Test Ride: Royal Enfield Bullet Trials 500
June 25, 2019
Test ride: Suzuki Gixxer SF250 & New Gixxer SF
June 27, 2019

എഡിറ്റോറിയൽ: ഇനി ഇലക്ട്രിക് യുഗം

ചൈനയിലെ ഇലക്ട്രിക് കാർ നിർമ്മാണ ഫാക്ടറികളിലൊന്ന്‌

മിക്കവാറും എല്ലാ ഇലക്ട്രിക് വാഹനങ്ങളും അരമണിക്കൂർ ചാർജ്ജ് ചെയ്താൽ 80 ശതമാനം ചാർജ്ജാകുന്നവയാണ്. പെട്രോൾ പമ്പുകളിൽ ഫുഡ്‌കോർട്ടുകൾ വന്നാൽ, അരമണിക്കൂർ വാഹനം ചാർജ്ജ് ചെയ്യുന്ന സമയത്ത് ഫുഡ്‌കോർട്ടിൽ ജ്യൂസും കുടിച്ചിരുന്ന് സമയം കളയാവുന്നതേയുള്ളൂ.

ബൈജു എൻ നായർ

ഏതാനും മാസങ്ങൾക്ക് മുമ്പ് എംജി മോട്ടോറിന്റെ വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവിനായി ചൈനയിലെ വൻ നഗരമായ ഹാങ്ഹായ് സന്ദർശിച്ചിരുന്നു. ഇതിനുമുമ്പ് പല തവണ ചൈനയിൽ പോയിട്ടുണ്ടെങ്കിലും ഇത്തവണയാണ് അവിടുത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ബാഹുല്യം ശ്രദ്ധയിൽ പെട്ടത്. ബസ് മുതൽ സൈക്കിളിന്റെ വലിപ്പമുള്ള സ്‌കൂട്ടർ വരെ എല്ലാം ഇലക്ട്രിക്കായി മാറിക്കൊണ്ടിരിക്കുകയാണവിടെ. ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദമില്ലാത്തതി നാലാവാം, അവയ്ക്കായി പ്രത്യേക ട്രാക്കും നഗരത്തിൽ കണ്ടു.

Electric car factory in China

ചൈന 2020 ഓടെ പൂർണ്ണമായും ഇലക്ട്രിക് ആകാനുള്ള ഒരുക്കത്തിലാണ്. എനിക്കു തോന്നുന്നത് അതിന്റെയും അടുത്ത ഘട്ടമായ ‘ഡ്രൈവറില്ലാ കാറു’കൾ പോലും ടെസ്റ്റിന്റെ അവസാന ഘട്ടത്തിലാണെന്നാണ്. ഷാങ്ഹായ്ൽ ഞാൻ താമസിച്ച ക്രൗൺപ്ലാസ ഹോട്ടലിന്റെ മുറ്റത്ത് ഓഡിയുടെ നാല് ഡ്രൈവറില്ലാ കാറുകൾ ടെസ്റ്റിങ്ങിനായി കൊണ്ടുവന്ന് പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ പൈലറ്റ് കാർ ഉൾപ്പെടെയുള്ള വൻ സന്നാഹങ്ങളോടെ കാറുകൾ ഡ്രൈവറില്ലാതെ ഓടിച്ച് ഗേറ്റ് കടന്നുപോകുന്നതും കണ്ടു.

ഇന്ത്യയെക്കാൾ ജനസംഖ്യയുള്ള ചൈന ജനപ്പെരുപ്പം മൂലമുള്ള പ്രശ്‌നങ്ങൾ മുന്നിൽ കണ്ട് മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ പണ്ടേ തുടങ്ങിക്കഴിഞ്ഞു എന്നാണ് ഈ കാഴ്ചകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയും ഇലക്ട്രിക് പാതയിലാണ. ഊബർ, ഓല തുടങ്ങിയ ടാക്‌സി സർവീസ് കമ്പനികളോട് 2026 ഏപ്രിലോടെ അവയുടെ 40 ശതമാനം വാഹനങ്ങളും ഇലക്ട്രിക് ആക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സൊമാറ്റോ, ഊബർ ഈറ്റ്‌സ് തുടങ്ങിയ ഫുഡ്‌ഡെലിവറി കമ്പനികൾ ഡെലിവറിക്കായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങാനും കേന്ദ്രസർക്കാരിന്റെ പ്രത്യേക നയരൂപീകരണ സമിതിയായ നീതി ആയോഗ് നിർദ്ദേശിച്ചു കഴിഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ വൈദ്യുത വാഹനവില്പന മൂന്നുമടങ്ങ് വർദ്ധിച്ച് 3600 യൂണിറ്റായി. എങ്കിലും ഇന്ത്യയിൽ വിറ്റഴിയുന്ന 33 ലക്ഷം പെട്രോൾ-ഡീസൽ കാറുകളുടെ 0.1 ശതമാനമേ ഇത് വരുന്നുള്ളു. ചൈനയിലാകട്ടെ, 2018ൽ വൈദ്യുത വാഹനങ്ങളുടെ എണ്ണം 62 ശതമാനം വർദ്ധിച്ച് 1.3 ദശലക്ഷം വാഹനങ്ങളായി.

Hyundai Kona Electric India launch on July 9, 2019

ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് ജനങ്ങൾവിട്ടു നിൽക്കാനുള്ള ഏതാനും കാരണങ്ങളുണ്ട്.
1. പെട്രോൾ/ഡീസൽ വാഹനങ്ങളെക്കാൾ വില കൂടുതൽ.
2. 50,000 കിലോമീറ്ററോളം കഴിയുമ്പോൾ വലിയ തുക മുടക്കി ബാറ്ററി പായ്ക്ക് മാറ്റി വെക്കേണ്ടി വരുന്നതിന്റെ ചെലവ്.
3. യാത്രയ്ക്കിടയിൽ ചാർജ്ജ് ചെയ്യേണ്ടി വന്നാൽ അതിനുള്ള സംവിധാനങ്ങളുടെ അഭാവം.
ഇതിൽ ആദ്യം പറഞ്ഞ രണ്ടുകാര്യങ്ങളും ഏറെ താമസിയാതെ ചെലവു കുറഞ്ഞതായി മാറും കാരണം, ചൈനയിൽ ഇലക്ട്രിക് വാഹന വിപ്ലവം സംഭവിക്കുന്നതോടെ വില കുറഞ്ഞ കാറുകൾ, ദീർഘകാലം ഉപയോഗിക്കാവുന്ന ബാറ്ററികൾ എന്നിവ ബുദ്ധരാക്ഷസന്മാരായ ചൈനക്കാർ കണ്ടുപിടിക്കും. അത് അവർ ലോകവ്യാപകമാക്കുകയും ചെയ്യും. അതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടും.
എന്നാൽ ചാർജ്ജിങ് പോയിന്റുകൾ എല്ലായിടത്തും സ്ഥാപിക്കേണ്ടത് നമ്മുടെ ഭരണകൂടങ്ങളുടെ കടമയാണ്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് നടത്തിയ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ‘കറണ്ടുതീർന്ന്’ വഴിയിൽ കിടന്നത് ഓർമ്മയുണ്ടാവുമല്ലോ. (ആ സംഭവത്തെ തുടർന്ന് കേരളത്തിലെ ജനങ്ങൾക്ക് ഇലക്ട്രിക് കാറുകളോട് വിരക്തി സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നുന്നു) അത് ഇലക്ട്രിക് കാർ വാങ്ങിയാൽ തങ്ങൾക്കും സംഭവിക്കുമെന്ന് ജനം ഭയക്കുന്നു. അത് വെറും ഭയമല്ല, യാഥാർത്ഥ്യമാണ്. പെട്രോൾ പമ്പുകളിലെല്ലാം ഇലക്ട്രിക് ചാർജ്ജിങ് സ്റ്റേഷനുകൾ കൂടി വന്നാലേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ. മിക്കവാറും എല്ലാ ഇലക്ട്രിക് വാഹനങ്ങളും അരമണിക്കൂർ ചാർജ്ജ് ചെയ്താൽ 80 ശതമാനം ചാർജ്ജാകുന്നവയാണ്. പെട്രോൾ പമ്പുകളിൽ ഫുഡ്‌കോർട്ടുകൾ വന്നാൽ, അരമണിക്കൂർ വാഹനം ചാർജ്ജ് ചെയ്യുന്ന സമയത്ത് ഫുഡ്‌കോർട്ടിൽ ജ്യൂസും കുടിച്ചിരുന്ന് സമയം കളയാവുന്നതേയുള്ളൂ.

Electric charging station for OLA cabs

ഇലക്ട്രിക് കാറുകൾക്ക് പെർഫോമൻസ് കുറവാണ് എന്നും ചിലർ കരുതുന്നുണ്ട്. സത്യം അതല്ല. ഇലക്ട്രിക് മോട്ടോറിൽ ഓടുന്നതുകൊണ്ട് ഇനീഷ്യൽ ടോർക്കിന്റെ തള്ളൽ കൂടുതലാണ്. അതുകൊണ്ട് വായു വേഗത്തിൽ പറന്നു കയറുന്നവയാണ് ഇലക്ട്രിക് കാറുകൾ.
എന്നാലും മാറുന്ന കാലത്തിനൊത്ത് മാറിയേ പറ്റൂ. അതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളോടുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റേണ്ട സമയമായി. തങ്ങൾക്ക് തഴച്ചു വളരാനുള്ള അവസരം നഷ്ടപ്പെടുന്നതുകൊണ്ട് പെട്രോളിയം കൊണ്ട് ജീവിക്കുന്ന രാജ്യങ്ങളും കമ്പനികളുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം ഇത്രകാലവും തടഞ്ഞത്. മാറുന്ന കാലത്തിനൊപ്പം മാറിയേ പറ്റൂ എന്ന് അവരും മനസ്സിലാക്കിക്കഴിഞ്ഞു.
എത്രയും പെട്ടെന്ന് ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കൂ, ഞങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തയ്യാറാണ് എന്ന് നമുക്ക് ഭരണകൂടങ്ങളോട് ഉറക്കെ വിളിച്ചു പറയാം. ലോകത്തിലെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള 15 നഗരങ്ങ ളിൽ 14ഉം ഇന്ത്യയിലാണെന്നുള്ള നാണക്കേടിൽ നിന്ന് നമുക്ക് 2025 ഓടെയെങ്കിലും മോചനം നേടാം.

റിവേഴ്‌സ് ഗിയർ:

ഹ്യുണ്ടായ്‌യുടെ പ്രശസ്തമായ ഇലക്ട്രിക് എസ് യു വി കോന അടുത്തമാസം ഇന്ത്യയിൽ വിൽപ്പനയാരംഭിക്കുകയാണ്. മാരുതി, ടൊയോട്ട, ഫോർഡ് തുടങ്ങിയ വാഹനനിർമ്മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങൾ തങ്ങളുടെ പക്കൽ റെഡിയാണെന്ന് അറിയിച്ചിട്ടുണ്ട്. അതായത് കേന്ദ്രസർക്കാർ ഒന്നു മൂളിയാൽ മതി അടുത്ത ദിവസം ഇന്ത്യ ‘ഓൾ ഇലക്ട്രിക്’ ആയി മാറും എന്നർത്ഥം$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>