കേരളത്തിന് ഇനി വേണ്ടത് എലിവേറ്റഡ് എക്‌സ്പ്രസ്സ് വേകൾ!
February 12, 2019
ഗുരുസാഗരം: ശാന്തിഗിരി ആശ്രമത്തിലേക്ക് ഒരു യാത്ര
February 15, 2019

എലിവേറ്റഡ് സ്വപ്‌നം!

ഇടതും വലതും ഇടവിട്ട് ഭരിച്ച് കുട്ടിച്ചോറാക്കിയ ഈ സംസ്ഥാനത്ത് മരുന്നിനു പോലും ഒരു എലിവേറ്റഡ് ഹൈവേയില്ല. എല്ലാ ദിവസവും രാഷ്ട്രീയക്കാർ വിദേശപര്യടനത്തിനു പോകുന്നത്, അതൊക്കെ ഇവിടുന്ന് കൈയിട്ടു വാരുന്ന പണം വിദേശത്തു നിക്ഷേപിക്കാൻ മാത്രമാണെന്നു തോന്നുന്നു. അവിടെ കാണുന്നതൊന്നും ഇവിടെ നടപ്പാക്കണമെന്ന മനസ്സൊന്നും ആ വിഡ്ഢികൾക്കില്ല.

ബൈജു എൻ നായർ

പതിമൂന്നു വർഷം മുമ്പ് ആദ്യമായി വിദേശയാത്ര ചെയ്യുന്ന ഹരത്തിൽ തായ്‌ലൻഡിലെത്തി. ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ടുകളിലൊന്നായ ബാങ്കോക്കിലെ സുവർണഭൂമിയിലൂടെ വായ പൊളിച്ച് കാഴ്ചകൾ കണ്ടു നടന്ന് പുറത്തെത്തി. താമസ സ്ഥലമായ സുഖുവിത് സോയി 11 ലെ ഹോട്ടിലിലേക്കു പോകാൻ ടാക്‌സി പിടിച്ചപ്പോൾ ഡ്രൈവർ ചോദിച്ചു: ‘ഹൈവേ വേണോ?” ഞാനൊന്നു പരിഭ്രമിച്ചു. കോട്ടയത്തും കൊച്ചിയിലുമായി ജീവിച്ച എനിക്കെന്ത് ഹൈവേ! ‘ഓക്കെ, ഹൈവേ ആയിക്കോട്ടെ…’ എന്ന് രണ്ടും കല്പിച്ച് ഞാൻ പറഞ്ഞു.
വണ്ടി പുറപ്പെട്ടു. പിന്നെ, എന്നെ അമ്പരപ്പിച്ചുകൊണ്ട് തൂണികളിൽ ഉയർത്തി നിർമ്മിച്ച തകർപ്പൻ ഹൈവേയിലേക്ക് പ്രവേശിച്ചു. താഴെ, സാദാ റോഡിൽ വാഹനക്കുരുക്കിൽ പെട്ട് ജനം ഉഴലുമ്പോൾ, മേലെ, ഒരു തിരക്കുമില്ലാതെ ഹൈവേയിലൂടെ നൂറു കിലോമീറ്റർ വേഗതയിൽ കാർ പായുകയാണ്.
ടോൾബൂത്ത് വന്നപ്പോൾ ഡ്രൈവർ എന്റെ നേരെ കൈ നീട്ടി. അക്കാലത്ത് 100 രൂപയ്ക്ക് തുല്യമായ പണം ടോൾഫീയായി കൊടുത്തു എന്നാണോർമ്മ. എന്തായാലും സുവർണഭൂമിയിൽ നിന്ന് ബാങ്കോക്കിന്റെ നാഡീ ഞരമ്പായ സുഖുംവിത്ത റോഡുവരെയുള്ള 28 കി.മീ ദൂരം താണ്ടാൻ 25 മിനുട്ടേ എടുത്തുള്ളു.
ബാങ്കോക്ക് നഗരത്തിലെ ട്രാഫിക് ബ്ലോക്ക് കുപ്രസിദ്ധമാണ്. അതുകൊണ്ടാണ് ഗവർമെന്റ് എലിവേറ്റഡ് ഹൈവേകളെക്കുറിച്ച് ചിന്തിച്ചത്.
ഇന്ത്യയിൽ നിന്ന് വന്ന ബ്ലഡി ഗ്രാമവാസിയായ ഞാൻ പിന്നീട് ഞെട്ടിയത് ബാങ്കോക്കിൽ നിന്ന് പട്ടയയിലേക്ക് സുഹൃത്തായ വിജോയുടെ മിത്‌സുബിഷി ഔട്ട് ലാൻഡറിൽ യാത്ര ചെയ്തപ്പോഴാണ്. ബാങ്കോക്ക് നഗരമദ്ധ്യത്തിൽ നിന്ന് അടുത്ത എലിവേറ്റഡ് ഹൈവേ തുടങ്ങുന്നു. 55 കി.മീ ആണ് ബാങ് ന എക്‌സ്പ്രസ് വേ എന്നറിയപ്പെടുന്ന ഈ എക്‌സ്പ്രസ് വേയുടെ ദൈർഘ്യം.
പട്ടയയിലേക്കുള്ള നൂറു കിലോമീറ്റർ ദൂരത്തിൽ, ഏറ്റവുമധികം ജനത്തിരക്കേറിയ 55 കി.മീറ്ററും താണ്ടാൻ ഈ എലിവേറ്റഡ് എക്‌സ്പ്രസ് വേ ഉപകരിക്കുന്നുണ്ട്.
ആദ്യ ബാങ്കോക്ക് യാത്രയ്ക്കു ശേഷം നിരവധി രാജ്യങ്ങളിൽ എലിവേറ്റഡ് ഹൈവേ നൽകുന്ന യാത്രാസുഖവും സമയലാഭവും ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് ചൈനയാണ്. കൊച്ചി-ലണ്ടൻ ഡ്രൈവിനിടെ ടിബറ്റിലെത്തിയപ്പോഴാണ് എലിവേറ്റഡ് ഹൈവേകളുടെ പ്രയോജനം ഏറ്റവുമധികം അനുഭവിച്ചത്. ഹിമാലയത്തിന്റെ മടത്തട്ടിൽ കഴിയുന്ന ടിബറ്റിൽ എലിവേറ്റഡ് ഹൈവേകളും തുരങ്കങ്ങളും ചേർന്ന് യാത്ര ഒരു സുന്ദരമായ അനുഭവമാക്കി മാറ്റിയിരിക്കുന്നു.

ഉസ്‌ബെക്കിസ്താനിലെ താഷ്‌ക്കെന്റിലെ ഒരു ഹൈവേയിൽ ലേഖകൻ

ഇനി ഇന്ത്യയിലേക്ക് വരാം. വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവിനായി എപ്പോഴും സഞ്ചരിക്കേണ്ടി വരുന്ന നഗരങ്ങളാണ് ജയ്പ്പൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, മുംബൈ, ഡെൽഹി തുടങ്ങിയവ. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അടിസ്ഥാന സൗകര്യവികസനത്തിൽ എന്തൊരു കുതിച്ചുചാട്ടമാണ് ഈ നഗരങ്ങളിൽ സംഭവിച്ചിരിക്കുന്നത്! എലിവേറ്റഡ് ഹൈവേകൾ തലങ്ങും വിലങ്ങും നീളുന്നു.
ഇനി കേരളത്തിലേക്കു വരിക. ഇടതും വലതും ഇടവിട്ട് ഭരിച്ച് കുട്ടിച്ചോറാക്കിയ ഈ സംസ്ഥാനത്ത് മരുന്നിനു പോലും ഒരു എലിവേറ്റഡ് ഹൈവേയില്ല. എല്ലാ ദിവസവും രാഷ്ട്രീയക്കാർ വിദേശപര്യടനത്തിനു പോകുന്നത്, അതൊക്കെ ഇവിടുന്ന് കൈയിട്ടു വാരുന്ന പണം വിദേശത്തു നിക്ഷേപിക്കാൻ മാത്രമാണെന്നു തോന്നുന്നു. അവിടെ കാണുന്നതൊന്നും ഇവിടെ നടപ്പാക്കണമെന്ന മനസ്സൊന്നും ആ വിഡ്ഢികൾക്കില്ല. ഭരിക്കുന്നവരും കൊള്ളാം, പ്രതിപക്ഷത്തിരിക്കുന്നവരും കൊള്ളാം. ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടാക്കുന്ന എറണാകുളം നഗരത്തിൽ കോണകവാൽ പോലെ നിർമ്മിച്ചുവെച്ചിരിക്കുന്നതും നിർമ്മിച്ചുകൊണ്ടിരിക്കുന്നതുമായ ഫ്‌ളൈഓവറുകളിൽ കുനിച്ചു നിർത്തി, ചന്തിക്ക് നാല് പൊട്ടിച്ചു വിടണം, ഈ ഭരണാധിപന്മാരെ.
അടുത്തിടെ രാജസ്ഥാനിലെ ഉദയ്പൂരിൽ പോയപ്പോൾ എയർപോർട്ടിൽ പിക്ക് ചെയ്യാനായി വന്ന കാറിന്റെ ഡ്രൈവർ ചോദിച്ചു: സാർ എവിടുന്നാണ്.?
”കേരളത്തിൽ നിന്നാണ്”- എന്റെ മറുപടി
”കേരൾ? അതെവിടെയാണ്, ചെന്നൈയുടെ അടുത്താണോ?”ചോദ്യം കേട്ട് ഞാൻ ഞെട്ടി. പക്ഷേ മറ്റ് സംസ്ഥാനങ്ങളിലെ റോഡ് വികസനം കാണുമ്പോൾ ഞാനും സ്വയം ചോദിച്ചു പോകുന്നു.
കേരളം ഇന്ത്യയിൽത്തന്നെയാണോ?
ഈ ലക്കം സ്മാർട്ട് ഡ്രൈവിൽ കേരളത്തിന്റെ റോഡ് വികസനത്തിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വികസനമെന്നു പറഞ്ഞ് വായിട്ടലയ്ക്കുന്ന ഏതെങ്കിലും രാഷ്ട്രീക്കാരന്റെ കണ്ണിൽ അതു പെട്ടാൽ ഞങ്ങൾ കൃതാർത്ഥരായി.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>