A Delicacy called Life: Corporate Chef Rahim Mon speak out!
April 4, 2019
The Legacy Beckons: Travel to Muziris in association with Kerala tourism
April 16, 2019

ഒരു അതികായന്റെ കഥ

K P Paul

കമ്പ്യൂട്ടറോ, കാൽക്കുലേറ്റർ പോലുമോ ഇല്ലാതിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ ബിസിനസ് കൃത്യതയാർന്ന രീതിയിൽ, പിഴവുകളില്ലാതെ കൊണ്ടു നടന്ന പൈലേട്ടന്റെ ജീവിതകഥ, ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്. ഒരു ഏഴാം ക്ലാസുകാരൻ, തന്റെ പ്രായോഗിക ബുദ്ധി മാത്രം മൂലധനമാക്കി ഒരു വമ്പൻ വ്യവസായ ശൃംഖല പടുത്തുയർത്തിയതിന്റെ രോമാഞ്ചജനകമായ കഥയാണ് ഈ പുസ്തകം.

ബൈജു എൻ നായർ

പണ്ട് വെക്കേഷൻ കാലത്ത് കുറച്ചു ദിവസത്തേക്ക് എറണാകുളത്ത് വന്നു താമസിക്കുന്ന പതിവുണ്ടായിരുന്നു. അച്ഛനന്ന് എറണാകുളത്താണ് ജോലി. കോട്ടയത്തെ കാട്ടുമൂലയിൽ നിന്ന് വൻനഗരമായ കൊച്ചിയിലെത്തുമ്പോൾ എല്ലാ കാഴ്ചകളും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. സീലോർഡ് ഹോട്ടൽ, സരിത-സവിത-സംഗീത തിയേറ്ററുകൾ, ഷിപ്പ്‌യാർഡ്…
അക്കൂട്ടത്തിൽ അത്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ചയായിരുന്നു നോർത്തിലെ ‘പോപ്പുലർമിൽ സ്‌റ്റോർസ്’ . മഞ്ഞ ബോർഡിനു താഴെ നെടുനീളത്തിൽ കൗണ്ടറുകളുള്ള ഒരു കെട്ടിടം. ആ കൗണ്ടറുകൾ നിറയെ എപ്പോഴും ആൾത്തിരക്ക്. എന്താണീ മിൽസ്റ്റോഴ്‌സ് എന്ന് എന്റെ കുഞ്ഞുമനസ്സ് പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്. ഉത്തരം കിട്ടിയില്ല.

പിന്നീട് പോപ്പുലർ എന്ന പേര് കേൾക്കുന്നത് മാരുതി ഇന്ത്യയിൽ കാൽകുത്തിയപ്പോഴാണ്. പിന്നെയത് വർഷങ്ങളായി നമ്മുടെ നാവിൻതുമ്പിലെ പേരായി നിലനിൽക്കുന്നു.പോപ്പുലറിനെപ്പറ്റി ഇപ്പോൾ പറയാൻ കാരണം കഴിഞ്ഞ ദിവസം ഞാൻ വായിച്ചു തീർത്ത ഒരു പുസ്തകമാണ്. ‘അതികായൻ’ എന്ന പേരിൽ സജിൽ ശ്രീധർ രചിച്ച ഈ പുസ്തകം, പോപ്പുലർ ഗ്രൂപ്പിന്റെ സ്ഥാപകൻ കെ പി പോൾ എന്ന പൈലേട്ടന്റെ ജീവചരിത്രമാണ്.
പോപ്പുലർ ഗ്രൂപ്പിലെ പുതിയ തലമുറക്കാരെയെല്ലാം പരിചയമുണ്ടെങ്കിലും സ്ഥാപകനായ പൈലേട്ടനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് ഈ പുസ്തകം വായിച്ചപ്പോഴാണ്. വായന കഴിഞ്ഞപ്പോൾ, 12 വർഷം മുമ്പ് മാത്രം വിടപറഞ്ഞു പോയ പൈലേട്ടനെ പരിചയപ്പെടാൻ കഴിയാതെ പോയതിൽ കുണ്ഠിതം തോന്നുന്നു.

പൈലേട്ടൻ ഒരു മനുഷ്യൻ എന്നല്ല, ഒരു പ്രസ്ഥാനം എന്നു തന്നെയാണ് വിളിക്കേണ്ടത്. 200 രൂപ മൂലധനത്തിൽ അലക്കു കമ്പനി ആരംഭിച്ച്, കുറഞ്ഞ വർഷങ്ങൾ കൊണ്ട് അതിനെ 3000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റിയ ഇന്ദ്രജാലക്കാരനായിരുന്നു, അദ്ദേഹം. എത്ര തൊഴിലാളികളുണ്ടായാലും, എവിടെയും അദ്ദേഹത്തിന്റെ കണ്ണെത്തുമായിരുന്നു. പുതിയ വ്യവസായ സംരഭങ്ങൾ കണ്ടെത്തി തുടങ്ങുന്നതിലും അവ വിജയിപ്പിക്കുന്നതിലും പൈലേട്ടൻ അഗ്രഗണ്യനായിരുന്നു.

ഈ പറഞ്ഞതൊക്കെ മിക്ക വ്യവസായികളെ സംബന്ധിച്ചും ‘കോമൺഫാക്ടറുക’ളാണ് എന്നറിയാം. പക്ഷെ മറ്റ് വ്യവസായികളിൽ നിന്ന് പൈലേട്ടനെ വ്യത്യസ്തനാക്കുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, അദ്ദേഹം തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. രണ്ട്, തികഞ്ഞ നിരീശ്വരവാദിയായിരുന്നു!
1939 ലാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തുടക്കമാകുന്നത്. അതിനും മൂന്നുവർഷം മുമ്പ് കെ പി പോൾ പോലീസ് നിരോധനം തൃണവൽഗണിച്ച് തൃശൂർ ലേബർഹുഡ് എന്ന തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ ചെങ്കൊടി കൈയ്യിലേന്തി തൃശൂരിന്റെ തെരുവുകളിലൂടെ ജാഥ നടത്തി. പിന്നീട് ജീവിതാന്ത്യം വരെ കമ്യൂണിസ്റ്റായി തുടർന്നെങ്കിലും പാർട്ടിയുടെ നയപരിപാടികളോടുള്ള എതിർപ്പ് പരസ്യമായി പ്രകടനമാക്കാനും മടിച്ചിരുന്നില്ല. തന്റെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളികൾ അനാവശ്യ സമരത്തിന് മുതിർന്നപ്പോൾ ‘സംഭാവന ചോദിച്ച് ഇനി ഇങ്ങോട്ട് വന്നു പോകരു’തെന്ന് ഇഎംഎസിനോട് കയർക്കാനും പൈലേട്ടൻ മടിച്ചില്ല. അദ്ദേഹം തിരുവനന്തപുരം ബ്രാഞ്ച് അനിശ്ചിത കാലത്തേക്ക് പൂട്ടിയിട്ടാണ് സമരത്തെ നേരിട്ടത്. ഒടുവിൽ ഗത്യന്തരമില്ലാതെ തൊഴിലാളി നേതാക്കൾ ചർച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ, വീടിന്റെ ചുവരിൽ തൂങ്ങിക്കിടന്ന ബ്രാഞ്ചിന്റെ താക്കോൽ അവരെ കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘എല്ലാ ബ്രാഞ്ചിന്റെയും താക്കോൽ ഇവിടെ ഇങ്ങനെ തൂക്കാൻ എനിക്ക് മടിയില്ല. 200 രൂപയും കൊണ്ടാണ് ഞാനീ സ്ഥാപനം തുടങ്ങിയത്. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല!’
ഒടുവിൽ തൊഴിലാളികൾ ഉപാധികളില്ലാതെ ജോലിക്ക് കയറി. സമരവും പൊളിഞ്ഞു.
സാധാരണഗതിയിൽ, പണം വന്നു നിറയുമ്പോൾ ദൈവവിശ്വാസം വർദ്ധിക്കുന്നതാണ് കണ്ടുവരുന്നത്. എന്നാൽ യാഥാസ്ഥിതിക കൃസ്ത്യൻ കുടുംബത്തിൽ ജനിച്ച പൈലേട്ടൻ, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ദൈവത്തിലും ചെകുത്താനിലും’ വിശ്വസിച്ചിരുന്നില്ല. എന്നാൽ പള്ളി പണിയാനും മറ്റും കൈയയച്ച് സഹായിക്കുമായിരുന്നു. അത് സമൂഹത്തിന്റെ ഒരാവശ്യം എന്ന നിലയിലാണ് അദ്ദേഹം കണ്ടത്.
കാർക്കശ്യക്കാരനും വിട്ടുവീഴ്ചയില്ലാത്ത ബിസിനസ്സുകാരനു മൊക്കെയായിരുന്ന പൈലേട്ടനോട്, കാർക്കശ്യം സഹിക്ക വയ്യാതെ പലരും വഴക്കുണ്ടാക്കി വിട്ടു പോയിട്ടുണ്ട്. പക്ഷേ ജീവിത വഴികളിലെപ്പോഴെങ്കിലും അവരൊക്കെ തിരിച്ചെത്തി പൈലേട്ടനോട് പറഞ്ഞിട്ടുമുണ്ട്, അദ്ദേഹം പറഞ്ഞതായിരുന്നു ശരിയെന്ന്.
പേരക്കുട്ടികളെ കൊഞ്ചിക്കാൻ പോലും വിസമ്മതിച്ചിരുന്ന തരത്തിലുള്ള ദുശ്ശാഠ്യങ്ങൾ പൈലേട്ടനുണ്ടായിരുന്നു. ‘കുട്ടികൾ കളിപ്പാട്ടങ്ങളല്ല’ എന്നായിരുന്നു, അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എന്നാൽ ആവശ്യമുള്ള സമയത്ത് മുത്തച്ഛന്റെ കടമകളെല്ലാം കണ്ടറിഞ്ഞ് നിറവേറ്റുകയും ചെയ്യുമായിരുന്നത്രേ. തികഞ്ഞ ഒരു പ്രാക്ടിക്കൽ മനുഷ്യനായിരുന്നു, പൈലേട്ടൻ എന്നർത്ഥം.
കമ്പ്യൂട്ടറോ, കാൽക്കുലേറ്റർ പോലുമോ ഇല്ലാതിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ ബിസിനസ് കൃത്യതയാർന്ന രീതിയിൽ, പിഴവുകളില്ലാതെ കൊണ്ടു നടന്ന പൈലേട്ടന്റെ ജീവിതകഥ, ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്. ഒരു ഏഴാം ക്ലാസുകാരൻ, തന്റെ പ്രായോഗിക ബുദ്ധി മാത്രം മൂലധനമാക്കി ഒരു വമ്പൻ വ്യവസായ ശൃംഖല പടുത്തുയർത്തിയതിന്റെ രോമാഞ്ചജനകമായ കഥയാണ് ഈ പുസ്തകം. സജിൽ ശ്രീധരൻ പൈലേട്ടന്റെ മക്കളോടും ബന്ധുക്കളോടും തൊഴിലാളികളോടും സംസാരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്. നേരിട്ട് പൈലേട്ടനോട് സംസാരിക്കാൻ സാധിക്കാതെ പോയതിന്റെ കുറവുകൾ പുസ്തകത്തിനുണ്ട്. എങ്കിൽ പോലും നല്ലൊരു ഉദ്യമം തന്നെയാണ്
‘അതികായൻ.’
ഈ പുസ്തകത്തിൽ പരാമർശിക്കുന്ന പലരും എന്റെ സുഹൃത്തുക്കളാണ്- പോപ്പുലർ ഹുണ്ടായ് ഉടമ സാജു തോമസ്‌, പോപ്പുലർ ഗ്രൂപ്പ് ഉടമകളിലൊരാളായ നവീൻ ഫിലിപ്പ്, അടുത്ത ബന്ധുവായ ഡോ. സി.ജെ. ജോൺ… അവരോടൊക്കെ എനിക്കിപ്പോൾ കൂടുതൽ സ്‌നേഹം തോന്നുന്നു$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>