TATA Nexon Review-Test Drive
May 25, 2018
Fine Tuned…
August 6, 2018

The Spice Trail: Travel to Slice of Spice, the house of Al Ashrouf Chicken

അഷ്‌റഫും അജാസ് അഷ്‌റഫും അജാസിന്റെ മകൻ മുഹമ്മദ് ഇബ്രാഹിമും കാക്കനാട്ടെ സ്ലൈസ് ഓഫ് സ്‌പൈസ് റസ്റ്റോറന്റിനുമുന്നിൽ

അൽ അഷ്‌റൂഫ് ചിക്കൻ എന്ന രഹസ്യരുചിക്കൂട്ടുള്ള വിഭവം എങ്ങനെയാണ് ഒരു റസ്റ്റോറന്റ് ശൃംഖലയുടെ പിറവിക്കു തന്നെ കേരളത്തിൽ വഴിവച്ചത്? അൽ അഷ്‌റൂഫ് ചിക്കന്റെ എക്‌സ്‌ക്ലൂസീവ് റസ്റ്റോറന്റായ സ്ലൈസ് ഓഫ് സ്‌പൈസിന് ചുക്കാൻ പിടിക്കുന്ന അജാസ് അഷ്‌റഫിനൊപ്പം അദ്ദേഹത്തിന്റെ പുതിയ ഫോർഡ് ഇക്കോസ്‌പോർട്ടിൽ സ്മാർട്ട് ഡ്രൈവിന്റെ സഞ്ചാരം…

എഴുത്ത്: ജെ. ബിന്ദുരാജ് ഫോട്ടോകൾ: ജോണി തോമസ്

ചങ്ങനാശ്ശേരിയിലെ കനിയപ്പ ഹാജിയെ അറിയാത്തവരായി അപൂർവം പേരെ അക്കാലത്ത് ആലപ്പുഴയിലും കോട്ടയത്തുമൊക്കെ ഉണ്ടായിരുന്നുള്ളു. മട്ടാഞ്ചേരിയിൽ നിന്നും അദ്ദേഹം തോണിയിൽ ചങ്ങനാശ്ശേരിയിലുള്ള തന്റെ പലചരക്കുകടയിലേക്ക് എത്തിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളായിരുന്നു അന്നാട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ടവ. കറിയിലെ മസാല കനിയപ്പയുടെ കടയിലേതാണോ എന്നു പോലും നാട്ടുകാർ ചോദിച്ചിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ഹാജിയുടെ ഇളയമകനാണ് ഇന്ന് കനിയപ്പ സ്റ്റോഴ്‌സ് എന്ന പേരിൽ ആ കട നടത്തുന്നത്. മറ്റൊരു മകനായ പുതുപ്പറമ്പിൽ കനിയപ്പ അഷ്‌റഫിന് ബാപ്പ ബിസിനസ് ചെയ്യാനായി ചങ്ങനാശ്ശേരി ടൗണിൽ ഒരു കട നൽകിയപ്പോൾ കാസറ്റ് വിൽപനയിലേക്കാണ് ആദ്യം അദ്ദേഹം പോയത്. പിന്നെ പലചരക്ക് കട തുടങ്ങി. അതിനുശേഷം അവിടെ ഒരു ഡ്യൂട്ടിപെയ്ഡ് ഷോപ്പ് ആരംഭിച്ചു. പക്ഷേ ഇതിലൊന്നും തന്നെ അദ്ദേഹത്തിന് തൃപ്തിയുണ്ടായിരുന്നില്ല.

എറണാകുളം കച്ചേരിപ്പടിയിലെ സ്ലൈസ് ഓഫ് സ്‌പൈസിനുമുന്നിൽ അജാസ് അഷ്‌റഫ് തന്റെ ആദ്യ വാഹനമായ ഫോർഡ് ഇക്കോസ്‌പോർട്ടിനൊപ്പം

നാട്ടിലെ ആണുങ്ങൾക്ക് അടുക്കളയിൽ കയറി പാചകം ചെയ്യാനൊന്നും ഇഷ്ടമല്ലായിരുന്നുവെങ്കിലും അഷ്‌റഫിന് ഏറ്റവും പ്രിയം അടുക്കളയിലെ പാചകത്തോടായിരുന്നു. ഭാര്യ ജാസ്മിനും മക്കളായ അജാസിനും ആഷ്‌നയ്ക്കുമായി അദ്ദേഹം മട്ടൻ വിഭവങ്ങളും ബിരിയാണിയുമൊക്കെ ഒരുക്കും. ഏതാണ്ട് മുപ്പതുതരം ബിരിയാണി വരെ വയ്ക്കുമായിരുന്നു അഷ്‌റഫ്. അഷ്‌റഫിന്റെ ബന്ധുക്കളും നാട്ടുകാരുമൊക്കെ അഷ്‌റഫ് വയ്ക്കുന്ന വിഭവങ്ങൾ രുചിച്ച് അദ്ദേഹത്തിന്റെ കൈപുണ്യം പുകഴ്ത്താൻ തുടങ്ങിയതോടെ തന്റെ പാഷൻ എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണ്
1999ൽ ചങ്ങനാശ്ശേരിയിൽ അദ്ദേഹമൊരു റസ്റ്റോറന്റ് തുടങ്ങിയത്. കേരളത്തിലേക്ക് ഗ്രില്ലും അൽഫാം ചിക്കനും ഷവർമ്മയുമൊക്കെ രംഗപ്രവേശം ചെയ്തതിന്റെ തുടക്കക്കാരിലൊരാളായി മാറി അങ്ങനെ അഷ്‌റഫ്. വലിയൊരു മെനുമായിരുന്നു ഹോട്ടലിലേത് എന്നതിനാ ൽ വലിയ വിൽപനയുണ്ടായിട്ടും ലാഭത്തിലേക്ക് കടക്കാൻ റസ്റ്റോറന്റിന് കഴിഞ്ഞില്ല. അങ്ങനെയാണ് ആറ് അറബിക് ഡിഷ്‌സ് മാത്രമാക്കാൻ അഷ്‌റഫ് തീരുമാനിച്ചത്. അതൊരു വലിയ തുടക്കമായിരുന്നു. കടയിലെത്തുന്നവർക്ക് വ്യത്യസ്തമായ രുചികളിലുള്ള വിഭവങ്ങൾ നൽകാൻ തുടങ്ങി അഷ്‌റഫ്. കൃത്രിമമായതൊന്നും ചേർക്കാതെ, സുഗന്ധവ്യഞ്ജനങ്ങൾ തന്നെ പ്രത്യേകമായ അളവിൽ ഉപയോഗിച്ച് പുതിയ രുചിക്കൂട്ടുകൾ നിർമ്മിച്ച് കടയിലെത്തുന്നവർക്ക് നൽകി അദ്ദേഹം.

അൽ അഷ്‌റൂഫ് ചിക്കന്റെ നിർമ്മാണം

അതിൽ ഏറ്റവും വേറിട്ടുനിന്നതും ജനപ്രിയമായതും അഷ്‌റഫിന്റെ സ്വന്തം മസാലക്കൂട്ട് ഉപയോഗിച്ചുള്ള ബാർബെക്യു ചിക്കനായിരുന്നു. ഇത് കഴിച്ചവരെല്ലാം തന്നെ വീണ്ടും വീണ്ടും അത് കഴിക്കാൻ ചങ്ങനാശ്ശേരി യിലെ കടയിലെത്തിത്തുടങ്ങി. വിവരമറിഞ്ഞ് പലയിടത്തുനിന്നും അഷ്‌റഫിന്റെ മാന്ത്രികരുചിയുടെ കൂട്ടുതേടി ഹോട്ടലുകാരെത്തി. അങ്ങനെയാണ് അൽ അഷ്‌റൂഫ് എന്ന പേരിൽ കേരളത്തിൽ ഒരു ബാർബെക്യു ബ്രാൻഡുണ്ടായത്. അച്ഛന്റെ പാചകപുണ്യത്തെ അച്ഛന്റെ പേരിൽ തന്നെ ഒരു ബ്രാൻഡാക്കിയതാകട്ടെ മകൻ അജാസ് അഷ്‌റഫും. ഇന്ന് അൽ അഷ്‌റൂഫ് ചിക്കൻ വിഭവങ്ങൾക്കായി കേരളത്തിൽ സ്ലൈസ് ഓഫ് സ്‌പൈസ് എന്ന പേരിൽ റസ്റ്റോറന്റ് ബ്രാൻഡ് തന്നെ എം ബി എ ബിരുദധാരിയായ മകൻ അജാസിന്റെ നേതൃത്വത്തിൽ നടക്കുന്നു. നിലവിൽ പതിനൊന്ന് ഔട്ട്‌ലെറ്റുകളുള്ള സ്ലൈസ് ഓഫ് സ്‌പൈസ് താമസിയാതെ തന്നെ കേരളത്തിനകത്തും പുറത്തും ഫ്രാഞ്ചൈസികളുള്ള റസ്റ്റോറന്റ് ചെയിനായി മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഗെബാക്കൻ സിബോ റസ്റ്റോറന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ റസ്റ്റോറന്റുകൾ നടത്തുന്നതിന് സംരംഭകർക്ക് അസോസിയേറ്റ് ചെയ്യുന്നതിനായി ഒരു കമ്പനി പോലും അജാസ് അഷ്‌റഫ് മാനേജിങ് ഡയറക്ടറായി പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഭക്ഷണപ്രിയരുടെ നാവിനെ മഥിച്ച ഒരു രുചിക്കൂട്ട് ഒരു വലിയ സാമ്രാജ്യത്തിന് പിറവി കൊടുക്കുന്ന അസാധാരണമായ കാഴ്ചയാണതെന്നു വ്യക്തം. അൽ അഷ്‌റൂഫ് ചിക്കന്റെ വിജയഗാഥയ്ക്ക് തണലായി വാഹനങ്ങളുടെ നിരയും ഇന്ന് കണിയപ്പ കുടുംബത്തിലേക്കെത്തിച്ചേർന്നിരിക്കുന്നു മെർസിഡസ് ബെൻസ് മുതൽ ടെയോട്ട ഇന്നോവ ക്രിസ്റ്റയും ഫോർഡ് ഇക്കോസ്‌പോർട്ടുമൊക്കെ വിജയികളേയും വഹിച്ചുകൊണ്ടാണ് ഇന്ന് പായുന്നത്. അൽ അഷ്‌റൂഫ് ചിക്കന്റെ രഹസ്യം തേടി എറണാകുളം ജില്ലയിലെ കച്ചേരിപ്പടി മാർക്കറ്റ് റോഡിലും കാക്കനാട് ഇൻഫോപാർക്കിലും ആലുവയിലും വടക്കൻ പറവൂരും തൃശൂരിലെ ചാലക്കുടിയിലുമൊക്കെയുള്ള റസ്റ്റോറന്റുകളിലേക്ക് അജാസ് അഷ്‌റഫിന്റെ പുതിയ ഇക്കോസ്‌പോർട്ടിൽ സ്മാർട്ട് ഡ്രൈവ് നടത്തിയ രണ്ടു ദിവസം നീണ്ട യാത്രയുടെ കഥകളാണ് ഇനി.

കച്ചേരിപ്പടിയിലെ സ്ലൈസ് ഓഫ് സ്‌പൈസിന്റെ പാർട്ണർ മാർക്കൊപ്പം അജാസ്

അൽ അഷ്‌റൂഫ് ചിക്കൻ ഒരു ബ്രാൻഡാക്കി മാറ്റിയ അജാസ് അഷ്‌റഫിനു പിന്നിൽ കഠിനാധ്വാനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ ഒരു പാതയുണ്ടെന്ന് പക്ഷേ അൽ അഷ്‌റൂഫ് ചിക്കൻ രുചിക്കുമ്പോൾ നമ്മളിൽ പലരും ഓർക്കാറില്ല. അച്ഛൻ പാചകപരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ വിഭവം ഒരു ബ്രാൻഡാക്കി മാറ്റാൻ അജാസ് നടത്തിയ ശ്രമകരമായ കഥയാണ് ഇത്തവണ സ്മാർട്ട് ഡ്രൈവിന്റെ ലൈഫ് സ്‌റ്റൈൽ ഫീച്ചറായി അവതരിപ്പിക്കുന്നത്. അൽ അഷ്‌റൂഫ് ചിക്കൻ വിളമ്പുന്ന സ്ലൈസ് ഓഫ് സ്‌പൈസ് ഹോട്ടലുകളുടെ മുന്നിൽ കാണപ്പെടുന്ന പോർഷെയും ബെൻസുമടക്കമുള്ള വമ്പൻ കാറുകളുടെ നിരയുമൊക്കെയാണ് എന്തുകൊണ്ടാണ് ഈ ഹോട്ടലുകൾ ഇത്രയും ജനപ്രിയമായി മാറുന്നതെന്ന് അന്വേഷിക്കാൻ സ്മാർട്ട് ഡ്രൈവിനെ പ്രേരിപ്പിച്ചത്. അതിനുപുറമേ, അൽ അഷ്‌റൂഫ് ചിക്കൻ വിഭവങ്ങളുള്ള ഹോട്ടലുകളിലേക്ക് ദിവസവും രഹസ്യരുചിക്കൂട്ടുള്ള മസാലയുമായി പോകുന്നത് ഫ്രീസറായി കൺവെർട്ട് ചെയ്ത ഒരു ഇസുസു ഡി മാക്‌സ് ലൈഫ് സ്‌റ്റൈൽ ട്രക്കാണെന്നത് കൂടുതൽ കൗതുകവുമായി. ഈ രഹസ്യങ്ങളിലേക്കുള്ള അന്വേഷണം കൂടിയാണ് ഇത്തവണത്തെ സ്‌പെഷ്യൽ.

അൽ അഷ്‌റൂഫ് ചിക്കൻ

മസാലയ്ക്ക് എന്തിനാണ് ഒരു ഫ്രീസർ എന്നതായിരുന്നു ആദ്യത്തെ സംശയം. അതിനുള്ള ഉത്തരം നൽകിയത് അജാസ് അഷ്‌റഫ് തന്നെയായിരുന്നു. കൊച്ചിയിൽ കച്ചേരിപ്പടിയിൽ സരിത സവിത തീയേറ്റർ കോംപ്ലക്‌സിന് എതിർവശത്ത് മാർക്കറ്റ് റോഡിലുള്ള സ്ലൈസ് ഓഫ് സ്‌പൈസിന്റെ റസ്റ്റോറന്റിലിരുന്നാണ് അജാസ് ആ കഥ പറഞ്ഞു തുടങ്ങിയത്.

Slice of Spice @ Aluva

”വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങളാണ് അൽ അഷ്‌റൂഫിന്റെ രുചിക്കൂട്ടുണ്ടാക്കാൻ ഞങ്ങൾ ഉപയോഗിക്കുന്നത്. വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ പൊടിച്ചും അരച്ചും മിക്‌സ് ചെയ്താണ് അൽ അഷ്‌റൂഫ് ഹോട്ടലുകൾക്ക് വേണ്ട മസാല തയാറാകുന്നത്. ജലാംശമുള്ളതിനാ ൽ അത് കേടാകാതിരിക്കാൻ രണ്ടുമണിക്കൂർ വരെ ഡീപ്പ് ഫ്രീസ് ചെയ്തശേഷമാണ് കേരളത്തിന്റെ പലയിടങ്ങളിലേക്ക് എത്തിക്കുന്നത്. ഞങ്ങൾ കൃത്രിമവസ്തുക്കളൊന്നും തന്നെ പ്രിസർവേഷന് ഉപയോഗിക്കാത്തതിനാൽ വിവിധയിടങ്ങളിൽ അത് എത്തിക്കാനാണ് ഫ്രീസറുള്ള വാൻ ഉപയോഗിക്കുന്നത്,” അജാസ് അഷ്‌റഫ് പറയുന്നു.

ആലുവയിലെ സ്ലൈസ് ഓഫ് സ്‌പൈസിന്റെ പാർട്ണർമാരായ ജാഫറും ഇബ്രാഹിം കുട്ടിയും അജാസിനൊപ്പം

അജാസിന്റെ കരിയർ ഗ്രാഫും അൽ അഷ്‌റൂഫ് ചിക്കൻ എന്ന ബ്രാൻഡുമായി വലിയൊരു ബന്ധം തന്നെയുണ്ട്. ആ കഥയിലേക്ക് കടക്കാം ഇനി. ”ബാപ്പയ്ക്ക് എന്നെ ഒരു ഡോക്ടറാക്കാനായിരുന്നു താൽപര്യം. അതിനായി പ്രൊഫസർ പി സി തോമസിന്റെ എൻട്രൻസ് കോച്ചിങ് ക്ലാസിന് വിട്ടു ബാപ്പ. ബി ഡി എസ്സിന് അഡ്മിഷൻ കിട്ടിയെങ്കിലും കർണാടകയിലായിരുന്നു ലഭിച്ചത്. ആ വർഷം കർണാടകയിലേക്ക് കർണാടകത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത് നിഷേധിച്ചതിനെ തുടർന്ന് അമൃതയിൽ നോക്കിയെങ്കി ലും ഫീസ് താങ്ങാനുള്ള ശേഷി അന്ന് ബാപ്പയ്ക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് തമിഴ്‌നാട് അഗ്രികൾചറൽ യൂണിവഴ്‌സിറ്റിയിൽ ബി എസ് സി അഗ്രികൾചറിന് 423-ാം റാങ്കോടെ അഡ്മിഷൻ കിട്ടുന്നത്. അനിമൽ ഹസ്ബൻഡറിയും പൗൾട്ടറി സയൻസും മൈക്രോബയോളജിയും ഫുഡ് ടെക്‌നോളജിയും ഫാം മെഷിനറിയും ടിഷ്യു കൾച്ചറുമൊക്കെയായിരുന്നു പഠന വിഷയം. ഭക്ഷണവുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങളൊക്കെ ഹൃദിസ്ഥമാക്കിയശേഷമാണ് പിന്നീട് ബംഗലുരുവിലെ അലൈൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാർക്കറ്റിങ് ആന്റ് ഓപ്പറേഷൻസിൽ എം ബി എ നേടിയത്. തീർത്തും വ്യത്യസ്തമായ പഠനലോകമായിരുന്നു രണ്ടും. കൃഷിശാസ്ത്രം പഠിക്കാനെത്തിയത് തമിഴ്‌നാട്ടിലെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരുെട മക്കളായിരുന്നുവെങ്കിൽ അലൈൻസിൽ എം ബി എ പഠിക്കാനൊപ്പമുണ്ടായിരുന്നവർ വമ്പൻ ബിസിനസുകാരുടെ മക്കളായിരുന്നു. കൃഷി പഠന സമയത്ത് ഗ്രാമീണ വിദ്യാർത്ഥികളുടെ കുടിലുകളിലൊക്കെ പോയി താമസിച്ച് അവരുടെ ജീവിതരീതിയൊക്കെ മനസ്സിലാക്കിയ എനിക്ക് അലൈൻസിൽ നിന്നും ലഭിച്ചത് വമ്പൻ ബിസിനസുകാരുടെ മക്കൾക്ക് അവരുടെ രക്ഷിതാക്കളിൽ നിന്നും ലഭിച്ച വർഷങ്ങളുടെ ബിസിനസ് അറിവുകളായിരുന്നു. ഇത് രണ്ടും സ്വന്തം ബിസിനസ് രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്തവിധത്തിൽ എന്നെ സഹായിച്ചിട്ടുണ്ട്. പലയിടത്തു നിന്നും ആർജിക്കുന്ന അറിവുകളാണല്ലോ ജീവിത വിജയത്തിൽ എന്നും നമുക്ക് മുതൽക്കൂട്ടാകുന്നത്,” അജാസ് അഷ്‌റഫ് പറയുന്നു. കാംസൺ ബയോടെക്‌നോളജീസ് എന്ന ബംഗലുരു കമ്പനിയുടെ സതേൺ ഓപ്പറേഷൻ മേധാവി കൂടിയായിരുന്നു അജാസ്.

Al Ashrouf Chicken Menu @ Slice of Spice

അൽ അഷ്‌റൂഫ് എന്ന പേര് ബ്രാൻഡാക്കി രൂപപ്പെടുത്തിയതിനു പിന്നിലുമുണ്ട് ഇത്തരം ചില അനുഭവ പരിചയങ്ങളുടെ കഥ. ”എം ബി എ നേടിയശേഷം മന്ത്ര, ജെലീറ്റ തുടങ്ങിയ പരസ്യഏജൻസികളിലെല്ലാം തന്നെ ഞാൻ തൊഴിലെടുത്തിരുന്നു. അവിടെ നിന്നും മാർക്കറ്റിങ്ങിന്റേയും ബ്രാൻഡിങ്ങിന്റേയുമൊക്കെ പാഠങ്ങൾ പഠിച്ചത് പിൽക്കാലത്ത് ഗുണകരമായി മാറിയത്. എന്തുകൊണ്ട് ബാപ്പയുടെ പാചകക്കൂട്ട് ഒരു ബ്രാൻഡാക്കി മാറ്റിക്കൂടാ എന്ന ചോദ്യമുയർന്നപ്പോൾ അച്ഛന്റെ ബന്ധുവായ അനീസാണ് അഷ്‌റഫ് ചിക്കൻ എന്നു പേരിട്ടുകൂടെ എന്നു കളിയായി ചോദിച്ചത്. എല്ലാവരുമത് തമാശയാക്കി ചിരിച്ചു തള്ളിയപ്പോൾ ഞാൻ ഇത് സീരിയസായി എടുത്തു. ജെലീറ്റയിലെ സുഹൃത്തായ ക്രിയേറ്റീവ് ഹെഡ് അജിത്തേട്ടൻ ആണ് അതിന് ഒരു അറബിക് ടച്ചു നൽകി അൽ അഷ്‌റൂഫ് എന്നു നാമകരണം ചെയ്തത്. ലോഗോകൾ നിർമ്മിച്ചതും അദ്ദേഹം തന്നെ,” ബ്രാൻഡിന്റെ വിജയത്തിലേക്കുള്ള ആദ്യകഥ പറയുകയാണ് അജാസ്. കാർഷിക സർവകലാശാലയിൽ നിന്നും പഠിച്ച ഭക്ഷണത്തെപ്പറ്റിയും കാർഷിഉൽപന്നങ്ങളെക്കുറിച്ചുള്ള അറിവും എം ബി എ ക്ലാസുകളിൽ നിന്നും ലഭിച്ച മാർക്കറ്റിങ് സ്‌കില്ലും കൂട്ടുകാരിൽ നിന്നും ലഭിച്ച ബിസിനസ് അനുഭവങ്ങളുടെ കഥയുമൊക്കെ കൂടിച്ചേർന്നപ്പോൾ അൽ അഷ്‌റൂഫ് ചിക്കനും സ്ലൈസ് ഓഫ് സ്‌പൈസ് റസ്റ്റോറന്റുകളും പുതിയൊരു തലത്തിലേക്ക് ഉയരുകയായിരുന്നു.

Slice of Spice @ Kakkanad (Infopark Highway)

”ഇന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമെല്ലാം അൽ അഷ്‌റൂഫ് ചിക്കനായി അന്വേഷണങ്ങൾ എനിക്ക് ലഭിക്കുന്നുണ്ട്. പക്ഷേ ബാധ്യതകൾ പരമാവധി കുറച്ചുകൊണ്ടുള്ള, സ്വയം നിലനിൽക്കുന്ന ബിസിനസ് മോഡലിനോടാണ് എനിക്ക് താൽപര്യം. അതുകൊണ്ടു തന്നെ ഫ്രാഞ്ചൈസികൾ നൽകിക്കൊണ്ട് അവരുടെ മൊത്തം ലാഭത്തിൽ നിന്നുള്ള 20 ശതമാനം ഈടാക്കിക്കൊണ്ട് മുന്നോട്ടുപോകുകയാണ് ഇപ്പോൾ ഞങ്ങൾ. റസ്റ്റോറന്റിന്റെ നടത്തിപ്പിനാവശ്യമായ എല്ലാ കാര്യങ്ങളുടേയും മേൽനോട്ടം ഗെബാക്കൻ സിബോ എന്ന ഞങ്ങളുടെ കമ്പനി നോക്കിക്കോളും. ജർമ്മനിൽ തയാറാക്കിയ ഭക്ഷണം എന്നാണ് ഗെബാക്കൻ സിബോയുടെ അർത്ഥം,” അജാസ് അഷ്‌റഫ് പറയുന്നു. ഭാവിയിൽ റിട്ടോർട്ട് പാക്കിങ്ങിലൂടെ മാരിനേറ്റ് ചെയ്ത ചിക്കനുകൾ വിദേശത്തേക്ക് എത്തിക്കാനും അജാസിന് പദ്ധതികളുണ്ട്.

കാക്കനാട്ടെ സ്ലൈസ് ഓഫ് സ്‌പൈസ് ഉടമകളായ ആദർശ് ബാബുവും ബിഥുൻ ജോസും അജാസിനൊപ്പം കിച്ചണിൽ

സ്ലൈസ് ഓഫ് സ്‌പൈസ് റസ്റ്റോറന്റിൽ ആറു തരം അൽ അഷ്‌റൂഫ് ചിക്കനുകളാണ് ലഭിക്കുന്നത്. ഒറിജിനൽ ജ്യൂസി ലെഗ്, ഒറിജിനൽ ജ്യൂസി ബ്രെസ്റ്റ്, ട്രിപ്പിൾ എക്‌സ് ലെഗ്, ട്രിപ്പിൾ എക്‌സ് ബ്രെസ്റ്റ്, സുപ്രീം ലെഗ്, സുപ്രീം ബ്രെസ്റ്റ് എന്നിവയാണവ. എരിവു കൂടിയതും മസാല കൂടിയതുമൊക്കെയാണ് ഈ വേർതിരിവുകൾ. ഇതിനു പുറമേ റോട്ട്‌സി ചാർക്കോൾ ഗ്രിൽ, മെഡിറ്ററേനിയൻ ഹീറ്റ്, പേർഷ്യൻ ക്രസ്റ്റ്, അൽ അഷ്‌റൂഫ് ബർഗർ, സ്ലോ ഗ്രിൽഡ് ചിക്കൻ ബർഗർ, മാരിഗോൾഡ് ബർഗർ, ഫഹാം തന്തൂരി, ഇറാനിയൻ ഫഹാം, അഫ്ഘാനി ഘാജു ലെഗ്‌സ്, യെമനീസ് ബിരിയാണി എന്നിങ്ങനെ വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതീവ രുചികരമാണ് ഇവയോരോന്നും എന്ന കാര്യത്തിലുമില്ല തർക്കം. ”എല്ലാ റസ്റ്റോറന്റുകളിലും ഒരേ മെനു തന്നെയാണ് ലഭിക്കുന്നത്. എല്ലായിടത്തേയും രുചിയ്ക്കും ഒരു മാറ്റവുമുണ്ടാവില്ല. മിനിമം 2000 ചതുരശ്ര അടിയെങ്കിലും സ്ഥലമുള്ളവർക്കാണ് ഫ്രാഞ്ചൈസി നൽകാറുള്ളത്. നഗരങ്ങളിൽ പാർക്കിങ് സ്‌പേസിനും പ്രാമുഖ്യം നൽകുന്നുണ്ട്,” അജാസ് പറയുന്നു.

ഗെബാക്കൻ സിബോ ടീം: ഇടതു നിന്നും (ഇരിക്കുന്നവർ): ഷെബിൻ (ഫിനാൻസ്), അജാസ് അഷ്‌റഫ് (എം ഡി), ഗീഗോ വി തോമസ് (ഓപ്പറേഷൻസ് ഹെഡ്), നിൽക്കുന്നവർ (ഇടത്): ഫൈസൽ (എക്‌സ്പീരിയൻസ് മാനേജർ), വിഘ്‌നേഷ് (ക്വാളിറ്റി കൺട്രോൾ), ആബുദ്ദീൻ (അഗ്രികൾചറൽ പ്രൊക്യുവർമെന്റ്)

അൽ അഷ്‌റൂഫ് ചിക്കന്റെ നിർമ്മാണത്തിലുമുണ്ട് ഒട്ടറെ പ്രത്യേകതകൾ. മറ്റ് ബാർബക്യു വിഭവങ്ങളേക്കാൾ നിർമ്മാണത്തിന് സമയവും അധ്വാനവുമെടുക്കും അൽ അഷ്‌റൂഫ് ചിക്കൻ നിർമ്മിക്കാൻ. നന്നായി ക്രഷ് ചെയ്ത മസാല അകത്തേക്ക് കമ്പി ഉപയോഗിച്ച് കുത്തിക്കയറ്റിയാണ് മാംസത്തിലുടനീളം അത് പിടിപ്പിക്കുന്നത്. ഇതിനായി ജീവനക്കാരെ അജാസിന്റെ സംഘം തന്നെയാണ് പരിശീലിപ്പിച്ചെടുക്കുന്നത്. ”അധ്വാനം കൂടുതലായതിനാൽ പണി ഉപേക്ഷിച്ചുപോകുന്ന ജീവനക്കാർ ഉണ്ടെന്നത് ശരിയാണ്. പക്ഷേ ഉപഭോ ക്താവിനുള്ള ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ചകൾക്കും ഞങ്ങൾ തയാറല്ല. നന്നായി തൊഴിലെടുക്കുന്നവർക്ക് കൂടുതൽ ശമ്പളവും ഉയർന്ന പദവിയും നൽകാറുണ്ട്. തൊഴിലാളികൾക്കായി ഒരു ക്ഷേമ
നിധിയും രൂപീകരിക്കുന്ന കാര്യം ചർച്ച ചെയ്തുവരികയാണ് ഇപ്പോൾ. ഇന്ന് ഈ മേഖലയിൽ നൽകപ്പെടുന്നതിനേക്കാൾ കൂടുതൽ ശമ്പളമാണ് സ്ലൈസ് ഓഫ് സ്‌പൈസ് റസ്റ്റോറന്റുകളിൽ നൽകുന്നത്,” അജാസ് പറയുന്നു.

 

അജാസിന് എതിർവശത്തായി ഇടതു നിന്നും വിജയ് വർഗീസ് പോൾ (ലീഗൽ അഫയേഴ്‌സ്), മനു വിജയ് (സോഫ്റ്റ് വെയർ), ഗീഗോ വി തോമസ്.

കൊച്ചിയിൽ പാലാരിവട്ടത്താണ് അജാസ് തന്റെ ആദ്യ റസ്റ്റോറന്റ് തുടങ്ങിയത്. ഡ്രയ്‌നേജ് പ്രശ്‌നങ്ങൾ കാരണം പിന്നീട് അത് നിർത്തി. അത് നിർത്തുംമുമ്പു തന്നെ കച്ചേരിപ്പടിയിൽ ഫ്രാഞ്ചൈസി നൽകിക്കഴിഞ്ഞിരുന്നു. വടക്കൻ പറവൂരിലെ പള്ളിത്താഴത്തും അതേ സമയം തന്നെയാണ് ഫ്രാഞ്ചൈസി ആരംഭിച്ചത്. ”എന്റെ പാലാരിവട്ടത്തുണ്ടായിരുന്ന റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവരാണ് അതിന്റെ ഫ്രാഞ്ചൈസി കച്ചേരിപ്പടിയിൽ ആവശ്യപ്പെട്ടു വന്നത്. കച്ചേരിപ്പടിയിൽ കമറാൻ, സലിം, റഫീക്ക്, ഷാനജ്, മൂസാക്ക, സജീവൻ തുടങ്ങിയവർ പാർട്‌നർമാരും തൗസീഫ് വർക്കിങ് പാർട്‌നറുമാണ്. ആറു മാസം കൊണ്ട് ഈ സ്ഥാപനം ലാഭത്തിലായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല,” അജാസ് പറയുന്നു.

ബജാജ് പൾസർ 180യും അപ്രീലിയ 150യും മാത്രം സ്വന്തമായുണ്ടായിരുന്ന അജാസ് 11 മാസം മുമ്പ് ഫോർഡ് ഇക്കോസ്‌പോർട്ട് തന്റെ ആദ്യ വാഹനമാക്കി മാറ്റി. ഇന്ന് പകുതി സമയവും ബിസിനസ് യാത്രകളിൽ തന്നെയായ അജാസിനെ സംബന്ധിച്ചിടത്തോളം ഇക്കോസ്‌പോർട്ട് തന്റെ വിജയത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്നും പറയുന്നു. ”ഇക്കോസ്‌പോർട്ട് വാങ്ങിയതിൽപ്പിന്നെ വച്ചടിവച്ചടി കയറ്റമാണ്. ഇത്രയേറെ ഫ്രാഞ്ചൈസികളിലേക്ക് സ്ലൈസ് ഓഫ് സ്‌പൈസ് വളർന്നത് അതിനുശേഷമാണ്,” അജാസ് അഷ്‌റഫ് തന്റെ സുഹൃത്തിനെയെന്നപോലെയാണ് വാഹനത്തെ ഇന്ന് കാണുന്നത്.

അജാസും ബാപ്പ അഷ്‌റഫും പേരക്കുട്ടി മുഹമ്മദ് ഇബ്രാഹിമും സ്ലൈസ് ഓഫ് സ്‌പൈസിൽ

പകൽ രാവിലെ മൂന്നുമണി വരെയൊക്കെ പ്രവർത്തിക്കാൻ അജാസിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും ഒരു മടിയുമില്ല. എൻട്രൻസ് ക്ലാസിൽ ഒപ്പം പഠിച്ചിരുന്ന മനു വിജയ് ആണ് സ്ഥാപനത്തിന്റെ സോഫ്റ്റ് വെയർ വിഭാഗത്തിന്റെ ചുമതല. വിജയ് വർഗീസ് പോൾ (ലീഗൽ അഫയേഴ്‌സ്), വിഘ്‌നേഷ് (ക്വാളിറ്റി കൺട്രോൾ), ആബുദ്ദീൻ (അഗ്രികൾചറൽ പ്രക്യുവർമെന്റ്), ഗീഗോ വി തോമസ് (ഓപ്പറേഷൻസ് ഹെഡ്), ഫൈസൽ (എക്‌സ്പീരിയൻസ് മാനേജർ), ഷെബിൻ (ഫിനാൻസ്) തുടങ്ങി ഒരു മികച്ച ടീം തന്നെയുണ്ട് ഇന്ന് ഗെബാക്കൻ സിബോ റസ്റ്റോറന്റ് പ്രൈവറ്റ് ലിമിറ്റഡിന്. പലവിധ ബ്രാൻഡുകളെ ഒരൊറ്റ ഹോട്ടലിനു കീഴിലാക്കി ഫുഡ് മാൾ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് അവർ.

ഉദാഹരണത്തിന് സ്ലൈസ് ഓഫ് സ്‌പൈസസിൽ തന്നെ മൺസൂൺ ഡേയ്‌സ്, ജ്യൂസ് ബോക്‌സ്, സ്‌പൈസ് വിഷ്, സ്‌പെസ് ഫ്‌ളേക്ക്‌സ്, അവിയോലെ എന്നിങ്ങനെയുള്ള ബ്രാൻഡുകൾക്കും അതേ കിച്ചൺ സൗകര്യം ഉപയോഗിച്ച് പ്രവർത്തിക്കാനാ കും. വിവിധ ഫ്രാഞ്ചൈസികളിലേക്ക് വേണ്ട ജീവനക്കാരെ പരിശീലനം നൽകി എത്തിക്കുന്നതും റസ്റ്റോറന്റ് ശരിയായ മേന്മ നിലനിർത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതുമെല്ലാം അജാസിന്റെ മാതൃകമ്പനിയുടെ ഉത്തരവാദിത്തമാണ്. റസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണത്തിൽ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അത് ആ നിമിഷം തന്നെ അജാസിനെ വിളിച്ചുപറയുന്നതിനായി റസ്റ്റോറന്റിന്റെ മുന്നിൽ ഗെബാക്കൻ സിബോയുടെ ഫോൺ നമ്പറും (96332 09033) നൽകിയിട്ടുണ്ടെന്നത് ഫ്രാഞ്ചൈസികളുടെ കാര്യത്തിൽ സ്ലൈസ് ഓഫ് സ്‌പൈസ് പുലർത്തുന്ന പ്രതിബദ്ധത എത്രത്തോളമെന്ന് വെളിവാക്കുകയും ചെയ്യുന്നുണ്ട്.

Slice of Spice @ North paravur

അൽ അഷ്‌റൂഫ് ചിക്കൻ കേരളത്തിലെ റസ്റ്റോറന്റുകളിൽ നിന്നും രുചിക്കുകയും വീണ്ടും വീണ്ടും ആ ഹോട്ടലുകൾ സന്ദർശിക്കുകയും ചെയ്തവർ തന്നെയാണ് അതിന്റെ ഫ്രാഞ്ചൈസികൾക്കായി അജാസിനെ സമീപിച്ചതെന്നതാണ് വാസ്തവം. പാലാരിവട്ടത്തെ അജാസിന്റെ അൽ അഷ്‌റൂഫ് ഹോട്ടലിലെ സ്ഥിരം കസ്റ്റമേഴ്‌സ് ആയിരുന്നു നേരത്തെ ഒരു റസ്റ്റോറന്റ് ശൃംഖലയിലെ സൂപ്രവൈസറായ ഷുഹൈബും റെഡിമെയ്ഡ് ബിസിനസ് രംഗത്തുണ്ടായിരുന്ന സക്കീറും നിയാസും. ഇവരാണ് വടക്കൻ പറവൂരിൽ സ്ലൈസ് ഓഫ് സ്‌പൈസസിന്റെ ആദ്യ ഫ്രാഞ്ചൈസിക്ക് തുടക്കമിട്ടത്.

ചാലക്കുടിയിലെ സ്ലൈസ് ഓഫ് സ്‌പൈസ് ഉടമകളായ ബിജേഷും ശിവപ്രസാദും

കാക്കനാട് ഇൻഫോപാർക്കിലെ ഫ്രാഞ്ചൈസി ഉടമകളായ ഐ ടി ജീവനക്കാരനായ ആദർശ് ബാബുവും ബാങ്ക് ജീവനക്കാരനായ ബിഥുൻ ജോസും ആലുവ ബാങ്ക് ജംങ്ഷനിലെ ഹോട്ടലിന്റെ ഉടമകളായ ജാഫറും ഇബ്രാഹിം കുട്ടിയും അബ്ദുൾ റസാക്കും ചാലക്കുടിയിലെ ഹോട്ടലിന്റെ ഉടമകളായ ലണ്ടനിൽ ഷെഫുകളായിരുന്ന ബിജേഷും ശിവപ്രസാദുമൊക്കെ എത്തിയതും അങ്ങനെ തന്നെ. തിരുവനന്തപുരത്ത് ഫാസിലും ഹാരിസും ചേർന്ന് സെക്രട്ടറിയേറ്റിനടുത്താണ് സ്ലൈസ് ഓഫ് സ്‌പൈസിന്റെ ആദ്യ റസ്റ്റോറന്റ് തുടങ്ങിയത്.

പറവൂർ ഫ്രാഞ്ചൈസിയുടെ ഉടമകളായ ഷുഹൈബ്, സക്കീർ, നിയാസ്

പിന്നീട് കൺസെപ്ട് ഗ്രൂപ്പിന്റെ ഫിറോസ് ഖാനുമായി ചേർന്ന് അവർ തന്നെ രണ്ടാമത്തെ ബ്രാഞ്ച് കഴക്കൂട്ടത്ത് ആരംഭിച്ചു. ഇവ രണ്ടും വമ്പൻ വിജയമായതിനെ തുടർ ന്ന് കൊച്ചിയിൽ അവർ പുതിയ ഫ്രാഞ്ചൈസി തുടങ്ങാ നിരിക്കുകയാണ്. കൊല്ലത്ത് ലക്ഷ്മി നടയിൽ ഫ്രാ ഞ്ചൈസിയെടുത്തിട്ടുള്ളത് യുവസംരംഭകരായ അജ്മ ലും ഖുർഷിദുമാണ്. തൃശൂർ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന സ്ഥാപനത്തിന്റെ പാർട്‌നർമാരാകട്ടെ ഡോക്ടർമാരായ ഡെയിൻ ആന്റണിയും എബ്രഹാം മാത്യുവുമാണ്.

ഇരിങ്ങാലക്കുടയിൽ സ്ലൈസ് ഓഫ് സ്‌പൈസ് ഫ്രാഞ്ചൈസി ആരംഭിക്കുന്ന ഡോക്ടർമാരായ ഡെയിൻ ആന്റണിയും എബ്രഹാം മാത്യുവും നിർദ്ദിഷ്ട സ്ഥലത്ത് അജാസിനൊപ്പം

ബികോം ബിരുദധാരിയായ സൗമ്യയും മകൻ മൂന്നുവയസ്സുകാരൻ മുഹമ്മദ് ഇബ്രാഹിമും അടങ്ങുന്നതാണ് അജാസിന്റെ കുടുംബം. ബിസിനസ് വളർച്ചയ്ക്ക് അവർ ചെറുതല്ലാത്ത പിന്തുണയാണ് അജാസിന് നൽകുന്നത്. ഉപഭോക്താക്കളാകട്ടെ അജാസ് അഷ്‌റഫിന്റെ ഹോട്ടലുകളിലേക്ക് വീണ്ടും വീണ്ടും അവിടത്തെ രുചിയാരാധകരായി എത്തുകയും ചെയ്യുന്നു. സ്ലൈസ് ഓഫ് സ്‌പൈസിലേക്ക് ഒരു ആഢംബര വാഹനത്തിൽ വന്നിറങ്ങിയ കൊച്ചിയിലെ ബിസിനസുകാരനായ അമീൻ എൻ നാസറിനോട് വെറുതെ ഒരു ചോദ്യമെറിഞ്ഞു: ”എന്താണ് ഇവിടേയ്ക്ക് തന്നെ എപ്പോഴുമെത്താൻ കാരണം?” ഒറ്റവാക്കിൽ വന്നു അദ്ദേഹത്തിന്റെ മറുപടി ചോദ്യം: ”ഒരു തവണ ഇവിടെ നിന്നും അൽ അഷ്‌റൂഫ് ചിക്കൻ കഴിച്ചവർക്ക് പിന്നെ വരാതിരിക്കാനാകുന്നതെ ങ്ങനെ?”
ഉപഭോക്താവിന്റെ ആ മറുചോദ്യം തന്നെയാണ് അൽ അഷ്‌റൂഫ് ചിക്കന്റേയും സ്ലൈസ് ഓഫ് സ്‌പൈസസിന്റേയും വിജയത്തിന് പിന്നിലുള്ള യഥാർത്ഥ ചേരുവയെന്ന് ആർക്കാണ് അറിയാത്തത്?$

SLICE OF SPICE –
THE HOUSE OF AL ASHROUF CHICKEN
GEBACKEN CIBO Restaurants Pvt. Limited
+91 96332 09033

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>