വൈദ്യുത വാഹനങ്ങളുടെ വില പതിന്മടങ്ങു കുറയും! വരാനിരിക്കുന്നത് ലിതിയം അയോൺ ബാറ്ററി വിപ്ലവം!
November 22, 2019
Indian Electric vehicle startup ‘Evolet’ to open 100 dealerships by March 2020
November 25, 2019

ഇന്ത്യൻ നിർമ്മിത ബജാജ് ആർ ഇ ഓട്ടോറിക്ഷ എങ്ങനെയാണ് ഇറാക്കി വിപ്ലവത്തിന്റെ പതാകവാഹകനായി മാറുന്നത്?

ഇന്ത്യൻ നിർമ്മിത ബജാജ് ആർ ഇ ഓട്ടോറിക്ഷയുടെ സാന്നിധ്യം മൂലം അഴിമതിക്കും അടിച്ചമർത്തലിനും പട്ടിണിക്കുമെതിരെ ഇറാക്കികൾ നടത്തുന്ന സമരത്തിന് വിദേശ- സ്വദേശ മാധ്യമങ്ങൾ ‘ടുക് ടുക് വിപ്ലവം’ എന്ന പേരു നൽകിക്കഴിഞ്ഞു.

ജെ ബിന്ദുരാജ്‌

ഇറാക്കിലെ ജനകീയ വിപ്ലവത്തിന്റെ ചാലകശക്തിയായും പടയാളിയായും പ്രവർത്തിക്കുന്നത് ഒരു ഇന്ത്യൻ ത്രിചക്ര വാഹനമാണെന്ന് എത്ര പേർക്കറിയാം? ‘ടുക് ടുക് വിപ്ലവം’ എന്ന് വിദേശ പത്രങ്ങളും ഇറാക്കിലെ സ്വദേശ മാധ്യമങ്ങളുമെല്ലാം അഴിമതിക്കും അടിച്ചമർത്തലിനും പട്ടിണിക്കുമെതിരെ നാട്ടുകാർ നടത്തുന്ന സമരത്തെ വിശേഷിപ്പിക്കുന്നതിനു കാരണം ആ വാഹനമാണ്. സംശയിക്കേണ്ട. ബജാജ് ആർ ഇ എന്ന ഇന്ത്യൻ നിർമ്മിത ഓട്ടോറിക്ഷയാണ് ടുക് ടുക് എന്ന് ഇറാക്കിൽ അറിയപ്പെടുന്നത്. ഇനി ഈ വിപ്ലവവുമായി ഇന്ത്യൻ നിർമ്മിത ഓട്ടോറിക്ഷയായ ബജാജ് ആർ ഇ-യ്ക്ക് എന്താണ് ബന്ധം എന്നു നോക്കാം.

“ടുക് ടുക്” പത്രത്തിന്റെ ഒരു കോപ്പി ഇറാക്കി വാഹനമായ “ടുക് ടുക്” (ബജാജ് ആർ ഇ) അടുത്തു നിന്നു കൊണ്ട് വിപ്ലവകാരികൾ വായിക്കുന്നു. . (AP Photo/Hadi Mizban)

ബജാജ് ആർ ഇ ഇറാക്കിലേക്ക് ഇറക്കുമതി ചെയ്യപ്പെടാൻ തുടങ്ങിയിട്ട് ഇപ്പോൾ അഞ്ചു വർഷത്തോളമായി. ഇതിനകം തന്നെ ഇറാക്കിലെ ദരിദ്രരായവരുടെ സഞ്ചാരോപാധിയായി ഈ ഓട്ടോറിക്ഷ മാറുകയും ചെയ്തു. അഴിമതിക്കും പട്ടിണിക്കുമെതിരെ കഴിഞ്ഞ രണ്ടു മാസങ്ങൾക്കു മുമ്പ് ഇറാക്കി ജനത സർക്കാരിനെതിരെ ബാഗ്ദാദിന്റെ കേന്ദ്ര സ്ഥാനത്തുള്ള തഹ്‌രീർ ചത്വരത്തിൽ സമരം ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ പാവപ്പെട്ടവരുടെ സ്വന്തം വാഹനമായി അതിനകം പേരെടുത്തു കഴിഞ്ഞ ബജാജ് ആർ ഇ-യാണ് വിപ്ലവകാരികളെ തഹ്‌രീർ ചത്വരത്തിലേക്ക് എത്തിക്കുന്നതും പൊലീസിന്റെ വെടിയുണ്ടയോ ടിയർ ഗ്യാസ് ഷെല്ലുകളോ മൂലം അവർ മുറിപ്പെടുകയോ അവശരാകുകയോ ചെയ്യുമ്പോൾ അവരെ ആശുപത്രിയിലേക്ക് നീക്കുന്നതും. കാറുകൾക്കോ ആംബുലൻസുകൾക്കോ പ്രവേശിക്കാനാകാത്ത ഈ ചത്വരത്തിലേക്ക് ഓട്ടോറിക്ഷകൾക്ക് പ്രവേശിക്കാനാകുമെന്നതാണ് ഓട്ടോ ഇറാക്ക് വിപ്ലവകാരികളുടെ പ്രിയ വാഹനമാകാനുള്ള മറ്റൊരു കാരണം. അതുകൊണ്ടു തന്നെ തഹ് രീർ ചത്വരത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഭിത്തികളിലെല്ലാം തന്നെ ഈ വിപ്ലവത്തിന്റെ അടയാള വാഹനമെന്ന നിലയ്ക്ക് ഓട്ടോറിക്ഷയുടെ ചിത്രങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. വിപ്ലവകാരികൾ ടുക് ടുക് എന്ന പേരിൽ ഒരു പത്രവും പുറത്തിറക്കുന്നുണ്ട്.

യുവാക്കളും തൊഴിൽരഹിതരും യുവതികളും വിദ്യാർത്ഥികളുമെല്ലാം അണിനിരക്കുന്ന, പ്രത്യേകിച്ച് ഏതെങ്കിലുമൊരു സംഘടനയോ നേതാവോ നേതൃത്വം നൽകാത്ത് ഈ വിപ്ലവത്തിൽ ബജാജ് ആർ ഇ ഡ്രൈവർമാരും മുഖ്യപങ്കാണ് വഹിക്കുന്നതെന്ന് ജർമ്മൻ മാധ്യമമായ സ്‌പെഗെൽ റിപ്പോർട്ട് ചെയ്യുന്നു. മുറിവേറ്റവരെ ആശുപത്രിയിലെത്തിച്ചശേഷം പ്രതിഷേധിക്കുന്നവർക്കായി വെള്ളവും ബാരിക്കേഡുകൾക്കായി കോൺക്രീറ്റ് ബ്ലോക്കുകളുമായി അവർ വീണ്ടും തഹ് രീർ ചത്വരത്തിലേക്ക് എത്തുമത്രേ.

ഇറാക്കി പൊലീസ് വിപ്ലവകാരികൾക്കു നേരെ നിറയൊഴിക്കാൻ ആരംഭിക്കുമ്പോൾ തന്നെ ബജാജ് ഓട്ടോറിക്ഷകൾ ചത്വരത്തിലേക്ക് പാഞ്ഞെത്തുകയും നൊടിയിടയ്ക്കുള്ളിൽ വിപ്ലവകാരികളേയും വഹിച്ചുകൊണ്ട് സ്ഥലംവിടുകയും ചെയ്യുമെന്നും മാധ്യമങ്ങൾ പറയുന്നു. ഇടുങ്ങിയ വഴികളിലൂടെ, അനായാസം വേഗത്തിൽ ഡ്രൈവ് ചെയ്യാനാകുന്നതാണ് ഈ ഓട്ടോറിക്ഷകളുടെ മറ്റൊരു സവിശേഷത. ഒക്ടോബറിൽ ഈ പ്രതിഷേധസമരങ്ങൾ ആരംഭിച്ചശേഷം മാത്രം 319 പേരാണ് തഹ് രീർ ചത്വരത്തിലും മറ്റ് നഗരങ്ങളിലുമായി കൊല ചെയ്യപ്പെട്ടിട്ടുള്ളത്. എങ്കിലും ഇറാക്കി പതാക പറക്കുന്ന ഈ ഓട്ടോറിക്ഷകളിലെത്തി സമരം ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. ഓട്ടോറിക്ഷയ്ക്കുമുണ്ടെന്നു തോന്നുന്നു ഈ പോരാട്ടവീര്യം!

 

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>