BOEING: The King of Skies!
September 25, 2018
Cochin Tunes: Composer Kailas Menon in a Special edition Nissan Sunny
October 13, 2018

ഒരു സ്വീഡിഷ് കാർ കഥ

ക്രിസ്ത്യൻ വോൺ കോനിഗ്‌സെഗ്

ഞാനൊരിക്കൽ ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ നിൽക്കുകയായിരുന്നു. ഒരാൾക്കൂട്ടം കണ്ട് അടുത്തു ചെന്നു നോക്കിയപ്പോൾ അതൊരു കോനിഗ്‌സെഗ് കാണാനുള്ള തിക്കിത്തിരക്കായിരുന്നുവെന്ന് മനസ്സിലായി! പൊതുവേ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാത്ത യൂറോപ്യന്മാരെപ്പോലും ആകർഷിക്കാൻ കോനിഗ്‌സെഗിന് കഴിഞ്ഞു!

ബൈജു എൻ നായർ

ക്രിസ്ത്യൻ വോൺ കോനിഗ്‌സെഗ് എന്ന അഞ്ചു വയസ്സുകാരനായ കുട്ടി പിഞ്ച് ക്ലിഫ് ഗ്രാന്റ്പ്രീ എന്നൊരു സിനിമ കാണുന്നു. സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന ഒരാൾ റേസ് കാർ നിർമ്മിച്ച് വിജയിക്കുന്നതാണ് സിനിമയുടെ കഥ.
സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ ക്രിസ്ത്യൻ തന്റെ പിതാവിനോടു പറഞ്ഞു: വലുതാകുമ്പോൾ ഞാനും ഒരു റേസ് കാർ നിർമ്മിക്കും.
17 വർഷങ്ങൾക്കുശേഷം 22-ാം വയസിൽ ആ യുവാവ് തന്റെ ലക്ഷ്യം നിറവേറ്റി. അഞ്ചുപേരടങ്ങുന്ന ഒരു ടീം രൂപീകരിച്ച് കാറിന്റെ ബോഡിയും സസ്‌പെൻഷനും ബ്രേക്കുകളുമെല്ലാം സ്വയം നിർമ്മിച്ച് കാർ പുറത്തിറക്കാൻ ക്രിസ്ത്യന് രണ്ടു വർഷമേ വേണ്ടി വന്നുള്ളു. കോനിഗ്‌സെഗ് സിസി എന്നു പേരിട്ട ആ കാർ ഇപ്പോഴും ക്രിസ്ത്യൻ പൊന്നു പോലെ സൂക്ഷിക്കുന്നുണ്ട്, ഓടിക്കുന്നുണ്ട്.
ലോകത്തിലെ എണ്ണം പറഞ്ഞ സ്‌പോർട്‌സ് കാർ നിർമ്മാണ കമ്പനികളിലൊന്നായ കോനിഗ്‌സെഗിന്റെ ഉദയ കഥയാണ് മേൽപ്പറഞ്ഞത്. ക്രിസ്ത്യൻ വോൺ എന്ന സ്വീഡിഷ് യുവാവിന്റെ ആ സ്വപ്‌നം 2002 മുതൽ ചിറകുവിടർത്തി പറന്നു തുടങ്ങി. സിസി8 എസ് മുതൽ റെഗേര വരെയുള്ള 18 മോഡലുകളാണ് കോനിഗ്‌സെഗ് ഇതുവരെ നിർമ്മിച്ചിട്ടുള്ളത്. അവയിൽ ചിലത് മൂന്നും നാലും യൂണിറ്റുകളൊക്കെയേ വിറ്റുപോയിട്ടുള്ളൂ. എന്നിട്ടും ഫെരാരി, ലബോർഗ്‌നി തുടങ്ങിയ വമ്പൻ സൂപ്പർ കാർ നിർമ്മാണ കമ്പനികൾ പോലും കോനിഗ്‌സെഗിനെ ആദരവോടെയാണ് കാണുന്നത്. കാരണം, ഈ കമ്പനി ആരുമായും പാർട്‌സുകളൊന്നും പങ്കിടുന്നില്ല എന്നതു തന്നെ. 79 പേരടങ്ങുന്ന ‘ടീം ക്രിസ്ത്യ’ന്റെ നേതൃത്വത്തിൽ എഞ്ചിൻ മുതൽ നട്ടും ബോൾട്ടും വരെ സ്വയം നിർമ്മിക്കുന്നു. 25 എഞ്ചിനീയർമാരാണ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ടീമിലുള്ളത്.
നിരവധി ലോക റെക്കോർഡുകൾ കോനിഗ്‌സെഗിന്റെ പേരിലുണ്ട്. 388.87 കി.മീ വേഗതയെടുത്ത സിസിആർ എന്ന മോഡൽ ലോകത്തിന്റെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാർ എന്ന റെക്കോർഡുമായി ഗിന്നസ് ബുക്കിലുണ്ട്. മക്‌ലാറൻ എഫ് വൺ കാറിന്റെ റെക്കോർഡാണ് അന്ന് സിസി ആർ തകർത്തത്. (പിന്നീട് ബുഗാട്ടി വെയ്‌റോൺ ആയി, ഫാസ്റ്റസ്റ്റ് പ്രൊഡക്ഷൻ കാർ) വീണ്ടും 2017ൽ അഗേര ആർ എസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറായി. യുഎസിലെ നെവാദയിൽ റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ കാറോട്ടത്തിൽ അഗേര ആർ എസ് കൈവരിച്ചത് 446.97 കി.മീ/മണിക്കൂർ എന്ന അവിശ്വസനീയമായ വേഗമാണ്!

KOENIGSEGG AGERA RS

കാറുകൾ നിർമ്മിക്കാനുള്ള പണം കണ്ടെത്തുന്നതിനായി ക്രിസ്ത്യൻ വോൺ 20 വയസ്സിൽ ഒരു കമ്പനി തുടങ്ങുകയാണ് ആദ്യം ചെയ്തത്. അൽപ്രാസ് എന്ന പേരിൽ ആരംഭിച്ച കമ്പനി ഭക്ഷ്യവിഭവങ്ങളുടെ കയറ്റുമതിയാണ് നടത്തിയിരുന്നത്. ഈ ബിസിനസ്സിൽ നിന്നു ലഭിച്ച പണം കൊണ്ടാണ് ക്രിസ്ത്യൻ തന്റെ ആദ്യ കാർ നിർമ്മിച്ചത്. 2003ൽ ആദ്യ ഫാക്ടറി കത്തിച്ചാമ്പലായിപ്പോയ അനുഭവമുണ്ടായി, ആ യുവാവിന്. പിന്നെ, ഉപേക്ഷിക്കപ്പെട്ട ഒരു വിമാനത്താവളം വിലയ്ക്കുവാങ്ങി, അവിടുത്തെ ഷെഡ്ഡുകളിലാണ് സ്ഥാപനം പുനരാരംഭിച്ചത്. അവിടുത്തെ 1.7 കി.മീ. നീളമുള്ള റൺവേയാണ് ഇപ്പോഴും കോനിഗ്‌സെഗിന്റെ ടെസ്റ്റ് ട്രാക്ക്.
റോക്കറ്റ് കാറ്റലിറ്റിക് കൺവർട്ടർ, സൂപ്പർ ചാർജർ റെസ്‌പോൺസ് സിസ്റ്റം, വേരിയബിൾ ജ്യോമട്രി ടർബോ സിസ്റ്റം എന്നിങ്ങനെ പുതിയ പല കണ്ടുപിടുത്തങ്ങളും ക്രിസ്ത്യന്റെ പരീക്ഷണശാലയിൽ ജന്മം കൊണ്ടിട്ടുണ്ട്. കാർബൺ ഫൈബർ ഏറ്റവുമധികം ഉപയോഗിച്ചു തുടങ്ങിയതും കോനിഗ് സെഗിന്റെ മോഡലുകളിലാണ്.
ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ കാറുകളാണ് കോനിഗ്‌സെഗ് നിർമ്മിക്കുന്നത്. ഉദാഹരണമായി അഗേര എന്ന മേഡലിന് ഏതാണ്ട് 13 കോടി രൂപ വില വരും. അതുകൊണ്ടു തന്നെയാണ് കോനിഗ്‌സെഗിന്റെ മോഡലുകൾ വിരലിലെണ്ണാവുന്നവ മാത്രം വിറ്റഴിയുന്നത്. പക്ഷേ, കോനിഗ്‌സെഗ് ഉടമ എന്നു പറയുന്നത് അന്തസ്സിന്റെ ലക്ഷണമായാണ് യൂറോപ്പിലെ വാഹനപ്രേമികൾ കണക്കാക്കുന്നത്.
ഞാനൊരിക്കൽ ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ നിൽക്കുകയായിരുന്നു. ഒരാൾക്കൂട്ടം കണ്ട് അടുത്തു ചെന്നു നോക്കിയപ്പോൾ അതൊരു കോനിഗ്‌സെഗ് കാണാനുള്ള തിക്കിത്തിരക്കായിരുന്നുവെന്ന് മനസ്സിലായി! പൊതുവേ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാത്ത യൂറോപ്യന്മാരെപ്പോലും ആകർഷിക്കാൻ കോനിഗ്‌സെഗിന് കഴിഞ്ഞു!
ഇത്തരം കഥകൾ നമ്മുടെ കുട്ടി കൾക്കും പ്രചോദനമാകട്ടെ. അവർ സ്വപ്നങ്ങൾ കണ്ടുതുടങ്ങട്ടെ. സ്വപ്‌നം കാണുക എന്ന് മുൻരാഷ്ട്രപതി അബ്ദുൾ കലാം കുട്ടികളോട് പറയാറുണ്ടായിരുന്നല്ലോ.
Copyright: Smartdrive- September 2018

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>