ്കിൽ ഒരു ചെറുചിരിയോടെ എനിക്കവരെ തിരുത്തേണ്ടി വരുമെന്നുറപ്പ്: ”ഗുഡ്‌മോണിങ് മിസ്!”
(ഏത് കമ്പനിയുടെ വിമാനത്തിലാണ് എന്റെ സഞ്ചാരമെന്ന കാര്യം ഞാൻ പറയാതെ തന്നെ നിങ്ങൾ ഊഹിച്ചോളുമെന്ന് എനിക്കറിയാം. അത് തെറ്റാനുമിടയില്ല.)$

(പുനപ്രസിദ്ധീകരണം)

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>