ജീപ്പ് റാംഗ്‌ളർ
May 8, 2018
ക്ളാസ്സിക്ക്
May 9, 2018

ആറാംതമ്പുരാൻ

ആറാംതമ്പുരാൻ എന്ന ചിത്രത്തിൽ ലാലേട്ടന്റെ സന്തതസഹചാരിയായിരുന്ന മെർസിഡസ് ബെൻസ് ഡബ്ല്യൂ 123യെ കണ്ടെത്തിയ കഥയാണ് ഇത്തവണ നൊസ്റ്റാൾജിയയിൽ.


എഴുത്തും ചിത്രങ്ങളും- ജുബിൻ ജേക്കബ്

അധോലോകത്തിന്റെ ചോരമണക്കുന്ന ഇടനാഴികളിൽ നിന്നും കണിമംഗലമെന്ന ഗ്രാമത്തിലേക്ക് ജഗന്നാഥൻ വന്നിറങ്ങുമ്പോൾ ഒപ്പം തങ്ങളങ്ങാടിക്കാരൻ ബാപ്പുവും അയാളുടെ കാറുമുണ്ടായിരുന്നു. ആനക്കൊമ്പിന്റെ നിറമുള്ളൊരു ബെൻസ്. അതായിരുന്നു ബാപ്പുവിന്റെ വാഹനം. പിന്നീട് ജഗന്നാഥന്റെ കൂടെ കണിമംഗലത്തിന്റെ ഗ്രാമപാതകളിലൂടെ സന്തതസഹചാരിയായി ആ ദില്ലി റെജിസ്‌ട്രേഷനുള്ള ബെൻസുമുണ്ടായിരുന്നു. ഇരുപതു വർഷം മുമ്പ് ഈ സിനിമ കണ്ടിട്ട് തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ മനസ്സിലാകെ ആ ബെൻസായിരുന്നു. ഡബ്ല്യൂ 123 സീരീസിലെ 240ഡി മോഡൽ വണ്ടി. അക്കാലത്ത് ബെൻസെന്നു കേട്ടാൽ രോമാഞ്ചമണിയുന്ന അവസ്ഥയിലായിരുന്നു ഞാൻ. അതിനു കാരണവുമുണ്ട്. ഡബ്ല്യൂ 126 സീരീസിലുള്ള ഒരു 300 എസ്ഡി ടർബോ ഡീസൽ ബെൻസ് കപ്പൽ കയറി കുടുംബത്തേക്കു വരുന്ന കാത്തിരിപ്പിലായിരുന്നു ഞങ്ങൾ. പിതൃസഹോദരന്റേതായിരുന്നു അമേരിക്കൻ സ്‌പെക് ഉള്ള ആ ബെൻസ്. അതുകൊണ്ടു തന്നെ ബെൻസുകളെപ്പറ്റിയുള്ള എന്റെ ഗവേഷണത്തിനിടയിൽ ഈ സിനിമ കണ്ടത് നിനച്ചിരിക്കാതെ കിട്ടിയൊരു സന്തോഷമായി മാറി. പിന്നീട് രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം തൃശൂർ നഗരത്തിൽ വെച്ച് ആറാംതമ്പുരാന്റെ ബെൻസിനെ കാണുമ്പോൾ റജിസ്‌ട്രേഷൻ കെഎൽ 9 ആയി മാറിയിരിക്കുന്നു. പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ മൂന്നര പതിറ്റാണ്ടിന്റെ യുവത്വവുമായി 240ഡി എന്റെ മുന്നിൽ വന്നുനിന്നു.

ഡബ്ല്യൂ 123 സീരീസ് ബെൻസിനെപ്പറ്റി പറയാനാ ണെങ്കിൽ സ്മാർട്ട്‌ഡ്രൈവിന്റെ ഒരു ലക്കം മുഴുവനും വേണ്ടിവരുമെന്നതിനാൽ കൂടുതൽ സാഹസത്തിനു മുതിരുന്നില്ല. നമ്മുടെ നാട്ടിൽ മെർസിഡസ് ബെൻസ് എന്ന ബ്രാൻഡിനെ ഏറ്റവും ജനകീയമാക്കിയത് 123 സീരീസ് ആയിരുന്നു. 1976 മുതൽ 1985 വരെ നിർമ്മിക്കപ്പെട്ട ഈ സീരീസാണ് ബെൻസിന്റെ ഏറ്റവും ഹിറ്റ് ആയ പ്രൊഡക്ഷൻ ലൈനപ്പ് എന്നുപറഞ്ഞാൽ അതൊരിക്കലും അതിശയോക്തിയാവില്ല. വിപ്ലവകരമായ മാറ്റം എന്നൊക്കെ പറയാനും മാത്രം ഒന്നുമില്ലെങ്കിലും മെർസിഡസ് ബെൻസിന്റെ തലവര മാറ്റിയെഴുതിയ ഒരു സീരീസായിരുന്നു ഇത്. നമ്മുടെ നാട്ടിലെ പല മുതലാളിമാരും അക്കാലത്ത് ജർമ്മനിയിൽ നിന്ന് ലെഫ്റ്റ് ഹാൻഡ് ഡ്രൈവും ഇംഗ്ലണ്ടിൽ നിന്ന് റൈറ്റ് ഹാൻഡ് ഡ്രൈവുമായ ബെൻസുകൾ ഇറക്കുമതി ചെയ്തു. അതിൽ 95 ശതമാനം കാറുകളും നിരത്തിലോടുന്നുണ്ടെന്നാണറിവ്. ബാക്കിയുള്ളവ അപകടത്തിൽപെട്ടോ ഉടമകളുടെ ഉപേക്ഷ മൂലമോ വിശ്രമത്തിലാണെന്നു മാത്രം.

ബ്രൂണോ സാക്കോ, ഫ്രഡറിക് ഗീഗർ എന്നിവരുടെ ഡിസൈനിലാണ് 123 സീരീസ് ജന്മം കൊള്ളുന്നത്. മുൻഗാമിയായ ഡബ്ല്യൂ 114,115 സീരീസിന്റെ ചില അംശങ്ങൾ കൂടി കടമെടുത്തായിരുന്നു രൂപകൽപന. മുൻ സീരീസിൽ നിന്നും എൻജിനുകളും കടംകൊണ്ടിരുന്നു. ഒ.എം 616 എൻജിൻ അങ്ങനെയൊന്നാണ്. നമ്മുടെ മുമ്പിൽ ഇപ്പോൾ ഉള്ള 240ഡിയെപ്പറ്റി പറയാം. ഡബ്ല്യൂ 123 സീരീസിൽ ഏറ്റവുമധികം നിർമ്മിക്കപ്പെട്ടത്
240ഡി ആയിരുന്നു. അതു കഴിഞ്ഞാൽ 230ഇ യും, 200ഡിയുമാണ് കൂടുതൽ നിർമ്മിക്കപ്പെട്ടത്. നമ്മുടെ നാട്ടിൽ ഏറ്റവുമധികമുണ്ടായിരുന്നത് 240ഡിയും 200ഡിയും ആയിരുന്നു. ആദ്യകാലങ്ങളിൽ വൃത്താകൃതിയിലുള്ള ചെറുതും വലുതുമായ ഇരട്ട ഹെഡ്‌ലാമ്പുകളടങ്ങിയ ഒരു ക്‌ളസ്റ്ററായിരുന്നെങ്കിൽ പിന്നീട് ദീർഘചതുരാകൃതിയിലുള്ള ഒറ്റ ഹെഡ്‌ലാമ്പിനുള്ളിലായിരുന്നു ഇരട്ട ഹെഡ്‌ലാമ്പുകൾ. ഇതേ ക്ലസ്റ്ററിൽ തന്നെ ഒരു ലാമ്പ് മഞ്ഞനിറത്തിലായിരുന്നത്രേ ചില രാജ്യങ്ങളിൽ ഇറക്കിയിരുന്നത്. ഗ്രില്ലിന് പഴയ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങൾ വരുത്താതെയാണ് 123യിൽ അവതരിപ്പിച്ചത്. ബോഡിലൈനുകൾ കുറെക്കൂടി സ്‌റ്റൈലിഷായി. വീൽ ആർച്ചുകൾ കുറെക്കൂടി തെളിഞ്ഞു, ട്രാക്കും വീതിയും കൂടി. 1982 മുതൽ ഡ്രൈവർ സൈഡ് എയർബാഗ് ഓപ്ഷണലായിരുന്നു. 5 സ്പീഡ് ഗിയർബോക്‌സും ആവശ്യാനുസരണം ലഭ്യമായിരുന്നു. പവർ സ്റ്റീയറിങ്ങും 1982 മുതലാണ് 123 സീരീസിൽ പ്രത്യക്ഷപ്പെട്ടത്. 1980 മുതൽ എബിഎസും ഓപ്ഷണലായിരുന്നു. വാക്വം സെർവോ ബ്രേക്കുകൾ മികച്ച സ്റ്റോപ്പിങ്ങ് പവർ നൽകിയിരുന്നു. അതുകൊണ്ടാണല്ലോ പഴയ കാർന്നോന്മാർ ‘ബെൻസിന്റെ ബ്രേക്കാണ് ബ്രേക്ക്…’ എന്ന ഡയലോഗ് ഇവനെപ്പറ്റി പറഞ്ഞിരുന്നത്.

123 സീരീസിനെ ഏറ്റവും ജനപ്രിയമാക്കിയ പ്രത്യേകത ഇതൊന്നുമല്ലായിരുന്നു. അക്കാലത്തെ മറ്റു കാറുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മെയിന്റനൻസായിരുന്നു 123യുടെ ഹൈലൈറ്റ്. പത്തുലക്ഷം കിലോമീറ്റർ കടന്ന് ധാരാളം കാറുകൾ ഈ തലമുറയിലുണ്ടെ
ന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 123 ഇറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഒരു 115 സീരീസ് 240ഡി (ഓ.എം.616 എഞ്ചിനുള്ളത്) 45 ലക്ഷം കിലോമീറ്റർ ഓടി വാർത്തയിൽ ഇടം നേടിയിരുന്നു. അതു കൊണ്ടു തന്നെ ഓ.എം.616 എന്ന പവർ യൂണിറ്റ് ഈടുനിൽപിന്റെ കാര്യത്തിലും വിശ്വാസ്യതയിലും ലോകപ്രശസ്തമാണ്. ആദ്യകാലത്ത് 123യിലെ 240ഡിയിൽ ഉണ്ടായിരുന്ന ഒ.എം 616ന് 72 പി.എസ് ആയിരുന്നു കരുത്ത്. പിന്നീട് അത് ഒരല്പം ഡീട്യൂൺ ചെയ്ത് 65 പി.എസ് ആക്കി കുറച്ചിരുന്നു. നമ്മുടെ മുന്നിലുള്ള ഈ കാർ
1983 മോഡലായതിനാൽ ആ മാറ്റത്തിനു വിധേയമായിട്ടുണ്ടെന്നു തന്നെ കരുതാം. ഒ.എം 616നെപ്പറ്റി പറയുമ്പോൾ അധികമാർക്കും മനസ്സിലാവില്ലെങ്കിലും ടെമ്പോ ട്രാവലറിന്റെ എൻജിൻ എന്നു കേൾക്കുമ്പോൾ പെട്ടെന്നു കാര്യം മനസ്സിലാവും. അതേ, ബജാജ് ടെമ്പോ ആയിരുന്ന ഫോഴ്‌സ് ഇന്നും ഒ.എം 616 നിർമ്മിക്കുന്നുണ്ട്.. ട്രാവലറും, ട്രാക്‌സുമൊക്കെ ഇന്നും ഓടുന്നത് 616ന്റെ വകഭേദങ്ങളിലാണ്..!

കാര്യം പറഞ്ഞ് സമയം പോയതറിഞ്ഞില്ല.

പാലിയേക്കര ടോൾ ജംങ്ഷനിൽ ദേശീയപാതയോരത്ത് ഞാൻ കയറുന്നതും കാത്ത് 240ഡി നിൽപ്പാണ്. പുതിയ ഉടമയായ ആനന്ദ് ലാൽ ഡോർ തുറന്നു തന്നതും ഞാൻ അകത്തേക്കു കയറി. ബൈപ്പാസിലൂടെ ബെൻസ് ഓടിത്തുടങ്ങി. വലിയ വേഗതയൊന്നുമില്ലെന്ന് തോന്നിയെങ്കിലും സ്പീഡോമീറ്ററിൽ 80 ആയിരുന്നു കണ്ടത്..! അതാണ് ബെൻസ്.. ഉയർന്ന വേഗതയിലും അനക്കമില്ല… മിസ്റ്റർ കൂൾ എന്നു പറഞ്ഞതുപോലെ വളരെ കൂൾ ആയി അങ്ങു പോകും. ഫോട്ടോ ഷൂട്ടും കഴിഞ്ഞ് മടങ്ങിവരുമ്പോൾ മെർസിഡെസ് ബെൻസ് ഡീലർഷിപ്പിന്റെ ഷോറൂമിൽ നിന്നും ഇളമുറക്കാർ കണ്ണെടുക്കാതെ നോക്കിനിൽപ്പുണ്ടായിരുന്നു, മുപ്പത്തഞ്ചു കടന്ന ഈ കാറിനെ, ആറാംതമ്പുരാന്റെ രഥമായിരുന്ന ഈ 240ഡിയെ.

admin
admin
Editor in Charge

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>