Wonder of the seas: A Day in Royal Caribbean Cruise – “Spectrum of the Seas”
June 18, 2019
Tea County: Travel in association with Kerala tourism
June 24, 2019

എക്‌സ്‌ക്ലൂസീവ്: ട്രൂഡിയെത്തി, പപ്പയുടെ പ്രിയപ്പെട്ട ബൈക്കിന്റെ പുതുരൂപം കാണാൻ!

ഇന്ത്യയിലേക്ക് റോയൽ എൻഫീൽഡ് ബൈക്കുകൾ എത്താനിടയാക്കിയതിൽ പരോക്ഷ പങ്കുവഹിച്ച ബ്രിട്ടനിലെ ട്രയൽസ് ബൈക്ക് റേസ് ചാമ്പ്യൻ ജോണി ബ്രിട്ടന്റെ മകൾ ട്രൂഡി ഡേവിസും ഭർത്താവ് റോബിൻ ഡേവിസും കൊച്ചിയിലെത്തിയപ്പോൾ അവരെ കലൂരിലെ റോയൽ എൻഫീൽഡ് ഷോറൂമായ സെന്റ് മേരീസ് സ്വീകരിച്ച കഥ. ബുള്ളറ്റ് ട്രയൽസ് 500-ഉം 350-യും നഗരത്തിൽ പുതിയ തരംഗമാകുന്നതിനിടെ നടന്ന  ചരിത്രനിമിഷത്തിന് സ്മാർട്ട് ഡ്രൈവ് സാക്ഷ്യം വഹിച്ചപ്പോൾ.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോകൾ: ജോണി തോമസ്

ജൂൺ 21, 2019. രാവിലെ 12 മണി. കൊച്ചിയിലെ കലൂരിലുള്ള റോയൽ എൻഫീൽഡ്  സെന്റ് മേരീസ് ഷോറൂമിലേക്ക് മധ്യവയ്ക്കരായ  ബ്രിട്ടീഷ് ദമ്പതികൾ എത്തുന്നു. ഷോറൂമിൽ നിന്നും റോയൽ എൻഫീൽഡിന്റെ ടി ഷർട്ടും മറ്റു ചില സാമഗ്രികളുമൊക്കെ വാങ്ങുകയായിരുന്നു ലക്ഷ്യം. ഷോറൂമിനകത്ത് ചുറ്റി നടക്കുന്നതിനിടയാണ് റോയൽ എൻഫീൽഡ് ഷോറൂമിലെ ഹിസ്റ്ററി വാളിൽ വച്ചിരുന്ന ഒരു ഫോട്ടോ ചൂണ്ടിക്കൊണ്ട് മധ്യവയസ്‌കയായ സ്ത്രീ ജീവനക്കാരനോട് അത് തന്റെ പിതാവായ ജോണി ബ്രിട്ടനാണെന്ന് പറയുന്നത്. ഒപ്പം അവരുടെ കൈവശമുണ്ടായിരുന്ന ഒരു ‘കടലാസ്’ ഹിസ്റ്ററി വാളിൽ വയ്ക്കാനായി നൽകുകയും ചെയ്തു.  സാമഗ്രികൾ വാങ്ങി സ്ത്രീയും ഭർത്താവും പോയതിനു ശേഷമാണ് ഷോറൂം ജീവനക്കാരൻ ഈ വിവരം സെയിൽസ് മാനേജറായ സൂരജിനോട് പറയുന്നത്. വിവരം കേട്ട സൂരജ് അക്ഷരാർത്ഥത്തിൽ അമ്പരന്നു. അദ്ദേഹം ആ ‘കടലാസ്’ എടുത്തുനോക്കി. 1953-ൽ ചെക്കോസ്ലാവാക്യയിൽ നടന്ന, ആറു ദിവസം കൊണ്ട് ആയിരം മൈൽ  ബ്രിട്ടീഷ് എക്‌സ്‌പേർട്ട് ട്രയൽസ് ചാമ്പ്യൻഷിപ്പിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350-യിൽ ബ്രിട്ടീഷ് ടീം മത്സരിച്ചു ജയിച്ചതിന്റെ റിസൾട്ടായിരുന്നു അത്. അതിൽ ആദ്യം ഉണ്ടായിരുന്ന പേര് ജോൺ വി ബ്രിട്ടൻ എന്ന ജോണി ബ്രിട്ടന്റേതും!!

ഷോറൂമിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ള തന്റെ അച്ഛൻ ജോണി ബ്രിട്ടന്റെ ചിത്രം ട്രൂഡി കാണിച്ചു തന്നപ്പോൾ

റോയൽ എൻഫീൽഡിന്റെ ഇന്ത്യയിലേക്കുള്ള വരവിനുപോലും കാരണഭൂതനായ ട്രയൽസ് ബൈക്ക് റേസ് ചാമ്പ്യൻ ജോണി ബ്രിട്ടന്റെ മകൾ കൊച്ചിയിലെ ഷോറൂമിലെത്തിയത് അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. എങ്ങനേയും അവരെ കണ്ടുപിടിക്കാനായി സൂരജിന്റെ ശ്രമം. അവർ ഷോറൂമിലെത്തിയ സമയത്ത് ഇട്ടിരുന്ന ടി ഷർട്ട് ഒരു ബോട്ടിങ് സർവീസുകാരുടേതായിരുന്നതിനാൽ ബോട്ടിങ് സർവീസുകാരുമായി സൂരജ് ബന്ധപ്പെട്ടു. ബോട്ടിങ് സർവീസുകാർ അവർ കയറിപ്പോയ ടാക്‌സി സർവീസുകാരുടെ നമ്പർ കൊടുത്തു. ടാക്‌സി സർവീസുകാരിൽ നിന്നും അവർ താമസിക്കുന്നത് ഫോർട്ട് കൊച്ചിയിലെ ഹോട്ടലായ ബ്രണ്ടൺ ബോട്ട് യാർഡിലാണെന്ന് മനസ്സിലായി. പിന്നെ സൂരജും സർവീസ് മാനേജർ എഡ്വിനും ഫോർട്ട് കൊച്ചിയിലേക്ക് പറന്നു.

ഷോറൂമിലെ ഹിസ്റ്ററി വാളിലുള്ള ജോണി ബ്രിട്ടന്റെ ചിത്രം

അങ്ങനെയാണ് ജോണി ബ്രിട്ടന്റെ മകൾ ട്രൂഡി ബ്രിട്ടനും ഭർത്താവ് റോബിൻ ബ്രിട്ടനും കൊച്ചിയിലെ റോയൽ എൻഫീൽഡ് ഷോറൂമായ സെന്റ് മേരീസിലേക്ക് ജൂൺ 21-ാം തീയതി വൈകുന്നേരം ആറര മണിയോടെ എത്തുന്നത്. ഈ വിവരം റോയൽ എൻഫീഡിൽ നിന്നും ഏരിയാ മാനേജറായ അശ്വിൻ സ്മാർട്ട് ഡ്രൈവിനെ അറിയിച്ചതിനെ തുടർന്ന് അതിന്റെ ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞ് അഞ്ചര മണിയോടെ തന്നെ ഞങ്ങളെത്തിയിരുന്നു. ഷോറൂമിന്റെ പ്രൊപ്പറൈറ്ററായ  ബിനോജും റോയൽ എൻഫീൽഡിന്റെ ടെറിട്ടറി സർവീസ് മാനേജറായ അനുരാജും സൂരജും എഡ്വിനും റോയൽ എൻഫീൽഡിന്റെ ട്രയൽസ് 350-യുടെ ആദ്യ  കസ്റ്റമറായ വൈപ്പിൻ സ്വദേശി വിവേകും ജീവനക്കാരും അവർക്കായി കാത്തുനിൽപുണ്ടായിരുന്നു. പിന്നെ ഗംഭീരമായ വരവേൽപ്.

ട്രൂഡിയും റോബിനും ബുള്ളറ്റ് ട്രയൽസ് 500-നൊപ്പം

റോയൽ എൻഫീൽഡ് കഴിഞ്ഞ മാസമാണ് ബുള്ളറ്റ് ട്രയൽസ് 500 എന്നും ബുള്ളറ്റ് ട്രയൽസ് 350 എന്നും പേരുള്ള രണ്ട് ബൈക്കുകൾ പുറത്തിറക്കിയത്. ഈ പേര് പല ബുള്ളറ്റ് പ്രേമികളേയും അന്നേ അമ്പരപ്പിച്ചിരുന്നു. പക്ഷേ ട്രയൽസ് എന്ന പേരിനു പിറകിൽ റോയൽ എൻഫീൽഡിന്റെ വിജയകഥ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയുന്നവർക്കാർക്കും തെല്ലും അമ്പരപ്പുണ്ടായിരുന്നില്ല. പാശ്ചാത്യരാജ്യങ്ങളിൽ മോട്ടോർ സൈക്കിളുകൾ ഇറങ്ങിയ കാലത്ത് ട്രയൽസ് എന്ന പേരിൽ ചില ബൈക്ക് റേസുകൾ നടത്തിയിരുന്നു. നിരവധി മൈലുകൾ ദൂരം നിശ്ചിത ദിവസങ്ങൾ കൊണ്ട് ദുർഘടപാതകളിലൂടേയും കുന്നുകളിലൂടെയുമൊക്കെ കാല് നിലത്തു കുത്താതെ ബൈക്ക് ഓടിക്കുന്ന വെല്ലുവിളിയുയർത്തുന്ന റേസായിരുന്നു ട്രയൽസ്.

ജോണി ബ്രിട്ടൻ എച്ച് എൻ പി 331 എന്ന രജിസ്ട്രഷനുള്ള തന്റെ ബുള്ളറ്റ് 350-യിൽ

ചെറിയ വേഗതയിൽ കാൽകുത്താതെ, ഇത്തരം പാതകളിലൂടെ ബൈക്ക് ഓടിക്കുന്നത് ഹരമാക്കിയ യുവാക്കൾ അക്കാലത്തുണ്ടായിരുന്നു. അവരിൽ ഏറ്റവും പ്രമുഖനായ വ്യക്തിത്വമായിരുന്നു ബ്രിട്ടനിലെ ജോണി ബ്രിട്ടൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജോൺ വി ബ്രിട്ടൻ. അദ്ദേഹത്തിന്റെ പിതാവ് വിക് ബ്രിട്ടനും പ്രമുഖനായ ട്രയൽസ് റൈഡർ തന്നെയായിരുന്നു. 1936-ലേയും 1938-ലേയും ബ്രിട്ടീഷ് എക്‌സ്‌പെർട്ട്‌സ് ട്രയലിലെ വിജയിയായിരുന്നു വിക്.

ജോണി ബ്രിട്ടൻ ബുള്ളറ്റ് 350-ക്കൊപ്പം. ഈ ബൈക്കിലാണ് 13 സ്വർണ മെഡലുകൾ ട്രയൽസ് ചാമ്പ്യൻഷിപ്പിൽ ജോണി നേടിയത്‌

ആദ്യം ഡി എം ഡബ്ല്യുവിനായും പിന്നീട് ജെയിംസ് മോട്ടോർസൈക്കിളിനായും 125 സിസി വിഭാഗത്തിൽ ട്രയൽസിൽ പങ്കെടുത്തിരുന്ന ജോണി ബ്രിട്ടൻ പിന്നീടാണ് റോയൽ എൻഫീൽഡിനായി ട്രയൽസിൽ പങ്കെടുക്കാൻ തുടങ്ങിയത്. ബുള്ളറ്റ് 350 ആയിരുന്നു വാഹനം. 1950-ൽ പതിനെട്ടാം വയസ്സിൽ ബുള്ളറ്റ് 350-യിൽ വെയിൽസിൽ നടന്ന ഇന്റർനാഷണൽ സിക്‌സ് ഡേ ട്രയൽസിൽ ഗോൾഡ് മെഡൽ നേടിയതോടെ ജോണി ബ്രിട്ടൻ റോയൽ എൻഫീൽഡിന്റേയും ട്രയൽസ് റേസ് ആരാധകരുടേയും കണ്ണിലുണ്ണിയായി. പിന്നീട് 900 മൈൽ എൻഡുറൻസ് മത്സരമായ സ്‌കോട്ടിഷ് സിക്‌സ് ഡേയ്‌സ് ട്രയലിൽ ആദ്യ സ്വർണമെഡൽ കൂടി വാങ്ങിയതോടെ ജോണി ബ്രിട്ടനും റോയൽ എൻഫീൽഡും ലോകശ്രദ്ധയിലേക്കു തന്നെ വന്നു. അമ്പതിലേറെ ട്രേഡ് സ്‌പോൺസേർഡ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ബ്രിട്ടൻ തുടർന്ന് വിജയിയായി. തുടർച്ചയായി 15 വർഷക്കാലം ഇന്റർനാഷണൽ സിക്‌സ് ഡേ ട്രയൽസിൽ പങ്കെടുത്ത അദ്ദേഹം 13 സ്വർണമെഡലുകളാണ് ആകെ നേടിയത്. 1953-ൽ ചെക്കോസ്ലാവാക്യയിൽ നടന്ന അവസാനത്തെ ട്രയൽസ് മത്സര വിജയം കൂടി ബ്രിട്ടന് ഉറപ്പാക്കി നൽകിയിരുന്നു ഈ തകർപ്പൻ താരം.

1953-ൽ ചെക്കോസ്ലാവാക്യയിൽ നടന്ന ട്രയൽസ് മത്സരത്തിന്റെ റിസൾട്ട് ഷോറൂമിലേക്ക് ട്രൂഡിയും റോബിനും ചേർന്ന് കൈമാറിയപ്പോൾ. ബ്രിട്ടൻ അവസാനമായി വിജയിച്ച ട്രയൽസ് മത്സരമായിരുന്നു ഇത്.

1953-ലെ ഈ മത്സരത്തിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 നടത്തിയ പ്രകടനം കണ്ടാണ് മദ്രാസ് മോട്ടോഴ്‌സിന്റെ സുന്ദരം അയ്യർ ബ്രിട്ടനിലെ റെഡിച്ചിലുള്ള റോയൽ എൻഫീൽഡ് ഫാക്ടറി സന്ദർശിക്കുന്നതും ഇന്ത്യൻ ആർമിക്കായി 700 ബുള്ളറ്റ് 350-കൾ നിർമ്മിക്കാൻ കരാറിലേർപ്പെടുന്നതും. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിന് ഏത് പ്രതിസന്ധികളേയും തരണം ചെയ്യാനാകുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് 350-ക്ക് ആകുമെന്ന് അയ്യർ വിശ്വസിക്കാൻ കാരണം ജോണി ബ്രിട്ടന്റെ ട്രയൽസ് പ്രകടനമായിരുന്നു. 1955-ൽ അങ്ങനെ റെഡിച്ച് കമ്പനി ഇന്ത്യയിലെ മദ്രാസ് മോട്ടോഴ്‌സുമായി ചേർന്ന് 350 സിസി എൻഫീൽഡ് ബുള്ളറ്റുകൾ ഇന്ത്യയിൽ അസംബ്ൾ ചെയ്യാൻ എൻഫീൽഡ് ഇന്ത്യ രൂപീകരിക്കുകയായിരുന്നു. പിന്നീടുള്ള കഥ റോയൽ എൻഫീൽഡിന്റെ ഇന്ത്യൻ ചരിത്രം. ട്രയൽസ് മത്സരങ്ങളിൽ റോയൽ എൻഫീൽഡ് നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് ബുള്ളറ്റ് ട്രയൽസ് 500 എന്നും ട്രയൽസ് 350 എന്നും റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ ബൈക്കുകൾക്ക് പേരു നൽകിയത്. ജോണി ഉപയോഗിച്ചിരുന്ന ഒറ്റ സീറ്റ് ബുള്ളറ്റ് 350-യുടെ രൂപസാദൃശ്യമുള്ളതാണ് പുതിയ ബുള്ളറ്റ് ട്രയൽസ്.

1953-ൽ ചെക്കോസ്ലാവാക്യയിൽ നടന്ന ട്രയൽസ് മത്സരത്തിന്റെ ഫലം

ജോണി ബ്രിട്ടന്റെ മകൾ ട്രൂഡി ബ്രിട്ടനും ഭർത്താവ് റോബിൻ ബ്രിട്ടനും കലൂരിലെ റോയൽ എൻഫീൽഡ് ഷോറൂമിലേക്ക് പ്രവേശിച്ചപ്പോൾ ജീവനക്കാർ സന്തോഷാതിരേകത്താൽ മതിമറന്നതും അവരെ പൊന്നാടയണിച്ചും മുല്ലപ്പൂമാല ചാർത്തിയും ബൊക്കെ നൽകിയും സ്വീകരിച്ചതും എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. സ്വീകരണത്തിനുശേഷം സ്മാർട്ട് ഡ്രൈവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ട്രൂഡിയും റോബിനും ഇരുന്നു. ആദ്യം പറഞ്ഞു തുടങ്ങിയത് അച്ഛൻ ഉപയോഗിച്ചിരുന്ന ബൈക്കിനെപ്പറ്റി തന്നെയായിരുന്നു.

ജോണി ബ്രിട്ടനും ഭാര്യയും തന്റെ വസതിയിൽ പേരക്കുട്ടികൾക്കും വളർത്തുനായക്കുമൊപ്പം (2019 ലെ ചിത്രം). ജോണി ബ്രിട്ടൻ 2019 മാർച്ചിൽ അന്തരിച്ചു.

“എച്ച് എൻ പി 331 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ബുള്ളറ്റ് 350-യിലായിരുന്നു അച്ഛന്റെ മിക്കവാറും എല്ലാ ട്രയൽസ് വിജയങ്ങളും. ബിർമിങ്ഹാമിലെ നാഷണൽ മോട്ടോർ സൈക്കിൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട് അത്. രണ്ടാഴ്ചക്കാലത്തേക്ക് ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോൾ ചെന്നൈയിലെ റോയൽ എൻഫീൽഡ് ഫാക്ടറിയും പോണ്ടിച്ചേരിയും കേരളത്തിലെ സ്ഥലങ്ങളും റോയൽ എൻഫീൽഡ് ഷോറൂമും സന്ദർശിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഫാക്ടറി സന്ദർശനം നടന്നില്ലെങ്കിലും മറ്റുള്ളവയെല്ലാം നടന്നു. അച്ഛനോടും റോയൽ എൻഫീൽഡിനോടും മലയാളികൾക്കും ഇന്ത്യക്കാർക്കുമുള്ള സ്‌നേഹം എന്നെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചുകളഞ്ഞു. നിങ്ങളോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല,” വികാരാധീനയായി ട്രൂഡി.

റോയൽ എൻഫീൽഡ് ബുള്ളറ്റ് ട്രയൽസ് 500 – ഫോട്ടോ: അഖിൽ അപ്പു

2019 മാർച്ച് ഏഴിനായിരുന്നു ജോണി ബ്രിട്ടൻ തന്റെ 87-ാം വയസ്സിൽ അന്തരിച്ചത്. മൂന്നു പെൺമക്കളാണ് ജോണി ബ്രിട്ടനെങ്കിലും അവരാരും തന്നെ ബൈക്ക് റൈഡർമാരായില്ല. പക്ഷേ പേരക്കുട്ടികൾക്ക് അച്ഛന്റെ രക്തമാണ് കിട്ടിയിരിക്കുന്നതെന്നാണ് ട്രൂഡി പറയുന്നത്. ”പ്രായമാകുമ്പോൾ അവർ എന്റെ അച്ഛനെപ്പോലെ ബൈക്കുകളെ സ്‌നേഹിച്ചു തുടങ്ങും.” 1960-ൽ വിവാഹിതനായതിനെ തുടർന്നാണ് ട്രയൽസ് മത്സരങ്ങളിൽ നിന്നും ജോണി ബ്രിട്ടൻ പിന്മാറിയതെന്ന് ട്രൂഡി ഓർക്കുന്നു. ട്രൂഡിയും റോബിനും ഡോക്ടർമാരാണ്. ശനിയാഴ്ച രാവിലെ അവർ കൊച്ചിയിൽ നിന്നും സ്വന്തം നാട്ടിലേക്ക മടങ്ങും.

കേരളത്തിലെ റോയൽ എൻഫീൽഡ് ആരാധകരെ സംബന്ധിച്ചിടത്തോളം ട്രൂഡിയുടെ കേരളത്തിലേക്കുള്ള വരവും കൊച്ചിയിലെ റോയൽ എൻഫീൽഡ് സെന്റ് മേരീസ് ഷോറൂം സന്ദർശനവും എന്നും ഒരു സ്വകാര്യ അഭിമാനമായിരിക്കുമെന്നുറപ്പ്. അവർ നൽകിയ ജോണി ബ്രിട്ടന്റെ  1953-ലെ ട്രയൽസ് ചാമ്പ്യൻഷിപ്പ് വിജയത്തിന്റെ റിസൾട്ട് ഫലകം കലൂരിലെ റോയൽ എൻഫീൽഡിന്റെ ഷോറൂമിലെ ഹിസ്റ്ററി വാളിൽ നാളെ മുതൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്യും.

Copyright: Smartdrive- June 21,2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>