All in One: Success story of V A Ajmal and his Ajmal Bismi Enterprise
May 22, 2019
Water World: Monroe Thuruth: Travel in association with Kerala Tourism
May 29, 2019

എഡിറ്റോറിയൽ: തുടരുന്ന പ്രഹസനങ്ങൾ: ബൈജു എൻ നായർ

ഒരു ടാങ്കർ ലോറി പൊട്ടിത്തെറിച്ചാൽ മാത്രം ടാങ്കർ ലോറികളുടെ നിർമ്മാണ നിലവാരം കർശനമാക്കുക, ഒരു ട്രെയിൻ മറിഞ്ഞാൽ മാത്രം റെയിൽവേപ്പാളം നന്നാക്കുക, ഒരു കെട്ടിടത്തിനു തീപിടിച്ചാൽ മാത്രം അഗ്നിശമന ചട്ടങ്ങൾ പരിഷ്‌കരിക്കുക, ഒരു കുട്ടി മരിച്ചാൽ മാത്രം അംഗനവാടി ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരിക- ഇതൊക്കെയാണ് നമ്മൾ കണ്ടുവരുന്ന പ്രഹസനങ്ങൾ.

എയർഡെക്കാൻ എന്ന ലോബജറ്റ് വിമാനം വരുന്നതുവരെ ഇന്ത്യയിലെ സാധാരണക്കാരന് വിമാനയാത്ര അചിന്തനീയമായിരുന്നു. ഞാനുൾപ്പെടെയുള്ള ബ്ലഡി ഇന്ത്യൻ ഗ്രാമവാസീസ് വിമാനയാത്ര ശീലമാക്കിയത് എയർ ഡെക്കാന്റെ വരവോടെയാണ്. അക്കാലത്ത് 1000 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പറക്കാമായിരുന്നു. എയർപോർട്ട് ബാംഗ്ലൂർ നഗരമദ്ധ്യത്തിലായിരുന്നതുകൊണ്ട് കാര്യങ്ങൾ കുറെക്കൂടി എളുപ്പമായിരുന്നു.
ഇന്നിപ്പോൾ ബാംഗ്ലൂർ എയർപോർട്ട് നഗരത്തിൽ നിന്ന് ഏറെ മാറി ദേവനഹള്ളി എന്ന സ്ഥലത്താണ്. നഗരത്തിൽ നിന്ന് 40 കി.മീ ദൂരമുണ്ട് ഇവിടേക്ക്. കൊച്ചിയിൽ നിന്നും മറ്റും ബാംഗ്ലൂർ എയർപോർട്ടിൽ വിമാനമിറങ്ങിയാലും വീണ്ടും നഗരത്തിരക്കിലൂടെ മണിക്കൂറുകളോളം സഞ്ചരിക്കണം ബാംഗ്ലൂർ നഗരത്തിലെത്താൻ.
ഈയൊരു പ്രശ്‌നം മൂലം വിമാനയാത്ര ഒഴിവാക്കി, റോഡ്മാർഗ്ഗമോ തീവണ്ടി മാർഗ്ഗമോ ബാംഗ്ലൂർ യാത്ര നടക്കുന്ന മലയാളികളുടെ എണ്ണം വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. അതിലേറെ പേരും ആശ്രയിക്കുന്നത് സംസ്ഥാനാ ന്തര സർവീസ് നടത്തുന്ന ടൂറിസ്റ്റ് അഥവാ കോൺട്രാക്ട് കാര്യേജ് ബസ്സുകളെയാണ്.
അങ്ങിനെയുള്ള ബസ് സർവീസ് നടത്തുന്ന അതിപ്രശസ്തമായ കമ്പനിയാണ് സുരേഷ് കല്ലട. കേരളത്തിലെയും കർണ്ണാടകത്തിലെയും മലയാളികളുടെ നാവിൻതുമ്പിലെ പേരാണ് കല്ലട ട്രാവൽസ് എന്നത്. അടുത്ത കാലത്ത് ഒരു ട്രാവൽ വീഡിയോയിൽ ഇങ്ങനെയൊരു വാചകം കേട്ടു. ‘സ്വിറ്റ്‌സർലണ്ടിൽ നിന്ന് റോമിലേക്ക് സർവീസ് നടത്തുന്ന, നമ്മുടെ കല്ലട ട്രാവൽസ് പോലെയുള്ള നിരവധി ബസ്സുകളുണ്ട്.’ അത്രയധികം നമ്മുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന പേരാണിത്.
ആ പേര് പൂർണ്ണമായും നശിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ മാസം നടന്നത്. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട കല്ലട ബസ് ഇടയ്ക്ക് കേടായിട്ടും പുതിയ ബസ് ഏർപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത യുവാക്കളെ എറണാകുളത്തുവെച്ച് ഗുണ്ടകൾ മർദ്ദിച്ച സംഭവമാണ് യാത്രികരെ ഞെട്ടിക്കുകയും കല്ലടയുടെ പേര് ചീത്തയാക്കുകയും ചെയ്തത്.
ആ സംഭവത്തോടെ സംസ്ഥാനാന്തര ബസ് സർവീസ് നടത്തുന്ന ബസ്സുകളെല്ലാം സംശയത്തിന്റെ നിഴലിലായി. ഇത്തരത്തിലുള്ള ബസ്സുകളിലെ ജീവനക്കാർ യാത്രികരോട് അപമര്യാദയായി പെരുമാറിയതിന്റെയും മൂത്രമൊഴിക്കാൻ വേണ്ടി ബസ് നിർത്താതെ ദ്രോഹിച്ചതിന്റെയും കഥകൾ പുറത്തു വന്നു. പരാതികളുടെ പെരുമഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
എനിക്ക് രസകരമായി തോന്നിയത് അതു കഴിഞ്ഞുണ്ടായ സംഭവങ്ങളാണ്. ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർ കേരളത്തിൽ നിന്ന് സ്വകാര്യബസ്സുകൾ സംസ്ഥാനാന്തര സർവീസ് നടത്തുന്നതുപോലും ഇപ്പോഴാണ് അറിയുന്നതെന്നു തോന്നും, പ്രതികരണം കണ്ടാൽ. എത്രയോ വർഷമായി ഇത്തരം സ്വകാര്യ ബസ്സുകൾ കഴുത്തറക്കുന്ന നിരക്ക് വാങ്ങുന്നു, എല്ലായിടത്തും നിർത്തി ആളെ കയറ്റുന്നു, ഒരു നികുതിയും നൽകാതെ ചരക്ക് കയറ്റിയിറക്കുന്നു, ഇരിക്കാൻ പോലും സ്ഥലമില്ലാത്ത ഓഫീസ് തുറന്ന് ടിക്കറ്റ് വിൽക്കുന്നു, ഇടയ്ക്ക് ബ്രേക്ക്ഡൗണാകുമ്പോൾ ജനങ്ങളെ പെരുവഴിയിലാക്കുന്നു…
എല്ലാം നമ്മുടെ മന്ത്രി പുംഗവനും ഗതാഗത വകുപ്പും പോലീസുകാരുമൊക്കെ അറിയുന്നത് രണ്ട് യാത്രക്കാർക്ക് മർദ്ദനേറ്റപ്പോൾ മാത്രം! കല്ലട എന്നൊരു ബസ് പോലും ഈ കാലമത്രയും ഇവരാരും കണ്ടിട്ടില്ല!
ഇനി കുറച്ചുകാലം അന്തർസംസ്ഥാന ബസ്സുകാരുടെ കഷ്ടകാലമാണ്. നികുതി കുടിശിക പിരിച്ചും ഓഫീസ് അടപ്പിച്ചും അവരെ ഉദ്യോഗസ്ഥവൃന്ദം ഒന്നു കറക്കും. പിന്നെ ‘കിട്ടേണ്ടത് കിട്ടുമ്പോൾ’ വീണ്ടും കണ്ണടയ്ക്കും. അപ്പോൾ പാവം യാത്രക്കാർ വീണ്ടും തല്ലുകൊണ്ടു തുടങ്ങും. അത് വാർത്തയാകുമ്പോൾ
(അന്നത്തെ) മന്ത്രിയും ഉദ്യോഗസ്ഥരും ഉണരും.
ഇതിനെയാണ് പ്രഹസനം എന്നു വിളിക്കുന്നത്. ശമ്പളം വാങ്ങുന്നതുപോലെ, പ്രതിമാസം തന്റെ കൈയിൽ നിന്ന് കൈനീട്ടം പറ്റുന്ന ഉദ്യോഗസ്ഥവൃന്ദം ഇപ്പോൾ വേട്ടപ്പട്ടികളെപ്പോലെ കുരയ്ക്കുന്നതു കണ്ട് സുരേഷ് കല്ലടയെ പോലുള്ള മുതലാളിമാർ അൽപകാലം അടങ്ങിയിരിക്കും. പിന്നെ എല്ലാം പഴയതുപോലെയാകും.
ഒരു ടാങ്കർ ലോറി പൊട്ടിത്തെറിച്ചാൽ മാത്രം ടാങ്കർ ലോറികളുടെ നിർമ്മാണ നിലവാരം കർശനമാക്കുക, ഒരു ട്രെയിൻ മറിഞ്ഞാൽ മാത്രം റെയിൽവേപ്പാളം നന്നാക്കുക, ഒരു കെട്ടിടത്തിനു തീപിടിച്ചാൽ മാത്രം അഗ്നിശമന ചട്ടങ്ങൾ പരിഷ്‌കരിക്കുക, ഒരു കുട്ടി മരിച്ചാൽ മാത്രം അംഗനവാടി ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരിക- ഇതൊക്കെയാണ് നമ്മൾ കണ്ടുവരുന്ന പ്രഹസനങ്ങൾ. എന്നാൽ അതത് വകുപ്പിൽപ്പെട്ട ഉദ്യോഗസ്ഥർ എപ്പോഴും ജാഗരൂകരായിരുന്നാൽ ഇത്തരം സംഭവങ്ങളൊന്നും ഒരിക്കലും ഉണ്ടാകില്ല എന്നതല്ലേ സത്യം? അതിനുപകരം കൈക്കൂലി വാങ്ങി എല്ലാ തോന്ന്യാസത്തിനും കുഴലൂതിക്കൊടുത്തിട്ട് ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ചാടിത്തുള്ളി നടപടിയെടുക്കുന്നത് ആർക്കും ഭൂഷണമല്ല. അത് മന്ത്രിയായാലും ജീവനക്കാരായാലും. അന്തർസംസ്ഥാന സർവീസുകൾക്കെതിരെ ഈ കാണിച്ചുകൂട്ടുന്ന ശിക്ഷണ നടപടികൾക്കൊന്നും ഒരു വർഷത്തിലധികം ആയുസ്സുണ്ടാവില്ലെന്ന് എഴുതി വെച്ചോളു. എന്നിട്ട് ഞാൻ പറഞ്ഞതിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ഒരു വർഷം കഴിഞ്ഞ് എടുത്ത് പരിശോധിക്ക്. അന്നും,
ദൈവം സഹായിച്ചാൽ ഞാനും സുരേഷ് കല്ലടയും ഇപ്പോഴുള്ള ഗതാഗത ഉദ്യോഗസ്ഥരും മന്ത്രിയും ജീവിച്ചിരിപ്പുണ്ടാവും.
എല്ലാം വളരെ പെട്ടെന്ന് മറക്കുന്ന ജനം അപ്പോഴേക്കും ഇതെല്ലാം മറന്നിട്ടുണ്ടാവും. ജനത്തിന്റെ മറവിയാണല്ലോ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾക്കും എന്നും രക്ഷ നൽകുന്നത്, നൽകിയിട്ടുള്ളത്!$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>